Wednesday, April 25, 2018 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 02.15 AM

അരങ്ങിലെ മുഖശ്രീ

uploads/news/2017/07/123682/sun5.jpg

"നാടകം തന്നെയാണ്‌ എനിക്കു ജീവിതം. കാരണം നമ്മുടെ സ്വപ്‌നങ്ങള്‍, വിചാരങ്ങള്‍, വികാരങ്ങള്‍, സന്തോഷവും സങ്കടങ്ങളും ജനങ്ങളുമായി പങ്കുവയ്‌ക്കുവാന്‍ നല്ല മാദ്ധ്യമം നാടകമാണ്‌" ടി.കെ. ജോണ്‍ മാളവിക
ആയിരത്തിതൊളളായിരത്തി അന്‍പത്‌ അറുപത്‌ മലയാളനാടകത്തിന്റെ വസന്തകാലം നാടകാഭിനയത്തോടുളള അഭിനിവേശം മൂത്ത്‌ ടി.കെ. ജോണ്‍ എന്ന യുവാവ്‌ എം.എസ്‌.പിയില്‍ നിന്നും ജോലി രാജി വച്ച്‌ വീട്ടിലെത്തി. വൈക്കത്തെ അമച്വര്‍ നാടകവേദികളില്‍ വില്ലന്‍ വേഷങ്ങളഭിനയിച്ചു കൊണ്ടിരുന്നു. മലയാളനാടകരംഗത്തെ പ്രശ്‌സത ഹാസ്യനടനായിരുന്ന വൈക്കം കാലാക്കല്‍ കുമാരന്‍ ടി.കെ. ജോണിന്റെ അഭിനയം കാണാനിടയായി, അഭിനയമികവും ഉച്ചാരണ സ്‌ഫുടതയും, ശരീരഭാഷയും ഇഷ്‌ടപ്പെട്ട കാലാക്കല്‍ കുമാരന്‍ ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചു.
പിന്നീട്‌ 1960-ല്‍ കാലാക്കല്‍ കുമാരന്‍ നിര്‍ബ്ബന്ധിച്ച്‌ കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെത്തിച്ചു. അമച്വര്‍ നാടകവേദിയില്‍ നിന്നും പ്രഫഷണല്‍ നാടകരംഗത്തേക്കുളള ആദ്യചുവടുവയ്‌പ്. ജീവിതകാലം മുഴുവന്‍ ഒരു നാടകനടനായി. അരങ്ങില്‍ ജീവിക്കണമെന്നുളള ടി.കെ. ജോണിന്റെ ആഗ്രഹം പൂവണിയുന്നു.
കെ.പി.എ.സിയില്‍ നിന്ന്‌ പിരിഞ്ഞു പുതിയൊരു ട്രൂപ്പ്‌ തുടങ്ങി-കൊല്ലം കാളിദാസ കലാകേന്ദ്രം. പുതിയൊരു നാടകം. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച ഡോക്‌ടര്‍ നാടകം സംവിധാനം പി.കെ. വിക്രമന്‍ നായര്‍. നാടകത്തില്‍ ജോണിനൊപ്പം അഭിനയിക്കുന്നത്‌ പ്രശസ്‌തരായ ഒ. മാധവന്‍, വര്‍ഗീസ്‌ തിട്ടേല്‍, നെല്ലിക്കോടു ഭാസ്‌കരന്‍, മണവാളന്‍ ജോസഫ്‌, കാലാക്കല്‍ കുമാരന്‍, വൈക്കം സുകുമാരന്‍ നായര്‍, പെരുന്ന ലീലാമണി (പ്രശസ്‌ത സംഗീത സംവിധായകന്‍, ജി.ദേവരാജന്റെ ഭാര്യ), വിജയകുമാരി (ഒ. മാധവന്റെ ഭാര്യ), കവിയൂര്‍ പൊന്നമ്മ, തോപ്പുംപടി അമ്മിണി, മേരി തോമസ്‌ തുടങ്ങിയവര്‍.
ഡോക്‌ടര്‍ നാടകത്തിന്റെ റിഹേഴ്‌സല്‍ തുടങ്ങി. ആദ്യമായി പ്രശസ്‌ത നടീനടന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ഉള്‍ഭയം മൂലം അന്നുരാത്രി നാടകക്യാമ്പില്‍ നിന്നും രഹസ്യമായി മുങ്ങിയ ടി.കെ. ജോണിനെ കാലാക്കല്‍ കുമാരന്‍ കൊല്ലം ബസ്‌ സ്‌റ്റാന്‍ഡില്‍നിന്ന്‌ പിടികൂടി. ആരുമറിയാതെ പ്രോത്സാഹനവും ധൈര്യവും കൊടുത്ത്‌ വീണ്ടും ക്യാമ്പിലെത്തിച്ചു.
ഡോക്‌ടര്‍ നാടകത്തിന്റെ അവസാന റിഹേഴ്‌സല്‍ കാണാനെത്തിയവര്‍ ജി.ദേവരാജന്‍, ഒ.എന്‍.വി, തെങ്ങമം ബാലകൃഷ്‌ണന്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, പി.കെ. വിക്രമന്‍ നായര്‍ എന്നിവര്‍ ടി.കെ. ജോണിന്റെ, ഡോക്‌ടര്‍ ജെയിംസിന്റെ അഭിനയത്തെ വാനോളം പുകഴ്‌ത്തി. അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. പിന്നീട്‌ മലയാള നാടകരംഗത്ത്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നില്ല.
മലയാള സിനിമാ ലോകത്തെ നിത്യഹരിത നായകനായിരുന്ന പ്രേംനസീറിനെപ്പോലെ ടി.കെ. ജോണ്‍ മലയാള നാടകരംഗത്തെ സൂപ്പര്‍ സ്‌റ്റാര്‍ ആയിരുന്നു. വൈക്കം കാലാക്കല്‍ കുമാരനെക്കുറിച്ച്‌ ടി.കെ. ജോണ്‍ പറയുന്നു: എന്നിലെ അഭിനയ സിദ്ധികണ്ടെത്തിയതും ഇതാണ്‌ എന്റെ വഴിയെന്ന്‌ വ്യക്‌തമാക്കിതന്നതും കാലാക്കല്‍ കുമാരേട്ടനാണ്‌. വൈക്കം മാളവികയുടെ തുടക്കം മുതല്‍ എല്ലാ നാടകങ്ങളും കുമാരേട്ടനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇഷ്‌ടവിഭവമായ പൂവന്‍ പഴവും അവിലും നല്‌കുമായിരുന്നു.
കുമാരന്റെ മരണം വരെ നന്ദിയോടെ ടി.കെ ജോണ്‍ ഗുരു ശിഷ്യബന്ധം നിലനിര്‍ത്തിയിരുന്നു.
ഡോക്‌ടര്‍ നാടകത്തിലെ ഡോ.ജെയിംസ്‌ കഥാപാത്രത്തിനുശേഷം കേരളത്തിലെ പ്രധാനപ്പെട്ട നാടകസമിതികള്‍ ടി.കെ. ജോണിന്‌ നായകവേഷം നല്‍കി. എന്‍.എന്‍. പിള്ളയുടെ ആത്മബലി, പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര, കെ.ടി. മുഹമ്മദിന്റെ കടല്‍പ്പാലം, എസ്‌.എല്‍. പുരത്തിന്റെ അഗ്നിപുത്രി, സി.ജി. ഗോപിനാഥിന്റെ കുരുതിക്കളം എന്നീ നാടകങ്ങളിലെ അനായാസമായ അഭിനയമികവും സ്‌ഫുടതയുള്ള ശബ്‌ദവും, ടി.കെ. ജോണിനെ നിത്യഹരിതനായകനാക്കി. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ച്‌ ജനപ്രീതി നേടി.
വേദികളില്‍ നിന്നും വേദികളിലേക്ക്‌ അഭിനയിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ നാടകപ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഹൃദയത്തില്‍ എന്നും നിധിപോലെ സൂക്ഷിച്ചുകൊണ്ടിരുന്ന അഭിനന്ദനം. ആറ്റിങ്ങല്‍ ദേശാഭിമാനി തീയേറ്റേഴ്‌സിന്റെ മോചനം നാളെയാണ്‌ എന്ന നാടകത്തിലെ വിപ്ലവകാരി ഭരതന്റെ അഭിനയം കണ്ട പാവങ്ങളുടെ പടത്തലവന്‍ ഏ.കെ.ജി. ഗ്രീന്‍ റൂമിലെത്തി കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചു. നാടകരംഗത്തെ അനുഭവങ്ങളില്‍ നിന്നും പിന്നീട്‌ ഒട്ടേറെ നാടകങ്ങളില്‍ സംവിധായകനായും നിര്‍ദ്ദേശകനായും പ്രവര്‍ത്തിച്ചു. നാടകാഖ്യാനത്തിലും അവതരണത്തിലും പുതിയ മാനങ്ങള്‍ അരങ്ങിലെത്തിച്ചു. പി.കെ. വിക്രമന്‍ നായരില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവ്‌ ജ്വലിപ്പിച്ചുകൊണ്ടിരുന്നു.
നാടകരംഗത്തു നിറഞ്ഞുനില്‍ക്കുമ്പോള്‍ സ്വന്തമായി ഒരു ട്രൂപ്പ്‌ തുടങ്ങണമെന്ന ആഗ്രഹം പൂവണിഞ്ഞു. വൈക്കം മാളവിക എന്ന പേരില്‍ തിരശ്ശീല ഉയര്‍ന്നു. സാരഥി ടി.കെ. ജോണ്‍. പ്രശസ്‌ത സാഹിത്യകാരനും നാടകകൃത്തുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചന നിര്‍വ്വഹിച്ച വെളിച്ചമേ നയിച്ചാലും നാടകം. പിന്നീട്‌ പ്രഫഷണല്‍ നാടകങ്ങളുടെ മര്‍മ്മമറിയുന്നവന്‍ എന്ന്‌ എന്‍.എന്‍. പിള്ള വിശേഷിപ്പിച്ച സുന്ദരന്‍ കല്ലായി രചനയും സംവിധാനവും നിര്‍വ്വഹിച്ച മാളവികയുടെ ആഞ്ചാമതു നാടകം അങ്കം കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറി. ടി.കെ. ജോണ്‍, വില്ല്യം ഡിക്രൂസ്‌, എസ്‌.ജെ. ദേവ്‌ തുടങ്ങിയവര്‍ വേഷമിട്ടു. അന്ന്‌ മാളവികയ്‌ക്ക് പ്രത്യേകതകളുണ്ടായിരുന്നു. സമിതിയുടെ പുതിയ നാടകം ആ വര്‍ഷം അമ്പലപ്പറമ്പുകളില്‍ കളിക്കില്ലെന്ന്‌ പല ഉടമകളും ശഠിച്ചിരുന്നു. എന്നാല്‍, മാളവിക ആ പതിവുതെറ്റിച്ചു. പുതിയ നാടകങ്ങള്‍ അവതരിപ്പിക്കുവാന്‍ ഉത്സവക്കമ്മറ്റികള്‍ മത്സരിച്ചു. കൊല്ലത്തു മാത്രം ആദ്യവര്‍ഷം എണ്‍പതു സ്‌റ്റേജുകളില്‍ കളിച്ചു. വൈക്കം മാളവിക അങ്കംകുറിച്ചുകൊണ്ട്‌ കേരളത്തിലുടനീളം പടയോട്ടം നടത്തി. നാടകവേദികളില്‍ ആദ്യമായി സെ്‌റ്റയര്‍കേസ്‌ അവതരിപ്പിച്ചു. വാഹനങ്ങള്‍ ഓടിച്ചും ലൈറ്റിങ്ങിലും രംഗസജ്‌ജീകരണത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഹൃദ്യമായ സ്വീകരണമാണ്‌ ലഭിച്ചത്‌. വൈക്കം ചെമ്പ്‌ സ്വദേശിയായിരുന്ന മമ്മൂട്ടി കോളേജ്‌ വിദ്യാഭ്യാസ കാലത്ത്‌ അഭിനയ മോഹവുമായി നാടകത്തില്‍ അവസരം ചോദിച്ച്‌ ടി.കെ. ജോണിനെ സമീപിച്ചിരുന്നു. ഇതറിഞ്ഞ മമ്മൂട്ടിയുടെ ബാപ്പ ജോണിന്റയടുത്തെത്തി നാടകത്തിലെടുക്കരുതെന്ന്‌ അഭ്യര്‍ത്ഥിച്ചു.
കാലചക്രം തിരിഞ്ഞപ്പോള്‍ പിന്നീട്‌ മമ്മൂട്ടി മലയാള സിനിമയിലെ മെഗാസ്‌റ്റാറായി. സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്‌ വൈക്കം മാളവികയ്‌ക്കു വേണ്ടി എഴുതിയ അവസാനം വന്ന അതിഥി എന്ന നാടകം കോട്ടയത്തുവച്ച്‌ മമ്മൂട്ടി കണ്ടു. വക്കീലായി അരങ്ങില്‍ നിറഞ്ഞുനിന്ന ടി.കെ. ജോണിന്റെ അഭിനയവും സംവിധാനവും മമ്മൂട്ടിയെ വിസ്‌മയിപ്പിച്ചു. വൈക്കം മാളവികയിലെത്തി ടി.കെ. ജോണിനെ കണ്ട്‌ അവസാനം വന്ന അതിഥി സിനിമയാക്കുവാന്‍ മമ്മൂട്ടി സമ്മതം വാങ്ങി. വിചാരണ എന്ന പേരില്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത സിനിമയില്‍ അഡ്വക്കേറ്റായി മമ്മൂട്ടി കസറി.
ടൈറ്റാനിക്‌ കപ്പല്‍ അപകടം സിനിമയാക്കുന്നതിനും എത്രയോ കാലം മുന്‍പേ ജയപ്രസാദ്‌ രചിച്ച സീ പാലസ്‌ നാടകം അരങ്ങിലെത്തിച്ചു. ടി.കെ. ജോണിന്റെ സംവിധാനത്തില്‍ ആര്‍ട്ടിസ്‌റ്റ് സുജാതന്‍ വേദിയിലെത്തിച്ച കപ്പലിന്റെ ശില്‍പം ഇന്നും പ്രേക്ഷകമനസ്സുകളിലുണ്ട്‌.
ടി.കെ. ജോണ്‍ നടനും, സംവിധായകനുമായി നാടകരംഗത്തു മുപ്പത്തിയെട്ടു നാടകങ്ങള്‍. അനുഭവങ്ങളെ നന്ദി എന്ന നാടകത്തോടുകൂടി വൈക്കം മാളവിക തീയേറ്റേഴ്‌സ് പ്രശസ്‌ത നാടകനടനും സംസ്‌ഥാന അവാര്‍ഡു ജേതാവുമായ പ്രദീപ്‌ മാളവികയ്‌ക്ക് കൈമാറി.അവസാനമായി അരങ്ങിലെത്തിയത്‌ വൈക്കം മാനിഷാദ തീയേറ്റേഴ്‌സിന്റെ സ്‌നേഹത്തിന്റെ പാട്ടുകാരന്‍ നാടകത്തിലായിരുന്നു. അരനൂറ്റാണ്ടു മലയാള സംഗീത നാടക രംഗത്തു നിറഞ്ഞു നിന്ന വൈക്കം ടി.കെ. ജോണ്‍ മാളവികയെ ചെറുതും വലുതുമായ നിരവധി പുരസ്‌ക്കാരങ്ങള്‍ തേടിയെത്തി. കേരള സംസ്‌ഥാന സര്‍ക്കാരിന്റെ എസ്‌.എല്‍. പുരം പുരസ്‌കാരം, ഗുരു പൂജ പുരസ്‌കാരം, ഫെല്ലഷിപ്പ്‌ എന്നിവ നല്‍കി കേരള സംഗീതനാടക അക്കാദമി നല്‌കി ആദരിച്ചിരുന്നു.
കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്‌, മണിയറ കള്ളന്‍, ബാലേട്ടന്‍ എന്നീ സിനിമകളിലും അഭിനയിച്ചു. സിനിമയിലേക്ക്‌ നിരവധി അവസരങ്ങള്‍ വന്നെങ്കിലും നാടകമായിരുന്നു ടി.കെ. ജോണിന്റെ സ്വപ്‌നവും ജീവിതവും വിചാരങ്ങളും. തന്റെ കൂടെ പ്രവര്‍ത്തിക്കുന്ന നാടക പ്രവര്‍ത്തകരുടെ ജീവിതം പെരുവഴിയിലാകുമെന്ന മാനുഷികചിന്ത ഈ നടന്റെയുള്ളലുണ്ടായിരുന്നു.
അഭിനയമികവും അത്യപൂര്‍വ്വമായ ശബ്‌ദനിയന്ത്രണവുംകൊണ്ട്‌ പ്രേക്ഷകസദസ്സിനെ കയ്യിലെടുത്ത ടി.കെ. ജോണ്‍ കഴിഞ്ഞ ജൂണ്‍ 11-ന്‌ ചമയങ്ങള്‍ അഴിച്ചുവച്ച്‌ യവനികയ്‌ക്കുള്ളില്‍ മറഞ്ഞു.

സുബ്രഹ്‌മണ്യന്‍ അമ്പാടി, വൈക്കം

(ലേഖകന്റെ ഫോണ്‍ നമ്പര്‍: 9562245009)

Ads by Google
Sunday 02 Jul 2017 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW