Monday, May 21, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 01 Jul 2017 07.29 PM

പോത്തേട്ടന്റെ റിലയിസ്റ്റിക് ബ്രില്ല്യന്‍സ്

ഫഹദ് ഫാസില്‍ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാക്കി മാറ്റുന്നു. പിടിക്കപ്പെടുന്ന കള്ളന്റെ നിഷ്‌കളങ്ക ഭാവമാണ് ഫഹദിന്റെ ഇന്‍ട്രോ സീന്‍. നിമിഷങ്ങളേ ഉള്ളൂവെങ്കിലും അതിഗംഭീരമെന്നേ വിശേഷിപ്പിക്കാന്‍ പറ്റു. താരമല്ല, സമാനതകളില്ലാത്ത നടന്‍ എന്നല്ലാതെ ഈ നടന്റെ ബ്രില്ല്യന്‍സിനെ വിശേഷിപ്പിക്കാനാവില്ല. എന്തൊരു നടനാണിയാള്‍ എന്ന് അസൂയ തോന്നുന്ന പ്രകടനം. ശരിക്കും 'പഠിച്ച കളളനാ'യാണ് ഫഹദിന്റെ പ്രകടനം.
driksakshiyum thondimuthalum, movie review, second show

സിനിമാപ്രേമികള്‍ ഒരുപക്ഷേ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചുകണ്ടിട്ടുള്ള സിനിമയായിരിക്കണം 'മഹേഷിന്റെ പ്രതികാരം’. ആവര്‍ത്തന കാഴ്ചയുടെ ഈ സൂക്ഷ്മവിശകലനമാണ് 'പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്' എന്ന പ്രയോഗം സോഷ്യല്‍മീഡിയ ഫാന്‍സിനിടയില്‍ സൃഷ്ടിച്ചതും ആ ബ്രില്ല്യന്‍സിന്റെ തുടര്‍ച്ചയ്ക്കായി കാത്തിരിപ്പിച്ചതും. മഹേഷിന്റെ പ്രതികാരം ലളിതവും എന്നാല്‍ സൂക്ഷ്മായ ക്രാഫ്‌റ്റോടെ നിര്‍മിച്ച, കൃത്യമായ സാമൂഹികനിരീക്ഷണവുമുള്ള കലാസൃഷ്ടിയാണ്. ജനപ്രിയസിനിമയുടെ ഘടനയെത്തന്നെ പൊളിച്ചെഴുതിയ എന്റര്‍ടെയ്‌നര്‍. അതില്‍നിന്ന് രണ്ടാംസിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേക്കും ദിലീപ് പോത്തനും മഹേഷിന്റെ സംഘവും എത്തുമ്പോള്‍ പക്ഷേ മുന്‍സിനിമയുടെ ചേരുവകളില്ലാത്ത, കഥാഘടനയോ ആഖ്യാനമോ ഇല്ലാത്ത പൂര്‍ണമായും റിയലിസ്റ്റിക് ആയ ഒരു ഗംഭീരസിനിമയാണ്. 'മഹേഷിന്റെ പ്രതികാരം' ജനപ്രിയസിനിമയുടെ ചേരുവകളെ അപനിര്‍മിച്ചതാണെങ്കില്‍ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' റിയലിസ്റ്റിക് സിനിമയുടെ ഇതുവരെയുള്ള മലയാളകാഴ്ചകളെ നിരാകരിച്ചുകൊണ്ട് എങ്ങനെ ആസ്വാദ്യകരവും സത്യസന്ധവുമായ സിനിമ സൃഷ്ടിക്കാമെന്നു കാട്ടിത്തരുന്നു.

രണ്ടേകാല്‍ മണിക്കൂറുള്ള തൊണ്ടിമുതലും ദൃക്‌സാക്ഷിയും പൂര്‍ണമായും മുഴുകിയിരുന്നു കാണാവുന്ന മനസു നിറച്ച സിനിമയാണ്. രണ്ടാംപകുതിയില്‍ കുറച്ചു ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും അത് സിനിമയുടെ ആകെത്തുകയില്‍ അവഗണിക്കാവുന്നത് മാത്രമാണ്.

ഠ റിയലിസ്റ്റിക് പോലീസ് കഥ

ആക്ഷന്‍ ഹീറോ ബിജു, വിസാരണൈ(തമിഴ്) എന്നിവ സമീപകാലത്ത് ശ്രദ്ധേയമായ, പോലീസ് സ്‌റ്റേഷന്‍ പരിസരവും പ്രമേയവുമാക്കിയ രണ്ടു സിനിമകളാണ്. രണ്ടും അങ്ങേയറ്റം വിരുദ്ധ സ്വഭാവമുള്ള/ധ്രുവങ്ങളിലുള്ള ആവിഷ്‌കാരപദ്ധതികളും.

രണ്ടിലും പശ്ചാത്തലവും കഥാഗതിയും ഒരു പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ്. ആക്ഷന്‍ ഹീറോ ബിജുവില്‍ പോലീസ് കര്‍ത്തവ്യബോധത്തിന്റെ നിറകുടമാണ്. സിസ്റ്റത്തെ സമ്പൂര്‍ണമാക്കാനുളള ആക് ഷന്‍ ഹീറോമാരാണ് അതില്‍ നിറയെ. 'വിസാരണൈ' എന്ന ഇരുണ്ടചിത്രമാകട്ടെ ഭരണകൂടത്തിന്റെ മര്‍ദനോപാധിയായി മാത്രമാണ് പോലീസിനെ ചിത്രീകരിക്കുന്നത്. പോലീസ് നിറയെ വില്ലന്മാരാണ്. അവര്‍ സാമൂഹികക്രമത്തിന്റെ ഭാഗം പോലുമല്ലാത്ത അധോലോകമാണ്. ഇതിനു രണ്ടിനും ഇടയില്‍നിന്ന് ഏറെക്കുറെ വിശ്വസനീയമായ രീതിയില്‍ പോലീസ് എന്ന സങ്കീര്‍ണമായ സംവിധാനത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് തൊണ്ടിമുതലിന്റെ പ്രസക്തി. ആധികാരത്തിന്റെ സമവാക്യങ്ങളോടു പലരീതിയില്‍ പൊരുത്തപ്പെട്ടിട്ടുള്ള സമൂഹത്തില്‍ അതേ അധികാരസമവാക്യങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന പോലീസാണു തൊണ്ടിമുതലിലേത്. അധികാരവും മാനുഷികതയും നിലനില്‍പ്പും അവനവന്റെ ജീവിതവും പിന്നെ സമൂഹത്തിന്റെ ക്രമസമാധാനപാലനവും ഒരേസമയം സംരക്ഷിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള ഭരണകൂടത്തിന്റെ ഏറ്റവും സങ്കീര്‍ണമായ മെക്കാനിസം ആണ് പോലീസ് എന്ന യാഥാര്‍ഥ്യമാണ് സിനിമ പങ്കുവയ്ക്കുന്നത്. ഒരുപോലീസ് സ്‌റ്റേഷനിലേക്ക് കടന്നുചെന്ന അവസ്ഥയാണ് സിനിമയുടെ പകുതിയിലേറെയും സമയവും പങ്കുവയ്ക്കുന്നത്. ജാര്‍ഗണുകളാല്‍ സമ്പന്നമാണ് സ്‌റ്റേഷനുള്ളിലെ സംഭാഷണം. വാദിയും പ്രതിയും കുറ്റവും ധാര്‍മികതയും പരാതിയും നീതിയും ഓരോ സന്ദര്‍ഭങ്ങളില്‍ ഓരോരോ രൂപങ്ങള്‍ പ്രാപിക്കുന്നതു വളരെ ലളിതമായി വാചകകസര്‍ത്തുകളില്ലാതെ, തീവ്രഭാവപ്രകടനങ്ങളില്ലാതെ അനുഭവിപ്പിക്കാന്‍ തൊണ്ടിമുതലിനും ദൃക്‌സാക്ഷിക്കും കഴിയുന്നുണ്ട്. അധികാരത്തിന്റെ ശ്രേണിയോടു ഓരോ മനുഷ്യനും; പോലീസായാലും സാധാരണക്കാരനായാലും ഇടപെടുന്നത് അസാധാരണമായ ഉള്‍ക്കാഴ്ചയോടും എന്നാല്‍ സറ്റയറിക്കലായും അവതരിപ്പിക്കുന്നുണ്ട്.

driksakshiyum thondimuthalum, movie review, second show

ഠ ചെറിയ പ്ലോട്ട്, വലിയ കാഴ്ച

സിനിമയുടെ അടിസ്ഥാന ആശയം വളരെ ലളിതമാണ്. ഒരു ബസ് യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന മാല മോഷണവും വാദിയും പ്രതിയും സ്‌റ്റേഷനിലെത്തുകയും തുടര്‍ന്നുണ്ടാകുന്ന രണ്ടുദിവസങ്ങളില്‍ ആ കേസിന്റെ അന്വേഷണങ്ങളുമാണ് ദിലീഷ് പോത്തനും സംഘവും പറയുന്നത്. സജീവ് പാഴൂരിന്റെയാണ് രചന. മഹേഷിന്റെ പ്രതികാരത്തിലൂടെ ദേശീയ പുരസ്‌കാരം വരെ നേടിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ ക്രിയേറ്റീവ് ഡയറക്ടറും. ഏതായാലും ഈ ടീമിന്റെ ക്രിയേറ്റിവിറ്റി ഈ ചെറിയപ്ലോട്ടിനെ നിലവിലുള്ള സാമൂഹികക്രമവും നിയമനിര്‍വഹണസംവിധാനവുമായി അതിസമര്‍ഥമായി ബന്ധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തസമുദായങ്ങളില്‍നിന്ന് പ്രേമിച്ചുവിവാഹം കഴിച്ചതിനെത്തുടര്‍ന്നു നാടുവിടേണ്ടിവന്ന പ്രസാദും (സുരാജ് വെഞ്ഞാറമ്മൂട്) ശ്രീജയും(പുതുമുഖം നിമിഷ സജയന്‍) ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. യാത്രയ്ക്കിടെ ശ്രീജയുടെ മാല ഒരു കള്ളന്‍(ഫഹദ് ഫാസില്‍) അറുത്തെടുക്കുന്നതിനെത്തുടര്‍ന്നുളള കാഴ്ചകളാണ് സിനിമയില്‍.

ഠ ചിരിക്ക് ഇടവേളയില്ല

സിനിമയുടെ അന്തരീക്ഷം കുറച്ചു ഡാര്‍ക്ക് ആണെങ്കിലും ചിരിക്കു കുറവില്ല. നമ്മുടെ സദാചാരപുരുഷമൂല്യത്തെ ഒന്നു കൊട്ടിയുള്ള ചിരിയിലാണു തുടക്കം. ഗര്‍ഭമറിയാനുള്ള സ്ട്രിപ്പ് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തുന്ന പെണ്‍കുട്ടിക്ക് ഗര്‍ഭമുണ്ടെന്ന് വീട്ടില്‍ അറിയിക്കുന്ന ഉത്തരവാദിയായ 'മാന്യനായ' നായകനില്‍ തുടങ്ങുന്ന ഈ ചിരി, കള്ളനെന്ന് ആരോപിക്കുന്നവനെ തല്ലുന്ന സെമിനാരി വിദ്യാര്‍ഥിയെയും തട്ടമിട്ട താത്തയെയും മൊബൈലിനെതിരേ സമരം നടത്തുന്ന നിമിഷകവിയും ട്രോളി ട്രോളി ചിരി അലകളുണ്ടാക്കുന്നുണ്ട്. ഇടവേളവരെ മുഖത്തുനിന്നു മായാത്തൊരു ചിരികൊണ്ട് സിനിമ കണ്ടിരിക്കാനാവും.

ഠ പോത്തേട്ടന്‍സ് റിയലിസം

സൂക്ഷ്മാംശങ്ങളില്‍ ഇക്കുറിയും അതീവശ്രദ്ധ ദിലീഷ് പോത്തനും കൂട്ടര്‍ക്കുമുണ്ട്. അതിനിനി ടോറന്റ്/ഡി.വി.ഡി. ഇറങ്ങുന്ന കാലത്ത് ആവര്‍ത്തക്കാഴ്ചക്കാരുടെ ട്രോള്‍ പോസ്റ്റുകളില്‍ കണ്ട് വിലയിരുത്താം പോത്തേട്ടന്റെ റിയലിസ്റ്റിക് ബ്രില്ല്യന്‍സിനെക്കുറിച്ച്. പക്ഷേ ഏറെ ശ്രദ്ധേയം സിനിമയിലെത്തുന്ന മനുഷ്യരാണ്. മഹേഷിന്റെ പ്രതികാരത്തിലെപ്പോലെതന്നെ ചായം തേക്കാത്ത മനുഷ്യരാണ് സിനിമയില്‍. ചൂടുകുരുവിന്റെ നെറ്റിപ്പൊട്ടുകളുള്ള നായിക മുതല്‍ പതിഞ്ഞസംസാരത്തില്‍ പറയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ ചുറ്റുമുളള ഇടങ്ങളില്‍ നിന്നെവിടെനിന്നോ കണ്ടെത്തിയവരാണെന്നു തോന്നും. മനുഷ്യബന്ധങ്ങളെ ചിത്രീകരിക്കുന്ന സത്യസന്ധതയിലുമുണ്ട് 'പോത്തേട്ടന്റെ ഈ ബ്രില്ല്യന്‍സ്.' പച്ചമനുഷ്യരുടെ ചിത്രീകരണം കൂടുതലായി കടന്നുവരാന്‍ ഇത്തരം പോത്തേട്ടനിസം കാരണമാവുമെന്ന് കരുതാം. ശക്തമായ ദൃശ്യഭാഷയാണ് സിനിമയുടെ കരുത്ത്. സാഹിത്യമുക്തിയിലേക്കു സിനിമപരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ കാഴ്ചകൂടിയാണിത്. ഏറെസമയവും സ്‌റ്റേഷനുള്ളില്‍ ആയതിനാല്‍ പലതരത്തിലുള്ള പോലീസ് ജാര്‍ഗണുകള്‍ സംഭാഷണങ്ങളിലുണ്ട്. എന്നാല്‍ അതൊന്നും വിശദമാക്കാന്‍ ശ്രമിച്ച് സമയം കളയുന്നില്ല.

driksakshiyum thondimuthalum, movie review, second show

ഠ ഫഹദ്, എന്തൊരു നടനാണ് നിങ്ങള്‍ ?

മുഖ്യകഥാപാത്രമായ പ്രസാദായി സിനിമയിലെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. സിനിമ തുടങ്ങുന്നതും ഒടുങ്ങുന്നതും സുരാജിന്റെ ജീവിതത്തിലൂടെയാണ്. എന്നാല്‍ കള്ളന്‍ പ്രസാദായി വരുന്ന ഫഹദ് ഫാസില്‍ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാക്കി മാറ്റുന്നു. പിടിക്കപ്പെടുന്ന കള്ളന്റെ നിഷ്‌കളങ്ക ഭാവമാണ് ഫഹദിന്റെ ഇന്‍ട്രോ സീന്‍. നിമിഷങ്ങളേ ഉള്ളൂവെങ്കിലും അതിഗംഭീരമെന്നേ വിശേഷിപ്പിക്കാന്‍ പറ്റു. താരമല്ല, സമാനതകളില്ലാത്ത നടന്‍ എന്നല്ലാതെ ഈ നടന്റെ ബ്രില്ല്യന്‍സിനെ വിശേഷിപ്പിക്കാനാവില്ല. എന്തൊരു നടനാണിയാള്‍ എന്ന് അസൂയ തോന്നുന്ന പ്രകടനം. ശരിക്കും 'പഠിച്ച കളളനാ'യാണ് ഫഹദിന്റെ പ്രകടനം. സഹതടവുപുളളിയോടൊഴിച്ച് എല്ലാവരോടും വിനയത്തില്‍ സംസാരിക്കുന്ന, ഏതാണു നുണയെന്നും നേരെന്നും ആര്‍ക്കും തിരിച്ചറിയാനാവാത്ത ഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ മെയ്‌വഴക്കമുള്ള കള്ളനെ ഫഹദ് ഗംഭീരമാക്കുന്നുണ്ട്. കുറ്റം തെളിയുന്നതിനുമുമ്പും കുറ്റം തെളിഞ്ഞശേഷവും ഫഹദിന്റെ മൊഴിയെടുക്കുന്ന രംഗങ്ങളില്‍ ഫഹദിന്റെ ശരീരഭാഷയിലെ വ്യത്യാസങ്ങള്‍ മറ്റാരുചെയ്താലും ഇത്രമേല്‍ പൂര്‍ണമാവുമെന്ന് തോന്നുന്നില്ല. മഹേഷിലെ നായകനില്‍നിന്ന് പ്രസാദിലെ ഇരുണ്ടകഥാപാത്രത്തിലേയ്ക്കുള്ള ഫഹദിന്റെ പരകായപ്രവേശമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. വിഹ്വലതകളില്‍ പെട്ടുപോയ ഒരു സാദാ ചെറുപ്പക്കാരനെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ഫഹദിന്റെ മിന്നുന്ന പ്രകടനത്തിനൊപ്പം നില്‍ക്കുന്ന തീവ്രമായ ഭാവപ്രകടനത്താല്‍ സുരാജ് പ്രസാദാകുന്നു. പുതുമുഖം നിമിഷ സജയനാണ് ശ്രീജ. മഹേഷിന്റെ പ്രതികാരത്തിലെന്നപോലെ നാട്ടിലെ സ്ത്രീകളെ ഒരിക്കല്‍കൂടി സത്യസന്ധമായി അവതരിപ്പിച്ചു. നിമിഷയുടെ അരങ്ങേറ്റവും ഒന്നാംകിടം. മഹേഷിലെ 'ബേബിസാര്‍' അലന്‍സിയറാണ് മറ്റൊരു പ്രധാനവേഷം. അലന്‍സിയര്‍ പതിവുപോലെ ടോപ് ക്ലാസില്‍. സ്‌റ്റേഷനിലുള്ളിലെ പോലീസുകാരായി യഥാര്‍ഥത്തിലുള്ള പോലീസുകാര്‍ തന്നെയാണ് വേഷമിട്ടത്. അതുകൊണ്ട് അലക്കിത്തേച്ച ഇസ്തിരിയിട്ട പോലീസുകാരല്ല, കണ്ടു പരിചയിച്ച തനി നാടന്‍ പോലീസുകാരാണ് സ്‌ക്രീനില്‍. സ്‌റ്റേഷന്റെ അടക്കമുള്ള കലാസംവിധാനമികവും യൂണിഫോഫിലടക്കം പുലര്‍ത്തിയിട്ടുള്ള വേഷവിതാനങ്ങളിലെ റിയലിസ്റ്റിക് സ്പര്‍ശവും പ്രത്യേകം ശ്രദ്ധേയം. ചെറിയ റോളുകളില്‍ മാത്രം കണ്ടിട്ടുള്ള വെട്ടുകിളി പ്രകാശിനും സവിശേഷമായ പ്രകടനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.

ഠ രാജീവ് രവി

എന്തുകൊണ്ട് രാജീവ് രവി എന്നൊരു ചോദ്യത്തിന് തൊണ്ടിമുതലിന്റെ ദൃശ്യങ്ങള്‍ മറുപടി പറയുന്നുണ്ട്. കള്ളനും പോലീസും തമ്മില്‍ പ്രതിയും വാദിയും തമ്മില്‍ അച്ഛനും മകളും തമ്മില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുകൊണ്ടും ശരീരം കൊണ്ടുമുള്ള ഏറ്റുമുട്ടലുകളുടെ തീവ്രത കണ്‍മുന്നില്‍ നടക്കുന്ന കാഴ്ചയെന്ന പോലെ രാജീവ് രവിയുടെ ഫ്രെയിമുകള്‍ എത്തിക്കുന്നുണ്ട്.
സാങ്കേതികവിഭാഗങ്ങളിലും ഒന്നാംകിടമാണ് തൊണ്ടിമുതല്‍. കിരണ്‍ദാസിന്റെ എഡിറ്റിങ്ങും ബിജിപാലിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും ശ്രദ്ധേയം ശബ്ദപരിചരണവും സിങ്ക് സൗണ്ടിന്റെ ഉപയോഗവും ഒരുപോലെ മികച്ചുനില്‍ക്കുന്നു.

ഠ അവസാനവാക്ക്: മഹേഷല്ല തൊണ്ടിമുതല്‍. അത്തരത്തില്‍ നിറഞ്ഞ ചിരിയോടെ എണീറ്റുപോരാവുന്ന സരസലളിത കാഴ്ചകളുമല്ല. പക്ഷേ സിനിമയ്ക്കു മാത്രം സാധ്യമാകുന്ന ദൃശ്യഭാഷകൊണ്ട്, ജീവിച്ചിരിക്കുന്ന സമൂഹത്തെ ലളിതവും എന്നാല്‍ ഗഹനവുമായി പകര്‍ത്തിവെച്ചിട്ടുണ്ട്.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW