Wednesday, November 14, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
ഫാത്തിമ മുബീന്‍
Saturday 01 Jul 2017 04.38 PM

കനേഡിയന്‍ കാട്ടിലെ കഥകള്‍....നാട്ടിലേയും

Travelogue, Canada, Forest
നോര്‍ത്തേണ്‍ ഒന്‍്‌റാറിയോയിലെ പ്രെവിന്‍ഷന്‍ പാര്‍ക്കിലെ എസ്‌കര്‍ തടാകം

വേനലിനേക്കാള്‍ വേഗത്തില്‍ ഈ വര്‍ഷം വടക്കേ അമേരിക്കയിലെ ജനങ്ങളെ തേടിയെത്തിയത് കരടികള്‍ നാട്ടിലേക്കിറങ്ങിയതും അക്രമാസക്തരായതുമായ വാര്‍ത്തകളാണ്. ടോറോന്റോയുടെ പ്രാന്തപ്രദേശമായ സ്‌കാര്‍ബറോയില്‍ കറുത്ത കരടിയെ നഗരവാസികള്‍ കണ്ടത് മെയ് മാസം പന്ത്രണ്ടാം തിയതിയാണ്. ശീതകാലനിദ്രയില്‍ നിന്നുണര്‍ന്നപ്പോള്‍ ആഹാരം തേടിയെത്തിയതാവാം. നഗരത്തിലേക്കുള്ള കരടികളുടെ വരവ് വളരെ അപൂര്‍വ്വമാണ്. പ്രത്യേകിച്ച് ടോറോന്റോയില്‍! തൊട്ടടുത്തുള്ള ടോറോന്റോ മൃഗശാലയിലെ അന്തേവാസിയാണെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ മൃഗശാല അധികൃതര്‍ അത് നിഷേധിച്ചതോടെ പോലീസുകാര്‍ക്ക് പണിയായി. ഒടുവില്‍ ശനിയാഴ്ച അതിരാവിലെ ഒരാളുടെ വീടിന്റെ പിന്നാമ്പുറത്ത് വെച്ച് അതിനെ വെടിവെച്ചു കൊന്നു. ടോറോന്റോയിലെ മഞ്ഞും എന്നെങ്കിലും വഴിതെറ്റിയെത്തുന്ന കരടിയും ഇവിടുത്തുകാര്‍ക്ക് മഹാത്ഭുതമാണെങ്കില്‍ മറ്റുള്ള പ്രോവിന്‍സുകാര്‍ക്ക് തമാശയാണ്. ബ്രിട്ടീഷ് കൊളമ്പിയ, യുകോണ്‍ ഭാഗങ്ങളില്‍ ഗ്രിസ്‌ലിയുടെയും കറുത്ത കരടികളുടെയും ആക്രമണങ്ങള്‍ സ്ഥിരമാണ്. ഇത്തവണത്തേത് കുറച്ച് കൂടുതലായോ? ഏറ്റവുമൊടുവിലായി വന്നത് അലാസ്‌കയില്‍ നിന്നുള്ള വാര്‍ത്തയാണ്.

അലാസ്‌ക മൌണ്ടന്‍ ഓട്ടക്കാരുടെ പ്രിയപ്പെട്ട മത്സരമായ ബേര്‍ഡ് റിഡ്ജ് ട്രെയില്‍(ആശൃറ ഞശറഴല ഠൃമശഹ ഞമരല 2017) മത്സരത്തിനിടെ പതിനാറു വയസ്സുള്ള കുട്ടിയെ കരടി മാന്തിക്കീറി കൊലപ്പെടുത്തി. 29 വര്‍ഷമായി നടന്നു വരുന്ന മത്സരമാണ്. മത്സരാര്‍ത്ഥികള്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് പങ്കെടുക്കുന്നതും. കരടികളുടെ ആക്രമണം അപൂര്‍വമായേ ഉണ്ടാകാറുള്ളൂന്ന് സംഘാടകര്‍ പറയുന്നു. കുട്ടിയെ കരടി ഓടിച്ചു കാടിനുള്ളിലേക്ക് കൊണ്ടു പോയതാവാം. അല്ലെങ്കില്‍ കുട്ടിക്ക് വഴിതെറ്റിയതായിരിക്കാം. എങ്ങിനെയായാലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. കരടിയുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ ഏട്ടന് മൊബൈല്‍ സന്ദേശമയച്ചതു കൊണ്ടാണ് വിവരമറിഞ്ഞത്. തിരച്ചില്‍ നടത്തുന്നവരെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നിയത് കൊണ്ടാവും ആളുകളെത്തുന്നതുവരെ കരടി കുട്ടിയുടെ ശരീരത്തിനടുത്ത് തന്നെ കാവല്‍ നിന്നത്. ക്യാമ്പിംഗിനും ഹൈക്കിങ്ങിനും പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുകള്‍ പാര്‍ക്ക് കാനഡ അധികൃതരും അലാസ്‌ക ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്‌മെന്റുകാരും പുറത്തിറക്കിയിട്ടുണ്ട്.

Travelogue, Canada, Forest
ഴയും നനഞ്ഞ് മരത്തില്‍ കയറിയിരിക്കുന്ന കരടി

ഇതൊക്കെയെണ്ണി പറഞ്ഞ്, എന്തിനുള്ള പുറപ്പാടാണെന്ന് വിചാരിക്കുന്നുണ്ടാവും. ഏയ് നിങ്ങള്‍ക്ക് തെറ്റിയിട്ടില്ല. ഞങ്ങള്‍ കരടിയുടെ മുന്നിലല്ല പിന്നിലാണ് ചെന്നുപ്പെട്ടത്. നെറ്റ്ഫ്‌ലിക്‌സില്‍ 'ബെയറി ടെയ്ല്‍സ്' കണ്ടിരിക്കുമ്പോള്‍ അത് പോലെയൊന്നിനെ കിട്ടിയാല്‍ തരക്കേടില്ലാന്നൊക്കെ കരുതിയതാണ്. ഇനി വേണ്ട... മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്ച ഞങ്ങള്‍ വടക്കേ ഒണ്ടേറിയോയിലെ എസ്‌ക്കര്‍ ലെയിക്ക്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലേക്ക് ക്യാമ്പിംഗിനു പോയി. ആ ഭാഗത്തേക്ക് ആദ്യമായിട്ടാണ് പോകുന്നത്. കാലവസ്ഥയാണെങ്കില്‍ ഒരുവകയാണ്. തണുപ്പ് വിട്ടുപോയിട്ടില്ല, പോരാത്തതിന് തുടര്‍ച്ചയായ മഴ കാരണം ഭൂമിയൊക്കെ നനഞ്ഞ് കുതിര്‍ന്ന് കിടക്കുകയാണ്. എന്താന്നറിയില്ല, കാനഡയെ ഈ വര്‍ഷം മഴക്കാലം വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. 1952 ന് ശേഷം ഈ വര്‍ഷമാണത്രേ ലെയ്ക്ക് ഒണ്ടേറിയോയില്‍ ഇത്രയധികം വെള്ളം പൊങ്ങിയിട്ടുള്ളത്. ടോറോന്റോ നഗരത്തിലുള്ള കുഞ്ഞു ദ്വീപ് മുങ്ങി പോകുമോന്നുള്ള ഭീതി മഴക്കാറിനൊപ്പം ആളുകളുടെ മനസ്സിലും ഉരുണ്ട് കൂടുന്നു. പാരീസ് സമ്മിറ്റിനെ പിന്തുണക്കുന്നവരേയും എതിര്‍ക്കുന്നവരേയും കേള്‍ക്കാനൊന്നും പ്രകൃതിക്ക് താല്‍പ്പര്യമില്ല. ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍, പിന്നെ അതിനു വേണ്ടി ബുദ്ധിമുട്ടേണ്ടി വരില്ലാന്നാവും അവിടെന്നുള്ള തീരുമാനം. ലക്ഷണങ്ങളൊക്കെ കണ്ടു മൂക്കത്ത് വിരല്‍വെച്ചിരിക്കാം. 1300 പേര്‍ മത്സരിക്കുന്ന ഇരുപ്പത്തിയഞ്ചാമത് യുകോണ്‍അലാസ്‌ക അന്താരാഷ്ര്ട സൈക്കിള്‍ റാലി ജൂണിലെ അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച കാരണം മാറ്റിവെച്ചു. മഞ്ഞുകാലമാണോ വേനല്‍കാലമാണോന്ന് തിരിച്ചറിയാനാവാത്ത വിധത്തില്‍ മഞ്ഞുമൂടി കിടന്നു യുകോണിലെ ഹേയ്ന്‍സ് ജങ്ക്ഷന്‍. അങ്ങിനെയെന്തെല്ലാം... എവിടെയെല്ലാം മാറുന്നു.

Travelogue, Canada, Forest
ബിര്‍ച്ച്്് മരങ്ങള്‍

8000 ഏക്കറില്‍ പരന്നുകിടക്കുന്ന എസ്‌കര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നതാകട്ടെ ഭൂഖണ്ഡങ്ങളെ വേര്‍ത്തിരിക്കുന്ന മുനമ്പിലാണ്. ഇവിടെന്ന് ഉത്ഭവിക്കുന്ന നദികളെല്ലാം വടക്കോട്ടൊഴുകി ആര്‍ട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഹഡ്‌സണ്‍ ബേയിലെത്തുന്നു. പാര്‍ക്കിന്റെ പകുതി ഭാഗങ്ങളും അവസാനത്തെ ഹിമയുഗത്തിനു ശേഷം പിന്‍വാങ്ങിയ ഹിമപ്പരപ്പുകള്‍ മൂലമുണ്ടായതാണെന്നാണ് പഠന റിപ്പോര്‍ട്ടുകളില്‍. ചതുപ്പ്പ്രദേശങ്ങളും, മണല്‍ത്തിട്ടകളും, കുന്നുകളും, മണല്‍ക്കുനകളും കൊണ്ട് വ്യത്യസ്തമായ ഭൂപ്രദേശമാണ്. ബോറിയല്‍ വനമായാതിനാല്‍ അധികവും പൈന്‍ മരങ്ങളാണ്. കൂടാതെ കറുത്ത സ്പ്രൂസും, വെളുത്ത ബിര്‍ച്ചും, തമറാക്ക് മരങ്ങളുമുണ്ട്. തമ്മില്‍ പിണക്കമൊന്നുമില്ലെങ്കിലും മരങ്ങള്‍ക്കിടയില്‍ വിവേചനമുണ്ടാക്കാന്‍ മനുഷ്യര്‍ ശ്രമിച്ചിട്ടുണ്ട്. മരങ്ങളുടെ പേരിനൊപ്പം കറുപ്പും വെളുപ്പും ചേര്‍ത്തത് നമ്മളല്ലേ അവരല്ലല്ലോ..

മിസ്സിസ്സാഗയില്‍ നിന്ന് ആറേഴ് മണിക്കൂര്‍ െ്രെഡവുള്ളതിനാല്‍ അതിരാവിലെ പുറപ്പെട്ടു. അതിനാല്‍ നഗരത്തിലെ തിരക്കില്‍ നിന്നൊഴിവായി. നഗരാതിര്‍ത്തി പിന്നിട്ടാല്‍ തറക്കല്ലിട്ടതിന്റെ അലങ്കാരങ്ങളോ,ഉദ്ഘാടന മാമാങ്കങ്ങളുടെ ഫലകങ്ങളോ ഇല്ലാതെയൊരു റോഡ് മാത്രം മുന്നിലുണ്ട്. ഞങ്ങളുള്ളത് കൊണ്ട് റോഡും, റോഡുള്ളതിനാല്‍ ഞങ്ങളും ഒറ്റക്കായില്ല. കുറെ ദൂരം പോകാനുണ്ടല്ലോ, അതിനിടയിലൊരു കാര്യം പറയാം.. ഫെബ്രുവരിയില്‍ കുറെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണി കിട്ടി. ഓഡിറ്റര്‍ ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്നത് ഒണ്ടേറിയോ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു. പതിനഞ്ച് വര്‍ഷമൊക്കെ കേടുകൂടാതെ നില്‍ക്കേണ്ട റോഡുകള്‍ നേരത്തെ തന്നെ പൊട്ടിപ്പൊളിഞ്ഞതിന്!ചീത്ത കേട്ടാല്‍ പാത്തൂന് മാത്രമല്ല സര്‍ക്കാറിനും പേടിയാവും. പിന്നെയൊന്നും ആലോചിച്ചില്ല ഉടനടി സര്‍ക്കാര്‍ ആ പാവം കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്തിരുന്ന ബോണസ്സുകള്‍ നിര്‍ത്തിവെച്ചു... അതുവരെ വാങ്ങിച്ചതൊക്കെ തിരിച്ചു കൊടുക്കേണ്ടി വന്നോയെന്തോ? ഇതുപോലെ നമുക്ക് പരിചയമില്ലാത്ത കുറെ നേരംപോക്കുകള്‍ ഇവിടെ നടക്കാറുണ്ട്.

പാര്‍ക്കിനടുത്തെത്താറായപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനായി ഒരാളുണ്ട് റോഡിലിറങ്ങി നില്‍ക്കുന്നു. മൂസ്സാണ്... അടുത്തെത്തിയിട്ടും ആരായെന്താന്നറിയാതെ മാറില്ലാന്നുള്ള വാശിയിലായിരുന്നു. ഹുസൈന്‍ ക്യാമറയുമായി ഇറങ്ങിയപ്പോഴേക്കും അതിന് ആളെ മനസ്സിലായി. വേഗം മരങ്ങള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു... പണ്ടത്തെ മോഡലിംഗ് ചാര്‍ജ്ജ് കൊടുക്കാത്ത ഏതോ മൂസ്സിന്റെ ബന്ധുവാകണം. ആ ഓട്ടം മൊബൈലില്‍ ഞാന്‍ പകര്‍ത്തി. ഇനിയാരെങ്കിലും ഇതുപോലെ ചോദിച്ചു വന്നാലോ? മുന്നോട്ടുള്ള വഴിയില്‍ പിന്നെയാരെയും കണ്ടില്ല. പാര്‍ക്കിലെത്തി കൂടാരമൊക്കെ കെട്ടിപ്പൊക്കി വെയിലാറുന്നതുവരെ വിശ്രമിച്ചിട്ടാണ് നടക്കാനിറങ്ങിയത്. മൂന്നു ട്രെയിലുകളാണ് അവിടെയുള്ളത്. സോസേജ് തടാകത്തിന് ചുറ്റുമുള്ള ബോഗ് ട്രെയില്‍ ചെറുതാണെങ്കിലും കുറച്ചുണ്ട് നടക്കാന്‍. ചതുപ്പ് പ്രദേശമായതിനാല്‍ ക്രാന്‍ബെറി ചെടികളും മാംസഭുക്കുകളായ ചെടികളും വഴിനീളെയുണ്ട്. ബോറിയല്‍ കാടിനുള്ളിലേക്ക് പോകുന്ന മറ്റൊരു ട്രെയിലില്‍ നിറയെ അപ്പിയിട്ട് മൂസ്സ് അതിന്റെ അവകാശം സ്ഥാപിച്ചിട്ടുണ്ട്. വഴിയിലുള്ള ആ ഉണ്ണിയപ്പങ്ങളെ ചവിട്ടിയും ചവിട്ടാതെയും നടന്നു കയറിയത് ട്രാപ്പേര്‍സ് ട്രെയിലിലേക്കാണ്. കടന്നാല്‍ പിന്നെ രണ്ടുമൂന്ന് ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ. 'ദാ ഇപ്പോ വരാമെന്ന്' പറഞ്ഞു നടക്കാനിറങ്ങിയതിനാല്‍ വെള്ളവും വറ്റുമൊന്നും കരുതിയിട്ടുണ്ടായിരുന്നില്ല. അതിനാല്‍ വേഗം തിരിച്ചു നടന്നു.

Travelogue, Canada, Forest

ക്യാമ്പിനടുത്ത് ഹുസൈന്‍ നാണംകുണുങ്ങിയായ ഗ്രൌസ്സിനെ മോഡലാക്കി നിര്‍ത്തിയിരിക്കുകയാണ്. മരത്തിനിടയില്‍ അവളുടെ കൂട്ടുകാരന്‍ കാത്തിരിക്കുന്നുണ്ട്. ക്യാമറാമാന്‍ ഇതൊന്നും അറിയാതെ ഫോട്ടോയെടുപ്പാണ്. സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്! കൂട്ടുകാരനെ കാണാനാണ് ഭംഗി. തലയില്‍ വിരിഞ്ഞുനില്‍ക്കുന്ന നല്ലൊരു അലങ്കാരതൊപ്പിയൊക്കെയണിഞ്ഞാണ് നടപ്പ്. അവനെ കാണിച്ചുകൊടുത്തപ്പോള്‍ ഹുസൈന്‍ അങ്ങോട്ട് തിരിഞ്ഞു. തടാകത്തില്‍ നിന്ന് ലൂണിന്റെ കരച്ചിലാണ് പ്രണയിതാക്കളെ രക്ഷിച്ചത്. ഹുസൈനെ വെല്ലുവിളിച്ച് വെള്ളത്തില്‍ മുങ്ങിയും നിവര്‍ന്നും ഒറ്റ ചിത്രം പോലും പകര്‍ത്താന്‍ ലൂണുകള്‍ സമ്മതിച്ചില്ല. ദേശീയ പക്ഷിക്കുള്ള വോട്ടെടുപ്പില്‍ പരാജയപ്പെട്ട ദേഷ്യം ഹുസൈനോട് തീര്‍ത്തതാവും. ഒണ്ടേറിയോ പ്രൊവിന്‍ഷ്യല്‍ പക്ഷിയല്ലേ ഇത്രയ്ക്കു കുസൃതി പാടില്ലാന്ന് പരിഭവിക്കുന്നത് കേട്ടുവോ?

പിറ്റേന്നു കാലാവസ്ഥ മോശമാകുമെന്നറിഞ്ഞതിനാല്‍ ആര്‍.വികാരൊഴികെയുള്ളവര്‍ കെട്ടുകെട്ടി. ഞങ്ങള്‍ ടിമ്മിന്‍സും കണ്ട് ചുറ്റി വളഞ്ഞ് ടോറോന്റോയിലേക്ക് പോരാന്‍ തീര്‍ച്ചയാക്കി. ഠവല ഇശ്യേ ംശവേ മ ഒലമൃ േീള ഏീഹറ എന്നൊക്കെയാണ് ടിമ്മിന്‍സിനെ വിശേഷിപ്പിക്കുന്നത്. ഒരിക്കല്‍ ഖനനം കൊണ്ട് സമ്പന്നമായ ടിമ്മിന്‍സിലിന്ന് പേരിന് മാത്രമേ ഖനനം നടക്കുന്നുള്ളൂ. നഗരത്തിന്റെ ഭൂതകാലം ഏറെക്കുറെ മറന്നിരിക്കുന്നു. പുതുതലമുറ ടിമ്മിന്‍സിനെയറിയുക പാട്ടിലൂടെയായിരിക്കും. പ്രശസ്ത പോപ്പ് ഗായികയായ ഷാനിയ ട്വയ്ന്‍ വളര്‍ന്നതിവിടെയാണ്. ഞങ്ങള്‍ മാത്തിസ്സണെത്തിയപ്പോഴേക്കും മഴ തുടങ്ങി. അവിടെന്ന് ഹഡ്‌സണ്‍ ബേക്കടുത്തെത്താന്‍ ഒണ്ടേറിയോയില്‍നിന്ന് റോഡില്ല. ഇനിയിപ്പോ റോഡ് ഉണ്ടാക്കണമെന്ന് പറഞ്ഞാലും കോണ്‍ട്രാക്ടര്‍മാര്‍ ആരെങ്കിലും തയ്യാറാവോ?

ആവലാതികള്‍ പറഞ്ഞ് ഞങ്ങള്‍ ടിമ്മിന്‍സ് നഗരത്തിലെത്തി. നാല്‍പ്പത്തിരണ്ടായിരം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ്. നഗരത്തിന് പിന്നിലായിയൊരു പഴയ കെട്ടിടം കണ്ടപ്പോള്‍ അതിലൊന്ന് കയറാന്‍ പൂതിയായി. വാങ്ങാനൊന്നുമല്ലല്ലോ കാണാനല്ലേ, ഞങ്ങള്‍ അങ്ങോട്ട് വണ്ടി തിരിച്ചു. തിരിയുന്നിടത്ത് കരടികള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന ബോര്‍ഡുണ്ട്. തിരക്കുള്ള ഈ സ്ഥലത്താണോ കരടിയെന്നു പരിഹാസപൂര്‍വ്വം ചിന്തിച്ചോ? വഴിവക്കിലുള്ള ചെറിയൊരു പാര്‍ക്കില്‍ ആളുകള്‍ നടക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നുണ്ട്. വാഹനം കുറച്ചൊന്നു മുന്നോട്ടെടുത്തു നിര്‍ത്താന്‍ സ്ഥലം കിട്ടിയത് ഇരുമ്പിന്റെ വലിയ മാലിന്യപെട്ടിക്ക് മുന്നിലാണ്. കാര്‍ നിര്‍ത്തിയതും അതില്‍നിന്നെന്തോ ചാടി പോകുന്നത് കണ്ടെങ്കിലും കാര്യമാക്കിയില്ല. വല്ല പട്ടിയോ മറ്റുമാകുമെന്നു കരുതി കാറിന്റെ ഡോറും പാതി തുറന്ന് ഞാനിരിക്കാണ്.
കാറില്‍ നിന്നിറങ്ങാതെ ക്യാമറയും കൈയില്‍ പിടിച്ച് അന്തംവിട്ടിരിക്കുന്ന ഹുസൈനെ നോക്കിയപ്പോഴാണ് പന്തികേട് തോന്നിയത്. നീയെന്തിനെയാണ് കണ്ടതെന്ന ചോദ്യത്തിന് 'അതൊരു വാലില്ലാത്ത പട്ടിയല്ലേ'ന്നുള്ള വളരെ സിമ്പിളായ ഉത്തരം കേട്ടതോടെ ഹുസൈന്‍ തലയില്‍ കൈവെച്ചു പോയി. നാട്ടിലേ പോലെ ഇവിടെ ശ്വാനന്മാര്‍ ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കാറില്ലാന്നുള്ള കാര്യവും മറന്നു. ഒന്നൂടെ ഓര്‍ത്ത് നോക്കൂന്ന് പറഞ്ഞപ്പോഴാണ് ആ സീന്‍ മനസ്സിലൊന്ന് റീവൈന്‍ഡ് അടിച്ചു നോക്കിയത്. അയ്യോ.. അതെ വളരെ സാവധാനമേ എനിക്ക് കാര്യങ്ങള്‍ മനസ്സിലാവൂ. നഗരത്തില്‍ കരടിയെ കണ്ട കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന കടമ മറന്ന് ഞങ്ങള്‍ അവിടെന്ന് സ്ഥലം കാലിയാക്കി. കുറെദൂരം പോന്നിട്ടാണ് അതിനെ കുറിച്ച് ഓര്‍മ്മ വന്നത്. തിരിച്ചു പോകാനും വയ്യ. മഴയാണെങ്കില്‍ ആര്‍ത്തലച്ചു പെയ്യുകയാണ്. വേഗത കുറച്ച് വളരെ പതുക്കെയിങ്ങിനെ വരുമ്പോഴാണ് റോഡരികിലുള്ള മരത്തിന് മുകളിലൊരുത്തന്‍ ഇരിക്കുന്നത് കണ്ടത്. അവനല്ല ഇവന്‍! കരടിയെ പേടിച്ച് മരംക്കേറാന്‍ പറ്റില്ലാന്ന് അതോടെ ബോധ്യമായി. 'ഇതാണ് കരടി... അല്ലാതെ കുട്ടികള്‍ കളിക്കുന്ന ടെഡി ബെയറല്ല. അങ്ങിനെയായിരിക്കുമെന്ന് കരുതിയിട്ടല്ലേ പത്തിരിയും കോഴിക്കറിയും കൊടുക്കുമെന്നൊക്കെ പറഞ്ഞ് ട്രെയിലില്‍ കൂടി നടക്കാറ്..' ഫോട്ടോയെടുക്കുമ്പോള്‍ ഈ കാര്യമൊക്കെ പറയുന്നതെന്തിനാവോ.

Travelogue, Canada, Forest

കാട്ടിലേക്ക് പോകുമ്പോള്‍ പെപ്പര്‍ സ്‌പ്രേയൊന്നും ഇതുവരെ കൈയില്‍ കരുതിയിട്ടില്ല. ആകെയുള്ളതൊരു വിസിലാണ്. ജനലും വാതിലും ഇടിച്ച് തകര്‍ത്ത് വീടിനകത്ത് കയറുന്ന ഗ്രിസ്‌ലികളുടെയും കറുത്ത കരടികളുടെയും വാര്‍ത്തകള്‍ ഒന്നിനുപിറകെ ഒന്നായി വരുന്നുണ്ട്. കരടികളെ കണ്ടതിനാല്‍ ചില ട്രെയിലുകളും പാര്‍ക്കുകളും ജനങ്ങളുടെ സുരക്ഷയെ കരുതി അടച്ചിരിക്കുകയാണ്. ക്യാമ്പിംഗുക്കാര്‍ക്കുള്ള സുരക്ഷാനിയമങ്ങളൊക്കെ പാര്‍ക്ക് ഓഫീസുകളില്‍ ലഭ്യമാണ്.(ആലമൃ ടമളല്യേ ഞൗഹല)െപോകുന്നവര്‍ അതൊന്നെടുത്ത് വായിച്ചു നോക്കുന്നതില്‍ തെറ്റൊന്നുമില്ല. പാലിച്ചില്ലെങ്കിലും സ്വന്തം അറിവിലേക്കും മറ്റുള്ളവരുടെ സുരക്ഷക്കെങ്കിലും ഉപകാരപ്പെടും. ഇത്രയൊക്കെ വായിച്ചിട്ടും പഠിച്ചിട്ടും കരടിയെ കണ്ടപ്പോള്‍ പാത്തു കവാത്ത് മറന്നു!

ചിത്രങ്ങള്‍ : ഹുസൈന്‍ ചിറത്തൊടി

Ads by Google
ഫാത്തിമ മുബീന്‍
Saturday 01 Jul 2017 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW