Wednesday, September 06, 2017 Last Updated 5 Min 35 Sec ago English Edition
Todays E paper
Saturday 01 Jul 2017 03.56 PM

രാവണന്റെ സീതാപഹരണം

uploads/news/2017/07/123508/jyothi010717a.jpg

ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭഗവാന്‍ മഹാവിഷ്ണുതന്നെയാണ്. ബ്രാഹ്മണരും മുനിമാരും സാക്ഷാല്‍ ശ്രീ നാരായണനെയാണ് ആരാധിക്കുന്നത്. ദേവന്മാര്‍ യുദ്ധത്തില്‍ ശത്രുക്കളെ ജയിക്കുന്നത് മഹാവിഷ്ണുവിനെ ആശ്രയിച്ചു മാത്രമാണ്.

രാവണന്‍ സീതയെ അപഹരിച്ചതെന്തിന്? രാമായണം കഥയില്‍ രാമരാവണയുദ്ധത്തിന് കാരണം രാവണന്റെ സീതാപഹരണം ഒന്ന് മാത്രമാണ്. ഇതിന്റെ പിന്നില്‍ കാരണമുണ്ടായിരുന്നു. കാര്യമില്ലാതെ കാരണമുണ്ടാകില്ലല്ലോ.

കൃതയുഗത്തില്‍ ഒരുദിവസം രാവണന്‍ സനല്‍കുമാര മഹര്‍ഷിയെ കണ്ടപ്പോള്‍ വിനയപൂര്‍വ്വം ചോദിച്ചു: ''ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണ്? ബ്രാഹ്മണര്‍, മുനിമാര്‍ ഇവരെല്ലാം യാഗംകൊണ്ട് ആരെയാണ് ആരാധിക്കുന്നത്? ദേവന്മാര്‍ യുദ്ധത്തിന് ശത്രുക്കളെ ജയിക്കുന്നത് ആരുടെ ശക്തികൊണ്ടാണ്? എന്റെ സംശയങ്ങള്‍ക്ക് മഹര്‍ഷേ അങ്ങ് മറുപടി തന്നാലും.''

രാവണന്റെ ചോദ്യങ്ങള്‍ക്ക് മഹര്‍ഷി മറുപടി പറയാനാരംഭിച്ചു. ''ഈ ലോകത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭഗവാന്‍ മഹാവിഷ്ണുതന്നെയാണ്. ബ്രാഹ്മണരും മുനിമാരും സാക്ഷാല്‍ ശ്രീ നാരായണനെയാണ് ആരാധിക്കുന്നത്.

ദേവന്മാര്‍ യുദ്ധത്തില്‍ ശത്രുക്കളെ ജയിക്കുന്നത് മഹാവിഷ്ണുവിനെ ആശ്രയിച്ചു മാത്രമാണ്. വിഷ്ണുവിന്റെ കരങ്ങളാല്‍ ജീവന്‍ വെടിഞ്ഞവര്‍ പരമഗതിയായ മോക്ഷത്തെയാണ് പ്രാപിക്കുന്നത്. അവര്‍ക്ക് ജനനമരണങ്ങള്‍ വീണ്ടും ഉണ്ടാവുകയില്ല.'' ഇതെല്ലാം കേട്ട രാവണന്‍ പറഞ്ഞു: ''ഞാന്‍ വിഷ്ണുവിന്റെ കരങ്ങളാല്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു.''

മുനി: ''വത്സാ നിന്റെ ആഗ്രഹം സാധിക്കും. ത്രേതായുഗത്തില്‍ മഹാവിഷ്ണു മനുഷ്യനായി ഭൂമിയില്‍ അവതരിക്കും. അപ്പോള്‍ നിന്റെ ആഗ്രഹം സഫലമാകും. രാവണാ സര്‍വ്വേശ്വരനായ ഭഗവാനെ ത്രേതായുഗത്തില്‍ കണ്ടുമുട്ടാന്‍ ഞാന്‍ ഒരു ഉപായം പറഞ്ഞുതരാം.

ഇക്ഷ്വാകു വംശത്തില്‍ സൂര്യവംശത്തിലെ രാജാവായ ദശരഥന്റെ മകനായി ''ശ്രീരാമന്‍'' എന്ന പേരില്‍ വിഷ്ണു അവതാരമെടുക്കും. പിതാവിന്റെ ആജ്ഞ അനുസരിച്ച് രാമന്‍ പത്‌നിയോടൊപ്പം ദണ്ഡകാരണ്യത്തില്‍ വനവാസത്തിനെത്തിച്ചേരും. രാമന്റെ അനുജനായ ലക്ഷ്മണനും കൂടെയുണ്ടാകും.

ഈ സന്ദര്‍ഭത്തില്‍ രാമപത്‌നിയായ സീതയെ അപഹരിച്ച് നീ കൊണ്ടുപോകണം. ശ്രീരാമന്‍ യുദ്ധസന്നദ്ധനായി വന്ന് നിന്നെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കും. അങ്ങനെ വിഷ്ണുവിന്റെ കരങ്ങളാല്‍ മോക്ഷപ്രാപ്തി നേടുകയും ചെയ്യാം.''

സനല്‍കുമാര മഹര്‍ഷിയില്‍ നിന്നും വിവരങ്ങള്‍ എല്ലാമറിഞ്ഞ രാവണന്‍ ലോകങ്ങള്‍ എല്ലാം യുദ്ധം ചെയ്ത് കീഴ്‌പ്പെടുത്തി, ലങ്കയിലെ രാജാവായി ത്രേതായുഗം വരാന്‍ കാത്തിരുന്നു. കാലം കടന്നുപോയി. ത്രേതായുഗം ആരംഭിച്ചു. ശ്രീരാമപത്‌നിയെ അപഹരിക്കാനുള്ള സമയവും വന്നുചേര്‍ന്നു.

ശ്രീ മഹാവിഷ്ണുവിന്റെ കരങ്ങളാല്‍ മോക്ഷം നേടാന്‍ സമയമായിയെന്ന് മനസ്സിലാക്കിയ രാവണന്‍ സീതാപഹരണം നടത്തി യുദ്ധത്തിന് വഴിയൊരുക്കി.

അങ്ങനെ രാവണന്‍ ശ്രീരാമന്റെ കരങ്ങളാല്‍ വധിക്കപ്പെടുകയും പരമഗതിയായ മോക്ഷത്തെ പ്രാപിക്കുകയും ചെയ്തു. മരണ സമയത്ത് രാവണന്‍ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിച്ച് ഈശ്വരസാക്ഷാല്‍ക്കാരം നേടുകയും ചെയ്തു.

ഉഷാവര്‍മ്മ, പാലക്കാട്

Ads by Google
TRENDING NOW