Wednesday, September 20, 2017 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jul 2017 03.28 PM

'അള്‍സര്‍' ചെറുപ്പക്കാരേക്കാള്‍ പ്രായമുള്ളവരില്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ് കാരണമെന്താണ്?

അള്‍സര്‍ സംശയങ്ങള്‍ക്ക് മറുപടി
uploads/news/2017/07/123504/alsuraskdr010717a.jpg

വയറുവേദനയും വയറെരിച്ചിലും അനുഭവപ്പെട്ടു തുടങ്ങുമ്പോഴേ അള്‍സറാണെന്നു സ്വയം നിര്‍ണയിക്കുകയായി. അവിടെനിന്നും ഇവിടെനിന്നുമൊക്കെ കേട്ടറിഞ്ഞ കാര്യങ്ങളിലൂടെ സ്വയം ചികിത്സയും തുടങ്ങും. രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് ഇതിനു പിന്നില്‍. അള്‍സറിനെ സംബന്ധിച്ച് തെരഞ്ഞെടുത്ത സംശയങ്ങള്‍ക്കുള്ള മറുപടികള്‍.

ആമാശത്തിലുണ്ടാകുന്ന അള്‍സറും ചെറുകുടലിന്റെ ആരംഭത്തില്‍ ഉണ്ടാകുന്ന അള്‍സറും ചെറുപ്പക്കാരേക്കാള്‍ പ്രായമുള്ളവരില്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.

1. എഴുപത് വയസിനുശേഷം അള്‍സര്‍ കൂടുതലായി കാണപ്പെടാന്‍ കാരണമെന്താണ്?


പ്രായം കൂടുന്തോറും അള്‍സര്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആമാശത്തിലുണ്ടാകുന്ന അള്‍സറും ചെറുകുടലിന്റെ ആരംഭത്തില്‍ ഉണ്ടാകുന്ന അള്‍സറും ചെറുപ്പക്കാരേക്കാള്‍ പ്രായമുള്ളവരില്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. പ്രായമാകുന്നവര്‍ പലതരം മരുന്നുകള്‍ കൂടുതലായി കഴിക്കേണ്ടി വരുന്നതാകാം ഒരു കാരണം. ശാസ്ത്രീയമായി ഇതിന് കൃത്യമായ ഒരു കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2. ചിലതരം ഗുളികകള്‍ കഴിക്കുന്നത് അര്‍സറിനു കാരണമാകുമെന്ന് പറയുന്നത് ശരിയാണോ? ഗുളികകള്‍ കഴിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?


എച്ച്. പൈലോറി ബാക്ടീരിയ കഴിഞ്ഞാല്‍ അള്‍സറുണ്ടാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ചിലയിനം വേദന സംഹാരികളുടെ അമിത ഉപയോഗം. സ്റ്റിറോയിഡ് അല്ലാത്ത ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളാണ് അള്‍സറിനു കാരണമാകുന്നവ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ പ്രതിരോധിക്കുന്ന ആസ്പിരിന്‍, ഇബുപ്രൊഫെന്‍ തുടങ്ങിയ മരുന്നുകളും അള്‍സറിനു വഴിവയ്ക്കാം.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ തുടര്‍ച്ചയായി ഗുളിക കഴിക്കുന്നത് പ്രശ്‌നം ഉണ്ടാക്കാറുണ്ട്. ഒരേ ആവശ്യത്തിന് പലതരം ഗുളികകള്‍ (മള്‍ട്ടിപ്പിള്‍ വേദനസംഹാരികള്‍) സ്വയം വാങ്ങി കഴിക്കാതിരിക്കുക. കോര്‍ട്ടിസോളും വേദനസംഹാരിയും ഒന്നിച്ചു കഴിക്കുന്നവരിലും അള്‍സറിനുള്ള സാധ്യത കൂടുതലാണ്.

3. കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ അള്‍സറിനുള്ള സാധ്യത കൂടുതലാണോ? എന്താണ് ഇതിനു കാരണം?


ഇരുന്നുള്ള ജോലിയും അള്‍സറും തമ്മില്‍ ബന്ധമൊന്നുമില്ല. അത് ജീവിതശൈലി രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. അള്‍സറുള്ളവര്‍ കൃത്യ സമയത്തു ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കില്‍ അള്‍സറിന്റെ അസ്വസ്ഥതകള്‍ വര്‍ധിക്കാനിടയുണ്ട്.

4. വായിലുണ്ടാകുന്ന ചെറിയ വ്രണം അഥവാ വായ്പ്പുണ്ണ് വയറ്റിലുണ്ടാകുന്ന അള്‍സറിന്റെ മുന്നറിയിപ്പായി കണക്കാക്കാമോ?


വായിലെ പുണ്ണും വയറ്റില്‍ അള്‍സറും തമ്മില്‍ ബന്ധമൊന്നുമില്ല. വായിലുണ്ടാകുന്ന പുണ്ണിന്റെ അതേ സ്വഭാവം തന്നെയാണ് വയറ്റിലുണ്ടാകുന്നവയ്ക്കും. വയറ്റിലുണ്ടാകുന്ന അള്‍സറിന് പെപ്റ്റിക് അള്‍സര്‍ എന്നാണ് പറയുന്നത്. ഇത് വയറ്റിലെ ഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. ചെറുകുടലിലും വന്‍കുടലിലും കാണുന്ന അള്‍സറിന് വായിലെ അള്‍സറുമായി ബന്ധമുണ്ട്.

5. പ്രമേഹരോഗികള്‍ക്ക് അര്‍സര്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണോ? ഇവര്‍ അള്‍സര്‍ ഒഴിവാക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം?


പ്രമേഹമുള്ളവരില്‍ അള്‍സറിനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് പ്രമേഹസംബന്ധമായി മറ്റു പല രോഗങ്ങളും പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. അപ്പോള്‍ പലതരം മരുന്നുകള്‍ കഴിക്കേണ്ടതായി വരുന്നതാണ് കാരണം.

പ്രമേഹമുള്ളവരില്‍ വയര്‍വീര്‍ത്തുവരുക, എരിച്ചില്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് അള്‍സറിന്റെ ലക്ഷണമാകണമെന്നില്ല. പ്രമേഹ രോഗികളില്‍ മറ്റനവധി കാരണങ്ങളാല്‍ വയറ്റില്‍ അസ്വസ്ഥതയുണ്ടാകാം.

6. പതിവായി കോള കുടിക്കുന്നത് അള്‍സറിനു കാരണമാകുമോ? ഭക്ഷണം കഴിക്കാതെ നാരങ്ങാ വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?


പതിവായി കോള കുടിക്കുന്നത് അള്‍സറിനു കാരണമാകില്ല. എന്നാല്‍ അതിലടങ്ങിയിരിക്കുന്ന കഫെയിന്‍ അള്‍സറിന്റെ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കുന്നു. അള്‍സറുള്ളവര്‍ കഫീന്‍ അടങ്ങിയ കോള ഒഴിവാക്കുന്നതാണ് നല്ലത്. അള്‍സറുള്ളവര്‍ ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍ തക്കാളി എന്നിവ കഴിക്കുന്നത് കാര്യമായ അസ്വസ്ഥതകളുണ്ടാക്കാം.

പഴം, ആപ്പിള്‍, സ്‌ട്രോബെറി ഇവ കഴിക്കാവുന്നതാണ്. അള്‍സറിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും എച്ച്. പൈലോറി ബാക്ടീരിയ പ്രതിരോധിക്കാനും ആപ്പിള്‍ ഉത്തമമാണ്.

7. ഡയറ്റിങ്ങ് നടത്തുന്നവരില്‍ ഭക്ഷണത്തിന്റെ അളവ് കുറയുന്നത് അള്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടോ?


ഭക്ഷണം ഉപേക്ഷിക്കുന്നതുകൊണ്ട് അള്‍സര്‍ വരുമെന്ന ധാരണ തെറ്റാണ്. എത്ര കൃത്യമായി ഭക്ഷണം കഴിച്ചാലും എച്ച്. പൈലോറി രോഗാണുബാധയുണ്ടായാല്‍ അള്‍സര്‍ ഉണ്ടാകാം. ഭക്ഷണം കഴിക്കാതിരുന്നാല്‍ അള്‍സറിന്റെ അസ്വസ്ഥതകള്‍ രൂക്ഷമാകുമെന്നുമാത്രം.

അള്‍സറുള്ളവര്‍ ഉപവാസം എടുക്കുന്നതും അസ്വസ്ഥതകളുണ്ടാക്കും. അതുപോലെ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതും തീക്ഷ്ണമായ ആമാശത്തിലെ ആസിഡിന്റെ പ്രവര്‍ത്തന ഫലമായി അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്.

8. കുറച്ചുസമയം മാത്രം ഉറങ്ങുന്നവരില്‍ അള്‍സര്‍ കൂടുതലാണോ? ഉറക്കക്കുറവും അള്‍സറും തമ്മില്‍ ബന്ധമുണ്ടോ?


ഉറക്കക്കുറവ് അള്‍സറുണ്ടാക്കാന്‍ നേരിട്ടുള്ള കാരണമല്ല. ഉറക്കുറവുള്ളവരില്‍ പൊതുവേ മാനസിക സമ്മര്‍ദങ്ങള്‍ കൂടുതലായിരിക്കും. അള്‍സറിന്റെ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കാന്‍ മാനസിക പ്രശ്‌നങ്ങള്‍ വഴിവയ്ക്കുന്നു. അള്‍സറിന്റെ അസ്വസ്ഥതകള്‍ കാരണം രോഗിക്ക് പലപ്പോഴും ഉറക്കം നഷ്ടപ്പെട്ടേക്കാം.

9. അള്‍സര്‍മൂലമുള്ള രക്തസ്രാവം നില്‍ക്കാന്‍ എന്താണ് ചെയ്യേണ്ടത്? അള്‍സറിനുള്ള പ്രാഥമിക ചികിത്സ എന്താണ്?


രക്തസ്രാവം ഉണ്ടായാല്‍ വീട്ടില്‍ ചെയ്യാവുന്ന ചികിത്സകളൊന്നുമില്ല. രോഗിയെ എത്രയും വേഗം ഗ്യസ്‌ട്രോഎന്റെറോളജിസ്റ്റുള്ള ആശുപത്രിയിലെത്തിക്കണം. ഈ സമയത്ത് രോഗിക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കരുത്. ഭക്ഷണം കഴിച്ച് ആറ് മണിക്കൂറെങ്കിലും കഴിയാതെ എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ കഴിയില്ല. രക്തസ്രാവത്തിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുന്നതിന് താമസം നേരിടുന്നതിന് ഇത് കാരണമാകുന്നു.

10. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അള്‍സര്‍ കൂടിയ തോതില്‍ കണ്ടുവരുന്നുണ്ടോ. എന്താണ് ഇതിനു കാരണം?


ഐ.ടി മേഖലയിലുള്ളവര്‍ക്ക് മാനസികസമ്മര്‍ദം കൂടുതലാണ്. മനസമ്മര്‍ദം ചികിത്സ പ്രയാസകരമാക്കുന്നതിനും രോഗം ഗുരുതരമാക്കുകയും ചെയ്യുന്നു.

കടപ്പാട്:
ഡോ. എ. ശ്രീകുമാര്‍
ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്
അശ്വിനി ഹോസ്പിറ്റല്‍, തൃശൂര്‍

Ads by Google
Advertisement
Saturday 01 Jul 2017 03.28 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW