Thursday, May 24, 2018 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 30 Jun 2017 04.39 PM

മനസിനെ ഉലച്ചുകളഞ്ഞ താരാട്ടുപാട്ട്.....

uploads/news/2017/06/123204/Weeklypenma300617.jpg

ഫ്ളവേഴ്‌സ് ചാനലിെല 'ഇന്ത്യന്‍ മ്യൂസിക് ലീഗി'ന്റെ ഷൂട്ടായിരുന്നു അന്ന്. കേരളത്തിലെ 14 ജില്ലകള്‍ തമ്മിലാണ് മത്സരം. അതില്‍ ഒരു ജില്ലയുടെ ക്യാപ്റ്റനായിരുന്നു ഞാന്‍. ഷൂട്ടിംഗ് തുടങ്ങിയിട്ട് ഒരാഴ്ച തികയുകയാണ്.

രാവിലെ പതിവുപോലെ വീട്ടിലേക്കു വിളിച്ചു. ഡാഡിയാണ് ഫോണെടുത്തത്. മോള്‍ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഡാഡി പറഞ്ഞു-സന ഇവിടെയില്ല. നീ പിന്നീട് വിളിക്ക്.

''ഇത്ര രാവിലെ മോള്‍ എവിടെപ്പോയതാ ഡാഡീ?''
ഞാന്‍ ചോദിച്ചപ്പോള്‍ ഡാഡിക്ക് ഉത്തരംമുട്ടി. മടിച്ചുമടിച്ചായിരുന്നു മറുപടി.
''മോള്‍ ഹോസ്പിറ്റലിലാണ്. ചെറിയൊരു പനി. കുഴപ്പമൊന്നുമില്ല.''

കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ നീ വെറുതെ ടെന്‍ഷനടിക്കേണ്ട എന്നുപറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഞാനാകെ അപ്‌സെറ്റായി. നാലുവയസ്സുള്ള സനയെ ഒരു ദിവസം വിട്ടുനില്‍ക്കുമ്പോള്‍ത്തന്നെ വല്ലാത്ത സങ്കടമാണ്. ഇതിപ്പോള്‍ ഒരാഴ്ചയായി.

അതുകൊണ്ടുതന്നെ എല്ലാ ദിവസവും വിളിക്കാറുണ്ട്. തിരക്കിലായതിനാല്‍ ഇന്നലെ അവളുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ മുതല്‍ സന ആശുപത്രിയിലാണോ? അസുഖം കൂടുതലാണോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ വീര്‍പ്പുമുട്ടിച്ചു. എന്തു ചെയ്യണമെന്നറിയില്ല. ഹസ്ബന്‍ഡിനെ വിളിച്ചു.

''സയനോര നല്ല മൂഡ് കളയേണ്ട. സനയ്ക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ഹോസ്പിറ്റലില്‍ത്തന്നെയുണ്ട്.''
അപ്പോഴേക്കും ഷൂട്ട് ആരംഭിച്ചു. ആദ്യം മത്സരാര്‍ഥിയായി വന്നത് ഒരു ചെറിയ കുട്ടിയാണ്. അവള്‍ പാടിയത് 'മാനത്തെ വെള്ളിത്തേര്' എന്ന സിനിമയിലെ താരാട്ടുപാട്ടായി
രുന്നു.

'മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ....' പാടിത്തുടങ്ങിയപ്പോള്‍ത്തന്നെ ഞാന്‍ വല്ലാതായി. പെട്ടെന്ന് മനസ് സനയിലേക്ക് പോയി. അവള്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്നത് ആലോചിച്ചപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ സ്റ്റുഡിയോ ഫ്‌ളോറില്‍ നിന്ന് വിതുമ്പിക്കൊണ്ട് ഇറങ്ങിയോടി.

പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. മത്സരിക്കാനെത്തിയ കുട്ടിയും പേടിച്ചുപോയി. ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ സംഗീതസംവിധായകനായ വിദ്യാസാഗര്‍ സാര്‍ പറഞ്ഞു. ഞാന്‍ പുറത്തെത്തി ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു.

മറ്റൊരു ജഡ്ജായി വന്ന ഗായിക രാജലക്ഷ്മിയോട് സനയുടെ കാര്യം ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു. അതിനാല്‍ അവള്‍ക്ക് കാര്യം പിടികിട്ടി. രാജലക്ഷ്മി പറഞ്ഞ് മറ്റുള്ളവരും അറിഞ്ഞു. എല്ലാവരും എന്നെ സമാധാനിപ്പിച്ചു. എന്നോട് വിശ്രമിക്കാന്‍ പറഞ്ഞ് അവര്‍ ഷൂട്ടിംഗ് പുനരാരംഭിച്ചു.

ഞാന്‍ കുറച്ചുനേരം വെറുതെയിരുന്നു. അതിനുശേഷം ഡാഡിയെ വിളിച്ചു. ആ സമയത്ത് സനയുടെ അടുത്തുണ്ടായിരുന്നു ഡാഡി. അവളോട് സംസാരിക്കണമെന്ന് വാശിപിടിച്ചപ്പോള്‍ ഫോണ്‍ കൊടുത്തു.

സന ചിരിച്ചുകൊണ്ട് കൊഞ്ചിയപ്പോഴാണ് എനിക്ക് സമാധാനമായത്. മനസ് ശാന്തമാക്കി വീണ്ടും സ്റ്റുഡിയോ ഫ്‌ളോറിലേക്ക് കയറുമ്പോഴേക്കും രണ്ട് എപ്പിസോഡുകളുടെ ഷൂട്ട് കഴിഞ്ഞിരുന്നു.

സെലിബ്രിറ്റിയാകുമ്പോള്‍, ഇങ്ങനെയൊക്കെയാണ്. പറഞ്ഞുറപ്പിച്ച പ്രോഗ്രാമുകള്‍ക്ക് പോകാതിരിക്കാന്‍ കഴിയില്ല. അവിടെ നമ്മള്‍ ബന്ധങ്ങളെല്ലാം മാറ്റിവച്ചേ തീരു.

സങ്കടങ്ങളുണ്ടെങ്കിലും ക്യാമറയ്ക്കു മുമ്പില്‍ ചിരിച്ചുതന്നെ ഇരിക്കണം. എങ്കിലും ചില സമയങ്ങളില്‍ മനസ് നിയന്ത്രണംവിട്ടുപോകും. കാരണം സെലിബ്രിറ്റിക്കും മേലെയാണ് അമ്മയെന്ന വികാരം.

Ads by Google
Ads by Google
Loading...
TRENDING NOW