Wednesday, January 10, 2018 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Thursday 29 Jun 2017 11.12 AM

റോങ് മോഡല്‍സ്

uploads/news/2017/06/122816/CiniReviewRoleModels.jpg

കാലബോധമില്ലാത്തതിനാല്‍ ക്ഷയിച്ചുപോയ സിദ്ധീഖ് ലാല്‍ തറവാട്ടിലെ അവസാനഹിറ്റ്‌മേക്കറാണ് റാഫി. പഞ്ചാബിഹൗസും രമണന്‍ എന്ന ട്രോള്‍ ദൈവവും കാല്‍സെഞ്ചുറിയടിച്ചെങ്കിലും റാഫി-മെക്കാര്‍ട്ടിന്‍സ് എന്ന ഇരട്ടസംവിധായകരിലെ റാഫിക്ക് ഇപ്പോഴും ഹിറ്റുണ്ട്, തിരക്കഥയാണെങ്കിലും സംവിധാനമാണെങ്കിലും, രണ്ടുവര്‍ഷം മുമ്പിറങ്ങിയ റിങ്മാസ്റ്റര്‍ ഒക്കെ തന്നെ തെളിവ്. എന്നാല്‍ ആ പരിപ്പ് ഇനി അധികം വേവില്ല എന്നു തെളിയിക്കുന്നതാണ് റോള്‍ മോഡല്‍സ് എന്ന റാഫിയുടെ സിനിമ.

പുതുതലമുറ സിനിമകള്‍ക്കിടയില്‍ പകച്ചുപോയ ഒരു സീനിയര്‍ സംവിധായകന്റെ അള്‍ട്രാ ന്യുജന്‍ കോമഡിയാണ് സംരംഭം. ചെറിയ കുറേ തമാശകളാല്‍ ഇടയ്‌ക്കൊക്കെ രസിപ്പിച്ചെങ്കിലും ആകെ കുഴഞ്ഞുമറിഞ്ഞ ഈ ഫഹദ്ഫാസില്‍ ചിത്രം ആളുവിരസനാണ്, റോള്‍ മോഡല്‍ അല്ല കോമാളി മോഡലാണ്.

ട്രോള്‍ കാലത്തെ സിനിമ എന്നുവേണമെങ്കില്‍ റോള്‍ മോഡല്‍സിനെ വിശേഷിപ്പിക്കാം, ട്രോളി ട്രോളി സംവിധാകയന്‍ നായകനെയും തന്റെ പഴയ സൃഷ്ടികളെയും ട്രോളി മൊത്തത്തില്‍ കാലത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ പെടുന്ന പെടാപ്പാടിനിടയില്‍ ആസ്വാദ്യകരമായ ഒരു സിനിമ മാത്രം ഒരുങ്ങുന്നില്ല.

ചിരിയുണ്ട്, അവിടിവിടെ, അതു ചിലപ്പോള്‍ ഹാസ്യവും മറ്റുചിലപ്പോള്‍ വെറും വളിപ്പും മാത്രമാകുന്നുണ്ട്. സാധാരണ റാഫി-മെക്കാര്‍ട്ടിന്‍ സിനിമകളിലെപ്പോലെ സീസണ്‍ഡ് ഹാസ്യനടന്മാരൊന്നുമല്ല, ഷറഫുദിനെപ്പോലുള്ള പുതുയുഗ വിദൂഷകരാണ് ചിരിയുടെ ക്വട്ടേഷന്‍ നടപ്പാക്കുന്നത്.

വിനായകനും ഫഹദുമാവട്ടെ മുന്‍കാലകഥാപാത്രങ്ങളെ സ്വയം ട്രോളി കാരിക്കേച്ചറും കഥാപാത്രവും ഹാസ്യവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കഥയേതായാലും കഥാപാത്രമെന്തായാലും അതിനോടു കാട്ടുന്ന ഇവരുടെ ആത്മാര്‍ഥത കൊണ്ട് ഈ കാട്ടിക്കൂട്ടലുകള്‍ക്കൊക്കെ ഒരു ചെറുപുഞ്ചിരിയുടെ മാര്‍ക്കുകൊടുക്കാം.

പക്ഷേ തലതിരിഞ്ഞുപോയ, എഴുതിവച്ചിരിക്കുന്നതെന്താണെന്ന് സംവിധാകയനും തിരക്കഥാകാരനുമായ റാഫിക്കുപോലും നിശ്ചയമില്ലാത്ത ഒരു തിരക്കഥയില്‍ ഫഹദ് ഫാസിലെന്നല്ല ആരായാലും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

uploads/news/2017/06/122816/CiniReviewRoleModels1.jpg

സ്വതവേ അലമ്പനായിരുന്ന മകന്‍ പ്രേമനൈരാശ്യത്തെത്തുടര്‍ന്ന് മാന്യനായിപ്പോയതിനാല്‍ പഴയപരുവത്തിലാക്കാന്‍ പിതാവ് പഴയ കൂട്ടുകാരെ വിളിച്ചേല്‍പ്പിക്കുന്ന ഒരു മിഷനാണ് ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഈ റോള്‍ മോഡല്‍. പശ്ചാത്തലം എന്‍ജിനീയറിങ് കോളജ് ആണ്. അല്ലെങ്കിലും ഈ ന്യൂജനന്‍ കാലത്തുവേറെ കോളജൊന്നും നിലവില്‍ ഇല്ലല്ലോ.

അവിടെ പഠിച്ച് ഇപ്പോള്‍ ഒരു ഐ.ടി. സ്ഥാപനത്തില്‍ പണിയെടുക്കുന്ന ഗൗതം ആണ് ഫഹദ് അവതരിപ്പിക്കുന്ന നുമ്മ നായകന്‍. പേരിനൊക്കെയൊരു ഗുമ്മുണ്ട്, ഗൗതം. കേട്ടാല്‍തന്നെ അറിയാം ഐ.ടിയാന്ന്!. ഏതായാലും കക്ഷി നോര്‍ത്ത് 24 കാതത്തില്‍ ഫഹദ് അവതരിപ്പിച്ച ഒ.സി.ഡി പ്രശ്‌നങ്ങളുള്ള നായകന്റെ ട്രോള്‍ പതിപ്പാണ്. ഗൗതത്തിന് ഒ.സി.ഡിയൊന്നുമില്ല, സര്‍വനേരവും പഠനമാണ്.

മദ്യം, പെണ്ണ്, സുഹൃത്ത് ഇതിലൊന്നും താല്‍പര്യമില്ല. പക്ഷേ രാത്രിയില്‍ 'അന്ന്യനാ'കും. ഇപ്പം കണ്‍ഫ്യൂഷനായില്ലേ, സാരമില്ല, തിയറ്ററില്‍ ചെന്നാല്‍ ഇതില്‍കൂടുതല്‍ കണ്‍ഫ്യൂഷനായിക്കൊളളും. ഈ ട്രോള്‍ നായകന് ഒരു സ്ഥിരതയില്ലാത്തതാണ് അടിസ്ഥാനപരമായി സിനിമ നേരിടുന്ന പ്രധാനപ്രശ്‌നം. ഇന്റര്‍വെല്ലാകുമ്പോള്‍ എന്തോ ഒരു വലിയ 'മിസ്ട്രി' വരുന്നുണ്ടെന്ന തരത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കും.

ഇടവേളവരെ ചെറിയ തമാശകളുമൊക്കെയാക്കി സിനിമ ഒരു ടിപ്പിക്കല്‍ റാഫി( റാഫിമെക്കാര്‍ട്ടിന്‍) പടമാണെന്നു ധ്വനിപ്പിച്ചൊക്കെ വരുന്നുണ്ട്. എന്നാല്‍ അതിനുശേഷം സൈക്കോസിസിന്റെ അതിഭീകരമായ ചില വേര്‍ഷനുകള്‍ കയറിയങ്ങുവന്നതുകൊണ്ട് കിളിപോയി.

കാര്യം നാടന്‍ശൈലി ഒക്കെ കളഞ്ഞ് സ്‌കൈ ഡൈവിങ്ങും, പാരച്യൂട്ട് ജമ്പിങ്ങും, സീ സര്‍ഫിങ്ങും, ബീച്ചും റിസോര്‍ട്ടും എല്ലാമായി ഒരു ഫ്രീക്കന്‍ മേക്കോവറൊക്കെ റാഫി കഥാപാത്രങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഗോവയാണു സിനിമയുടെ പ്രധാനലൊക്കേഷനുകളിലൊന്ന്. എന്നാല്‍ 'തേങ്ങയെത്ര ചിരവിയാലും താളുതന്നെയല്ലേ കറി' എന്നു പറഞ്ഞപോലാണു സിനിമയുടെ അവസ്ഥ. പഴയ ബോംബുകഥ തന്നെ.

ഫഹദ് ഫാസില്‍, വിനായകന്‍, വിനയ് ഫോര്‍ട്ട് എന്നിങ്ങനെ അഭിനയത്തില്‍ മുന്നില്‍നില്‍ക്കുന്ന നടന്മാരുടെ പ്രകടനമാണ് സിനിമയ്ക്ക് ഒരു ഒഴുക്ക് സൃഷ്ടിക്കുന്നത്. തന്നെതന്നെ ട്രോളിയുള്ള ഫഹദിന്റയും വിനായകന്റെയും പ്രകടനം കാണാന്‍ ഒരു രസമൊക്കെയുണ്ട്. ഷറഫുദീന്‍ വണ്‍ലൈന്‍ നമ്പറുകളുമായി കളം പിടിക്കുന്നുണ്ട്.

എന്നാല്‍ നായിക നമിത പ്രമോദിന് എടുത്താല്‍ പൊങ്ങാത്ത ഒരു പക്വത നല്‍കി ആകെ കുളമാക്കി. സിനിമയിലെ സകലര്‍ക്കും കൂടി വച്ച മേക്കപ്പ് എടുത്ത് ആ മുഖത്തിട്ടുണ്ടെന്നുതോന്നുന്നു. എങ്കിലും വാള്‍കെയര്‍ പുട്ടി അടിച്ച ആ മുഖത്ത് ഭാവവിന്യാസങ്ങളിങ്ങനെ നമിത വാരിവിതറുന്നുണ്ട്.

uploads/news/2017/06/122816/CiniReviewRoleModels2.jpg

പൊതുവേ ചെയ്യുന്നത് ഏതുവേഷമാണെങ്കിലും ശ്രിന്‍ഡ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. എന്നാല്‍ 'റോള്‍ മോഡല്‍സിലെ' തേപ്പുകാരിയായ ശ്രിന്‍ഡ കഥാപാത്രത്തിന്റെ രീതികൊണ്ടാണോ എന്നറിയില്ല ഏറെക്കുറെ അസഹനീയമാണ്.

തന്റെ സിനിമകളിലെ കോമാളികളെ അടുത്തകാലത്തായി ഏറ്റെടുക്കുന്ന റാഫി ഇക്കുറി ഒരു മനോരോഗവിദഗ്ധനായാണ് വന്നിട്ടുള്ളത്. സ്വയം ഹിപ്‌നോട്ടൈസ് ചെയ്യുന്ന ഡോക്ടര്‍ ഒരു രസികന്‍ കഥാപാത്രമാവേണ്ടതായിരുന്നെങ്കിലും മോശമല്ലാതെ റാഫി ബോറാക്കി.

പതിവുപോലെ നായകന്റെ കര്‍ശക്കശക്കാരനായ വിവരദോഷി തന്തയാണ് രണ്‍ജി പണിക്കര്‍. ഗോദയിലെ മസിലുപിടുത്തം ഇറങ്ങിയില്ലെങ്കിലും രണ്‍ജിപണിക്കര്‍ മോശമാക്കിയില്ല. സീത, സിദ്ധീഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണു മറ്റുവേഷങ്ങളില്‍.

ഗോപിസുന്ദറാണ് പാട്ട്. തേച്ചില്ലേ പെണ്ണേ എന്നൊരു ന്യൂജന്‍ നിരാശാകാമുക ആന്‍തമൊക്കെ ഗോപീയാശാന്റെ വകയായുണ്ട്, ശുദ്ധചവറാണ്. ശ്യംാദത്ത് സൈനുദ്ധീന്റെ കാമറ സാഹസികദൃശ്യങ്ങളടക്കമുളള ഗോവന്‍ കാഴ്ചകള്‍ ഭംഗിയായി പകര്‍ത്തിയിട്ടുള്ളതു മാത്രമാണ് ആശ്വാസം.

മുമ്പുപറഞ്ഞല്ലോ ട്രോള്‍ ശൈലിയാണു സിനിമയ്‌ക്കെന്ന്. ട്രോളുകളുടെ ഇഷ്ടപുരുഷനായ സാക്ഷാല്‍ പഞ്ചാബിഹൗസിലെ രമണനും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

(അതിനുവേണ്ടിയുണ്ടാക്കിയ വില്ലനും ക്ലൈമാക്‌സും എല്ലാം വേറെ കഥ, അതുവിടാം.). പക്ഷേ വേണ്ടായിരുന്നു, രമണനും ബോറടിപ്പിച്ചു. 'മൊതലാളി എന്നു വിളിച്ച രമണനെ കണ്ടില്ല, പകരം വലനിറയെ ഉപദേശം വിശീ ഹരിശ്രീ അശോകനെ മാത്രമേ കണ്ടുള്ളു.

റോള്‍ മോഡല്‍സ് ഒരു നേരംകൊല്ലി സിനിമ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ്. കോമഡി എന്നപേരില്‍ എന്തുകാട്ടിയാലും ജനം സ്വീകരിക്കുമെന്ന മൂഡമായ വിശ്വാസത്തിന്റെ പേരില്‍ സൃഷ്ടിച്ച തട്ടിക്കൂട്ട്.

evshibu1@gmail.com

Ads by Google
TRENDING NOW