Sunday, April 15, 2018 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 01.04 AM

മറുനാട്ടില്‍ ഒരു മാത്യു അയ്യര്‍!

uploads/news/2017/06/122586/bft1.jpg

മദിരാശിയിലെ ഒഴിഞ്ഞ കോണിലുള്ള 'ലക്ഷ്‌മി നിവാസ്‌' ഹോട്ടലിലേക്ക്‌ നടന്നുക്ഷീണിച്ച ഒരു യുവാവ്‌ കയറിവന്നു. നഗരത്തില്‍ ജോലി തേടിയലയുന്ന ഒരു മലയാളി. ഹോട്ടലുടമസ്‌ഥനായ ശേഷാദ്രി അയ്യര്‍ക്ക്‌ 'പയ്യ'നോട്‌ ദയ തോന്നി. സ്വാമി പറഞ്ഞു- ''ജോലി തരാം! പക്ഷേ, ഒരു ഉപാധി: ആള്‍ ബ്രാഹ്‌മണനായിരിക്കണം!''
ഈ ഡിമാന്‍ഡ്‌ കേട്ട യുവാവ്‌ ഒന്നു പതറി. എന്നിട്ട്‌ സ്വാമിയെ തൊഴുതു: ''എന്റെ പേര്‌ വില്വാദ്രിയെന്നാണ്‌! വില്വാദ്രി അയ്യര്‍! അയ്യര്‍ ദ ഗ്രേറ്റ്‌!'' അങ്ങനെ യുവകോമളനായ വില്വാദ്രി ഹോട്ടലില്‍ സപ്ലയറായി.
തെല്ലുനാളുകള്‍ കഴിഞ്ഞപ്പോള്‍ സ്വാമിയുടെ സുന്ദരിയായ മകള്‍ ഗീതയ്‌ക്ക് വില്വാദ്രിയോടു പൊരിഞ്ഞ പ്രേമം! കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്ന മട്ടായപ്പോള്‍ വില്വാദ്രി അയ്യര്‍ സത്യം പറഞ്ഞു: ''ആലപ്പുഴയില്‍നിന്ന്‌ നാടുവിട്ടുപോന്ന മാത്യുവാണ്‌ ഞാന്‍!!''
ഹോട്ടല്‍ മുതലാളി ആദ്യം ഞെട്ടി. പിന്നെ ചെറുചിരിയോടെ ചൊല്ലി: ''പഹയാ! ഞാനും വീട്ടില്‍നിന്ന്‌ ഒളിച്ചോടി മദ്രാസില്‍ വന്ന്‌ ഒരു സ്വാമിയുടെ ചായക്കടയില്‍ തന്നെപ്പോലെ കൂടിയതാണ്‌! ഇപ്പോള്‍ ഈ നിലയിലെത്തി. പേര്‌ പത്രോസ്‌!''
എഴുപതുകളുടെ ആദ്യമിറങ്ങിയ 'മറുനാട്ടില്‍ ഒരു മലയാളി' എന്ന സിനിമയുടെ ഈ കഥാംശം നാടും വീടും വിട്ടുള്ള മലയാളിയാത്രകളുടെ ആകുലതകള്‍ ലളിതമായി തുറന്നുകാട്ടുന്നുണ്ട്‌.
ഒളിച്ചോടിപ്പോകുക എന്നതായിരുന്നു ഒരുകാലത്ത്‌ നമ്മുടെ രക്ഷാമാര്‍ഗം. പത്താംതരത്തില്‍ തോറ്റാലും കച്ചവടവും പ്രേമവും പൊളിഞ്ഞാലും രാജ്യം നഷ്‌ടപ്പെട്ടാലും ഒളിച്ചോടുക!
നാടുവിട്ടുപോയി വര്‍ഷങ്ങള്‍ക്കുശേഷം പണക്കാരായും ഉദ്യോഗസ്‌ഥരായും ഗൃഹസ്‌ഥരായും തിരിച്ചുവന്നവരാണ്‌ നാടിന്റെ മുഖഛായ മാറ്റിയത്‌ എന്നതാണു യാഥാര്‍ഥ്യം. സഞ്ചാരപ്രിയനായിരുന്ന സിന്‍ബാദിനെപ്പോലെ ഇടയ്‌ക്കിടെ നാട്ടില്‍ വന്നുപോയവരും പായ്‌വഞ്ചിയില്‍ കയറി അറബിനാട്ടിലെത്തിയവരും ഇക്കൂട്ടത്തിലുണ്ട്‌.
പത്തും നൂറും വര്‍ഷം മുമ്പ്‌ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ ഒളിച്ചോട്ടം കൂടുതലായിരുന്നു. കുടുംബത്തിലെ അംഗസംഖ്യയും ദാരിദ്ര്യവും നാടന്‍പ്രേമവുമൊക്കെ ദേശാടനങ്ങള്‍ക്കു കാരണമായി. വീട്ടുവേലി കടന്ന്‌ പുറത്തേക്കു പോകാന്‍ പോലും ധൈര്യമില്ലാത്ത മര്യാദരാമന്‍മാര്‍ നാടുവിട്ടുപോയവരെക്കുറിച്ച്‌ അപവാദം പറഞ്ഞു തൃപ്‌തിയടഞ്ഞു. അങ്ങിനെയുള്ളവര്‍ ഏതു നാട്ടിലുമുണ്ടല്ലോ!
ഒന്നാം ലോകമഹായുദ്ധകാലത്ത്‌ യുവാക്കള്‍ ആസാമിലേക്കും ബര്‍മയിലേക്കും കൂലിപ്പട്ടാളക്കാരായിപ്പോയി. സിലോണിലേക്ക്‌ തേയിലത്തോട്ടം തൊഴിലാളികളായും ബാര്‍ബര്‍മാരായും തയ്യല്‍ക്കാരായും മലേഷ്യയിലെ റബര്‍ത്തോട്ടങ്ങളില്‍ പണിക്കാരായും സൂപ്പര്‍വൈസര്‍മാരായും ചെന്നവരുമുണ്ടായിരുന്നു. ഇതിനിടയില്‍ മലമ്പനി പിടിച്ചു മരിച്ച ഹതഭാഗ്യരും ഏറെ.
സിലോണില്‍ പോകുന്നതിന്‌ 'കൊളമ്പില്‍ പോവുക' എന്നാണു പറഞ്ഞിരുന്നത്‌. കൊളമ്പില്‍നിന്നു വരുന്നവര്‍ നാട്ടിന്‍പുറങ്ങളില്‍ കുറച്ചുകാലത്തേക്ക്‌ കൗതുകവസ്‌തുവായിരുന്നു. കൈയിലുള്ളതെല്ലാം തീരുമ്പോള്‍ അവര്‍ തിരിച്ചുപോകും! ഇതിനിടയില്‍ കല്യാണവും തരമാക്കും!
മലബാറിലേക്കുള്ള മധ്യതിരുവിതാംകൂറുകാരുടെ കുടിയേറ്റവും ഒരു നാടുവിട്ടോട്ടമായിരുന്നു. അറിയാത്ത നാടുകളിലേക്ക്‌ എത്തിപ്പെടാനും കീഴടക്കാനുമുള്ള ആദിമമായ ത്വര.
സിനിമാഭ്രാന്ത്‌ കേറി നാടുവിട്ടുപോയവരുടെ ആശ്രയസ്‌ഥാനം കോടമ്പാക്കമായിരുന്നു.
ഒളിച്ചോട്ടങ്ങളില്‍നിന്ന്‌ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊണ്ട എത്രയോ എഴുത്തുകാരുണ്ട്‌!
നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ കുറിപ്പുകളില്‍ മലയാ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുണ്ട്‌. അദ്ദേഹം വീടുവിട്ട്‌ മലയായിലെത്തി വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ കാലുകുത്തുന്നതുവരെയുള്ള അനുഭവങ്ങള്‍ ഹൃദയഭേദകമാണെന്നു പറയണം. ജീവിതം പരീക്ഷണമാക്കിയ മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ യാത്രാപഥങ്ങളില്‍ കവിയുടെ ആകുലതകളുടെ കാര്‍മേഘങ്ങളും കണ്ണീര്‍മഴയും നിറഞ്ഞിട്ടുണ്ട്‌. പഠനം തീര്‍ക്കാതെ വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്‌ പ്രതാപിയായ അച്‌ഛന്‍ കല്യാണം ഏര്‍പ്പാടു ചെയ്‌തു. വിവാഹദിവസം നിശ്‌ചയിച്ചശേഷം ആഭരണം വാങ്ങാന്‍ അഞ്ഞൂറു രൂപയും നല്‍കി. (പഴയ അഞ്ഞൂറു രൂപയുടെ മൂല്യം ഓര്‍ക്കുക!) അച്‌ഛന്‍ മകനെ പട്ടണത്തിലയച്ചു. ആ യാത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ അവസാനിച്ചത്‌! വീട്ടുകാരറിയാതെ മറ്റൊരിടത്തുപോയി കല്യാണം കഴിച്ച്‌ കവി താമസമാക്കി!
പിന്നെ, കുറേ വര്‍ഷങ്ങള്‍ അലഞ്ഞുതിരിഞ്ഞു. ഒരു കൂട്ടുകാരന്റെ കൂടെ ഗുരുവായൂരെത്തിയപ്പോള്‍ അച്‌ഛനെയോര്‍ത്തു. പശ്‌ചാത്താപവിവശനായി വീട്ടില്‍ തിരിച്ചെത്തി അച്‌ഛന്റെ പാദങ്ങളില്‍ വീണു. ഈ അനുഭവം വിശ്രുത കവിതയായി: 'കളിയച്‌ഛന്‍'.
മഹാകവിയുടെ യാത്രകള്‍ പിന്നെയും തുടര്‍ന്നു. തിരുവനന്തപുരത്തെ പെരുവഴിയമ്പലത്തിലാണ്‌ - സി.പി. സത്രത്തില്‍- അതവസാനിച്ചത്‌!
'കവിയുടെ കാല്‍പ്പാടുകള്‍' എന്ന ആത്മകഥ ഈ മഹായാത്രയുടെ ചരിതമാണ്‌. പി. അഞ്ഞൂറു രൂപയുമായാണ്‌ നാടുവിട്ടതെങ്കില്‍ വെറും പതിനൊന്നു രൂപയുമായി ഭാരതപര്യടനത്തിനിറങ്ങാന്‍ ധൈര്യം കാട്ടി ഉറൂബ്‌.
പത്തൊമ്പതാമത്തെ വയസില്‍ അദ്ദേഹം വീടുവിട്ടത്‌ പട്ടിണികൊണ്ടോ സൈ്വര്യക്കേടുകൊണ്ടോ അല്ല. ഇരിക്കപ്പൊറുതിയില്ലായ്‌മകൊണ്ടു മാത്രം! ഉറൂബിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ 'കണ്ടുപിടിക്കാന്‍ ഒന്നുമില്ലെന്ന്‌ കണ്ടുപിടിക്കാനുള്ള വ്യഗ്രത' കൊണ്ട്‌ നാടും വീടും വിട്ടുപോയി. അമ്മാവന്റെയടുത്തേക്കു പോകുകയാണെന്ന്‌ അമ്മയോടു പറഞ്ഞ്‌ പോക്കറ്റില്‍ പതിനൊന്നു രൂപയുമായി വീടുവിട്ടു! ആദ്യം കണ്ട തീവണ്ടിയില്‍ കയറി. ഈ യാത്ര ഉത്തരേന്ത്യയിലെ ഗ്രാമങ്ങള്‍ വരെയെത്തി.
വിശന്നും ദാഹിച്ചും നടന്നു. ആറു വര്‍ഷം നാടുകണ്ടു! പരുന്തുള്ളി ചിലിപ്പുറത്ത്‌ കുട്ടിക്കൃഷ്‌ണമേനോന്‍ എന്ന പി.സി. കുട്ടിക്കൃഷ്‌ണനെ 'ഉറൂബ്‌' ആക്കിയ യാത്ര! ജീവിതത്തിന്റെ പകുതിയോളം ദേശസഞ്ചാരം ചെയ്‌തയാളാണ്‌ ബഷീര്‍. എന്തോ കുറ്റത്തിന്‌ ബാപ്പ അടിച്ചതാണ്‌ ആദ്യത്തെ ഒളിച്ചോട്ടത്തിനു കാരണം. ആ അടിയുടെ വേദന മാഞ്ഞുപോകും മുമ്പ്‌ ഉമ്മയോട്‌ ഒരു ഗ്ലാസ്‌ വെള്ളം വാങ്ങിക്കുടിച്ചിട്ട്‌ ആരോടും പറയാതെ സ്‌ഥലംവിട്ടു. മടങ്ങിവന്നെങ്കിലും പിന്നീട്‌ എട്ടുകൊല്ലം അഖണ്ഡഭാരതമൊട്ടുക്കും സഞ്ചരിച്ചു. അക്കാലത്ത്‌ ചെയ്യാത്ത ജോലികളില്ല! നടക്കാത്ത വഴികളില്ല! ഈ യാത്രകളുടെ അനുഭവങ്ങളുടെ ആകെത്തുകയാണ്‌ ബഷീര്‍.
അമ്മ കുളിക്കാന്‍ പോയപ്പോള്‍ തലയണയ്‌ക്കടിയില്‍ ഊരിവച്ച സ്വര്‍ണമാലയെടുത്ത്‌ കൂട്ടുകാരനൊപ്പം വീടുവിട്ട കഥ പി. കേശവദേവ്‌ പറഞ്ഞിട്ടുണ്ട്‌. മാല വില്‍ക്കാന്‍ ചെന്നപ്പോള്‍ കടക്കാരന്‍ വഞ്ചിച്ചു; വെറും പത്തു രൂപയാണു കൊടുത്തത്‌. അത്‌ ചെലവാക്കി കുറച്ചുദിവസം കറങ്ങിനടന്നു. ഒടുവില്‍ നാട്ടിനടുത്തുള്ള സ്‌ഥലം വരെയെത്തി. പിന്നീട്‌ വണ്ടിക്കൂലിക്കു കാശില്ലായിരുന്നു. വീട്ടിലേക്ക്‌ മുപ്പത്താറുമൈല്‍ നടന്നു! എന്നിട്ടും അമ്മ സ്‌നേഹപൂര്‍വം സ്വീകരിച്ചു. 'ഏതു തെറ്റിനും മാപ്പുകൊടുക്കുന്ന കോടതിയാണ്‌ മാതൃത്വം' എന്ന്‌ 'ഓടയില്‍നിന്ന്‌' എന്ന കൃതിയില്‍ ദേവിന്‌ എഴുതാനായത്‌ ഈ അനുഭവങ്ങളുടെ കരുത്തിലാണ്‌.
ചെറുപ്രായത്തില്‍ നാടുവിട്ട്‌ മംഗലാപുരത്തുനിന്ന്‌ കപ്പല്‍ കയറി ബോംബെയിലേക്ക്‌ പോയ കഥ എസ്‌.കെ. പൊറ്റക്കാട്‌ എഴുതിയിട്ടുണ്ട്‌. നാടുവിടുന്ന ഒരു കൗമാരക്കാരന്റെ മനസിന്റെ വിഹ്വലതകള്‍ അതിലുണ്ട്‌.
ഒളിച്ചോട്ടത്തിന്റെ ഓര്‍മകള്‍ മലയാറ്റൂര്‍ രാമകൃഷ്‌ണനും പറയാനുണ്ട്‌. അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന കാലം. വെറുതേ, കൂട്ടുകാരോടൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ചു.
നേരേ മധുരയില്‍ എത്തി. അവിടെ പട്ടാളത്തിലേക്ക്‌ ആളെടുക്കുന്നുണ്ടായിരുന്നു. അവിടുത്തെ അനുഭവങ്ങള്‍ അത്ര സുഖകരമായി തോന്നാത്തതിനാല്‍ അതു വേണ്ടെന്നുവച്ച്‌ നാട്ടിലേക്കു തിരിച്ചു പോന്നു.
ഒരിക്കല്‍, തിരുവനന്തപുരം സ്‌റ്റാച്യു ജങ്‌ഷനില്‍നിന്ന്‌ കിഴക്കേക്കോട്ടവരെ സന്യാസിവേഷം കെട്ടി പോകാന്‍ ശ്രമിച്ചെങ്കിലും പരിചയക്കാര്‍ കണ്ട്‌ തിരിച്ചറിഞ്ഞതുകൊണ്ട്‌ അതിനു തുനിഞ്ഞില്ലെന്നും മലയാറ്റൂര്‍ എഴുതിയിട്ടുണ്ട്‌!
വയനാട്ടിലെ നല്ലൊരു ജോലി ഉപേക്ഷിച്ചിട്ടാണ്‌ പവനന്‍ പണ്ട്‌ നാട്ടുവിട്ടത്‌. അച്‌ഛന്‌ ഇക്കാര്യം പറഞ്ഞ്‌ എഴുത്തും അയച്ചു! മദ്രാസ്‌ റെയില്‍വേ സ്‌റ്റേഷനില്‍ മൂന്നു ദിവസം പച്ചവെള്ളം മാത്രം കുടിച്ചു ജീവിച്ചു! ചുമടെടുത്തു!
എം.ടിയുടെ കഥാപാത്രങ്ങളില്‍ പലരും വീടുവിട്ടവരാണ്‌. 'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടിയെപ്പോലെ.
പലരും പണമുണ്ടാക്കി, സ്‌ഥാനമാനങ്ങള്‍ നേടി മടങ്ങിവന്നപ്പോള്‍ പഴയ മൂല്യങ്ങള്‍ക്കും ശത്രുതയ്‌ക്കും വിലയില്ലാതായി. ആരോടു യുദ്ധം ചെയ്യണമെന്ന്‌ അറിയാത്ത സ്‌ഥിതി! പുതിയ കാലത്തിന്റെ അവസ്‌ഥ!
'വിലാസിനി'യുടെ നോവലുകളിലെ നായകന്മാര്‍ പലരും നാടുവിട്ടുപോയി ശാദ്വലമേഖലകള്‍ തേടിയവരാണ്‌. നാട്ടില്‍നിന്ന്‌ ഒളിച്ചോടി സിംഗപ്പൂരിലെത്തി 'വലിയ ആളായ' വിജയന്റെ കഥയാണ്‌ 'ഊഞ്ഞാല്‍' പറയുന്നത്‌.
എസ്‌.കെ. പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യിലെ കഥാപാത്രത്തില്‍ പലരും ഒളിച്ചോടിയവരോ തിരികെയെത്തുന്നവരോ ആണ്‌. വീടുവിട്ടു പോയ ശ്രീധരന്റെ ഓര്‍മ്മകളാണല്ലോ ജ്‌ഞാനപീഠം നേടിയ ഈ കൃതിയുടെ കാതല്‍.
നാല്‍പ്പതുകളില്‍ നാട്ടിന്‍പുറങ്ങളില്‍നിന്ന്‌ യുദ്ധകാലത്ത്‌ ആസാമിലേക്കും മറ്റും പാലങ്ങള്‍ നിര്‍മ്മിക്കാന്‍ പോയ ജോലിക്കാരുടെയും പട്ടാളക്കാരുടെയും ദൈന്യജീവിതമാണ്‌ വൈലോപ്പിള്ളിയുടെ 'ആസാം പണിക്കാര്‍' എന്ന കവിതയുടെ പ്രമേയം. (നമ്മള്‍ അന്ന്‌ ആസാമില്‍ എല്ലുമുറിയെ പണിയെടുത്തു; ഇപ്പോള്‍ ബംഗാളികളും ആസാമികളും ഇങ്ങോട്ടു വരുന്നു!)
തകഴിയുടെ 'പട്ടാളക്കാരന്‍' എന്ന കഥയില്‍ ഒളിച്ചോടിപ്പോയ ഒരു സാധാരണക്കാരന്റെ വേദനയും അനാഥത്വവുമുണ്ട്‌. പട്ടാളത്തില്‍ ചേര്‍ന്ന്‌ നാടുവിട്ടുപോയ അയാള്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണ്‌ തനിക്ക്‌ ഉറ്റവരും ഉടയവരുമില്ലെന്ന്‌ ഓര്‍മ്മവരുന്നത്‌! ഒടുവില്‍ അയാള്‍ ഏതോ ഒരു വൃദ്ധയുടെ വീട്ടില്‍ ഒരുരുള ചോറുണ്ട്‌ അനാഥത്വത്തിന്റെ വേദന മറന്നു!
അവധി തീരുന്നതിനു തൊട്ടുമുമ്പുവരെ പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന പട്ടാളക്കാരന്‍ ഇന്നത്തെ 'നാഗരിക മലയാളത്താന്‍' തന്നെയാണ്‌! ആധുനിക മലയാളിയുടെ ഒറ്റപ്പെടലിന്റെ കഥ അന്നേ തകഴി സൂചിപ്പിച്ചു!

'ഞാനിപ്പോള്‍ കാശിക്കു പോകും!'

'ഞാനിപ്പോള്‍ കാശിക്കു പോകും!' എന്ന്‌ വീട്ടുകാരെ ഭയപ്പെടുത്തുന്ന കാരണവര്‍മാരുണ്ടായിരുന്നു പണ്ട്‌. 'കാശിക്കു പോകുക' എന്നുവച്ചാല്‍ പുറപ്പെട്ടുപോവുക എന്നാണര്‍ത്ഥം. അക്കാലത്ത്‌ കാശിക്കു പോകുന്നവര്‍ തിരിച്ചുവരാറില്ല. പലരും വഴിയില്‍വച്ചുതന്നെ സിദ്ധികൂടും.
'കാശിക്കുപോയ അമ്മാവന്റെ മരുമകന്‍' എന്നൊക്കെയായിരുന്നു പണ്ട്‌ പലരുടെയും മേല്‍വിലാസം.
കാശി അകലെയായതിനാലാകാം ശിവകാശി, ദക്ഷിണകാശി, കാശിയില്‍ പാതി കല്‍പാത്തി എന്നൊക്കെ പറഞ്ഞിരുന്നത്‌. കാശിയാത്രയുടെ കഷ്‌ടപ്പാടുകള്‍ മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥയിലുണ്ട്‌!

Ads by Google
Thursday 29 Jun 2017 01.04 AM
YOU MAY BE INTERESTED
TRENDING NOW