Wednesday, June 28, 2017 Last Updated 2 Min 54 Sec ago English Edition
Todays E paper
Wednesday 28 Jun 2017 04.53 PM

മാറ്റത്തിനൊരു മാതൃക

uploads/news/2017/06/122557/sureshkumarIAS.jpg

സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെല്ലാം കുട്ടികള്‍ക്ക് ആവശ്യമുള്ളതാണോ ? പഠിക്കുന്നതെല്ലാം മനസ്സിലുണ്ടാകുമോ? ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പഠന രീതികളുമായി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന അനന്തമൂര്‍ത്തി അക്കാദമി ഫോര്‍ സ്‌കൂള്‍ എഡ്യൂക്കേഷന്‍...

പാഠപുസ്തകങ്ങളില്ല, ഹോം വര്‍ക്കില്ല,പേടിപ്പെടുത്തുന്ന പരീക്ഷകളില്ല. അനന്തമൂര്‍ത്തി അക്കാദമി, കുട്ടികള്‍ക്ക് സ്‌കൂള്‍ മാത്രമല്ല. കളിക്കാനും ഉല്ലസിക്കാനും യാത്രകള്‍ പോകാനുമുള്ള രണ്ടാമത്തെ വീടാണ്. പാഠഭാഗങ്ങള്‍ കുട്ടികള്‍ പോലുമറിയാതെ അവര്‍ ആഴത്തില്‍ ഗ്രഹിക്കുന്നു എന്നത് മറ്റൊരു കാര്യം.

കാലങ്ങളായി പിന്തുടരുന്ന വിദ്യാഭ്യാസ രീതികളെ ഒഴിവാക്കി സ്വതന്ത്ര വിദ്യഭ്യാസമെന്ന ആശയത്തിലൂടെ വ്യതസ്തമാവുകയാണ് തിരുവനന്തപുരം, തിരുമലയിലെ അനന്തമൂര്‍ത്തി അക്കാദമി. അക്കാദമിയെക്കുറിച്ച് ചെയര്‍മാന്‍ സുരേഷ് കുമാര്‍ ഐ.എ.എസ് ന്റെ വാക്കുകളിലൂടെ...

അറിവിനായി ഈ അധ്യയനം


അധ്യാപകര്‍ പഠിപ്പിക്കുന്നതോ പാഠപുസ്തകത്തില്‍ അച്ചടിച്ചു വച്ചിരിക്കുന്നതോ മാത്രമല്ല വിജ്ഞാനം. ഇന്ന് പാഠപുസ്തകത്തിലുള്ളതപ്പാടെ കാണാതെ പഠിപ്പിക്കുന്നു, എഴുതിക്കുന്നു. പരീക്ഷയ്ക്കു വേണ്ടി മാത്രമാണ് ഇന്ന് അധ്യാപകര്‍ പഠിപ്പിക്കുന്നതും കുട്ടികള്‍ പഠിക്കുന്നതും.

കുട്ടികള്‍ പഠിക്കുന്നതും അറിയുന്നതും കാലങ്ങള്‍ കഴിഞ്ഞും മനസ്സിലുണ്ടാവുകയും ജീവിതത്തില്‍ പകര്‍ത്തുകയും വേണ മെങ്കില്‍ കാണാതെ പഠിച്ചതു കൊണ്ടായില്ല. ആഴത്തില്‍ ഉള്‍ക്കൊണ്ടു പഠിക്കണം.

വിദ്യാലയത്തിന്റെ നാലു ചുവരുകള്‍ക്കപ്പുറം ലോകം കാണണം. മറ്റുള്ളവരുമായി ഇടപെടണം. അതിനുള്ള അവസരങ്ങളാണ് അനന്തമൂര്‍ത്തി അക്കാദമി ഒരുക്കുന്നത്.

സി.ബി.എസ്.ഇ സിലബസിലുള്ള സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ്സു വരെയാണ് നിലവില്‍ ക്ലാസ്സുകള്‍. പത്താം ക്ലാസ്സുവരെ ദീര്‍ഘിപ്പിക്കാനും പദ്ധതിയുണ്ട്. പാഠപുസ്‌കങ്ങളും പരീക്ഷകളുമില്ല എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

എന്നാല്‍ സി.ബി.എസ്.ഇ അനുശാസിക്കുന്ന എല്ലാ പഠന ലക്ഷ്യങ്ങളും (Learning Milestones) കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഗൈഡുകളും ട്യൂഷനുകളും പൂര്‍ണമായും ഒഴിവാക്കുമ്പോഴും പഠന രീതികളിലാണ് കാതലായ മാറ്റമുള്ളത്.

സിലബസില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍, കുട്ടികള്‍ സ്വയം ആഴത്തില്‍ മനസ്സിലാക്കാനുതകുന്ന പഠനാനുഭവങ്ങളൊരുക്കിയാണ് അ ധ്യയനം. ഇതിനാവശ്യമുള്ള വായനാരേഖകളും മറ്റു പഠന സാമഗ്രികളും അധ്യാപകര്‍ തന്നെയാണ് തയാറാക്കുന്നത്.

അക്കാദമിയിലേക്ക്...


തിരുമലയിലെ അനന്തമൂര്‍ത്തി അക്കാദമിയില്‍ സ്‌കൂളിന്റേതായ ചുറ്റുപാടുകള്‍ ഒന്നും കാണാന്‍ കഴിയില്ല. കുറേ കളിപ്പാട്ടങ്ങളും ചിത്രങ്ങളും. ഓല മേല്‍കൂരയ്ക്കു കീഴില്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന കുറെ കസേരകളും, ബോര്‍ഡുകളും,പ്രൊജക്ടറും,കംപ്യൂട്ടറുകളും പഠനോപകരണങ്ങളും.

അനന്തമൂര്‍ത്തി അക്കാദമി ഫോര്‍ സ്‌കൂള്‍ എഡ്യൂക്കേഷന്‍ എന്റെ ഒരാളുടെ സ്വകാര്യ പ്രസ്ഥാനമല്ല. ഇവിടുള്ള ഒരുകൂട്ടം രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മയാണ്. സോഷ്യല്‍ മീഡിയില്‍നിന്നും മറ്റും അക്കാദമിയെകുറിച്ചറിഞ്ഞു കേരളത്തിലെ പലഭാഗത്തു നിന്നും വിദേശത്തുനിന്നും മലയാളി രക്ഷകര്‍ത്താക്കള്‍ വിളിക്കാറുണ്ട്.

അവരുടെ സ്ഥലത്ത് എപ്പോഴാണ് ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതെന്ന് ചോദിക്കുന്നവരോട് ഞാന്‍ പറയുന്നത്, ഇത്തരത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന 50 രക്ഷിതാക്കളുണ്ടെങ്കില്‍ അവര്‍ക്കു തന്നെ സ്‌കൂള്‍ തുടങ്ങാന്‍ സാധിക്കും.

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും ആകാന്‍ തയാറെടുക്കുന്നതിനോടൊപ്പം കുട്ടികള്‍ ചുറുചുറുക്കുള്ള, സമചിത്തതയുള്ള സാമൂഹിക ബോധമുള്ളവരുമായി വളരണമെന്നാഗ്രഹമുള്ള രക്ഷാകര്‍ത്താക്കള്‍ ഒത്തുകൂടിയാല്‍ മാത്രം മതി.

എല്ലാ തരത്തിലെ സഹകരണത്തിനും ഞങ്ങള്‍ തയ്യാറാണ്.കാരണം കുട്ടികള്‍ പുസ്തക പുഴുക്കളായി വളരണോ അതോ മനുഷ്യരായി വളരണോ എന്ന് തീരുമാനിക്കേണ്ടത് ഓരോ അച്ഛനുമമ്മയും തന്നെയാണ്..

കേരളത്തില്‍ ഒരുപാട് വായനക്കാരുള്ള കന്നട എഴുത്തുകാരനായിരുന്നു യൂ. ആര്‍. അനന്തമൂര്‍ത്തി. മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലര്‍ എന്ന നിലയിലാണ് അനന്തമൂര്‍ത്തിയെ കേരളീയര്‍ക്ക് കൂടുതല്‍ പരിചയം. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പലര്‍ക്കുമറിയില്ല..

നിലവിലുള്ള സ്‌കൂള്‍ സമ്പ്രദായത്തിന്റെ പോരായ്മകള്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും കാതലായ മാറ്റങ്ങള്‍ വിഭാവനം ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ചാഴത്തില്‍ ചിന്തിയ്ക്കുകയും ഏറെ പഠനങ്ങള്‍ നടത്തിയയാളുമായിരുന്നു അനന്തമൂര്‍ത്തി. അദ്ദേഹത്തിന്റെ ആശയങ്ങളുടെ ചുവടുപിടിച്ചതു കൊണ്ടാണ് അനന്തമൂര്‍ത്തി അക്കാദമി എന്ന പേര് നല്‍കിയത്..

ഞാനും അനന്തമൂര്‍ത്തി സാറും


ഏതാണ്ട് 13 വര്‍ഷത്തെ പഴക്കമുണ്ട് അനന്തമൂര്‍ത്തി സാറുമായുള്ള പരിചയത്തിന്. ഇതേ മേഖലയിലെ ചര്‍ച്ചകളിലൂടെയാണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നത്.

ഐ.എ.എസ്സിലെ 29 വര്‍ഷത്തെ സര്‍വീസിനിടെ 18 വര്‍ഷത്തോളം വിദ്യഭ്യാസ മേഖലയില്‍ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, എസ്.സി.ഇ.ആര്‍.ടി, ഡി.പി.ഇ.പി, മലയാളം മിഷന്‍ തുടങ്ങിയവയുടെ ഡയക്ടര്‍ ആയും ജോലി നോക്കിയിരുന്നു.

1994ല്‍ സ്‌കൂള്‍ പാഠ്യപദ്ധതി രൂപീകരണം അദ്ധ്യാപക പരിശീലനം എന്നീ വിഷയങ്ങളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഉന്നത പഠനത്തിനായി വാഷിംഗ്ടണിലെ ലോക ബാങ്കിന്റെ ഇക്കണോമിക് ഡവലപ് മെന്റ് ഇന്‍സ്റ്റിറ്റിയുട്ടില്‍ എട്ടു മാസത്തോളം ഇന്ത്യയെ പ്രതിനിധീകരിച്ചു പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി.

കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ആന്ധ്ര, ഒഡീഷ, കര്‍ണാടക, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സ്‌കൂള്‍ പാഠ്യപദ്ധതി രൂപീകരണത്തിനും അധ്യാപക പരിശീലന ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ചു.

എ.കെ.ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം 2004ല്‍ യൂ.ആര്‍.അനന്തമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ അനൗപചാരികമായി പങ്കെടുക്കാന്‍ അവസരം കിട്ടി.

പ്രൊഫസര്‍ യശ് പാലിന്റെ നേതൃത്വത്തില്‍ 2005ലെ ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതി രൂപരേഖ തയാറാക്കിയപ്പോള്‍ വിദ്യാഭ്യാസവും സംസ്‌കാരവും എന്ന ഭാഗം തയാറാക്കിയത് യൂ. ആര്‍. അനന്തമൂര്‍ത്തി ചെയര്‍മാനായ ഉപ സമിതിയാണ്. ഇക്കാര്യത്തിനായി അനന്തമൂര്‍ത്തിസാറിനൊപ്പം പ്രവര്‍ത്തിച്ചി
രുന്നു.

അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന Dream School (സ്വപ്ന വിദ്യാലയം) എന്ന ആശയം വികസിപ്പിച്ചെടുക്കാന്‍ ഏതാണ്ട് ഒരുവര്‍ഷത്തോളമെടുത്തു. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ, 29 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് സേവനം സ്വയം അവസാനിപ്പിച്ച് സ്വപ്ന വിദ്യാലയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

സ്വപ്ന വിദ്യാലയം


കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ 2004 ല്‍ എ.കെ.ആന്റണി നിയോഗിച്ച ആളായിരുന്നു യു.ആര്‍. അനന്തമൂര്‍ത്തി. സ്‌കൂള്‍ എഡ്യുക്കേഷന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, 2004 ല്‍ പറയുന്ന ഒരാശയമാണ് സ്വപ്ന വിദ്യാലയം.

തെറ്റായ പഠനരീതികളും പാഠഭാഗങ്ങളുടെ പോരായ്മകളും തകരാറുകളുമാണ് കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍ക്കു പോലും കാരണമാവുന്നത്. അതില്‍ നിന്നെല്ലാമുള്ളമോചനമായിട്ടുകൂടിയാണ് അനന്തമൂര്‍ത്തി അക്കാദമിയെ വിഭാവനം ചെയ്തിരിക്കുന്നത്.

കൂട്ടുകാരുമായി കൂട്ടുകൂടാനും കളിക്കാനുമാണ് ഓരോ കുട്ടിയും സ്‌കൂളിലെത്തുന്നത്. കളിക്കിടയിലൂടെയും പരീക്ഷണനിരീക്ഷണണചര്‍ച്ചകളിലൂടെയും പഠന യാത്രകളിലൂടെയും കൂട്ടുപ്രവര്‍ത്തനങ്ങളിലൂടെയുമുള്ള പഠനമാണ് ഇവിടെ നടക്കുന്നത്.

അനുഭവങ്ങളിലൂന്നിയ പഠന പ്രവര്‍ത്തനങ്ങളിലൂടെ പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കാനുള്ള സാഹചര്യങ്ങളൊരുക്കുകയാണ് ചെയ്യുന്നത്. നദികള്‍ മലിനമാകുന്നതിന്റെ കാരണങ്ങള്‍ പഠിക്കാനായി ഈ വിഷയത്തെ സംബന്ധിച്ച ആധികാരിക രേഖകള്‍ ചര്‍ച്ചചെയ്യുന്നതിനോടൊപ്പം നമ്മുടെ നദികളില്‍ മാലിന്യങ്ങള്‍ വന്നടിയുന്നത് നേരില്‍ കണ്ടു ബോധ്യപ്പെടാനും അതു പരിഹരിക്കാന്‍ നമുക്കെന്തു ചെയ്യാം എന്നു ചിന്തിക്കാനും അവസരം നല്‍കുന്നു.

ഇത്തരത്തിലുള്ള ഓരോ പഠന വിഷയങ്ങള്‍ക്കുമായി പല തരത്തിലുള്ള പഠനാനുഭവങ്ങളാണ് ഞാനും അക്കാദമിയിലെ പത്തോളം അധ്യാപകരും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്യുന്നതും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വളരെ പ്രചാരമുള്ള സഹകരണ പഠനബോധന സമ്പ്രദായങ്ങളാണ് (Co-operative Learning Strategies) ക്ലാസ്സുമുറികളില്‍ ഉപയോഗിക്കുന്നത്.

ശാസ്ത്രീയമായി ക്രമപ്പെടുത്തിയ കൂട്ടുപ്രവര്‍ത്തനങ്ങളിലൂടെ ആഴത്തില്‍ പഠനം നടക്കുന്നു എന്നു മാത്രമല്ല സുപ്രധാനമായ സാമൂഹികശേഷികള്‍ ആര്‍ജ്ജിക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.

യുക്തി ഭദ്രമായി, വ്യക്തതയോടെ പരസ്പരം ആശയവിനിമയം നടത്താനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ബഹുമാനിക്കാനും ഉള്‍ക്കൊള്ളാനും ശീലിക്കുന്ന കുട്ടികള്‍ക്ക് നേതൃഗുണങ്ങള്‍ ശീലിക്കാന്‍ വിപുലമായ അവസരങ്ങളാണുള്ളത്.

ഔപചാരിക പരീക്ഷ ഇല്ലെങ്കിലും ദിവസവും കുട്ടികള്‍ എഴുതുന്ന കുറിപ്പുകളും നോട്ടുകളും റിപ്പോര്‍ട്ടുകളും കൂട്ടുപ്രവര്‍ത്തനങ്ങളിലെ ഇടപെടലുകള്‍ പോലും സസൂക്ഷ്മം വിലയിരുത്തപ്പെടുന്നു.

അക്കാദമിയില്‍ നടക്കുന്ന തുടര്‍ച്ചയായ മൂല്യനിര്‍ണ്ണയം കുട്ടികള്‍ അറിയുന്നില്ലെന്നു മാത്രം. കുട്ടികള്‍ ഭാവിയില്‍ എഴുതേണ്ടിവരുന്ന ബോര്‍ഡ് പരീക്ഷ, മെഡിക്കല്‍എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ എന്നിവയ്ക്കുള്ള തയാറെടുപ്പുകള്‍ തന്നെയാണ് പ്രൈമറി തലം മുതല്‍ നടക്കുന്നത്.

ഇംഗ്ലീഷാണ് മാധ്യമമെങ്കിലും മലയാള ഭാഷ, കേരള ചരിത്രം, കേരളീയ സംസ്‌കാരം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതാണ് പാഠ്യ പദ്ധതി.
ചരിത്ര/സാംസ്‌കാരിക/പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതാണ് അക്കാദമിയിലെ കേരളീയം യാത്രകള്‍.
പ്രധാനപ്പെട്ട പെരുന്നാളുകള്‍ ഉത്സവങ്ങള്‍ സാംസ്‌കാരിക പ്രാധാന്യമുള്ള മറ്റു ചടങ്ങുകള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നു.

കെ.ആര്‍ ഹരിശങ്കര്‍

Ads by Google
Wednesday 28 Jun 2017 04.53 PM
YOU MAY BE INTERESTED
TRENDING NOW