Wednesday, June 28, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
Wednesday 28 Jun 2017 04.03 PM

മരണത്തെ തൊട്ടുമടങ്ങുമ്പോള്‍

uploads/news/2017/06/122549/didetimefaceing.jpg

മരണശേഷം നാമൊക്കെ എങ്ങോട്ടാണ് പോകുക? വളരെ സന്ദേഹം നിറഞ്ഞ ചോദ്യമാണിത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നും, അത് ഒരിക്കലും തിരിച്ച് വരാനാകാത്ത യാത്രയാണെന്നും ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.

2008 നവംബര്‍ 10 ന് പുലര്‍ച്ചെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ന്യൂറോസര്‍ജനായിരുന്ന ഡോ. എബന്‍ അലക്‌സാണ്ടര്‍ അതിഭീകരമായ പുറം വേദന സഹിക്കാനാകാതെ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. വേദന കാരണം പിന്നീട് ഒരുപോള കണ്ണടയ്ക്കാന്‍ ഡോ. എബനു കഴിഞ്ഞില്ല. കൊളുത്തിപ്പിടിക്കുന്ന വേദന.

അത് സഹിച്ചുകൊണ്ട് അദ്ദേഹം ബാത്ത് റൂമിലേക്ക് നടന്നു. മുറിയില്‍ ഭാര്യ ഹോളി നല്ല ഉറക്കത്തിലാണ്. സാധാരണ ഇത്തരം വേദനകള്‍ വരുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മാറുന്നതാണ്്. നട്ടെല്ല് തുളച്ച് കയറി വരുന്ന വേദന കടിച്ചമര്‍ത്തി ഡോക്ടര്‍ ബാത്ത്‌റൂമിലെ ടബ്ബിലേക്ക് കിടന്നു.

ബാത്ത്ടബ്ബില്‍ പാതിയോളം വെള്ളം നിറഞ്ഞപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഒടുവില്‍ എങ്ങനെയോ എഴുന്നേറ്റ് ബെഡ്‌റൂമിലെ കിടക്കയില്‍ വന്ന് വീണു. ഭാര്യ ഹോളി അദ്ദേഹത്തിന്റെ പുറം തിരുമി കൊടുത്തു.

അല്‍പ്പം ആശ്വാസം തോന്നിയെങ്കിലും, നിമിഷങ്ങള്‍ക്കകം അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണു പോയി. ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്നു ഡോക്ടര്‍ വിധിയെഴുതി. വെന്റിലേറ്ററിന്റെ സഹായത്തോടെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ലോകപ്രശസ്തനായ ന്യൂറോസര്‍ജന്‍ ഏഴ് ദിവസം കഴിച്ചു കൂട്ടി.

ഒടുവില്‍ ഡോ. എബന്‍ മരണത്തിന്റെ പിടിയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നത്് മരണാനന്തരജീവിതം സാധ്യമാണെന്നുള്ള സാക്ഷ്യപ്പെടുത്തലിലൂടെയായിരുന്നു. മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, കിടന്നിരുന്ന സമയത്തുണ്ടായ അസാധാരണ അനുഭവങ്ങളെക്കുറിച്ച് ഡോ. എബന്‍, 'പ്രൂഫ് ഓഫ് ഹെവന്‍' എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്.

മരണാനന്തര ജീവിതത്തെ നിഷേധിച്ചിരുന്ന ഡോ. എബന്‍ മരണാനന്തര ജീവിതം നിലനില്‍ക്കുന്ന ഒന്നാണെന്ന് തനിക്കുണ്ടായ അനുഭവങ്ങളിലൂടെ തിരുത്തിപ്പറഞ്ഞു.

ലൈഫ് ആഫ്റ്റര്‍ ലൈഫ്


മരണശേഷം നാമൊക്കെ എങ്ങോട്ടാണ് പോകുക? വളരെ സന്ദേഹം നിറഞ്ഞ ചോദ്യമാണിത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നും, അത് ഒരിക്കലും തിരിച്ച് വരാനാകാത്ത യാത്രയാണെന്നും ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.

എന്നാല്‍ മരണമെന്നത് ഒന്നിന്റെയും അവസാനമല്ലെന്നും, മരണാനന്തരജീവിതം സാധ്യമാണെന്നും മറ്റൊരു വിഭാഗം ആളുകളും വിശ്വസിക്കുന്നു. വസ്തുനിഷ്ടമായ തെളിവുകളിലൂടെയോ, അന്വേഷണങ്ങളിലൂടെയോ ഉത്തരം കിട്ടുന്ന ഒന്നല്ലിത്്.

ഉത്തരമില്ലാതെ കുഴഞ്ഞ് മറിഞ്ഞ ഒരു പ്രതിഭാസം തന്നെയാണ് മരണമെന്നത്. ശാസ്ത്രീയമായി പൂര്‍ണമായും തെളിയിക്കപ്പെടാനോ, മനസിലാക്കാനോ കഴിയാത്തതിനാലാണ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടുകളെ പൂര്‍ണമായി വിശ്വസിക്കാന്‍ പലപ്പോഴും പ്രേരിതരാകുന്നത്.

ഡോ. എബന്‍ അലക്‌സാണ്ടര്‍ ഇതേക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനു മുന്‍പേ തന്നെ ഇവയെക്കുറിച്ച്് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്്. അവരില്‍ പ്രമുഖനാണ് ഡോ. റെയ്മണ്ട് മൂഡി. മരണാനന്തര ജീവിതത്തിന്റെ നിലനില്‍പ്പിനെയും സാധ്യതയെക്കുറിച്ചും മൂഡി നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

മരണമെന്നത് ഒന്നിന്റേയും അവസാനമല്ല എന്ന് മൂഡി ' ലൈഫ് ആഫ്റ്റര്‍ ലൈഫ്' എന്ന പുസ്്തകത്തിലൂടെ വിവരിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് കടന്നു വന്നുവെന്നു പറയപ്പെടുന്നവരുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടാണ് മരണാനന്തര ജീവിതത്തിന്റെ സാധ്യതയെ മൂഡി വിശകലനം ചെയ്തത്.

മരണത്തിന് മുഖാമുഖം


മരണത്തെ മുഖാമുഖം കണ്ട് അതിന്റെ പടിവാതില്‍വരെ ചെന്ന്, അസാധാരണമായ അനുഭവങ്ങളിലൂടെ് ജീവിതത്തിലേക്ക്് തിരികെയെത്തുന്നതിനെയാണ് മരണത്തെ മുന്നില്‍ കാണുക (നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ്) എന്നു പറയുന്നത്. ക്ലിനിക്കല്‍ ഡെത്ത് സംഭവിച്ചു എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പലരും ഒരു രണ്ടാം ജന്മമെന്ന പോലെ വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നിട്ടുള്ളവരാകാം.

ഇവരൊക്കെ അവര്‍ക്ക് അനുഭവവേദ്യമായ മറ്റൊരു ലോകത്തെക്കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന കാര്യങ്ങള്‍ വിവരിക്കുകയുമാകാം. ഇവരില്‍ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും വിചിത്രവും, വിവരിക്കാന്‍ ബുദ്ധിമുട്ടുള്ളതും സമാനവുമായ വികാരാനുഭവങ്ങളായിരിക്കും ഉണ്ടായിട്ടുള്ളത്.

ഇത്തരത്തില്‍ ഏകദേശം 150 പേരുടെ അനുഭവങ്ങളാണ് മൂഡി പഠനത്തിന് വിധേയമാക്കിയത്. നിയര്‍ ഡെത്ത് എന്ന അനുഭവത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിക്ക് ഉണ്ടാകുന്ന അനുഭവങ്ങള്‍ വളരെ വിചിത്രമായവയാണ്. തികച്ചും മരണത്തെ നേരില്‍ കണ്ട് കിടക്കുന്ന അവസ്്ഥ.

ശരീരം പ്രതികരിക്കുന്നു


മരണത്തിനു മുന്നൊരുക്കമായി രോഗിയില്‍ കാണുന്ന ശാരീരിക വ്യത്യാസങ്ങളാണ് 'ഇനി പ്രതീക്ഷയ്ക്കു വകയില്ല' എന്നു പറയാന്‍ ഡോക്ടറെ പ്രേരിപ്പിക്കുന്നത്. ഡോക്ടറുടെയും മറ്റു ബന്ധുക്കളുടെയും ഇത്തരം സംസാരങ്ങള്‍, മരണാസന്നനായി കിടക്കുന്ന രോഗിക്ക് കേള്‍ക്കാന്‍ കഴിയും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരത്തിന്റെ അസ്വസ്ഥതകള്‍ നിമിഷനേരം കൊണ്ട് ഇല്ലാതാകുകയും ആത്യധികമായ സമാധാനം മനസില്‍ നിറയുകയും ചെയ്യും. അതുവരെ അലട്ടിക്കൊണ്ടിരുന്ന തളര്‍ച്ചയും വേദനയുമൊക്കെ പുര്‍ണമായും വിട്ടുമാറുന്ന തോന്നല്‍ ഉണ്ടാകും.

ശരീരത്തിനും, മനസിനും ആകെ മൊത്തം വിശ്രാന്തി തോന്നുകയും, മെല്ലെ അസാധാരവും വിശദീകരിക്കാനാവാത്തതുമായ അനുഭൂതിയിലേക്ക് വീണു പോകുന്നതുമായ അനുഭവമുണ്ടാകുമെന്നു നിയര്‍ ഡെത്തിലൂടെ കടന്നു പോയവര്‍ പറയുന്നു.

മനസില്‍ ശാന്തത തോന്നുന്ന നിമിഷം അസാധാരണമായ ചില ശബ്ദങ്ങള്‍ ചെവിയില്‍ കേള്‍ക്കാന്‍ തുടങ്ങും. ഇരമ്പല്‍ പോലെ തോന്നിക്കുന്ന നേര്‍ത്ത ശബ്ദം, പിന്നീട് അല്‍പം കരുത്താര്‍ജിച്ച് ചൂളം വിളിയായി തീരുകയും ചെയ്യും. പിന്നീട് ഈ ശബ്്ദം മണിനാദം പോലെ അത്യുച്ചത്തിലാവുന്നു.

പെട്ടെന്ന് ശരീരം മുഴുവന്‍ വിറയല്‍ ബാധിക്കുകയും ഒരറ്റത്ത് നേര്‍ത്ത പ്രകാശമുള്ള ടണലിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതായും ഇവര്‍ക്ക്് തോന്നലുണ്ടാകുന്നു. സ്വന്തം ശരീരത്തിനു പുറത്ത് ഇറങ്ങിയതായും, പുതിയതും സൂക്ഷ്മവുമായ ഒരു ശരീരം ലഭിച്ചതുമായി തോന്നാം.

ഈ സമയത്ത് ചലനമറ്റ് കിടക്കുന്ന സ്വന്തം ശരീരത്തിന് മേല്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അവസാന ശ്രമങ്ങള്‍ മാറി നിന്ന് കാണാനാകുമെന്നും നിയര്‍ ഡെത്ത് അനുഭവങ്ങളിലൂടെ കടന്നു പോയവര്‍ പറയുന്നു. എന്നാല്‍ ആ സമയത്ത് വെറും നിസഹായനായി നോക്കി നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയാറുള്ളൂ.

വിചിത്രമായ ലോകത്തേക്ക്


ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിസഹായത നിറഞ്ഞ ശ്രമങ്ങള്‍ക്ക് മുന്നില്‍ വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുമ്പോഴാണ് സൂക്ഷ്മ ശരീരത്തെക്കുറിച്ചുള്ള ബോധം ഉടലെടുക്കുന്നത്. ഒട്ടും പരിചയമില്ലാത്ത പുതിയ ഒരു ലോകത്ത് എത്തിയതായ തോന്നല്‍ ശക്തമാകുന്ന അവസ്ഥ.

എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന നിമിഷം മരിച്ചു പോയ സുഹൃത്തുക്കള്‍, ബന്ധുമിത്രാദികള്‍, മാതാപിതാക്കള്‍ എന്നിവരൊക്കെ സ്വാഗതം ചെയ്തു കടന്നു വരികയും, അഭിവാദ്യം ചെയ്തു സ്വീകരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ഒടുവില്‍ ദൈവദര്‍ശനമെന്ന് വിളിക്കപ്പെടാവുന്ന, ഒരു വലിയ പ്രകാശത്തിന് മുന്നില്‍ എത്തിയത് പോലെയുള്ള അനുഭവം. മനുഷ്യശരീരത്തിലായിരുന്നപ്പോള്‍ ചെയ്ത നന്മ തിന്മകള്‍ തീയേറ്ററിലെ സ്‌ക്രീനില്‍ എന്നപോലെ അപ്പോള്‍ മുന്നില്‍ തെളിയും.

ഭൂമിയില്‍ മുന്‍പ് കണ്ടിട്ടില്ലാത്തതായ സ്ഥലങ്ങളിലൂടെയോ, സാഹചര്യങ്ങളിലൂടെയും പല പ്രദേശങ്ങളിലൂടെയും അരൂപിയായ ആത്മാവ് കൂട്ടിക്കൊണ്ട് പോകും. ഒടുവില്‍ മരണസമയമായിട്ടില്ല എന്നതിനാല്‍ സ്വന്തം ശരീരത്തിലേക്ക് തിരികെ അയയ്ക്കുകയും ചെയ്യുന്നു.

സൂക്ഷ്മ ശരീരത്തെ ഉപേക്ഷിച്ച് ഭൗതിക ശരീരത്തിലേക്ക് തിരികെ പോകാനുള്ള താല്‍പര്യമില്ലായ്മ ഈ സമയം ശക്തമായി ഉണ്ടാകാറുണ്ട്്. എങ്കിലും ഒടുവില്‍ മടങ്ങിപോകേണ്ടതായി വരുമെന്നും നിയര്‍ ഡെത്തിലൂടെ കടന്നുപോയവര്‍ പറയുന്നു.

ഒടുവില്‍ ടണലിലൂടെ തിരികെ സഞ്ചരിച്ച് സ്വന്തം ശരീരത്തിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു. അത്യന്തം വിചിത്രമായതും മരണാനന്തര ജീവിതത്തെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഇത്തരം അനുഭവങ്ങളാണ് നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ്.

നിയര്‍ ഡെത്ത് സമയത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ, അനുഭവങ്ങളെ ഇന്ന് ഒരു പരിധിവരെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയുമെങ്കിലും, പൂര്‍ണമായും വിശദീകരിക്കുകയോ, പഠനവിധേയമാക്കുകയോ ചെയ്യാനാകുന്ന ഒന്നല്ല മരണാനന്തര ജീവിതം. മരണത്തിനു ശേഷം ജീവിതമുണ്ടോയെന്ന ചോദ്യം ഉത്തരം കിട്ടാത്ത ഒന്നാണ്.

ആസ്ട്രല്‍ പ്രൊജക്ഷന്‍


തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകത്തെ തുടര്‍ന്നാണ്് ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടു തുടങ്ങിയത്. മാതാപിതാക്കളെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാലുപേരുടെ മരണത്തിനു കാരണം, ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിച്ചതാണെന്നു പ്രതി പറഞ്ഞിരുന്നു.

ശരീരത്തില്‍ നിന്നും ആത്മശരീരത്തെ മോചിപ്പിച്ച് ഭൗതിക ലോകത്തിന്റെ പരിധികള്‍ വിട്ട്, പ്രപഞ്ചത്തിന്റെ ഏത് കോണിലേക്കും യാത്ര ചെയ്യാനുള്ള ശ്രമത്തിനായി ഒരു വ്യക്തി ബോധപൂര്‍വമായി ശ്രമിക്കുന്നതിനെ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നു പറയുന്നു.

പ്രാചീന ഭാരതത്തിലെ പരകായ പ്രവേശം, കൂട് വിട്ട് കൂട് മാറ്റം എന്നൊക്കെ പല പേരുകളില്‍ ഇത് അറിയപ്പെടുന്നു. ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച്് ആധുനിക മനഃശാസ്ത്രം മിഥ്യാ ദര്‍ശനങ്ങള്‍ (ഹാലൂസിനേഷന്‍), മിഥ്യാ വിശ്വാസങ്ങള്‍ (ഡെലൂഷന്‍) എന്നിവ മൂലമുണ്ടാകുന്ന അനുഭൂതി മാത്രമാണെന്നാണ് വിശദീകരിക്കുന്നത്.

ഉറക്കത്തിന്റെ ഇടവേളകളിലും വിശ്രമാവസ്ഥയിലുമൊക്കെ ഇത്തരം തോന്നലോ അനുഭവങ്ങളോ ഉണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്ന നിരവധിപ്പേര്‍ ഇന്നുണ്ട്. ഇത്തരക്കാര്‍ ഈ കഴിവ് സ്വായത്തമാക്കുന്നതിനായി, മുന്നോട്ട് വയ്ക്കുന്ന ചില രീതികളുണ്ട്.

അന്ധവിശ്വാസവും, മതവിശ്വാസവും മരണാനന്തര ജീവിതത്തെ പൂര്‍ണമായും കീഴടക്കുന്ന ഈ കാലഘട്ടത്തില്‍, മരണാനന്തര ജീവിതത്തിന്റെ സാധ്യതയെക്കുറിച്ചുള്ള അന്വേഷണം വളരെയധികം ആഴത്തില്‍ നടത്തേണ്ടതുണ്ട്.

തെറ്റിദ്ധാരണകളും അവിശ്വാസങ്ങളും കൂടുതല്‍ ശക്തിപ്രാപിക്കാതിരിക്കാന്‍ മരണാനന്തര ജീവിതത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതയെ ശാസ്ത്രീയ വഴികളിലൂടെ അന്വേഷിക്കേണ്ടതുണ്ട്. വരും കാലങ്ങളില്‍ അതിനു കഴിയുമെന്നു പ്രതീക്ഷിക്കാം.

ബോബന്‍ ഇറാനിമോസ്
കണ്‍സള്‍ട്ടന്റ്
ക്ലിനിക്കല്‍ സൈക്കോളജിസ്്റ്റ്
ആക്ടീവ് മൈന്റ്‌സ് മൈന്റ് ക്ലിനിക്ക് ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് അഡല്‍റ്റ്‌സ്,
കോട്ടയം

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Wednesday 28 Jun 2017 04.03 PM
YOU MAY BE INTERESTED
TRENDING NOW