Sunday, November 19, 2017 Last Updated 31 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jun 2017 02.59 PM

നീലയും ചുവപ്പും ഷര്‍ട്ടിട്ട വര്‍ഗീസുമാര്‍....

uploads/news/2017/06/122539/Weeklyaamanas280617.jpg

എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ വര്‍ഗീസിന് തെറ്റിപ്പോകും. അപ്പോള്‍ത്തന്നെ മാറ്റിപ്പറയും. ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: വര്‍ഗീസേ, ഇത് കോടതിയാണ്. ഇവിടെ റീടേക്കില്ല. ഇതുകേട്ട് ജഡ്ജിയും വര്‍ഗീസുമടക്കം എല്ലാവരും ചിരിച്ചു.

എന്‍.എഫ്.വര്‍ഗീസിനെ സിനിമാതാരമാകുന്നതിന് മുമ്പുതന്നെ എനിക്കറിയാം. ഞങ്ങള്‍ രണ്ടുപേരും ആലുവക്കാരാണ്. മിമിക്രിയില്‍നിന്ന് പതുക്കെപ്പതുക്കെ പുള്ളി സിനിമയിലെത്തി.

'ആകാശദൂതി'ലെ വില്ലനിലൂടെ മലയാളികള്‍ക്ക് പരിചിതനായി. 'പത്ര'ത്തിലെ വിശ്വനാഥന്‍ വര്‍ഗീസിന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഇടയ്ക്കിടയ്ക്ക് തമ്മില്‍ കാണാറുണ്ട്. ഏറെനേരം സംസാരിച്ചാണ് പിരിയുക.

വര്‍ഗീസിന്റെ ഭാര്യയുടെ പേരില്‍ എറണാകുളത്തൊരു ഫോട്ടോസ്റ്റാറ്റ് കടയുണ്ട്. അവിടത്തെ ഒരു സ്റ്റാഫിനെ അകാരണമായി പിരിച്ചുവിട്ടു. ഈ തൊഴില്‍ തര്‍ക്കം ലേബര്‍ കോടതിയിലെത്തിയപ്പോള്‍ സ്റ്റാഫിന്റെ വക്കീല്‍ ഞാനായിരുന്നു.

എതിര്‍കക്ഷി വര്‍ഗീസിന്റെ ഭാര്യയാണെന്ന കാര്യമൊന്നും എനിക്കറിയില്ല. അത് വൈകിയാണ് അറിഞ്ഞത്. എന്തായാലും ഞാന്‍ കേസ് ഏറ്റെടുത്തു. കൊല്ലം ഏഴുകോണിലെ തുളസീഭായ് ആയിരുന്നു വനിതാജഡ്ജ്.

വിസ്താരം നടക്കുന്ന ദിവസം ഒരു നീല ഷര്‍ട്ടുമിട്ട് വര്‍ഗീസ് കോടതിയിലെത്തി. മമ്മൂട്ടി നായകനായ 'ഫാന്റം' എന്ന സിനിമയുടെ മറയൂരിലെ ലൊക്കേഷനില്‍ നിന്നാണ് വര്‍ഗീസ് വന്നത്. ഭാര്യയ്ക്കു പകരം സാക്ഷി പറയാന്‍. എതിര്‍കക്ഷിയുടെ വക്കീല്‍ ഞാനാണെന്ന കാര്യം അപ്പോഴാണറിയുന്നത്.

കോടതി മുറ്റത്ത് ഞങ്ങള്‍ തമ്മില്‍ കുശലം പറഞ്ഞുചിരിച്ചു. അതിനുശേഷം വര്‍ഗീസ് കൂട്ടില്‍ കയറിനിന്നു. ഞാന്‍ വര്‍ഗീസിനെ വിസ്തരിക്കാന്‍ തുടങ്ങി. എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ വര്‍ഗീസിന് തെറ്റിപ്പോകും. അപ്പോള്‍ത്തന്നെ മാറ്റിപ്പറയും. ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.

''വര്‍ഗീസേ, ഇത് കോടതിയാണ്. ഇവിടെ റീടേക്കില്ല.''
ഇതുകേട്ട് ജഡ്ജിയും വര്‍ഗീസുമടക്കം എല്ലാവരും ചിരിച്ചു.

''ആദ്യമായാണ് സാക്ഷി പറയാന്‍ വരുന്നത്. സിനിമയില്‍പോലും സാക്ഷിയായി അഭിനയിക്കേണ്ടി വന്നിട്ടില്ല. അതിന്റെയൊരു ടെന്‍ഷനാണ്.'' വര്‍ഗീസ് പറഞ്ഞു. പിന്നീട് വിസ്താരം തുടര്‍ന്നു. എല്ലാം കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് വര്‍ഗീസിനെ യാത്രയാക്കിയത്.

വിസ്താരം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ എന്നെ കാത്ത് മറ്റൊരു വര്‍ഗീസുണ്ടായിരുന്നു, അവിടെ. മൂവാറ്റുപുഴ ബേക്കടപ്പ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് കക്ഷി. കടുത്ത സി.പി.എമ്മുകാരന്‍. എപ്പോഴും ചുവന്ന ഷര്‍ട്ടിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ.

വേറെ ഷര്‍ട്ടുണ്ടോ എന്ന് എനിക്കറിയില്ല. ബാങ്ക് അച്ചടക്കനടപടിയെടുത്ത് പിരിച്ചുവിടുന്ന അവസ്ഥയില്‍ ലേബര്‍ കോടതിയെ സമീപിക്കാനായി വന്നതാണ് വര്‍ഗീസ്. കേസിന്റെ കാര്യങ്ങള്‍ സംസാരിച്ചശേഷം, പിറ്റേദിവസം വൈകിട്ട് വരാമെന്ന് പറഞ്ഞാണ് വര്‍ഗീസ് പോയത്.

ഒരാഴ്ച കഴിഞ്ഞുകാണും. ആരോ വിളിച്ചുപറഞ്ഞാണ് അറിയുന്നത്. എന്‍.എഫ്.വര്‍ഗീസ് മരിച്ചു. അറ്റാക്കുണ്ടായപ്പോള്‍ സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകവെയുണ്ടായ അപകടത്തിലാണ് മരണം. എനിക്കത് വല്ലാത്ത ഷോക്കായിരുന്നു. ഒരാഴ്ച മുമ്പ് കൂട്ടില്‍ കയറ്റി വിസ്തരിച്ച സുഹൃത്താണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

പിറ്റേദിവസം വരാമെന്നു പറഞ്ഞ് പോയ ബേക്കടപ്പ് ബാങ്കിലെ വര്‍ഗീസ് പിന്നീട് വന്നില്ല. ഞാനും അക്കാര്യം മറന്നു. വരാത്ത കക്ഷികളെ ഓര്‍ത്തുവയ്‌ക്കേണ്ട കാര്യമില്ലല്ലോ. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു വൈകിട്ട് ഓഫീസിലെ ലാന്‍ഡ്‌ഫോണില്‍ മത്തായി വിളിച്ചു. ബേക്കടപ്പ് ബാങ്കില്‍ വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനാണ് മത്തായി.

''വര്‍ഗീസിന്റെ കാര്യം പറയാനാ വിളിച്ചത്.''
സത്യം പറഞ്ഞാല്‍ വര്‍ഗീസിന്റെ കാര്യം ഓര്‍മ്മ വന്നത് അപ്പോഴാണ്.
''ശരിയാ, പുള്ളി വരാമെന്ന് പറഞ്ഞ ദിവസം വന്നില്ല. ഞാനും അതങ്ങ് മറന്നു.''

ഞാന്‍ മത്തായിയോട് പറഞ്ഞു.
''വര്‍ഗീസ് ഇനി വരില്ല.''
മത്തായിയുടെ ശബ്ദമിടറി.

''രണ്ടുദിവസം മുമ്പ് ബേക്കടപ്പ് പള്ളിയിലെ പെരുന്നാളായിരുന്നു. അതുകഴിഞ്ഞ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ ഒരു ലോറി വന്നിടിച്ചു. ലോറി നിര്‍ത്താതെ ഓടിച്ചുപോയി. വര്‍ഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല...''

ഞാന്‍ ഫോണ്‍ താഴെവച്ചു. വല്ലാത്ത ഒരസ്വസ്ഥതയായിരുന്നു മനസ്സില്‍. അടുത്തടുത്ത നാളുകളില്‍ മരിച്ചത് രണ്ട് സുഹൃത്തുക്കള്‍. അതും കേസുമായി ബന്ധപ്പെട്ട് തമ്മില്‍ കണ്ടവര്‍.

ഒരേ പേരുള്ളവര്‍. രണ്ടും കമ്യൂണിസ്റ്റുകാര്‍. ഒരാള്‍ നീല ഷര്‍ട്ടും മറ്റൊരാള്‍ ചുവപ്പുഷര്‍ട്ടും. അതാണ് ആകെയുള്ള വ്യത്യാസം. ദിവസങ്ങള്‍ കഴിഞ്ഞാണ് ആ അസ്വസ്ഥത മാറിയത്.

തയ്യാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google
TRENDING NOW