Thursday, April 19, 2018 Last Updated 17 Min 34 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 28 Jun 2017 12.41 AM

കടലിന്റെ മക്കളുടെ ദുരിതം

uploads/news/2017/06/122425/bft1.jpg

കടലിന്റെ മക്കളുടെ ദുരിതംവിശ്വസാഹിത്യകാരനായ ഹെമിങ്‌ വേയുടെ പ്രസിദ്ധ കൃതിയാണ്‌ കിഴവനും കടലും . സാന്റിയാഗോ എന്ന വൃദ്ധന്‍ മീന്‍ പിടിക്കാനായി പായ്‌ വഞ്ചിയുമായി കടലിലേക്കു പോകുന്നു. ദിവസങ്ങളേറെയായിട്ടും ചെറുമീനു പോലും കിഴവന്‌ കിട്ടിയില്ല. പ്രതീക്ഷ നഷ്‌ടപ്പെടാതെ വൃദ്ധന്‍ അവിടെ തന്നെ കഴിഞ്ഞു. ഒരു ദിവസം തന്റെ ചൂണ്ടയില്‍ മീന്‍ കുരുങ്ങി. വൃദ്ധനേക്കാള്‍ ശക്‌തനായ മീന്‍. പിന്നീടങ്ങോട്ട്‌ വൃദ്ധനും മത്സ്യവും തമ്മില്‍ ജീവന്‍ മരണ പോരാട്ടമായിരുന്നു. നിത്യജീവിതത്തിനായി മുന്നില്‍ കണ്ട അപകടത്തിനു പോലും വകവയ്‌ക്കാതെ ഒടുവില്‍ മത്സ്യത്തെ കീഴടക്കി തന്റെ വഞ്ചിയോടു ചേര്‍ത്തുകെട്ടി സാഹസപ്പെട്ടു കരയ്‌ക്കെത്തുന്നു. അത്രയും ആത്മബന്ധമാണു കടലും മനുഷ്യനുമെന്ന്‌ ഹെമിങ്‌ വേ തന്റെ കൃതിയിലൂടെ പറയുന്നു.
കടല്‍ തീരങ്ങളില്‍ ഇങ്ങനെ എത്രയെത്ര ജീവിതങ്ങളാണ്‌. നിത്യജീവിതത്തിനായി മത്സ്യമില്ല, സ്വന്തമായി കുടിലില്ല, ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മാര്‍ഗങ്ങളില്ല, തീരദേശവാസികളുടെ ജീവിതം നീങ്ങികൊണ്ടിരിക്കുന്നത്‌ ദുരിതപൂര്‍ണമായ അവസ്‌ഥയിലേക്കാണ്‌. ഇതൊടൊപ്പം തീരം കടലെടുക്കുമ്പോള്‍ ഉള്ളില്‍ തീകോരിയിട്ട്‌ കഴിയുന്ന ജനതയുടെ വികാരമാണ്‌ ഓരോ ദിവസത്തെയും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.
കാലവര്‍ഷമെത്തുന്നതിന്‌ മുന്‍പു തന്നെ കടല്‍ സംഹാരതാണ്ഡവമാടിയിരിക്കുകയാണ്‌. കടലാക്രമണം ഉണ്ടായിട്ടും തീരദേശങ്ങളിലേക്ക്‌ ഉത്തരവാദിത്വപ്പെട്ടവരുടെ കണ്ണുകള്‍ പതിയുന്നില്ല എന്ന പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ദശവര്‍ഷങ്ങളായി. അരക്ഷിത ജീവിതമാണ്‌ കടലോര പ്രദേശത്തുള്ളവരുടേത്‌. ദാരിദ്ര്യവും അനാരോഗ്യകരമായ ചുറ്റുപാടും പ്രകൃതിക്ഷോഭത്തെ കുറിച്ചുള്ള ഭീതിയും ദുരിതങ്ങളും കാണാത്ത നിയമങ്ങളുടെ കുരുക്കും എന്നിങ്ങനെ സങ്കീര്‍ണമായ അനേകം പ്രശ്‌നങ്ങളിലാണ്‌ ഇവര്‍ ജീവിക്കുന്നതും മരിക്കുന്നതും. ഈ അവസ്‌ഥയ്‌ക്ക്‌ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധരാണ്‌. തീരദേശവാസികളുടെ ജീവിത നിലവാരവും സുരക്ഷിതത്വവും മെച്ചപ്പെടുത്താനും മത്സ്യത്തൊഴിലാളികളുടേതുള്‍പ്പെടെയുള്ളവരുടെ ദുസഹമായ ജീവിതത്തിന്‌ ശക്‌തമായ ഇടപെടലുകള്‍ അത്യാന്താപേക്ഷിതമാണ്‌. കര്‍ക്കിടകവും രാമായണവും ഭാഗവതവും റംസാനുമൊക്കെ എല്ലാവര്‍ഷവും വഴിതെറ്റാതെ വരുന്നതുപോലെ കടലാക്രമണവും എല്ലാവര്‍ഷവും തുടരുന്നു. പ്രശ്‌നം രൂക്ഷമാകുമ്പോള്‍ മാധ്യമങ്ങള്‍ മുറതെറ്റാതെ വാര്‍ത്തകള്‍ നിറയ്‌ക്കുന്നു. അപ്പോള്‍ മാത്രമാണ്‌ സര്‍ക്കാര്‍ താത്‌കാലിക പരിഹാര നടപടികള്‍ സ്വീകരിക്കുന്നത്‌. ഈ ഗുരുതര ഭീഷണിക്ക്‌ സര്‍ക്കാര്‍ ആവശ്യമുള്ള രീതിയില്‍ തീരദേശക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ അമരത്ത്‌ നിന്ന്‌ മുന്‍കൈയെടുത്തില്ലെങ്കില്‍ കടലും അതിന്റെ താള വ്യവസ്‌ഥയും മാറി പോകുമെന്ന്‌ ഉറക്കെ ചിന്തിക്കേണ്ട കാലമാണിത്‌.
കൂറ്റന്‍ തിരമാലകള്‍ക്കു മുന്നില്‍ നിസഹായതയോടെ നില്‍ക്കാനല്ലാതെ ആളുകള്‍ക്ക്‌ കഴിയുന്നില്ല. കടല്‍ഭിത്തി ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ ഓരോ കുടുംബവും ഭീതിയോടെയാണ്‌ കഴിയുന്നത്‌. പരാധീനതകള്‍ നിറഞ്ഞ ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യം അന്തിയുറങ്ങാനുള്ള വീടു മാത്രമാണ്‌. ഇപ്പോള്‍ അതും നഷ്‌ടപ്പെടുന്ന കാഴ്‌ച്ചയാണ്‌. തിരകളോടു പോരാടി ജീവിതം തള്ളി നീക്കുന്ന ഇവര്‍ക്ക്‌ സുരക്ഷിതമായ ഒരിടം സര്‍ക്കാര്‍ കണ്ടെത്തികൊടുക്കേണ്ടതുണ്ട്‌. വര്‍ഷംതോറും ഒട്ടേറെ വീടുകളാണ്‌ തിരമാലകളില്‍ നശിക്കുന്നത്‌. കേരളത്തിന്റെ തീരദേശത്ത്‌ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി എട്ടുലക്ഷത്തോളം മത്സ്യത്തൊഴിലാളികളുണ്ട്‌. ഇവരുടെ പ്രധാന ജീവനോപാധി മത്സ്യബന്ധനം തന്നെയാണ്‌. അതുകൊണ്ടു തന്നെ ഇവിടെയുള്ള ചുറ്റുപാടുകളില്‍ മാത്രമേ ഇവര്‍ക്കു ജീവിക്കാനാകൂവെന്നതും അധികാരികള്‍ മനസിലാക്കേണ്ടതുണ്ട്‌.
കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ ഉദ്യോഗസ്‌ഥര്‍ സൗജന്യ റേഷന്‍ നല്‍കി പലപ്പോഴും ആശ്വസിപ്പിക്കാറാണ്‌ പതിവ്‌. എന്നാല്‍ ഇവര്‍ക്ക്‌ ആവശ്യം ജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയുന്നിടത്ത്‌ വാസയോഗ്യമായ ഒരിടവും വീടുമാണ്‌. വൃദ്ധരും കുട്ടികളുമടങ്ങുന്ന ഇവരുടെ കുടുംബത്തിന്റെ ഭദ്രതയും സുരക്ഷിതത്വമാണ്‌ എക്കാലവും ഇവര്‍ ആഗ്രഹിക്കുന്നത്‌.
എല്ലാവര്‍ഷവും കല്‍ക്ഷോഭത്തെ പഠിക്കാനും ദുരന്തത്തിന്റെ വ്യാപ്‌തി വിലയിരുത്താനും ഒരുനിയുക്‌ത സമിതിയെ നിയോഗിക്കാറുമുണ്ട്‌, ഇതിലൂടെ താല്‌കാലിക പ്രശ്‌നപരിഹാരത്തിന്‌ മാത്രമേ നേതൃത്വം നല്‍കാറുള്ളു. തീരദേശ അപകട സാധ്യത കണക്കിലെടുത്ത്‌ ഓരോ തവണയും കടല്‍ഭിത്തി നിര്‍മാണത്തിലെ അപാകത ഗുരതരമായ ഭീഷണി ഉയര്‍ത്തുന്നത്‌. കോടികള്‍ ചിലവിട്ട്‌ പദ്ധതികള്‍ നടപ്പിലാക്കുകയല്ലാതെ സുരക്ഷിതമായ നിര്‍മാണ പ്രവൃത്തിയാണോ നടക്കുന്നതെന്നും അനേ്വഷിക്കേണ്ടിയിരിക്കുന്നു. കരാറുകാരനും ഉദ്യോഗസ്‌ഥ ലോബിയും ഇതൊരു അവസരമായി ഉപയോഗപ്പെടുത്തുന്നുവെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്‌. ഇവിടെ താത്‌കാലിക പരിഹാരമല്ല മറിച്ച്‌ സ്‌ഥായിയായ സുരക്ഷാ മാര്‍ഗമാണ്‌ നിര്‍ദേശിക്കേണ്ടതും നടപ്പിലാക്കേണ്ടതും. നിലവിലെ സ്‌ഥിതി മറികടക്കാന്‍ ആവശ്യമുള്ള പുലിമുട്ടുകള്‍ സ്‌ഥാപിക്കേണ്ടതുണ്ട്‌. ഇതിലൂടെ നഷ്‌ടപ്പെട്ട തീരം തിരിച്ചു പിടിക്കാനും കഴിയും.
കടല്‍ക്ഷോഭം പോലെ ഇപ്പോള്‍ കഷ്‌ടതയനുഭവിക്കുന്നത്‌ ട്രോളിംഗ്‌ നിരോധനത്തിലാണ്‌. പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മത്സ്യം സംസ്‌ഥാനത്ത്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ്‌ കണക്കുകള്‍ . എന്നാല്‍ വര്‍ഷാവര്‍ഷം ട്രോളിംഗ്‌ നടത്തുന്നത്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഒരാശ്വാസമാവാറുണ്ടെങ്കില്‍ ഇത്തവണ മുന്‍വര്‍ഷങ്ങളേക്കാള്‍ പ്രതിസന്ധിയാണ്‌ സൃഷ്‌ടിക്കുന്നത്‌. ട്രോളിംഗ്‌ നിരോധനം മുതലുള്ള ഒന്നരമാസം എങ്ങനെ ജീവിക്കുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ശക്‌തമായിക്കഴിഞ്ഞു. കരുതിവയ്‌ക്കാന്‍ മത്സ്യം ഇല്ലാത്തതാണ്‌ ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുന്നത്‌. സാധാരണയായി ട്രോളിംഗ്‌ നിരോധന കാലയളവിന്‌ മുമ്പ്‌ മത്സ്യത്തൊഴിലാളികള്‍ കരുതല്‍ മത്സ്യം ശേഖരിക്കാറുണ്ട്‌.
മത്സ്യസമ്പത്ത്‌ ഗണ്യമായി കുറഞ്ഞത്‌ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം ശോചനീയമായ നിലയിലേക്ക്‌ കൂപ്പുകുത്തിച്ചു. മത്സ്യം നന്നായി കിട്ടുന്ന സീസണില്‍ പോലും പഞ്ഞമാണ.്‌ സുലഭമായി കിട്ടുന്ന ചെറുമീനുകള്‍ പോലും കിട്ടാതായതോടെയാണ്‌ ജീവിതം പ്രതിസന്ധിയിലായത്‌. വന്‍കിട കപ്പലുകള്‍ ഉള്‍ക്കടലില്‍ നിന്ന്‌ മീന്‍ സംഭരിക്കാന്‍ തുടങ്ങിയതോടെയാണ്‌ ക്ഷാമം ഉടലെടുത്തതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കില്‍ പോലും ഇതിന്‌ ശാസ്‌ത്രീയ പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്‌. കേവലം ഓരാചാരം പോലെ ട്രോളിങ്‌ നടപ്പിലാക്കിയാല്‍ പോരാ ആഗോള താപനവും കാലാവസ്‌ഥ വ്യതിയാനവും മാറി വരുന്ന സാഹചര്യത്തില്‍ പ്രജനന കാലഘട്ടത്തില്‍ നേരിയ മാറ്റമെങ്കിലും ഉണ്ടായോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
ട്രോളിങ്‌ നിരോധന കാലത്തും മത്സ്യത്തൊഴിലാളികളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. അധ്യയന വര്‍ഷത്തിന്റെ ആരംഭം, കാലവര്‍ഷ കെടുതി, പകര്‍ച്ച വ്യാധികള്‍ തുടങ്ങി ഇവര്‍ അനുഭവിക്കുന്ന യാതനകളില്‍ സമയോചിതമായി ഇടപെടാന്‍ സര്‍ക്കാരിന്‌ കഴിയണം. മത്സ്യത്തൊഴിലാളികളുടെ വിഹിതം, ഇവരുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യങ്ങളൊക്കെ സമയത്തു തന്നെ ലഭ്യമാകുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്‌.
കരയെടുക്കുന്ന കടല്‍ മാത്രമല്ല ഇവരുടെ പ്രശ്‌നം. മത്സ്യ ബന്ധനം ഉപജീവന മാര്‍ഗമായി തുടരുന്ന ഇവരുടെ കടലിലെ സുരക്ഷയും ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അത്തരത്തിലുള്ള സംഭവങ്ങള്‍ പലപ്പോഴായും പുറങ്കടലില്‍ ഉണ്ടായിട്ടുമുണ്ട്‌. സ്‌ഥിരമായി നടക്കുന്ന ബോട്ടപകടം ഇതിന്റെ ഉദാഹരണമാണ്‌. സര്‍ക്കാരിന്റെ സുരക്ഷിതത്വം കൊണ്ടല്ല ഇവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്‌ മറിച്ച്‌ അവരുടെ ആയുസിന്റെ ബലം കൊണ്ടുമാത്രമാണ്‌. മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും അപകടസാധ്യതകളുമാണ്‌ കൊച്ചിയില്‍ ഈയിടെയുണ്ടായ അപകടവും മരണവും. അന്താരാഷ്ര്‌ട കപ്പല്‍ ഗതാഗത മീന്‍പിടുത്ത നിയമങ്ങളുടെ അടിസ്‌ഥാനത്തില്‍ മാത്രമേ പ്രശ്‌നപരിഹാരമാകുകയുള്ളു. ഇത്തരം അപകടങ്ങള്‍ ഉയര്‍ത്തുന്ന ആശങ്ക വലുതാണ്‌. അപകടം തുടര്‍ക്കഥയാവുമ്പോള്‍ തെറ്റ്‌ ആരുടെ പക്കലാണെന്നു കണ്ടെത്തി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്‌. കടലിലെ ജീവിതങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണെന്ന്‌ സര്‍ക്കാര്‍ തിരിച്ചറിഞ്ഞേ മതിയാകൂ. പൗരന്റെ ജീവിതം ദേശത്തിന്റെ സമ്പത്താണ്‌.
പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്‌ എന്നതുപോലെ പരിഹാരപ്രക്രിയ പ്രയാസമേറിയതാണ്‌. എന്നാല്‍ കടലിന്റെ പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുമ്പോള്‍ അതിന്‌ പ്രസാദാത്മകമായ പരിഹാര മാര്‍ഗമാണ്‌ ആവശ്യം. ഇതിനായി നിയമങ്ങളും നിയമവ്യവസ്‌ഥകളും ആവിഷ്‌കരിക്കാനും അനിവാര്യമായ നടപടികള്‍ കൈകൊള്ളാനും സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധരാണ്‌.
കടല്‍ജീവിതങ്ങളെ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ സമ്പത്തും അഭിവൃദ്ധിയും ഉറപ്പാക്കേണ്ടതുണ്ട്‌. ഒപ്പം സമുദ്രമലീനീകരണവും ഒരു വിപത്തായി മാറിയിരിക്കുന്നു. വിവിധ നദികളില്‍കൂടിയും ജലാശയങ്ങളില്‍ക്കൂടിയും ഘരമാലിന്യങ്ങളും, ആണവപരീക്ഷണമുള്‍പ്പെടെ കടലിന്റെ ആഴങ്ങളില്‍ നടത്തുന്ന വിവിധ ശാസ്‌ത്രീയപരീക്ഷണങ്ങളും സമുദ്രജലത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു. സമുദ്രത്തിന്റെ വലിപ്പംകൊണ്ടു നാം ഇത്‌ തിരിച്ചറിയുന്നില്ല. എങ്കിലും മത്സ്യം ഉള്‍പ്പെടെയുള്ള സമുദ്രജീവികളുടെ അളവിനും ഗുണമേന്മയ്‌ക്കും ഇതുമൂലം കുറവ്‌ സംഭവിക്കും.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 28 Jun 2017 12.41 AM
YOU MAY BE INTERESTED
TRENDING NOW