മഴവില്ലിന്റെ ഏഴഴകോടെ ഏഴു പേര്... കൊച്ചി മെട്രോയുടെ സാരഥികളായ മിടുക്കികളുടെ ചൂളം വിളിക്കുന്ന വിശേഷങ്ങള്‍...
കൊച്ചി പഴയ കൊച്ചിയല്ല, കൊച്ചിയില്‍ മെട്രോ വരുമ്പോള്‍ അതിന്റെ ചൂളം വിളി ഒരിക്കലും കൊച്ചിയില്‍ മാത്രമായിരിക്കില്ല, കേരളം മുഴുവനും അലയടിക്കും. എന്നാല്‍ ഇനി മുതല്‍ ആ ചൂളം വിളികള്‍ക്കിടയില്‍ വളകിലുക്കവുമുണ്ടാകും.
എല്ലാ വിജയങ്ങള്‍ക്കു പിന്നിലും ഒരു പെണ്ണുണ്ടാകുമെന്ന് പഴഞ്ചൊല്ല് ഇവിടെ തിരുത്തി. വിജയത്തിന്റെ പിന്നിലല്ല, മുന്നിലാണ് ഈ പെണ്‍കൊടികള്‍. മുന്നിലെന്നു പറഞ്ഞാല്‍ ഏറ്റവും മുന്നില്‍. മെട്രോ ട്രെയിനിന്റെ ഏറ്റവും മുന്നിലുള്ള ഡ്രൈവിങ് സീറ്റില്‍ ഇനി ഇവരാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ അഭിമാനമായ കൊച്ചി മെട്രോപായുമ്പോള് അതിന്റെ സാരഥ്യം ഏറ്റെടുത്ത ഏഴ് മലയാളി പെണ്‍കുട്ടികള്‍.
ഇന്ത്യന്‍ റയില്‍വേയില്‍ നിന്ന് കൊച്ചി മെട്രോയുടെ പൈലറ്റായപ്പോള് പലരും എതിര്‍പ്പ് പ്രകടിപ്പിച്ചു. ജോലി ഒന്നാണെങ്കിലും സുരക്ഷയുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ മെട്രോ തന്നെയാണ് മുന്നില്‍. ഇന്ത്യന്‍ റയില്‍വെയില്‍ നിന്നു മാറാന്‍ പ്രധാന കാര്യം നാട്ടില്‍ തന്നെ ജോലിചെയ്യാമെന്നുള്ളതായിരുന്നു. കൃത്യമായിട്ടുള്ള സമയ ക്രമീകരണവുമുണ്ട്.
ഓണ്‍ലൈന്‍ പരീക്ഷയും മെഡിക്കല്‍ ടെസ്റ്റുകളും കഴിഞ്ഞ് ബംഗളൂരുവില്‍ പരിശീലത്തിനെത്തിയപ്പോഴാണ് ആദ്യമായി മെട്രോ ട്രെയിനില്‍ കയറുന്നത്. അന്നും കരുതിയിരുന്നില്ല ഇത് ഓടിക്കാന്‍ കഴിയുമെന്ന്. ബംഗളൂരുവില്‍ നിന്നും തിരിച്ച് കൊച്ചിയിലെത്തി ഇവിടെയും 400 കിലോമീറ്റര്‍ ഓടിച്ച ശേഷമാണ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്.
ഞാന്‍ ഈ ജോലിക്കു പോകുന്നതറിഞ്ഞപ്പോള്‍ അമ്മയ്ക്ക് നല്ല പേടിയുണ്ടായിരുന്നു. റോഡിലെ കാറും ബൈക്കും പോലെയല്ല.. എന്നൊക്കെ പറഞ്ഞ് വല്ലാതെ ടെന്‍ഷനടിച്ചു.
പിന്നെ ഞാന്‍ തന്നെ എല്ലാം പറഞ്ഞ് മനസ്സിലാക്കി. യാത്രക്കാരുടെയും ഓടിക്കുന്നവരുടെയും സുരക്ഷ,എങ്ങനെയാണ് ഓരോ കാര്യങ്ങളും എന്നൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അമ്മ ഹാപ്പി. യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയുമാണ് മെട്രോയിലെ ഏറ്റവും വലിയ പ്രത്യേകത.
ബംഗളൂരു മെട്രോയിലെ പരിശീലനം നന്നായി ആസ്വദിച്ചാണ് ചെയ്തത്. ട്രെയിനിന്റെ മാതൃകയില്‍ ഓടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എങ്ങിനെയാണോ അതുപോലെ തന്നെയാണ് അതിലും.
പാളത്തിലും മറ്റും തകരാറുകളുണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നുള്പ്പെടെയാണ് ആദ്യ ക്ലാസ്സുകളില്‍ ഉണ്ടായിരുന്നത്. അതെല്ലാം കഴിഞ്ഞ് ആദ്യമായി മെട്രോ ട്രെയിന്‍ ഓടിക്കാന്‍ കയറിപ്പോഴായിരുന്നു ഏറ്റവും സന്തോഷം.
പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആണ് മെട്രോ ട്രെയിനുകള്‍. എന്നാല്‍ ഇപ്പോള്‍ എല്ലാ ട്രെയിനുകളിലും ഓടിക്കാന്‍ ഓരോരുത്തരുണ്ടാകും. കുറച്ചുകഴിഞ്ഞ് ഡ്രൈവര്‍മാര്‍ ഇല്ലാതെയും ട്രെയിനുകള്‍ സഞ്ചരിക്കും.