Wednesday, April 11, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jun 2017 01.16 AM

ഉഷ്‌ണരാശിയില്‍ ഉരുകുന്ന ജീവിതങ്ങള്‍

uploads/news/2017/06/121727/sun2.jpg

പുന്നപ്ര-വയലാര്‍ സമരകാലഘട്ടത്തെ പുനര്‍സൃഷ്‌ടിക്കുന്ന വെറുമൊരു ചരിത്ര രചനയല്ല കെ. വി മോഹന്‍കുമാറിന്റെ 'ഉഷ്‌ണ രാശി-കരപ്പുറത്തിന്റെ ഇതിഹാസ' മെന്ന നോവല്‍. ഫിക്ഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു എഴുത്തുകാരന്‍ സ്വതന്ത്രപൂര്‍വം നടത്തിയ സത്യസന്ധമായ അന്വേഷണത്തിന്റെ പരിണിതഫലമായി വേണം ഈ നോവല്‍ അംഗീകരിക്കപ്പെടേണ്ടത്‌. കരപ്പുറത്ത്‌ ജനിച്ചു വളര്‍ന്ന ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ നാടിന്റെ ഐതിഹാസികമായ ആ സമരകാലഘട്ടത്തെക്കുറിച്ച്‌ എഴുതാതെ പോയാല്‍ കാലം കുറ്റക്കാരനെന്നു വിളിക്കുമെന്ന ഉത്തമബോധ്യം ഈ നോവലിനായി പേനയെടുക്കാന്‍ എഴുത്തുകാരന്‌ വലിയ ഊര്‍ജം നല്‍കിയിട്ടുണ്ട്‌.
ആരെങ്കിലുമൊക്കെ പറഞ്ഞതും കേട്ടതും എഴുതിവച്ചതുമായ ചരിത്രത്തെ അതേപടി പകര്‍ത്താതെ ചരിത്ര രേഖകള്‍ അന്വേഷിച്ചും കാലത്തിന്‌ സാക്ഷികളായവരോട്‌ സംസാരിച്ചും സംവദിച്ചും ഐതിഹാസികമായ സമര ഭൂമിയിലൂടെ പലവട്ടം സഞ്ചരിച്ചുമാണ്‌ മലയാളസാഹിത്യത്തിന്‌ മുതല്‍ക്കൂട്ടായ ഈ ബൃഹത്‌ നോവല്‍ മോഹന്‍കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയത്‌. സമരത്തിന്‌ മുന്നില്‍നിന്നും നയിച്ച പുരുഷന്മാരുടെ പേരുകള്‍ക്കൊപ്പം പുന്നപ്ര വയലാര്‍ സമരകാലഘട്ടത്തിന്റെ ഇരകളും സമരത്തിന്റെ ഭാഗവുമായിരുന്ന അനവധി സ്‌ത്രീകള്‍ ചരിത്രത്തിലുണ്ടെങ്കിലും അവരെക്കുറിച്ചൊന്നും ആരും ഒരിടത്തും പരാമര്‍ശിക്കാറുപോലുമില്ലെന്നതാണ്‌ നമ്മള്‍ ഇതുവരെ കണ്ട ചരിത്രം. ആ ചരിത്രത്തെ പൊളിച്ചെഴുതുകയാണ്‌ എഴുത്തുകാരന്‍ നോവലില്‍. കൊച്ചുതങ്ക, കൈത്തറ പാപ്പി, കൊച്ചു നീലി, മന്നാംതറേല മാര എന്നിങ്ങനെ സമരത്തിന്റെ കൊടുംയാതനകളും പീഢകളും അനുഭവിച്ച സ്‌ത്രീകളും ഊഷ്‌ണരാശിയിലെ ഉരുകുന്ന ജീവിതങ്ങളായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. നീതിപുലര്‍ത്തുന്ന ചരിത്രബോധവും സര്‍ഗാത്മകതയുടെ അതിരുകളില്ലാത്ത ഭാവനയും സവിശേഷമായ ആഖ്യാനതന്ത്രവും കൊണ്ട്‌ എല്ലാത്തരം വായനക്കാരെ കൈയിലെടുക്കാനും കഴിഞ്ഞുവെന്നത്‌ എഴുത്തുകാരന്റെ മികവിന്‌ തിലകക്കുറിയാകുന്നു. ഇപ്പോള്‍ സംസ്‌ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കൂടിയായ കെ.വി മോഹന്‍കുമാര്‍ ഉഷ്‌ണരാശിയുടെ രചനാരഹസ്യങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നു.

നോവലിന്റെ രചനാവഴികളിലേക്ക്‌ നയിച്ച കാര്യങ്ങള്‍
പറയാമോ?

പുന്നപ്ര-വയലാര്‍ സമരകാലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഇത്‌ ഒരു ചരിത്ര നോവല്‍ അല്ല. ചരിത്രം പശ്‌ഛാത്തലമായ സമകാലിക നോവല്‍ തന്നെയാണ്‌. 1930 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലൂടെയാണ്‌ നോവല്‍ വികസിക്കുന്നത്‌. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ്‌ നോവല്‍ മുന്നോട്ടുപോകുന്നത്‌. സ്വന്തം വേരുകള്‍ തേടി അപരാജിത എന്ന കഥാപാത്രം നടത്തുന്ന അന്വേഷണമാണ്‌ ഉഷ്‌ണരാശിയുടെ പ്രമേയ ഭൂമിക.
കരപ്പുറം എന്ന പ്രദേശത്താണ്‌ നോവല്‍ നടക്കുന്നത്‌. എന്റെ എട്ടാം വയസില്‍, അച്‌ഛന്റെ മരണശേഷം അമ്മയുടെ നാടായ ചേര്‍ത്തലയില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചതും വളര്‍ന്നതും. അമ്മയുടെ പേര്‌ ലക്ഷ്‌മിക്കുട്ടി. സമരം നടക്കുന്ന കാലത്തെ ഓര്‍മ്മകള്‍ അമ്മ എന്നോട്‌ പറയുമായിരുന്നു. സമരത്തില്‍ പാവപ്പെട്ട ഒരുപാടുപേര്‍ മരിച്ചെന്നും വാരിക്കുന്തവുമായി പൊരുതിയ നൂറുകണക്കിന്‌ ആളുകളെ പട്ടാളം നിഷ്‌ഠൂരമായി വെടിവെച്ച്‌ കൊന്നുവെന്നും മറ്റും അമ്മ പറഞ്ഞത്‌ എന്റെ മനസില്‍ കിടന്നു. കാലം കടന്നുപോയിക്കൊണ്ടിരുന്നു.
ആലപ്പുഴ ജില്ലയില്‍ തകഴിയടക്കമുള്ള പ്രശസ്‌തരായ അനവധി എഴുത്തുകാര്‍ അന്നുണ്ടായിരുന്നെങ്കിലും അവരാരും പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട്‌ എന്തുകൊണ്ടാണ്‌ നോവല്‍ എഴുതാതിരുന്നതെന്ന്‌ ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. സമരം നടന്നകാലത്ത്‌ പി.കേശവദേവ്‌ ആലപ്പുഴയില്‍ തൊഴിലാളി യൂണിയന്റെ നേതാവായിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹവും സമരത്തെ രചനകളില്‍ നിന്നും വിട്ടുകളയുകയായിരുന്നു. എന്തുകൊണ്ട്‌ അവരാരും സമരത്തെക്കുറിച്ച്‌ എഴുതിയില്ലെന്നത്‌ ഇപ്പോഴും എനിക്ക്‌ അജ്‌ഞാതമാണ്‌. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട്‌ സമരസഖാക്കള്‍ എഴുതിയ പുസ്‌തകങ്ങളും എസ്‌.എല്‍. പുരത്തിന്റെ സിനിമകളുമല്ലാതെ . എന്റെ കുട്ടിക്കാലത്തെ മായാത്ത ഒരു ഓര്‍മ്മ ഈ നോവലെഴുതാന്‍ പ്രേരണയായിട്ടുണ്ട്‌. എന്റെ പേടി സ്വപ്‌നമായിരുന്ന കാളിഭ്രാന്തി.

കാളിഭ്രാന്തിയെക്കുറിച്ച്‌ ബാക്കി പറയൂ?

കാളിഭ്രാന്തിയെ കണ്ടാല്‍ പിള്ളേര്‍ പേടിച്ച്‌ വിറയ്‌ക്കുമായിരുന്നു. മുടി പിച്ചിപറിച്ച്‌, കറുത്തിരുണ്ട രൂപമായിരുന്നു അവര്‍ക്ക്‌. സമനില തെറ്റിയ അവര്‍ ഭിക്ഷതേടിയാണ്‌ വീടുകളിലേക്ക്‌ വരുന്നത്‌. അനവധി പട്ടകളുള്ള പാവാടയായിരുന്നു വേഷം.
കഴുത്തില്‍ കല്ലുകൊണ്ടും മുത്തുകൊണ്ടുമുണ്ടാക്കിയ മാല. തോളത്ത്‌ ഒരു ഭാണ്ഡംകാണും. കൈയില്‍ തുരുമ്പിച്ച കൊയ്‌ത്ത് അരിവാളുണ്ടാകും. മറുകൈയില്‍ ഒരു വടി. ആര്‍ത്തട്ടഹസിച്ച്‌ അവര്‍ നൃത്തം ചെയ്ും. ഒരിക്കല്‍ സ്‌യകൂളില്‍ നിന്ന്‌ തനിച്ച്‌ മടങ്ങിവരികയാണ്‌ ഞാന്‍. രണ്ടാം ക്ലാസിലാണ്‌ അന്ന്‌ പഠിക്കുന്നത്‌. വഴി വിജനമായിരുന്നു. ഇല്ലികമ്പുകള്‍ പിണച്ചുകെട്ടിയവേലി ചുറ്റിലും. നടന്നുവന്നതും അതാ മുന്നില്‍ കാളിഭ്രാന്തി നില്‍ക്കുന്നു. എനിക്കാകെ പേടിയായി.
പെട്ടെന്ന്‌ കാളിഭ്രാന്തി എന്നെകണ്ട്‌ അട്ടഹസിച്ച്‌ ഭ്രാന്തമായി നൃത്തം തുടങ്ങി. ഞാന്‍ പേടിച്ചരണ്ട്‌ അമ്മേയെന്ന്‌ ഉറക്കെവിളിച്ചു. പെട്ടെന്ന്‌ കാളിഭ്രാന്തിയുടെ അട്ടഹാസം നിലച്ചു. പിന്നെ വഴിമാറി നിന്നു. എപ്പോഴും കൈയില്‍ പിടിക്കുന്ന കൊയ്‌ത്ത് അരിവാള്‍ താഴെ വീണു. ''പൊന്നു മക്കള്‍ പേടിക്കണ്ടാ,പോയ്‌ക്കോ''യെന്നും പറഞ്ഞ്‌ അവര്‍ ഒഴിഞ്ഞുനിന്നു. ഭ്രാന്ത്‌ മാറി ആ മുഖത്ത്‌ വാത്സല്യം നിറയുന്നതു ഞാന്‍ കണ്ടു. അത്‌ അവരുടെ വേലയാണെന്നാണ്‌ ഞാന്‍ ആദ്യം ഓര്‍ത്തത്‌. എങ്കിലും കണ്ണും പൂട്ടി ഞാന്‍ ഒറ്റയോട്ടമോടി. പിന്നീട്‌ വലുതായി, ഞാന്‍ ആലപ്പുഴ ടൗണില്‍ എത്തുമ്പോള്‍ കൂട്ടുകാരോട്‌ കാളി ഭ്രാന്തിയെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ആരോ പറഞ്ഞു മുല്ലയ്‌ക്കല്‍ തെരുവില്‍ കിടന്ന്‌ കാളി ഭ്രാന്തി ചത്തുപോയെന്ന്‌. കാളിഭ്രാന്തിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇങ്ങനെ മായാതെ എന്റെ മനസില്‍ കിടന്നു. അങ്ങനെ കാലം കടന്നുപോയി. 2008-09 കാലത്താണ്‌ പുന്നപ്ര വയലാര്‍ സ്‌മരണയുമായി ബന്ധപ്പെട്ട്‌. എം.ടി. ചന്ദ്രസേനന്‍ എഴുതിയ 'പുന്നപ്ര വയലാര്‍ ജ്വലിക്കുന്ന അധ്യായങ്ങള്‍' എന്ന പുസ്‌തകം വായിക്കുന്നത്‌. അതിന്റെ ഒരു അധ്യായം കാളി അരയത്തിയെക്കുറിച്ചായിരുന്നു. ഞാനത്‌ വായിച്ചു ഞെട്ടി. മുല്ലക്കല്‍ തെരുവില്‍ അലഞ്ഞു നടന്ന കാളിഭ്രാന്തിയായിരുന്നോ ആ കാളി അരയത്തി?. പുന്നപ്ര-വയലാര്‍ സമരത്തിലെ രണ്ട്‌ രക്‌തസാക്ഷികളുടെ അമ്മയായ അവരായിരുന്നോ കാളി അരയത്തി?. അവര്‍ക്ക്‌ രണ്ടു മക്കളുണ്ടായിരുന്നു.
കൃഷ്‌ണനും ഗോപാലനും. അവര്‍ക്ക്‌ പതിനെട്ടോ, ഇരുപതോ വയസായിരുന്നു. ആ സമയത്താണ്‌ പുന്നപ്രയിലെ പോലീസ്‌ ക്യാമ്പ്‌ ആക്രമിക്കാന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ജാഥ പോകുന്നത്‌. ജാഥയ്‌ക്ക് ഒപ്പം കൃഷ്‌ണനും ഗോപാലനും പോയി. ക്യാമ്പില്‍ നടന്ന ആക്രമണത്തിലും പോലീസ്‌ വെടിവയ്‌പ്പിലും ഒരുപാടുപേര്‍ മരിച്ചു. കൃഷ്‌ണനും ഗോപാലനും ഈ ആക്രമണത്തില്‍ മരിച്ചുപോയിരുന്നു. പട്ടാളം അവരെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഇതൊന്നുമറിയാതെ കാളിയരയത്തിയും മക്കള്‍ വരുന്നതും കാത്തിരുന്നു. വഴിയില്‍ കാണുന്നവരോടെല്ലാം അവര്‍ മക്കളെ കണ്ടോയെന്ന്‌ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്‌തു. ഒരു ദിവസം കാളിയരയത്തിയോട്‌ ആരോ പറഞ്ഞു. 'കാളിയരയത്തി, കൃഷ്‌ണനും ഗോപാലനും ഇനി വരില്ല , അവരെ പട്ടാളം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ വലിയചുടുകാട്ടില്‍ തള്ളി''. മക്കളെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിയരയത്തിക്ക്‌ അതോടെ സമനിലതെറ്റി. അങ്ങനെ അവര്‍ക്ക്‌ ഭ്രാന്തായി. ഇരുപത്‌ വര്‍ഷത്തോളം അവര്‍ ഭ്രാന്തിയായി ആലപ്പുഴ പട്ടണത്തില്‍ മക്കളെ തിരക്കി അലഞ്ഞുനടന്നു. കാളി അരയത്തി കാളിഭ്രാന്തിയെന്ന പേരില്‍. അമ്മേ എന്നുവിളിച്ച കരഞ്ഞ എന്റെ നിസ്സഹായതയ്‌ക്ക് മുന്നില്‍ ആ മാതൃഹൃദയം അലിഞ്ഞുകാണും. ഇതുപോലെ എത്രയെത്ര രക്‌തസാക്ഷികളുടെ അമ്മമ്മാര്‍. ആ ചിന്തകളാണ്‌ ഉഷ്‌ണരാശിയെന്ന നോവലിന്റെ പിറവിയ്‌ക്ക് ആദ്യബീജമായത്‌.

നോവലിനെ രചനാരീതികള്‍ക്കായി അവലംബിച്ച മാര്‍ഗങ്ങള്‍? എഴുത്തില്‍ നേരിട്ട വെല്ലുവിളികള്‍?.

ഈ നോവലിന്റെ വിവരശേഖരണത്തിന്‌ മൂന്ന്‌ തലങ്ങളുണ്ട്‌. ഒന്ന്‌ സമരത്തില്‍ പങ്കെടുത്തവരെ നേരില്‍ കണ്ട്‌ അവരുടെ അനുഭവവും ഓര്‍മ്മകളും കണ്ടെത്തലായിരുന്നു. സമരത്തില്‍ പങ്കെടുത്ത, ഇന്നും ജീവിക്കുന്നവര്‍ക്ക്‌ ഏകദേശം തൊണ്ണൂറിന്‌ മുകളില്‍ പ്രായമുണ്ട്‌. അവരുടെ ചിതറികിടക്കുന്ന ഓര്‍മ്മകള്‍ അവര്‍ എനിക്കായി ഓര്‍ത്തെടുത്ത്‌ സമ്മാനിക്കുകയായിരുന്നു. രണ്ടാമത്തെ തലത്തില്‍പ്പെട്ടവര്‍ സമരത്തിന്‌ സാക്ഷ്യം വഹിച്ചവരാണ്‌. സമരകാലത്ത്‌ ജീവിച്ചിരുന്ന അവര്‍ക്ക്‌ പട്ടാളത്തിന്റെ ക്രൂരതകളെക്കുറിച്ചും സമരത്തെക്കുറിച്ചും കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ അവരാരും സമരത്തില്‍ പങ്കെടുത്തവരല്ല. മൂന്നാമത്തെ തലത്തിലുള്ളവര്‍ സമരത്തില്‍ പങ്കെടുത്തില്ലെങ്കിലും സമരത്തിന്റെ ഇരകളായി തീര്‍ന്നവരാണ്‌. കുടുംബനാഥന്‍മാര്‍ ഒളിവില്‍ പോയതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചവര്‍. ഇവരെല്ലാം എനിക്ക്‌ വിവരങ്ങള്‍ നല്‍കുന്നതിന്‌ സഹായിച്ചവരാണ്‌. കെ.സി. ജോര്‍ജ്‌, പി.കെ. ചന്ദ്രാനന്ദന്‍, എം.ടി. ചന്ദ്രസേനന്‍, പുതുപ്പള്ളി രാഘവന്‍ തുടങ്ങിയവര്‍ എഴുതിയ പുന്നപ്ര-വയലാര്‍ സമരചരിത്രം അടയാളപ്പെടുത്തിയ പുസ്‌തകങ്ങളും വളരെ സഹായകമായി.
പിന്നെ പ്രധാന വെല്ലുവിളി എന്തായിരുന്നുവെന്നു ചോദിച്ചാല്‍ പുന്നപ്ര-വയലാര്‍ സമരത്തിന്‌ കൃത്യമായ ആര്‍ക്കേവ്‌ ഇല്ലായെന്നതാണ്‌. എത്രപേര്‍ മരിച്ചുവെന്നതില്‍ ഇപ്പോഴും കൃത്യമായ കണക്കില്ല. അന്നത്തെ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ കേന്ദ്ര ഗവണ്‍മെന്റിന്‌ കൊടുത്ത കണക്ക്‌ പ്രകാരം മരിച്ചത്‌ 196 പേരാണ്‌. എന്നാല്‍ സമരനേതാവായിരുന്ന കെ.സി. ജോര്‍ജ്‌ എഴുതിയത്‌ അഞ്ഞൂറോളം പേര്‍ മരിച്ചെന്നാണ്‌. റോബിന്‍ ജഫ്രിയെന്ന വിദേശ എഴുത്തുകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ രണ്ടായിരം പേര്‍ മരിച്ചുവെന്നാണ്‌. എന്റെ അഭിപ്രായപ്രകാരം ഇതിനിടയില്‍ എവിടെയോയാണ്‌ ആ സംഖ്യ. അഞ്ഞൂറിനും ആയിരത്തിനുമിടയില്‍. വെടിവയ്‌പ്പുണ്ടായ ക്യാമ്പില്‍ അന്ന്‌ ആഹാരം കഴിക്കാന്‍ വന്ന ഒത്തിരിപ്പേര്‍ മരിച്ചിട്ടുണ്ട്‌. അതൊന്നും ഈ കണക്കുകളില്‍ വന്നിട്ടില്ല. വയലാറിലെ ക്യാമ്പ്‌ അന്നത്തെ ആറു ക്യാമ്പുകളിലെ നേതൃത്വ ക്യാമ്പായിരുന്നു. മറ്റു ക്യാമ്പുകളില്‍ നിന്ന്‌ അഗതികളായെത്തിയ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ക്യാമ്പിലെ കഞ്ഞിയും പയറും കഴിക്കാന്‍ എത്തിച്ചേര്‍ന്ന സമയമാണ്‌ വെടിവയ്‌പ്പുണ്ടായത്‌. വെടിവയ്‌പ്പില്‍ മരിച്ചവരെ കൂട്ടിയിട്ട്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു.ക ുളങ്ങളില്‍ ശവങ്ങളിട്ടു കുളങ്ങള്‍ മൂടി.

വി.എസ്‌. നോവലില്‍ ഒരു കഥാപാത്രമാണല്ലോ?. എന്തായിരുന്നു വി.എസിന്റെ പ്രതികരണം?

2015 ഓഗസ്‌റ്റ് 18 ന്‌ സഖാവ്‌ കൃഷ്‌ണപിള്ള ദിനത്തിലായിരുന്നു പുസ്‌തകത്തിന്റെ പ്രകാശനം. സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ പ്രകാശന കര്‍മ്മം വഹിച്ചത്‌. എം.എ. ബേബി പുസ്‌തകം ഏറ്റുവാങ്ങി. അന്ന്‌ വി.എസ്‌. ചികിത്സയിലായിരുന്നു. വി.എസ്‌. നോവലില്‍ ഒരു കഥാപാത്രമായതിനാല്‍ പിന്നീട്‌ തിരുവനന്തപുരത്ത്‌ പുരോഗമനകലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വി.എസിനെ ഉള്‍പ്പെടുത്തികൊണ്ട്‌ ഒരു ചടങ്ങ്‌ സംഘടിപ്പിച്ചിരുന്നു. പേഴ്‌സണല്‍ സെക്രട്ടറി എഴുതി തയാറാക്കിയ പ്രസംഗവുമായാണ്‌ വി.എസ്‌. അന്ന്‌ വന്നത്‌. എന്നാല്‍ വി.എസിന്റെ പ്രസംഗത്തിനു തൊട്ടുമുമ്പ്‌ കോംപയര്‍ ചെയ്‌ത എഴുത്തുകാരി വി.എസ്‌ ബിന്ദു വി.എസ്‌. കഥാപാത്രമായി നോവലില്‍ വരുന്ന ഭാഗം വായിച്ചു. വി.എസിനെ പാല ലോക്കപ്പിലിട്ടു മര്‍ദിക്കുന്ന ഭാഗമായിരുന്നു വായിച്ചത്‌.
ലോക്കപ്പിലെ അഴികളോടു കാലുകള്‍ ചേര്‍ത്തുകെട്ടി, കാലിന്റെ വെള്ളയില്‍ നിര്‍ദ്ദയം ലത്തികൊണ്ട്‌ അടിച്ച്‌ സഖാവ്‌ കെ.വി. പത്രോസ്‌ എവിടെയാണ്‌ ഒളിഞ്ഞിരിക്കുന്നതെന്ന്‌ അറിയാനുള്ള പോലീസിന്റെ ക്രൂരമായ മര്‍ദനമുറകളായിരുന്നു അത്‌. പത്രോസ്‌ എവിടെയെന്ന്‌ സത്യത്തില്‍ വി.എസിനും അറിയില്ലായിരുന്നു. എന്നാല്‍ വി.എസ്‌. സത്യം പറയാതിരിക്കുകയാണെന്നു കരുതി പാറാവുകാരന്‍ തോക്കിന്റെ പാത്തികൊണ്ട്‌ വി.എസിനെ കാലിന്റെ വെള്ളയില്‍ കുത്തി. കാലില്‍ നിന്നും രക്‌തംചീറ്റി. അടിയേറ്റ്‌ അവശനായ വി.എസ്‌ ബോധരഹിതനായി. ഈ സമയം കള്ളന്‍ കോലപ്പന്‍ ലോക്കപ്പിലുണ്ട്‌. വി.എസില്‍ നിന്നും ഒരു പ്രതികരണവുമില്ലാതാകുന്നതോടെ വി.എസ്‌. മരിച്ചെന്നു കരുതി പാലാ കാട്ടില്‍ കുഴിച്ചുമൂടാന്‍ കോലപ്പനെയും പോലീസ്‌ ജീപ്പില്‍ കൊണ്ടുപോകുന്നു. കുഴിയെടുത്തു, മൂടാന്‍ പോകും വഴി വി.എസ്‌ അനങ്ങുന്നത്‌ കണ്ട്‌ കോലപ്പന്‍-
'' അല്ല, യജമാനെ ഈ മനുഷ്യന്‌ ജീവനുണ്ടെന്ന്‌ '' -പറയുന്നു. അങ്ങനെ വി.എസിനെ ആശുപത്രിയില്‍ കൊണ്ടുപോകുകയും വി.എസ്‌. രക്ഷപ്പെടുകയും ചെയ്യുന്നു. കോലപ്പനാണ്‌ വി.എസിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാരണമായത്‌. ഇതെല്ലാം വി.എസുമായി നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം എന്നോട്‌ പറഞ്ഞതാണ്‌. കോംപയര്‍ ഈ നോവല്‍ ഭാഗം വായിച്ചുകേട്ടതും വി.എസ്‌ വികാരാധീനനായി. എഴുതി തയാറാക്കിയ കുറിപ്പ്‌ വി.എസിന്റെ കൈയിലിരുന്നത്‌ വിറച്ചു. അദ്ദേഹത്തിന്‌ പ്രസംഗിക്കാന്‍ പറ്റാതെയായി. ''ഇതെല്ലാം ഞാന്‍ മോഹന്‍കുമാറിനോട്‌ പറഞ്ഞതാണ്‌. ഇവിടെ വായിച്ചുകേട്ടതെല്ലാം സത്യമാണ്‌. ഇതിനുമപ്പുറം എനിക്കൊന്നും പറയാനില്ല'. അതും പറഞ്ഞ്‌ വി.എസ്‌. പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

എന്തൊക്കെ വിചിത്രതകളാണ്‌ രചനയുടെ പണിപ്പുരയില്‍
എഴുത്തുകാരനെ കാത്തിരുന്നത്‌?

കഥാപാത്രങ്ങള്‍ പലപ്പോഴും എന്നെ കൈപിടിച്ചു കൊണ്ടുപോകുന്ന അനുഭവമുണ്ടായിരുന്നു. കൈത്തറ പാപ്പിയെക്കുറിച്ച്‌ ഞാനറിയുന്നത്‌ കെ.സി. ജോര്‍ജ്‌ എഴുതിയ പുസ്‌തകത്തില്‍ നിന്നാണ്‌. തുലാം എഴാം തീയതി കൈത്തറ പാപ്പിയെ പട്ടാളക്കാര്‍ ക്യാമ്പില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തുവെന്നു മാത്രമാണ്‌ എഴുതിയിരുന്നത്‌. എന്നാല്‍ നോവല്‍ വികസിച്ചു വന്നപ്പോള്‍ കൈത്തറ പാപ്പി നോവലിലെ ആണിക്കല്ലായ കഥാപാത്രമായി മാറുകയായിരുന്നു. കുടുംബത്തിന്റെ വേരുകള്‍ അന്വേഷിച്ചുവരുന്ന അപരാജിതയുടെ അച്‌ഛന്‍ സത്യദാസിന്റെ മാതാവ്‌ കൈത്തറ പാപ്പിയാണ്‌. ഇതിനൊപ്പം വിചിത്രമായ അനുഭവങ്ങള്‍ പലതും എന്നെ കാത്തിരുന്നു. നോവല്‍ കലാകൗമുദിയില്‍ വന്നുകൊണ്ടിരിക്കുന്ന സമയം. പുന്നപ്ര- വയലാര്‍ സമരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സഖാവായ മേനാശേരിയിലെ വിപ്ലവനക്ഷത്രമായ അനഘാശയന്റെ ജ്യേഷ്‌ഠന്‍ രാഘവന്‍ സഖാവ്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ പറഞ്ഞ്‌ ഗാനരചയിതാവായ രാജീവ്‌ ആലുങ്കല്‍ എന്നെ വിളിച്ചു.
നിലവറയിലെ വെടിവയ്‌പ്പിനെ അതിജീവിച്ച നാല്‍വര്‍ സംഘത്തിലെ ഇന്നു ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍. നോവലില്‍ അനഘാശയന്‍ തൊഴിലാളികളുടെ ജീവിതം എന്തുകൊണ്ട്‌ ദുരിത പൂര്‍ണമായി എന്ന്‌ അന്വേഷിക്കുമ്പോള്‍ അച്‌ഛന്‍ അനഘാശയനോട്‌ പറയുന്നത്‌ അത്‌ നമ്മുടെ വിധിയെന്നാണ്‌. അനഘാശയന്റെ ഈ ചോദ്യത്തിന്‌ സഖാവ്‌ പ്രഭാകരനാണ്‌ മുതലാളിവര്‍ഗത്തിന്റെ ചൂഷണത്തിന്റെ ഇരകളാണ്‌ നമ്മളെന്ന്‌ പറയുന്നത്‌. ഈ പ്രഭാകരന്‍ സഖാവുമായി അനഘാശയന്‍ പിന്നീട്‌ ചങ്ങാത്തമാകുന്നു. പ്രഭാകരന്‍ സഖാവ്‌ എന്റെ ഭാവനാകഥാപാത്രമായിരുന്നു. ഈ സമയത്താണ്‌ രാജീവിനെയും കൂട്ടി ഞാന്‍ രാഘവന്‍ സഖാവിനെ കാണാന്‍ ചെല്ലുന്നത്‌. വയ്യാതെ കിടക്കുകയായിരുന്നു തൊണ്ണൂറിലെത്തിയ അദ്ദേഹം.
സമരകാലത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞ കൂട്ടത്തില്‍ അനഘാശയന്റെ സുഹൃത്ത്‌ ആരൊക്കെയായിരുന്നുവെന്ന്‌ ഞാന്‍ ചോദിച്ചു. കുറച്ചുനരം അദ്ദേഹം ആലോചിച്ചിരുന്നു. അനഘാശയന്‌ അങ്ങനെ ചങ്ങാതിമാരൊന്നുമില്ലെന്നും പിന്നെ ആറേഴു വയസ്സുമൂപ്പുളള പൊള്ളയില്‍ പ്രഭാകരനായിരുന്നു ചങ്ങതിയെന്നു പറഞ്ഞത്‌. ഞാന്‍ ഭാവനയില്‍ എഴുതിയ പേരും രാഘവന്‍ ചേട്ടന്‍ പറഞ്ഞുതന്ന സുഹൃത്തിന്റെ പേരും ഒന്നായിമാറിയത്‌ വിചിത്രമായിമാറി.

എം.എ. ബൈജു

Ads by Google
Sunday 25 Jun 2017 01.16 AM
YOU MAY BE INTERESTED
TRENDING NOW