Saturday, May 26, 2018 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google

തുറന്നവാതില്‍

Dr. Mathew Kuzhalnadan
Dr. Mathew Kuzhalnadan
Saturday 24 Jun 2017 01.40 AM

മലയോരക്കര്‍ഷകന്‍ രക്‌തസാക്ഷിയാകുമ്പോള്‍...

uploads/news/2017/06/121440/bft1.jpg

അധികൃതര്‍ ഭൂനികുതി സ്വീകരിക്കാന്‍ വിസമ്മച്ചതിനെത്തുടര്‍ന്ന്‌ ബുധനാഴ്‌ച രാത്രി കര്‍ഷകന്‍ ചെമ്പനോട്‌ വില്ലേജ്‌ ഓഫീസിന്റെ വരാന്തയില്‍ ജീവനൊടുക്കിയ സംഭവം കേരള മനഃസാക്ഷിയെ ഉലയ്‌ക്കുന്നതാണ്‌. കോഴിക്കോട്‌ ജില്ലയിലെ മലയോര മേഖലയായ ചെമ്പനോടിയിലെ കാവില്‍ പുരയിടം ജോയി(തോമസ്‌)ആണു ബുധനാഴ്‌ച രാത്രി ജീവനൊടുക്കിയത്‌. ഭാര്യയുടെ പേരിലുള്ള 80 സെന്റ്‌ ഭൂമിയുടെ ഇക്കൊലത്തെ നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ മനംനൊന്താണ്‌ ആത്മഹത്യ ചെയ്‌തത്‌.
കഴിഞ്ഞവര്‍ഷവും നികുതി സ്വീകരിക്കാന്‍ വില്ലേജ്‌ അധികൃതര്‍ തയാറായില്ല. എന്നാല്‍, നടപടിയില്‍ പ്രതിഷേധിച്ച്‌ ഈ കുടുംബം വില്ലേജ്‌ ഓഫീസിനു മുന്നില്‍ സത്യഗ്രഹം നടത്തുകയും തുടര്‍ന്ന്‌ തഹസില്‍ദാര്‍ ഇടപെട്ട്‌ താല്‍ക്കാലികമായി നികുതി സ്വീകരിക്കുകയുമാണുണ്ടായത്‌.
ഇക്കൊല്ലം നികുതിയടയ്‌ക്കാന്‍ ചെന്നപ്പോള്‍ സമാനമായ അനുഭവമാണ്‌ ജോയിക്ക്‌ നേരിടേണ്ടിവന്നത്‌. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട്‌ പ്രതിസന്ധിയിലായ കര്‍ഷകന്റെ കുടുംബം, ഭൂമി ഈട്‌ നല്‍കി വായ്‌പ തരപ്പെടുത്താന്‍ ശ്രമിച്ചുവരികയായിരുന്നു.
ഈ വര്‍ഷത്തെ നികുതിരസീതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റുമില്ലാതെ വായ്‌പ ലഭ്യമാകില്ലെന്ന്‌ വന്നപ്പോഴാണ്‌ ഈ കടുംകൈയ്‌ക്ക്‌ ജോയി മുതിര്‍ന്നത്‌. ഇത്‌ ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. സംസ്‌ഥാനത്തെ, വിശേഷിച്ച്‌ മലയോര മേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതവും വേദനയുമാണ്‌ ജോയിയും നേരിടേണ്ടിവന്നത്‌. ആത്മഹത്യ ചെയ്‌തുകൊണ്ട്‌ ഈ കര്‍ഷകന്റെ ദുരിതം നാം അറിയുന്നു. ഇതിലേറെ കടുത്ത പീഡനങ്ങള്‍ മലയോരക്കര്‍ഷകര്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്‌.
ഭൂനികുതി സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു കാട്ടി ഒരു മാസം മുമ്പ്‌ വില്ലേജ്‌ ഓഫീസര്‍ക്ക്‌ ജോയി കത്ത്‌ നല്‍കിയെന്നതു ഗൗരവം വര്‍ധിപ്പിക്കുന്നു. നിരാലംബനായ ഒരു കര്‍ഷകന്‍ അവന്റെ കഴിവിന്റെ പരമാവധി പരിശ്രമവും സമ്മര്‍ദവും ചെലുത്തിയതിന്‌ ശേഷമാണ്‌ ഒടുവില്‍ ആത്മഹത്യ ചെയ്‌തത്‌. ഇത്‌ മലയോരക്കര്‍ഷകന്റെ ദുരവസ്‌ഥയാണ്‌ കാണിക്കുന്നത്‌.
2015 വരെ നികുതി സ്വീകരിച്ചിരുന്ന ഭൂമിക്ക്‌ ആരുടെയോ പരാതി ഉണ്ടെന്നു പറഞ്ഞ്‌ നികുതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി കലക്‌ടര്‍ക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ മേല്‍പ്പറഞ്ഞ ഭൂമിക്ക്‌ നികുതി സ്വീകരിക്കുന്നതിന്‌ തടസമിെല്ലന്ന്‌ കൊയിലാണ്ടി തഹസില്‍ദാര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍, തഹസില്‍ദാരുടെ റിപ്പോര്‍ട്ട്‌ മാനിക്കാന്‍ വില്ലേജ്‌ ഓഫീസര്‍ തയാറായില്ല. ആത്മഹത്യക്ക്‌ പിന്നാലെ നികുതി സ്വീകരിക്കാനുള്ള നിര്‍ദേശം അധികൃതര്‍ നല്‍കിയെന്നു പറയുമ്പോള്‍, കര്‍ഷകന്റെ മരണം വരെ നികുതി സ്വീകരിക്കുന്നത്‌ തടഞ്ഞ നടപടി നിയമവിരുദ്ധമായിരുന്നു എന്ന്‌ മാത്രമല്ല, പീഡനമായിരുന്നു എന്നും തെളിയുന്നു.
ഇത്‌ കേവലം ഒറ്റപ്പെട്ട സംഭവമല്ല. കുടിയേറ്റക്കാരായ മലയോരക്കര്‍ഷകര്‍ തലമുറകളായി കഴിയുന്ന ഭൂമിയുടെ അവകാശം ഇന്നും അവര്‍ക്ക്‌ നല്‍കിയിട്ടില്ലെന്നത്‌ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്‌.
തങ്ങളെ കുടിയിരുത്തിയ 32 സെന്റ്‌ സ്‌ഥലത്തിന്റെ അവകാശം സ്‌ഥാപിക്കുന്നതിന്‌ 1962- ല്‍ ഇടുക്കിയിലെ നെടുങ്കണ്ടത്തു കെ.ജെ. മാത്യൂസ്‌ എന്ന കര്‍ഷകന്‍ തുടങ്ങിയ നിയമപോരാട്ടത്തിന്‌ ഇന്നും ആ കുടുംബത്തിന്‌ നീതി ലഭിച്ചിട്ടില്ല. 1993 ല്‍ 84-ാം വയസില്‍ മത്യാസ്‌ എന്ന കര്‍ഷകന്‍ മരിച്ചു. അപ്പന്റെ മരണശേഷം മനോരമ ചാക്കോ എന്നറിയപ്പെടുന്ന മകന്‍ നിയമപോരാട്ടം തുടരുന്നു.
ചാക്കോയ്‌ക്ക്‌ 60 വയസായി. ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. ഭൂമി നല്‍കാന്‍ നിര്‍ദേശിക്കുന്ന ആറു ഹൈക്കോടതി വിധികളും ഏഴു സര്‍ക്കാര്‍ ഉത്തരവുകളുമായി ഇന്നും ഈ കര്‍ഷകന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്‌. പത്രമാദ്ധ്യമങ്ങളിലൊക്കെ പലവട്ടം വാര്‍ത്ത വന്നെങ്കിലും ഈ കര്‍ഷകന്‌ നീതി അകലെയാണ്‌. ഇങ്ങനെ എത്ര പേര്‍? അധികൃതരുടെ കണ്ണു തുറക്കാനും കനിവുണ്ടാകാനും ഇനി എത്ര രക്‌തസാക്ഷികളുണ്ടാകണം?
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഏതാനും കര്‍ഷകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും കൃഷിനാശം സംഭവിക്കുകയുമുണ്ടായി. സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
എന്നാല്‍, ഇടുക്കിയിലെ സിങ്കുകണ്ടം മേഖലയിലെ ആദിവാസികള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ ഭൂമിക്ക്‌ പട്ടയരേഖയില്ലെന്നു പറഞ്ഞ്‌ അവര്‍ക്ക്‌ മാത്രം നഷ്‌ടപരിഹാരം നല്‍കിയിട്ടില്ല. ആദിവാസികള്‍ക്ക്‌ പട്ടയരേഖ ആവശ്യമില്ലെന്നത്‌ സര്‍ക്കാരിന്റെ തന്നെ നിയമമാണ്‌. അതേ നിയമം ചൂണ്ടിക്കാട്ടി അവര്‍ക്ക്‌ അര്‍ഹിച്ച ആനുകൂല്യം നിഷേധിക്കുന്നു. ഇത്‌ എന്ത്‌ നീതി?
ഇത്തരത്തില്‍ തലമുറകളുടെ അധ്വാനവും വിയര്‍പ്പും രക്‌തവും ഒഴുക്കിയ മണ്ണില്‍ ഇന്നും അവകാശം ലഭിക്കാതെ അതിജീവനത്തിന്‌ വേണ്ടി പോരാടുന്ന വലിയ ഒരു വിഭാഗം മലയോരക്കര്‍ഷകന്റെ പ്രതീകമാണ്‌ ജോയി എന്ന രക്‌തസാക്ഷി. കര്‍ഷകന്റെ ദുരിതം അവസാനിപ്പിക്കാന്‍ ഇനിയും എത്ര രക്‌തസാക്ഷികളെ വേണം?

Ads by Google

തുറന്നവാതില്‍

Dr. Mathew Kuzhalnadan
Dr. Mathew Kuzhalnadan
Saturday 24 Jun 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW