Saturday, April 07, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 04.09 PM

അരമതിലിനപ്പുറത്തെ മൂന്നുവയസ്സുകാരി...

uploads/news/2017/06/121291/Weeklypenma230617a.jpg

എല്ലാ ഹോസ്റ്റലുകള്‍ക്കും ചില പൊതുസ്വഭാവങ്ങളുണ്ട്. ഒരേ മട്ടിലുള്ള കെട്ടിടങ്ങള്‍, മങ്ങിയ നിറമുള്ള ചുവരുകള്‍, നീളന്‍ വരാന്തകള്‍, ഇരുവഴിക്കോവണികള്‍. തുറക്കാന്‍ അനുമതി ഉള്ളതും ഇല്ലാത്തതുമായ ജനാലകള്‍, കഴിക്കാറായെന്നും, പ്രാര്‍ത്ഥി ക്കാറായെന്നും ഉറങ്ങാറായെന്നും പറയാന്‍ മണിയടിയൊച്ചകള്‍, പിന്നെ കണിശ സ്വഭാവക്കാരിയായ ഒരു വാര്‍ഡനും .

ഇതൊക്കെക്കൊണ്ടാവാം സ്വാഭാവികമായും ഹോസ്റ്റല്‍ ദിവസങ്ങള്‍ വിരസമാകുന്നതും ആഴ്ചാവസാനമാകാന്‍ താമസക്കാര്‍ കാത്തുകാത്തിരിക്കുന്നതും രക്ഷപ്പെട്ടോടുന്നതും .

വീടുവിട്ട് മറ്റൊരു ജില്ലയില്‍ ജോലി ചെയ്യുന്ന കാലം. താമസത്തിന് ആ പ്രദേശത്തെ നല്ലപേരുള്ള ഒരു ഹോസ്റ്റല്‍ തന്നെ തെരെഞ്ഞെടുത്തു. ഭക്ഷണപ്രിയ അല്ലാത്തതു കൊണ്ടും അന്നം രാജാവാണെന്ന തോന്നല്‍ ഉള്ളിലുള്ളതിനാലുമാവാം ഭക്ഷണനേരങ്ങളില്‍ മിക്കവാറും കേള്‍ക്കാറുള്ള പരാതികളില്‍ ഒട്ടും തന്നെ പങ്കുകൊള്ളാന്‍ തോന്നാതിരുന്നത്.

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, എന്നും ഒരേ പോലുള്ള ഭക്ഷണം, ബെല്ലടിക്കുമ്പോഴുള്ള ലൈറ്റ് ഓഫ് ചെയ്തു കിടത്തം, കുളിമുറികള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്, ജലക്ഷാമം, അങ്ങനെ ആ ഹോസ്റ്റല്‍ അന്തരീക്ഷവും എല്ലായിടത്തെയുംപോലെ പതിയെപതിയെ മടുത്തുതുടങ്ങി .

ഈ വിരസതയകറ്റാന്‍ അവിടെ ഒരിടമുണ്ടായിരുന്നു; ഹോസ്റ്റലിന്റെ അതേ ചുറ്റു മതിലിനകത്തെ ഒരു നഴ്‌സറി സ്‌കൂള്‍. ഒച്ചവച്ച് ആര്‍ത്തുചിരിച്ചുകൊണ്ട് മുറ്റം നിറയുന്ന ഈ പൂമ്പാറ്റക്കുട്ടികളെയാണ് രാവിലെ ഇറങ്ങുമ്പോള്‍ കാണുക .

വൈകിട്ട് തിരികെ വരുമ്പോള്‍ അവരില്‍പലരും പൊയ്ക്കഴിഞ്ഞിട്ടുണ്ടാവും. ചിലര്‍ രക്ഷിതാക്കളെ കാത്തുനില്‍ക്കുന്നുണ്ടാവും വളരെ അടുത്തു വീടുകളുള്ള ചില കുറുമ്പന്മാരും കുറുമ്പികളും വീട്ടില്‍ പോവാന്‍ ധൃതി കൂട്ടാതെ ഊഞ്ഞാലിലും കുതിരപ്പുറത്തും കയറിയിരുന്നും പന്ത് തട്ടിയുമൊക്കെ കളിച്ചു തിമിര്‍ക്കുന്നുണ്ടാവും.

വലിയ കിലുക്കമുള്ള, പാദസരമിട്ട, മഷിയെഴുതിയ വട്ടക്കണ്ണുകളും വെളുത്ത കുഞ്ഞുമുഖവുമുള്ള ഒരു മൂന്നുവയസ്സുകാരിയായിരുന്നു ആ കൂട്ടത്തില്‍ വലിയ വര്‍ത്തമാനക്കാരി. എല്ലാവരുമായും പെട്ടെന്ന് ഇണങ്ങിയ അവള്‍ കാത്തുനിന്ന് ഒന്ന് കൈവീശിക്കാണിച്ചേ പോവാറുണ്ടായിരുന്നുള്ളു .

ഹോസ്റ്റല്‍ ദിവസങ്ങള്‍ പതിവുപടി പൊയ്‌ക്കൊണ്ടിരുന്നു. ചിലര്‍ സ്ഥിരമായി 'ഭക്ഷണലഹള' ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ഹോസ്റ്റലിന്റെ ഭക്ഷണമടക്കമുള്ള ചിട്ടകള്‍ ഒരു മാറ്റവുമില്ലാതെ തുടരുകയും ചെയ്തുകൊണ്ടിരുന്നു.

എന്തൊക്കെയോ കാരണങ്ങളാല്‍ രണ്ടുമൂന്നു ദിവസത്തെ ഒഴിവുദിനങ്ങള്‍ കഴിഞ്ഞ് തിരികെ ജോലിസ്ഥലത്തേക്ക് തിരിച്ചൊരു തിങ്കളാഴ്ച. നന്നേ മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലെ പല പല ബ്ലോക്കുകളും താണ്ടി സ്ഥലത്തെത്തുമ്പോഴേക്ക് ഏറെ വൈകി.

ഹോസ്റ്റലില്‍ എത്തി ബാഗ് വച്ച് ഉച്ചയ്ക്കുശേഷം ജോലിസ്ഥലത്തെത്താമെന്നു കരുതി. നന്നേ വിശക്കുന്നുമുണ്ടായിരുന്നു. മെസ്സില്‍ കുറച്ചാളുകളേ എത്തിയിട്ടുണ്ടായിരുന്നുള്ളു. എന്നെപ്പോലെ എന്തൊക്കെയോ കാരണങ്ങളാല്‍ വൈകിയവര്‍.

ഒട്ടും ബഹളങ്ങളും ആളുകളുമില്ലാത്ത മെസ്സില്‍ പക്ഷെ അന്ന് പതിവിനു വിപരീതമായി വിഭവ സമൃദ്ധമായ ഭക്ഷണം. സാധാരണ അവിടെത്തന്നെ കാണാറുള്ള മെസ്സിലെ ചേച്ചി അവിടെങ്ങുമില്ല.

വരുന്നവര്‍ക്ക് ഭക്ഷണം എടുത്തുകഴിക്കാമെന്ന കുറിപ്പ് തൂങ്ങുന്നുണ്ട് ചുമരിലെ നോട്ടീസ്‌ബോര്‍ഡില്‍. നോക്കുമ്പോള്‍ ഒരു സദ്യവട്ടത്തിനുള്ള വിഭവങ്ങളുണ്ട്. അധികമൊന്നും തിരക്കാതെ എല്ലാവരും ഊണുകഴിക്കാന്‍ തുടങ്ങി. വിശപ്പും രുചിയും ചേര്‍ന്ന് നന്നായിത്തന്നെ കഴിക്കുമ്പോഴാണ് മെസ്സിലെ ചേച്ചി വന്നുകയറിയത് .

''ഇതെന്താ ചേച്ചീ ഇത്ര സദ്യവട്ടം? എന്തായാലും ഗംഭീരം''
ആരോ പറഞ്ഞു. ചേച്ചിയുടെ മുഖം കലങ്ങിയിരുന്നു. അവര്‍ വിഷമത്തോടെ ഒന്ന് ചിരിച്ചെന്നു വരുത്തി. പിന്നെ പറഞ്ഞു.

''കലപിലാ പറയണ ആ കുഞ്ഞില്ലേ, അതിന്റെ ചടങ്ങിന്റെയാ. മരിച്ചുപോയി. ഒറ്റ ദിവസത്തെ ഒരു പനി..നിര്‍ബന്ധായിട്ടും എല്ലാര്‍ക്കും തരണമെന്ന് അവരേല്‍പ്പിച്ചു പോയതാരുന്നു''

അരമതിലിനപ്പുറത്തു നിന്ന് എപ്പോഴും കൈവീശിക്കാണിച്ചിരുന്ന, വലിയ വായില്‍ വര്‍ത്തമാനം പറയാറുണ്ടായിരുന്ന, വട്ടക്കണ്ണുകളും വലിയ ഒച്ചയുള്ള, പാദസരങ്ങളിട്ട ആ കുഞ്ഞിനെ എന്നെപ്പോലെ മറ്റെല്ലാവരും പെട്ടെന്ന് ഓര്‍ത്തെടുത്തുകാണണം .

ഇഷ്ടത്തോടെ, രുചിയോടെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം വായിലിരുന്നു കയ്ക്കും പോലെ. സങ്കടത്താല്‍, കഴിച്ചതപ്പാടെ ഛര്‍ദിയായി പുറത്തുവരുംപോലെ.
ഞാന്‍ അറിയാതെ സ്ഥിരം 'ഭക്ഷണപ്പരാതി' പറയുന്നവരെ നോക്കിപ്പോയി. കുഴച്ച ഉരുളകളുമായി വല്ലാത്ത കുറ്റബോധത്തോടെ തല കുമ്പിട്ടിരിക്കുകയാണ് എല്ലാവരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW