Wednesday, April 04, 2018 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 04.05 PM

ദേവീ മാഹാത്മ്യ ചരിതം - പ്രഥമ ചരിതം

uploads/news/2017/06/121290/jyothi230617.jpg

ദേവീ മാഹാത്മ്യത്തെക്കുറിച്ചും അതിന്റെ പാരായണ ക്രമത്തെക്കുറിച്ചും നിത്യജീവിതത്തില്‍ അത് ശീലമാക്കിയാലുള്ള ഗുണഫലങ്ങളെക്കുറിച്ചും വായിച്ചു കാണുമല്ലോ? ഇനിയും തുടര്‍ന്നുള്ള ലക്കങ്ങളിലായി ഓരോ അദ്ധ്യായത്തെക്കുറിച്ചും വിശദമാക്കുന്നതിനായുള്ള എന്റെ എളിയ ശ്രമം വിജയത്തില്‍ എത്തിക്കുന്നതിനായി വായനക്കാരുടെ പ്രാര്‍ത്ഥനയും എന്നോടൊപ്പം ഉണ്ടാകട്ടെ; ഒപ്പം വിശ്വജനനിയായ ജഗദംബയുടെ അനുഗ്രഹവും.

ദേവീ മാഹാത്മ്യത്തില്‍ ജഗദംബയുടെ മൂന്നു ഭാവങ്ങളായ ശ്രീ മഹാകാളി, ശ്രീ മഹാലക്ഷ്മി, ശ്രീ മഹാസരസ്വതി എന്നീ ദേവതകളെയും ഒപ്പം തന്നെ അമ്മയുടെ അംശങ്ങള്‍ ആയ ബ്രഹ്മാണി, മാഹേശ്വരി, കൗമാരി മുതലായ സപ്ത മാതൃക്കളെയും പ്രകീര്‍ത്തിക്കുന്നു. മാര്‍ക്കണ്‌ഡേയ 'ഉവാച' എന്നു പറഞ്ഞാണ് പ്രഥമ അദ്ധ്യായം ആരംഭിക്കുന്നത്. ഇതില്‍നിന്നും കഥാരൂപത്തില്‍ അമ്മയുടെ മാഹാത്മ്യങ്ങള്‍ മാര്‍ക്കണ്‌ഡേയ മഹര്‍ഷി പറയുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

എഴുന്നൂറ് മന്ത്രങ്ങള്‍ അടങ്ങിയ പതിമൂന്ന് അദ്ധ്യായങ്ങളെ മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നുവെന്ന് പറഞ്ഞുവല്ലോ? നവരാത്രി കാലത്ത് പ്രധാനമായും മൂന്നു ദേവീഭാവത്തിലും പൂജിക്കുന്നു. അതിനെ നമുക്ക് ഇങ്ങനെയും വിലയിരുത്താം. അതായത് ആദ്യമൂന്നു ദിവസം ശ്രീ മഹാകാളീഭാവത്തില്‍ ഉള്ള പൂജയാല്‍ മനുഷ്യമനസ്സിലുള്ള ആസുരഭാവത്തെ അകറ്റുന്നു. രണ്ടാമത്തെ മൂന്നു ദിവസത്തെ പൂജയാല്‍ ദൈവിക സമ്പത്ത് ഉള്‍പ്പെടെയുള്ള ഐശ്വര്യത്തെ ശ്രീ മഹാലക്ഷ്മീ പൂജയാല്‍ ലഭിക്കുന്നു.

മൂന്നാമത്തെ മൂന്നു ദിവസത്തെ പൂജയാല്‍ അതായത് ജ്ഞാന സ്വരൂപിണിയായ ശ്രീ മഹാസരസ്വതീ പൂജയാല്‍ പരമാര്‍ത്ഥജ്ഞാനവും വിദ്യയും അറിവും വിവേകവും ലഭിക്കുന്നു. നമ്മിലുള്ള ആസുരഭാവത്തെ ഇല്ലായ്മ ചെയ്ത് ദൈവിക സമ്പത്തിനെയും ഐശ്വര്യത്തെയും വളര്‍ത്തി മനസ്സിനെ നിര്‍മ്മലമാക്കി പരമാര്‍ത്ഥ ജ്ഞാനത്തെ സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. പത്താമത്തെ ദിവസമായ വിജയദശമിനാളില്‍ നാം അത് ആഘോഷിക്കയും ചെയ്യുന്നു.

പ്രഥമ ചരിതം


പണ്ടുകാലത്തുണ്ടായ ഒരു കഥ: അതായത് സ്വാരോചിഷ മന്വന്തരത്തിലുണ്ടായ കഥ. അന്ന് ചൈത്രവംശത്തിലെ 'സുരഥന്‍' എന്ന രാജാവ് പല രാജ്യങ്ങളും കീഴടക്കി ചക്രവര്‍ത്തിയായി വാണിരുന്ന കാലത്ത് കോലാവിധ്വംസികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ യുദ്ധത്തില്‍ തോല്പിച്ച് രാജ്യവും സമ്പത്തും അധികാരവും കൈക്കലാക്കി.

നായാട്ടിനെന്ന വ്യാജേന രാജാവ് ഒറ്റയ്ക്ക് കുതിരപ്പുറത്തു കയറി കാട്ടിലേക്ക് പോകുന്നു. രാജാവ് 'സുമേധസ്സ്' എന്ന മഹര്‍ഷിയുടെ സ്വച്ഛസുന്ദരമായ ആശ്രമത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ അവിടെയും അദ്ദേഹത്തിന് മനസ്വസ്ഥത ലഭിക്കുന്നില്ല. തന്റെ രാജ്യത്തെയും കൊട്ടാരത്തെയും പത്‌നിമാരേയും പ്രജകളെയും മക്കളെയും ഓര്‍ത്ത് ചിന്തിച്ച് ദുഃഖിതനാകുന്നു.

കാട്ടില്‍ ഇപ്രകാരം അലഞ്ഞു നടക്കുന്ന അദ്ദേഹം 'സമാധി' എന്നു പേരായ ഒരു വൈശ്യനെ കണ്ടുമുട്ടുന്നു. തന്റെ സ്വന്തം ഗൃഹത്തില്‍നിന്നും ധനമോഹികളായ ഭാര്യയും മക്കളും, ചേര്‍ന്ന് തന്നെ നിഷ്‌കരുണം ആട്ടിപ്പായിച്ചതാണെന്ന സത്യം, സമാധി രാജാവിനോട് പറയുന്നു. എന്നിട്ടും തന്റെ ഭാര്യയെയും മക്കളെയും കുറിച്ചുള്ള ചിന്ത തന്നില്‍ നിന്നും വിട്ടുപോകുന്നില്ല എന്നും വൈശ്യന്‍ പറയുന്നു. രണ്ടുപേരും ചേര്‍ന്ന് സുമേധസ്സു മഹര്‍ഷിയുടെ അടുത്തെത്തുന്നു. തങ്ങളുടെ വിഷമങ്ങള്‍ മഹര്‍ഷിയോട് പറഞ്ഞ് ഇതിനൊരു നിവൃത്തിമാര്‍ഗ്ഗം കാട്ടിത്തരണമെന്നപേക്ഷിക്കുന്നു.

അതിന് മറുപടിയായി മഹര്‍ഷി സകല ചരാചരങ്ങളിലും വസിക്കുന്ന ദേവീ മഹാമായയെ ആരാധിക്കാന്‍ അവരോട് ഉപദേശിക്കുന്നു. ആരാണ് ദേവി, എന്താണ് ദേവിയുടെ ചരിത്രം, എങ്ങനെയാണ് ആരാധിക്കേണ്ടത് എന്ന രാജാവിന്റെ ചോദ്യത്തിന് മഹര്‍ഷി വിശദമായി അമ്മയുടെ കഥകള്‍ പറഞ്ഞുകൊടുക്കുന്നു. സുമേധസ്സു മഹര്‍ഷി, മാര്‍ക്കണ്‌ഡേയന്‍ പറഞ്ഞ കഥകള്‍ ഇങ്ങനെ പറയുന്നു.

'രാജന്‍; ഓരോ ജന്തുവിലും ജ്ഞാനം ഉണ്ട്. മമതയും ഉണ്ട്. മനുഷ്യരെപ്പോലെ ഒരുപക്ഷേ, അതില്‍ക്കൂടുതല്‍ ജ്ഞാനികള്‍ പക്ഷിമൃഗാദികള്‍ ആയിരിക്കാം. ഓരോ ജന്തുവിലും ഓരോരോ വിഷയങ്ങളിലാണ് ജ്ഞാനം എന്നുള്ളതാണ് വ്യത്യാസം. ഉദാഹരണത്തിന് പക്ഷികള്‍ കൂടുകൂട്ടുന്നു. പെണ്‍പക്ഷി അതില്‍ മുട്ടയിടുന്നു. ആണ്‍പക്ഷി അവയെ സംരക്ഷിച്ചുകൊണ്ട് ചുറ്റിനും ചുറ്റിത്തിരിയുന്നു. അടയിരുന്ന് കുഞ്ഞുങ്ങള്‍ വിരിയുമ്പോള്‍ കിട്ടുന്ന ഭക്ഷണം സ്വയം കഴിക്കാതെ കൊണ്ടുവന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നു. അവ വളര്‍ന്ന് ചിറകുമുളച്ച് വലുതായിക്കഴിഞ്ഞാല്‍ അതിന്റെ പാട്ടിന് ഓരോന്നായി പറന്നുപോകുന്നു.

അയ്യോ എന്റെ കുഞ്ഞുങ്ങള്‍ എന്നെ വിട്ടുപോയല്ലോ എന്റെ വാര്‍ദ്ധക്യത്തില്‍ എന്നെ അവര്‍ നോക്കില്ലല്ലോ ഇങ്ങനെയുള്ള ചിന്തകള്‍ ഒന്നും തന്നെ തള്ളപ്പക്ഷിക്കുണ്ടാകുന്നില്ല. അതോടുകൂടി ആ കുഞ്ഞുങ്ങളോടുള്ള അതിന്റെ മമത തീരുന്നു. എന്നാല്‍ മനുഷ്യരോ? കുഞ്ഞുങ്ങളോട് കാണിക്കുന്ന സ്‌നേഹം, വാത്സല്യം, കരുതല്‍, എല്ലാം തന്നെ തനിക്ക് തിരിച്ചുകിട്ടും.

അല്ലെങ്കില്‍ കിട്ടണം എന്ന പ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചാണ് മക്കളെ വളര്‍ത്തുന്നത്. മക്കളോടുള്ള മമത ഒരിക്കലും മനുഷ്യരില്‍നിന്നും വിട്ടുമാറുന്നതല്ല. മക്കളെപ്പോലെ തന്നെ തന്റെ സമ്പാദ്യത്തോടും പൊന്നിനോടും പണത്തിനോടും ഒന്നും തന്നെയുള്ള മമത നമ്മില്‍നിന്നും അകലുന്നില്ല. ഇതുകൊണ്ടുതന്നെയാണ് പക്ഷികള്‍ക്കുള്ളത്ര ജ്ഞാനം മനുഷ്യര്‍ക്കില്ല എന്നു പറയുന്നത്. അതിന്റെ കാരണം ഒരുതരത്തില്‍ മായ തന്നെയാണ്.

ഈ സംസാരത്തെ നിലനിര്‍ത്തുന്നത് മഹാ മായയുടെ മായാപ്രഭാവമാണ്. അങ്ങനെയുള്ള ജഗദംബയുടെ മായാ പ്രഭാവത്താലാണ് സാക്ഷാല്‍ ശ്രീഹരിപോലും ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതും കല്പാന്തകാലത്ത് മഹാപ്രളയത്തില്‍ യോഗനിദ്രയില്‍ ശയിക്കുന്നതും. അങ്ങനെയുള്ള ദേവീ പ്രസാദമാണ് മനുഷ്യരുടെ സ്വര്‍ഗവും മോക്ഷവും. ഇതുകേട്ട രാജാവ് മഹാമായയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ആഗ്രഹം പ്രകടിപ്പിക്കുന്നു.

ഈ ആഗ്രഹം ശ്രദ്ധിച്ച മുനി വളരെ സന്തുഷ്ടനായി കൂടുതല്‍ പറയുന്നു. ആദ്യവും അന്തവും ഇല്ലാത്ത പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ദേവി ദേവകാര്യാര്‍ത്ഥം പല പ്രാവശ്യം പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥകള്‍ തുടരുന്നു.

''കല്പാന്തകാലത്ത് ലോകം മുഴുവന്‍ ജലത്തില്‍ ആണ്ടുപോയപ്പോള്‍ ആ പ്രളയജലത്തില്‍ ഭഗവാന്‍ ശ്രീഹരി യോഗനിദ്രയില്‍ ലയിച്ച് ശേഷതല്പത്തില്‍ പള്ളികൊളളുന്നു. ഈ സമയം ഭഗവാന്റെ കര്‍ണ്ണമലത്തില്‍നിന്നും മധു, കൈടഭന്‍, എന്നു പേരായ രണ്ട് അസുരന്മാര്‍ പുറത്തുവരുന്നു. വീരശൂരപരാക്രമികള്‍ ആയ അവര്‍ വെള്ളത്തില്‍ തിമിര്‍ത്തു നടക്കുമ്പോള്‍ മഹാവിഷ്ണുവിന്റെ നാഭികമലത്തില്‍ ധ്യാനത്തില്‍ ഇരിക്കുന്ന ബ്രഹ്മാവിനെ കാണുന്നു.

ബ്രഹ്മാവ് തങ്ങളെ കണ്ട് ഭയന്ന് കണ്ണടച്ചിരിക്കയാണ് എന്ന് തെറ്റിദ്ധരിച്ച അസുരന്മാര്‍ ബ്രഹ്മാവിനെ ഉപദ്രവിക്കാന്‍ തുടങ്ങുന്നു. ഭയവിഹ്വലനായ ബ്രഹ്മാവ് ഭഗവാനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ച് ഭഗവാന്റെ നയനങ്ങളില്‍ നിദ്രാരൂപത്തില്‍ സ്ഥിതി ചെയ്യുന്ന വിശ്വേശ്വരിയുടെ യോഗനിദ്രാദേവിയെ സ്തുതിക്കുന്നു.

ഇതാണ് ദേവീമാഹാത്മ്യം ഒന്നാമദ്ധ്യായത്തിലെ 55 മുതല്‍ 68 വരെയുള്ള മന്ത്രങ്ങള്‍. (ശ്ലോകങ്ങള്‍). ഈ സ്തുതിയില്‍ പ്രസന്നയായ നിദ്രാദേവി ഭഗവാന്റെ നയനം, മുഖം, നാസിക, ഹൃദയം, മാറിടം, കൈകള്‍ എന്നീ അവയവങ്ങളില്‍ നിന്നും മാറി ബ്രഹ്മാവിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ഭഗവാന്‍ ഉണരുമ്പോള്‍ പേടിച്ചു വിറച്ചുനില്‍ക്കുന്ന ബ്രഹ്മാവിനേയും പ്രസന്നവദനയായ ദേവിയെയും ക്രോധരൂപികളായ അസുരന്മാരെയും കാണുന്നു.

രാക്ഷസന്മാര്‍ വീണ്ടും ബ്രഹ്മാവിനെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഭഗവാന്‍ അവരെ തടയുകയും അവര്‍ ബ്രഹ്മാവിനെ വിട്ട് ഭഗവാനോട് ഏറ്റു മുട്ടുകയും ചെയ്യുന്നു. അങ്ങനെ ശ്രീഹരിയും മധുകൈടഭന്മാരും തമ്മില്‍ ഭയങ്കരമായ യുദ്ധം നടക്കുന്നു. ഏകദേശം 5,000 വര്‍ഷത്തോളം ആ യുദ്ധം തുടര്‍ന്നു. രണ്ടു കൂട്ടരും സമാസമത്തില്‍ തന്നെ നിന്നു. അവസാനം ഭഗവാന്‍ ദേവിയുടെ നിര്‍ദ്ദേശപ്രകാരം അസുരന്മാരോടു പറയുന്നു.

'വീരന്മാരേ നിങ്ങളുടെ പരാക്രമത്തില്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. എന്തു വരം വേണമെങ്കിലും നിങ്ങള്‍ക്ക് ആവശ്യപ്പെടാം. ഞാന്‍ അത് നല്‍കുന്നതായിരിക്കും.' മഹാമായയാല്‍ മോഹിതരാക്കപ്പെട്ട അസുരന്മാര്‍ ഭഗവാന്റെ വരദാനത്തെ വേണ്ടെന്ന് വയ്ക്കുകയും പകരം ഭഗവാന് ഇഷ്ടമുള്ള വരം അവര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഇതുതന്നെ തക്ക സമയം എന്ന് മനസ്സിലാക്കിയ ശ്രീഹരി നിങ്ങള്‍ രണ്ടുപേരും എന്റെ കൈയാല്‍ വധിക്കപ്പെടണമെന്ന വരം ആവശ്യപ്പെടുന്നു. അപ്പോഴാണ് തങ്ങള്‍ വഞ്ചിതരായ കഥ അവര്‍ മനസ്സിലാക്കുന്നത്. എങ്കിലും സത്യലംഘനം നടത്താന്‍ ഇഷ്ടപ്പെടാത്ത അവര്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ഒരു നിബന്ധന അവര്‍ വച്ചു. അതായത് സര്‍വ്വത്ര ജലമയമായ പ്രളയജലത്തില്‍ നില്‍ക്കുന്ന അവരെ ജലത്തില്‍വച്ച് കൊല്ലാന്‍ പാടില്ല.

നടക്കാത്ത കാര്യം എന്ന് അവര്‍ കരുതിയെങ്കിലും ഭഗവാന്‍ തന്റെ വിശ്വരൂപത്തെ ധരിച്ച് ആ രണ്ടു അസുരന്മാരെയും രണ്ട് കീടത്തെ എന്നപോലെ പൊക്കിയെടുത്ത് തന്റെ ഇരു തുടകളിലും കിടത്തി ചക്രം കൊണ്ട് അവരുടെ ശിരച്‌ഛേദം ചെയ്തു. ആ സമയം അവരുടെ ദേഹത്തുനിന്നും മേദസ്സ് ഉരുണ്ടുകൂടി ഉണ്ടായതാണത്രെ ഭൂമി. അതിനാല്‍ ഭൂമിക്ക് മേദിനി എന്ന പേരുണ്ടായി.

ഇപ്രകാരം മഹാമായയുടെ ശക്തിപ്രഭാവം കൊണ്ട് മധുകൈടഭന്മാരെ ഇല്ലാതാക്കാന്‍ സാധിച്ചത് ബ്രഹ്മാവിന്റെ സ്തുതി കൊണ്ടുതന്നെ'' എന്ന് പറഞ്ഞ് മഹര്‍ഷി നിര്‍ത്തുന്നു. അങ്ങനെയുള്ള ദേവിയെ നിങ്ങളും ആരാധിക്കൂ എന്ന് മഹര്‍ഷി പറയുമ്പോള്‍ ദേവിയുടെ ചരിത്രം വീണ്ടും വീണ്ടും കേള്‍ക്കുന്നതിനായി അവര്‍ ആഗ്രഹിക്കയും മഹര്‍ഷി അവരുടെ ആഗ്രഹത്തെ മാനിച്ച് തുടരുകയും ചെയ്യുന്നു.

''മഹാവിദ്യാ മഹാമായ മഹാമേധാ മഹാസ്മൃതി
മഹാമോഹാ ച ഭഗവതീ മഹാദേവീ മഹാസുരീ''
(ജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന മഹാവിദ്യയും അതിനെ മറച്ചുപിടിക്കുന്ന മഹാമായയും ധാരണാശക്തി നല്‍കുന്ന മേധാദേവിയും വേദ സ്വരൂപിണി ആയ മഹാസ്മൃതിയും സംസാരചക്രം തിരിക്കുന്ന മഹാമോഹവും ഈശ്വരപത്‌നിയായ മഹാദേവിയും മഹാസുരശക്തിയും അമ്മ തന്നെ).

സുധാദേവി കെ. എറണാകുളം

Ads by Google
TRENDING NOW