Tuesday, September 26, 2017 Last Updated 51 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.26 AM

ജി.എസ്‌.ടി: കീടനാശിനിക്കും വളത്തിനും വിലയേറും

uploads/news/2017/06/121068/5.jpg

മൂവാറ്റുപുഴ: ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുമ്പോള്‍ കൃഷിക്കു ചെലവേറും. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ജി.എസ്‌.ടിയില്‍ നികുതി കൂടിയതാണ്‌ കാര്‍ഷികമേഖലയ്‌ക്കും തിരിച്ചടിയാകുന്നത്‌. നികുതിയില്ലാത്ത രാസവളങ്ങള്‍ക്കു 12 ശതമാനവും കീടനാശിനികള്‍ക്കു നിലവിലുള്ള അഞ്ചില്‍ നിന്ന്‌ 18 ശതമാനവുമാണ്‌ നികുതി. ഇത്‌ വളങ്ങളുടെയും കീടനാശിനികളുടെയും വില വര്‍ധിക്കാന്‍ കാരണമാകുമെന്ന്‌ അഗ്രോ ഇന്‍പുട്ട്‌ ഡീലേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവയുടെ ഉല്‍പ്പാദന, വില്‍പ്പന ശൃംഖലയിലെ അവസാന കണ്ണിയായ കര്‍ഷകനാണ്‌ വിലവര്‍ധനയുടെ ഇരയാകുക.
കര്‍ഷകന്‌ ഏറ്റവും ആവശ്യമായ യൂറിയ, ഫാക്‌ടംഫോസ്‌, പൊട്ടാഷ്‌, 18:18:18 എന്നീ രാസവളങ്ങളെയെങ്കിലും ജി.എസ്‌.ടിയില്‍ നിന്ന്‌ ഒഴിവാക്കണമെന്നും സംസ്‌ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ തോമസ്‌, മറ്റു ഭാരവാഹികളായ സി.എം. മാത്യു, സദാനന്ദന്‍, ഇട്ടി മാത്യു, സതീഷ്‌ കെ. ഇട്ട്യേടത്ത്‌ എന്നിവര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. വില കൂടുമ്പോള്‍ സ്വാഭാവികമായി വില്‍പ്പന കുറയുമെന്നും ഇതു കച്ചവടക്കാരെയും ഒപ്പം ഉല്‍പ്പാദനക്കമ്പനികളുടെ നിലനില്‍പ്പിനെയും ബാധിക്കുമെന്നും വിലയിരുത്തുന്നു. വില കൂടുന്നതോടെ കൃഷിയിടങ്ങളില്‍ മതിയായ അളവില്‍ വളപ്രയോഗം നടത്തിയില്ലെങ്കില്‍ കാര്‍ഷികോല്‍പ്പാദന തകര്‍ച്ചയ്‌ക്കും കാരണമാകും. ഉയര്‍ന്നവിലയ്‌ക്ക്‌ വളപ്രയോഗം നടത്തിയാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്നവില ലഭിച്ചില്ലെങ്കില്‍ കര്‍ഷകനു നഷ്‌ടം സംഭവിക്കും.
വളം, കീടനാശിനികള്‍ വില്‍ക്കുമ്പോള്‍ മതിയായ ലാഭം കിട്ടില്ലെന്ന കാരണത്താല്‍ വില്‍പ്പനക്കാര്‍ രണ്ടാഴ്‌ചയായി വളം സ്‌റ്റോക്ക്‌ എടുക്കുന്നില്ല. ജി.എസ്‌.ടി. വരുന്നതോടെ മേഖലയാകെ സ്‌തംഭിക്കുമെന്നാണ്‌ സൂചന. നിലവില്‍ വളപ്രയോഗം ആരംഭിച്ചിട്ടില്ലാത്തതും തൃശൂര്‍ ഒഴികെ മറ്റു ജില്ലകളില്‍ സൊസൈറ്റികള്‍ വഴി വളം വില്‍ക്കുന്നതു കൊണ്ടുമാണ്‌ വലിയ പ്രതിസന്ധിയുണ്ടാകാത്തത്‌. എന്നാല്‍, വളം വില്‍പ്പന നിര്‍ത്തിവയ്‌ക്കുന്നത്‌ എല്ലാ ജില്ലകളിലേക്കും വ്യാപിക്കാന്‍ സംഘടന തീരുമാനിച്ചതോടെ ജൂലൈ മുതല്‍ പ്രതിസന്ധി കടുക്കും. ജൂണ്‍, ജൂലൈ മാസങ്ങളിലാണ്‌ വളപ്രയോഗം കാര്യമായി നടക്കുന്നത്‌.

Ads by Google
Advertisement
Friday 23 Jun 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW