Monday, September 25, 2017 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.26 AM

കടിഞ്ഞാണില്ലാതെ പനി

uploads/news/2017/06/121065/2.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തു പനി നിയന്ത്രണവിധേയമാണെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അവകാശവാദം തെറ്റെന്നു തെളിയിച്ച്‌ കണക്കുകള്‍. പനി മരണത്തില്‍ ഇക്കുറി ഇതുവരെ സര്‍വകാല റെക്കോഡ്‌. കൃത്യമായ കണക്കുകള്‍ മറച്ചുവച്ച്‌ ആരോഗ്യവകുപ്പ്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു.
നിലവില്‍ ദിവസേന ശരാശരി 10 പേര്‍ സംസ്‌ഥാനത്തു പനിയും അനുബന്ധ അസുഖങ്ങളും മൂലം മരിക്കുന്നു. ഇതിനു മുമ്പ്‌ പനി ഏറ്റവും മാരകമായ 2015-ല്‍ 114 പേര്‍ക്കാണു ജീവഹാനിയുണ്ടായത്‌. എന്നാല്‍, ഇക്കുറി ഇതുവരെ 190 പനിമരണമുണ്ടായെങ്കിലും ആരോഗ്യവകുപ്പിന്റെ കണക്കില്‍ നൂറില്‍ താഴെയേയുള്ളൂ. പകര്‍ച്ചപ്പനിക്കു പുറമേ ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്‌, എച്ച്‌1എന്‍1 എന്നിവയും വ്യാപകമാണ്‌. മലേറിയയും തിരിച്ചെത്തിയതോടെ ആരോഗ്യമേഖലയിലെ കേരളമാതൃക വെറും വീമ്പുപറച്ചിലായി.
പനി ബാധിച്ച്‌ ഇന്നലെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞടക്കം 10 പേര്‍ മരിച്ചു. ഇവരില്‍ ആറുപേര്‍ക്കും ഡെങ്കിപ്പനിയായിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശി അനുശ്രീ (22), ചെമ്മരുതി സ്വദേശി ജാന്‍ (40), കൊല്ലം പിറവന്തൂര്‍ സ്വദേശി ജോണ്‍സണ്‍ (50), കണ്ണൂര്‍ പയ്യന്നുര്‍ സ്വദേശി ലക്ഷ്‌മി (65), കോഴിക്കോട്‌ കാക്കൂര്‍ കൈപ്പുറത്ത്‌ ടി. രാമുണ്ണിക്കുട്ടിനായര്‍ (76), തൃശൂര്‍ ചേലക്കര കൊണ്ടാഴി പാറമേല്‍പ്പടി തൊടുക്കാട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യ അമ്പിളി മോഹന്‍ എന്നിവരാണു ഡെങ്കിപ്പനി മൂലം മരിച്ചത്‌. ഇടുക്കി തട്ടക്കുഴ സ്വദേശി അഭിലാഷ്‌ (25), മലപ്പുറം പള്ളിക്കല്‍ സ്വദേശി നിത (35) എന്നിവരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നു. മലപ്പുറം തൃപ്പനച്ചി സ്വദേശി മോയിന്‍കുട്ടി(61)യുടെ മരണവും പനി ബാധിച്ചാണ്‌.
ഒരാഴ്‌ചത്തെ ആരോഗ്യവകുപ്പിന്റെ മാത്രം കണക്കെടുത്താലും പനി നിയന്ത്രണവിധേയമല്ലെന്നു വ്യക്‌തം. കഴിഞ്ഞ 15-ന്‌ പനി ബാധിച്ച്‌ 17,955 പേര്‍ ചികിത്സ തേടിയപ്പോള്‍ പിറ്റേന്ന്‌ 17,789 പേര്‍, 17-ന്‌ 18,873 പേര്‍, 18-ന്‌ 8010 പേര്‍,
19-ന്‌ 22,896 പേര്‍, 20-ന്‌ 20,300 പേര്‍, 21-ന്‌ 24,318 പേര്‍ എന്നിങ്ങനെയാണു കണക്ക്‌. സംസ്‌ഥാനമൊട്ടാകെ ഇന്നലെ പനി ബാധിച്ച്‌ 23,190 പേര്‍ ചികിത്സ തേടി. ഡെങ്കി ലക്ഷണവുമായി ഇന്നലെ 896 പേര്‍ ചികിത്സ തേടിയതില്‍ 157 പേര്‍ക്ക്‌ രോഗം സ്‌ഥിരീകരിച്ചു. 11 പേര്‍ക്ക്‌ എലിപ്പനിയും മൂന്നുപേര്‍ക്കു മഞ്ഞപ്പിത്തവും നാലുപേര്‍ക്കു മലേറിയയും ബാധിച്ചു. 18 പേര്‍ക്ക്‌ എച്ച്‌1എന്‍1 സ്‌ഥിരീകരിച്ചു.
മലേറിയ ബാധിച്ചവരില്‍ മൂന്നുപേര്‍ കോഴിക്കോട്ടും ഒരാള്‍ കൊല്ലത്തുമാണ്‌. പനി ബാധിച്ച്‌ ഇന്നലെ ചികിത്സ തേടിയവര്‍, ജില്ല തിരിച്ച്‌: തിരുവനന്തപുരം-3284, കൊല്ലം-2077, പത്തനംതിട്ട-811, ഇടുക്കി-609, കോട്ടയം-1269, ആലപ്പുഴ-1035, എറണാകുളം-1483, തൃശൂര്‍-1960, പാലക്കാട്‌-2499, മലപ്പുറം-3151, കോഴിക്കോട്‌-2042, വയനാട്‌-828, കണ്ണൂര്‍-1417, കാസര്‍ഗോഡ്‌-725. സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക്‌ ലഭ്യമല്ല. തിരുവനന്തപുരത്ത്‌ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 219 പേര്‍ ഇന്നലെ ചികിത്സ തേടി. എച്ച്‌1എന്‍1 ബാധിതര്‍ കൊല്ലത്താണു കൂടുതല്‍-ആറുപേര്‍. പകര്‍ച്ചപ്പനിക്കു ശമനമില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളിലും ഇന്നു യോഗം ചേരും.

Ads by Google
Advertisement
Friday 23 Jun 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW