Friday, June 01, 2018 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.10 AM

കോച്ചില്ലാതെ പിച്ചിലേക്ക്‌

uploads/news/2017/06/121014/1.jpg

പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിന്‍: കഴിഞ്ഞ ഹോം സീസണില്‍ 20 ജയങ്ങളും വെറും ഏഴു തോല്‍വികളും മാത്രമായി മിന്നുന്ന ഫോമില്‍ കളിച്ച ടീം ഇന്ത്യയുടെ തുടക്കം വിന്‍ഡീസിനെതിരേയായിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം വിന്‍ഡീസ്‌ മണ്ണില്‍ ഇന്ന്‌ അഞ്ചു മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യ അടിമുടി പതറിയ നിലയിലാണ്‌.
ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലെ വമ്പന്‍ തോല്‍വിയും പിന്നാലെ കോച്ച്‌ അനില്‍ കുംബ്ലെയുടെ രാജിയും എല്ലാം നല്‍കുന്ന സമ്മര്‍ദ്ദത്തിനിടയില്‍ ഇന്ത്യ ഇന്ന്‌ ഔദ്യോഗികമായി വെസ്‌റ്റിന്‍ഡീസ്‌ പര്യടനം ആരംഭിക്കും.
ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന്‌ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനിലെ ക്വീന്‍സ്‌ പാര്‍ക്ക്‌ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ വൈകീട്ട്‌ 6:30ന്‌ ആരംഭിക്കുന്ന മത്സരം സോണി സിക്‌സില്‍ തത്മസയം.
ടീമിന്റെ വിന്‍ഡീസിലേക്കുള്ള യാത്രാമധ്യേയാണ്‌ നായകനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ കോച്ച്‌ അനില്‍ കുംബ്ലെ രാജിവയ്‌ക്കുന്നത്‌. അതിനും ഒരാഴ്‌ച മുമ്പ്‌ ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഫൈനലിലെ തോല്‍വി; അതിന്റെ പ്രതിപ്പട്ടികയില്‍ മമധ്യനിരയിലെ രണ്ടു മുതിര്‍ന്ന താരങ്ങള്‍. എല്ലാം കൊണ്ടും ആകെ തകര്‍ന്ന നിലയിലാണ്‌ ഇന്ത്യ ഇന്നിറങ്ങുക.
മറുവശത്ത്‌ വെസ്‌റ്റിന്‍ഡീസിന്‌ പക്ഷേ ഇതൊന്നും പുത്തരിയല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പലകുറി പരിശീലകര്‍ തെറിക്കുന്നതും താരങ്ങള്‍ക്ക്‌ വിലക്കു ലഭിക്കുന്നതും കണ്ടു മടുത്തവരാണവര്‍. ഈ വര്‍ഷം കളിച്ച ഒമ്പത്‌ ഏകദിനങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ്‌ വിന്‍ഡീസിന്‌ ജയിക്കാനായത്‌.
ഠ പിച്ചും സാഹചര്യങ്ങളും
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക്‌ വിന്‍ഡീസ്‌ നിരയില്‍ നിന്ന്‌ ഒരു തരത്തിലുള്ള ഭീഷണിയുമില്ല. അനായാസം പരമ്പര സ്വന്തമാക്കാനാകുമെന്നാണ്‌ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. എന്നാല്‍ എതിര്‍ ടീമിനെക്കാള്‍ ഇന്ത്യ ഭയപ്പെടേണ്ടത്‌ വിന്‍ഡീസിനെ വേഗം കുറഞ്ഞ പിച്ചുകളെയാണ്‌.
സമീപകാലത്ത്‌ ഇന്ത്യ കളിച്ച മത്സരങ്ങളെല്ലാം തന്നെ വന്‍ സ്‌കോറുകള്‍ പിറന്നവയാണ്‌. ഏതാനും ചില അവസരങ്ങളില്‍ സ്‌പിന്‍ പിച്ചുകളില്‍ കളിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ആഴമേറിയ ഇന്ത്യന്‍ ബാറ്റിങ്‌ നിരയ്‌ക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചുകളിലായിരുന്നു ടീം ഇന്ത്യയുടെ പടയോട്ടം.
ഇവിടെ സ്‌ഥിതി മറിച്ചാണ്‌. പവര്‍ ഹിറ്റിങ്‌ നടത്തി വരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ഈ പിച്ചുമായി പൊരുത്തപ്പെടാനാകുമോയെന്നതാണ്‌ ചോദ്യം. പന്തിനെ ശിക്ഷിച്ചു റണ്‍സ്‌ നേടുന്ന രീതി ഇവിടെ ഫലപ്രദമാകില്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. മറിച്ച്‌ ഗ്യാപ്‌ കണ്ടെത്തി റണ്‍സ്‌ നേടേണ്ടി വരും. നാലു വര്‍ഷം മുമ്പാണ്‌ ഇന്ത്യ വിന്‍ഡീസ്‌ മണ്ണില്‍ അവസാനമായി കളിച്ചത്‌.
സ്വന്തം മണ്ണില്‍ വെസ്‌റ്റിന്‍ഡീസ്‌ ഏറെ അപകടകാരികളുമാണ്‌. എത്ര ചെറിയ സ്‌കോറാണോ പിറക്കുന്നത്‌ അത്രയും വിജയസാധ്യത വിന്‍ഡീസിനാണെന്നും മുന്‍താരങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ മികച്ച വിജയം അനിവാര്യമായ കോഹ്ലിക്കും സംഘത്തിനും ഏറെ പരീക്ഷണങ്ങള്‍ ഈ പിച്ചില്‍ നേരിടേണ്ടി വരുമെന്നുറപ്പ്‌.
ഇന്നത്തെ മത്സരം നടക്കുന്ന ക്വീന്‍സ്‌ പാര്‍ക്ക്‌ സ്‌റ്റേഡിയത്തില്‍ ഈ വര്‍ഷം കളിച്ച മൂന്ന്‌ ഏകദിനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ മൂന്നിന്‌ 138 ആണ്‌. അതും വിജയകരമായി ചേസ്‌ ചെയ്‌ത ടീമിന്റെ ടോട്ടല്‍ സ്‌കോര്‍.
ഠ ശ്രദ്ധിക്കേണ്ട താരങ്ങള്‍
വിരാട്‌ കോഹ്ലി:- കോഹ്ലിയാണ്‌ ശ്രദ്ധാകേന്ദ്രം. അനില്‍ കുംബ്ലെ സ്‌ഥാനമൊഴിഞ്ഞതോടെ എല്ലാക്കണ്ണുകളും കോഹ്ലിക്കു നേരെയാണ്‌. കുംബ്ലെയുടെ കത്ത്‌ പുറത്തു വന്നതോടെ നായകന്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്‌. കൂടാതെ ബി.സി.സി.ഐയുടെ മുന്നറിയിപ്പും. മികച്ച പ്രകടനത്തിനു മാത്രമേ നായകസ്‌ഥാനം സംരക്ഷിക്കാനാകൂയെന്ന തിരിച്ചറിവിലായിരിക്കും ഇന്ത്യന്‍ നായകന്‍ കളത്തിലിറങ്ങുക. ചെറിയ പിഴവിനു പോലും വലിയ വിലകൊടുക്കേണ്ടി വരും.
റോസ്‌റ്റണ്‍ ചേസ്‌:- യുവനിരയുമായി ഇന്ത്യയെ നേരിടാനിറങ്ങുന്ന വെസ്‌റ്റിന്‍ഡീസ്‌ ടീമിന്റെ പ്രതീക്ഷയത്രയും ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാനിലാണ്‌. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ടീമിന്‌ മികച്ച സ്‌കോര്‍ ഉറപ്പാക്കാനുള്ള ചുമതല ചേസ്‌ ഏറ്റെടുക്കേണ്ടി വരും. ടീമിന്റെ ഭാവി നായകനായാണ്‌ ഈ ബാര്‍ബഡോസ്‌ താരത്തെ കാണുന്നത്‌.
ഠ ടീം വാര്‍ത്തകള്‍
വിന്‍ഡീസ്‌:- പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍ പരുക്കിനെത്തുടര്‍ന്ന്‌ കളിക്കാത്തതിനാല്‍ അഫ്‌ഗാനിസ്‌ഥാനെതിരേ അണിനിരത്തിയ ടീമില്‍ മാറ്റമില്ലാതെയാണ്‌ വിന്‍ഡീസ്‌ ഇന്ത്യയെ നേരിടാനിറങ്ങുന്നത്‌. പേസര്‍ കെസ്‌റിക്‌ വില്യംസ്‌, സ്‌പിന്നര്‍ ദേബേന്ദ്ര ബിഷൂ എന്നിവരും ആദ്യ രണ്ട്‌ മത്സരങ്ങള്‍ക്കില്ല.
സാധ്യതാ ഇലവന്‍:- എവിന്‍ ലൂയിസ്‌, കീറണ്‍ പവല്‍, ഷായി ഹോപ്‌, ജൊനാഥന്‍ കാര്‍ട്ടര്‍, ജേസണ്‍ മുഹമ്മദ്‌, റോസ്‌റ്റണ്‍ ചേസ്‌, റോവ്‌മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍(നായകന്‍), ആഷ്‌ലി നഴ്‌സ്, അല്‍സാരി ജോസഫ്‌, മിഗെ്വല്‍ കമ്മിന്‍സ്‌.

ഇന്ത്യ:- ചാമ്പ്യന്‍സ്‌ ട്രോഫി കളിച്ച ടീമില്‍ നിന്ന്‌ രോഹിത്‌ ശര്‍മയും ജസ്‌പ്രീത്‌ ബുംറയുമില്ലാതെയാണ്‌ ഇന്ത്യ ഇറങ്ങുക. വെടിക്കെട്ട്‌ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്ത്‌, ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവ്‌ എന്നിവരാണ്‌ പകരക്കാര്‍. എന്നാല്‍ ഇരുവരും ഇന്ന്‌ ഇലവനില്‍ സ്‌ഥാനംപിടിക്കാന്‍ സാധ്യത കുറവാണ്‌. രോഹിതിനു പകരം അജിന്‍ക്യ രഹാനെയും ബുംറയ്‌ക്കു പകരം ഉമേഷ്‌ യാദവുമായിരിക്കും കളിക്കുക.
സാധ്യതാ ഇലവന്‍:- ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, വിരാട്‌ കോഹ്ലി, യുവ്രാജ്‌ സിങ്‌, മഹേന്ദ്ര സിങ്‌ ധോണി, കേദാര്‍ ജാദവ്‌, ഹര്‍ദ്ദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ്‌ യാദവ്‌.

Ads by Google
Friday 23 Jun 2017 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW