Sunday, April 08, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Friday 23 Jun 2017 01.00 AM

ക്രിക്കറ്റില്‍ ഇനി താരെദെവങ്ങള്‍ വേണ്ട, കളിക്കാര്‍ മതി

uploads/news/2017/06/121002/2.jpg

1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഹോക്കിയെ ഓര്‍ത്ത്‌ ഇന്ത്യക്കാര്‍ ഇത്ര ആഹ്‌ളാദിക്കുകയും അഭിമാനിക്കുകയും ചെയ്‌ത ദിവസം ഉണ്ടാകില്ല. വേള്‍ഡ്‌ ഹോക്കി ലീഗ്‌ സെമിഫൈനല്‍ ടൂര്‍ണമെന്റില്‍ പാകിസ്‌താനെ തോല്‍പ്പിക്കാനായത്‌ ഒളിമ്പിക്‌ െമഡലിന്റെ സുഖം നല്‍കി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ പാകിസ്‌താനോടുള്ള കനത്ത തോല്‍വിയുടെ നാണക്കേട്‌ ഹോക്കിയില്‍ ചാരാതെ ഇന്ത്യക്ക്‌ മറക്കാന്‍ കഴിയുമായിരുന്നില്ല. അല്ലേലും ഹോക്കിയല്ലേ നമ്മുടെ ദേശീയ വിനോദമെന്ന ട്രോള്‍ ആശ്വാസത്തിന്റെ സൂചനയായി.
ക്രിക്കറ്റിലെ വിജയം പാകിസ്‌താന്‍ സ്വാഭാവികമായും ആഘോഷിച്ചു. പാക്‌ പത്രങ്ങള്‍ വിജയം മുഖ്യവാര്‍ത്തയാക്കി. പാകിസ്‌താന്‍ ബ്രേക്‌സ്‌ ജിങ്ക്‌സ്‌; ട്രൗണ്‍സ്‌ ഇന്ത്യ ഇന്‍ ഡ്രീം ഫൈനല്‍ (നിര്‍ഭാഗ്യം മറികടന്നു; സ്വപ്‌ന ഫൈനലില്‍ പാകിസ്‌താന്‍ ഇന്ത്യയെ നിലംപരിശാക്കി ) എന്നാണ്‌ ഡോണ്‍ പത്രത്തിന്റെ തലക്കെട്ട്‌.
ഈ വിജയത്തിലൂടെ ഹോക്കിയിലെ പരാജയം പാകിസ്‌താന്‍ അവഗണിച്ചു. മറിച്ച്‌, ഇന്ത്യക്കാര്‍ ഹോക്കിയെ കൂടുതല്‍ സ്‌നേഹിച്ചു. ക്രിക്കറ്റില്‍ തകര്‍ന്നു; ഹോക്കിയില്‍ തകര്‍ത്തു എന്നു പറഞ്ഞപ്പോഴേ സമാധാനമായുള്ളു. തീവ്രമാണ്‌ ഇന്ത്യക്കാരുടെ ക്രിക്കറ്റ്‌ വികാരം.
ഹോക്കിയില്‍ ഇന്ത്യ അവസാന ഒളിമ്പിക്‌ സ്വര്‍ണം നേടി മൂന്നുവര്‍ഷത്തിനുശേഷമാണ്‌ (1983) ക്രിക്കറ്റില്‍ ഇന്ത്യ ലോകചാമ്പ്യന്മാരാകുന്നത്‌. ലോക കിരീടവും താരപദവി നേടിയ ഏതാനും കളിക്കാരുമാണ്‌ ക്രിക്കറ്റിനെ ഇന്ത്യയില്‍ ജനപ്രിയമാക്കിയത്‌.
സുനില്‍ ഗാവസ്‌ക്കര്‍, കപില്‍ദേവ്‌, രവി ശാസ്‌ത്രി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, മഹേന്ദ്ര സിങ്‌ ധോണി, വിരാട്‌ കോഹ്‌ലി തുടങ്ങിയവര്‍ താരങ്ങളായി. ഇവരില്‍ സച്ചിന്‍ ക്രിക്കറ്റിലെ ദൈവമായും വളര്‍ന്നു. സച്ചിനെ ദൈവമായി കൊണ്ടുനടന്നതിലെ അതിവൈകാരികത മനസിലാക്കാന്‍ ബ്രിട്ടീഷ്‌ സംവിധായകന്‍ ജെയിംസ്‌ എര്‍സ്‌കിന്റെ സച്ചിന്‍ എ മില്യണ്‍ ഡ്രീംസ്‌ എന്ന ചിത്രം കണ്ടാല്‍ മതി. താന്‍ ഒരു ദൈവവുമല്ല, വെറും സാധാരണക്കാരന്‍ മാത്രമാണെന്നു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സച്ചിന്‍ നമ്മെ ബോധ്യപ്പെടുത്തും. സച്ചിനെ ദൈവമായി കണ്ടാലേ ക്രിക്കറ്റ്‌ ആരാധകര്‍ക്ക്‌ ഉറക്കം വരുമായിരുന്നുള്ളു. ഇത്തരത്തില്‍ ദൈവങ്ങളും താരങ്ങളും ഉണ്ടെങ്കിലേ ക്രിക്കറ്റ്‌ കാണൂവെന്ന ഒരു വാശി.
ഇത്‌ കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിനു വരുത്തിവയ്‌ക്കുന്ന ദോഷം യഥാര്‍ഥത്തില്‍ അറിയാതെപോകുന്നു. താരങ്ങളും ദൈവങ്ങളും വേണ്ട, മികച്ച കളിക്കാര്‍ മതിയെന്ന്‌ ക്രിക്കറ്റ്‌ പ്രേമികള്‍ക്കു നിലപാടും അതു തുറന്നു്രപകടിപ്പിക്കാനുള്ള മനസുമുണ്ടായാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ മറ്റൊന്നാകും. കപിലും സച്ചിനും കോഹ്‌ലിയുമെല്ലാം താരങ്ങളായാലുള്ള അപകടം എന്താണെന്നല്ലേ? ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറാണ്‌ കപില്‍ദേവ്‌. ഇതില്‍ തര്‍ക്കമില്ല. എന്നാല്‍, വിക്കറ്റ്‌ വേട്ടയില്‍ ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ്‌ ഹാഡ്‌ലിയുടെ റെക്കോഡ്‌ (431 വിക്കറ്റ്‌) മറികടക്കുന്നതുവരെ താരപദവിയുടെ പകിട്ടില്‍ കപില്‍ കരിയര്‍ നീട്ടിയെടുത്തത്‌ ജവഗല്‍ ശ്രീനാഥ്‌ എന്ന ഫാസ്‌റ്റ്‌ ബൗളറുടെ അവസരം കവര്‍ന്നാണ്‌. ആര്‍ക്കു നഷ്‌ടം?. ഇന്ത്യക്ക്‌!. കപിലിനോടുള്ള ഇഷ്‌ടംകൊണ്ട്‌ പ്രതിഷേധങ്ങള്‍ മുറുമുറുപ്പിലൊതുങ്ങി.
1994 ല്‍ കപില്‍ വിരമിച്ചു. 92 ല്‍ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഞ്ചു വിക്കറ്റ്‌ നേടിയശേഷം അവസാന 33 ഇന്നിങ്‌സില്‍ 37 വിക്കറ്റ്‌ മാത്രമാണ്‌ കപിലിനു നേടാനായത്‌. കപിലിന്റെ പിന്‍ഗാമികളായ ജവഗല്‍ ശ്രീനാഥും സഹീര്‍ഖാനും ഇത്രയും ഇന്നിങ്‌സില്‍ 53, 64 വിക്കറ്റുകള്‍ വീതം വീഴ്‌ത്തുകയുണ്ടായി.
ഏകദിനത്തില്‍ ഗാവസ്‌ക്കറിന്റെയും ശാസ്‌ത്രിയുടേയും മോശം സ്‌ട്രൈക്ക്‌ റേറ്റ്‌ പലപ്പോഴും ശാപമായിട്ടുണ്ട്‌. രണ്ടക്കം കാണാത്ത നിരവധി ഇന്നിങ്‌സുകള്‍ സച്ചിന്റെ കരിയറിലും ഉണ്ട്‌. ഒരവസരത്തില്‍ തുടര്‍ച്ചയായ ആറ്‌ ഇന്നിങ്‌സില്‍ സച്ചിന്‍ 10 നു താഴെ പുറത്തായി. താരപദവി ഇല്ലാത്ത ഒരു കളിക്കാരനും ഇത്തരമൊരു സൗജന്യം പ്രതീക്ഷിക്കേണ്ട.
ഒന്നാം ക്ലാസ്‌ ക്രിക്കറ്റില്‍ സച്ചിന്റെയും (57.84), രാഹുല്‍ ദ്രാവിഡിന്റെയും ( 55.33) അടുത്തു ശരാശരിയുള്ള തമിഴ്‌നാടിന്റെ ബദരീനാഥിനു (54.49) മൂന്ന്‌ ഇന്നിങ്‌സ്‌ നല്‍കാനുള്ള ക്ഷമയേ ഇന്ത്യ കാണിച്ചുള്ളു. 56 റണ്‍സോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം. അടുത്ത ഇന്നിങ്‌സുകളില്‍ ആറ്‌, ഒന്ന്‌ റണ്‍സ്‌ വീതം . പിന്നീട്‌ ടീമിനു പുറത്ത്‌. ഇതേ മത്സരങ്ങളില്‍ നാല്‌, 32, റണ്‍സ്‌ വീതം നേടിയ മുരളി വിജയിനു തുടര്‍ന്നും അവസരം കിട്ടി, ഇപ്പോഴും തുടരുന്നു. ഫോമിലുള്ള കളിക്കാരനു മുന്നു നാലു മത്‌സരത്തിനിടെ മികച്ച ഇന്നിങ്‌സിനു കഴിയാറുണ്ട്‌.
ഫോം കുറയുന്നതനുസരിച്ചു മികച്ച ഇന്നിങ്‌സുകള്‍ തമ്മിലുള്ള അകലം കൂടും. അവസാന 25 ഇന്നിങ്‌സില്‍ നാലുതവണ മാത്രമാണ്‌ സച്ചിന്‍ 50 പിന്നിട്ടത്‌. ഒരു സെഞ്ചുറി പോലുമില്ല. സച്ചിന്റെ സമകാലികന്‍ ഓസീസിന്റെ റിക്കി പോണ്ടിങിന്‌ അവസാന 25 ഇന്നിങ്‌സില്‍ ഒരു ഇരട്ടസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ എട്ടു തവണ സ്‌കോര്‍ 50 കടത്താനായി. ദ്രാവിഡ്‌ ( നാല്‌സെഞ്ചുറി , നാല്‌ അര്‍ധ സെഞ്ചുറി ), സൗരവ്‌ ഗാംഗുലി ( ഒരു സെഞ്ചുറി, അഞ്ച്‌ അര്‍ധ സെഞ്ചുറി ), വി.വി.എസ്‌. ലക്ഷ്‌മണ്‍ ( ഒരു സെഞ്ചുറി, ഏഴ്‌ അര്‍ധ സെഞ്ചുറി) എന്നിവരും അവസാന 25 ഇന്നിങ്‌സുകളില്‍ സച്ചിനേക്കാള്‍ മികവു പുലര്‍ത്തി. വാണിജ്യവത്‌ക്കരിക്കപ്പെട്ട ക്രിക്കറ്റിന്റെ പോസ്‌റ്റര്‍ ബോയ്‌ ആയിരുന്നു സച്ചിന്‍. വിപണിയുടെ, ആരാധകരുടെ പിന്‍ബലം സച്ചിനു താങ്ങായി. നിറംമങ്ങി തുടരുന്നതിനിടെ ഇടയ്‌ക്ക്‌ സംഭവിക്കുന്ന ഭേദപ്പെട്ട പ്രകടനങ്ങള്‍ താരദൈവങ്ങളുടെ കരിയര്‍ നീട്ടിക്കൊടുക്കും. ഫുട്‌ബോളില്‍ മെസിയാണെങ്കില്‍പ്പോലും ഈ സൗജന്യം പ്രതീക്ഷിക്കേണ്ട. നിറം മങ്ങുന്ന നിമിഷം കരയ്‌ക്ക്‌ ഇരുത്തും. നിരന്തര പരീക്ഷണങ്ങളുടെ കളമാണ്‌ ഫുട്‌ബോള്‍ മൈതാനം. ഫോമിലുള്ളവരില്‍ എത്തിച്ചേരുന്നതുവരെ പരീക്ഷണം തുടരും.
ക്രിക്കറ്റില്‍, ഫോമിലുള്ളവര്‍ കരയ്‌ക്ക്‌ ഇരിപ്പുണ്ടെന്ന്‌ അറിയാമെങ്കിലും താരപദവിയുടെ ആനുകൂല്യത്തില്‍ മുന്‍ഗണന ലഭിക്കും. സച്ചിന്‍ വിരമിച്ചശേഷമാണ്‌ നാലാം നമ്പറിലേക്ക്‌ വിരാട്‌ കോഹ്‌ലിക്കു സ്‌ഥാനക്കയറ്റം കിട്ടിയത്‌. അതിനുശേഷമുള്ള 25 ഇന്നിങ്‌സുകളില്‍ കോഹ്‌ലി ആറു സെഞ്ചുറിയും നാല്‌ അര്‍ധസെഞ്ചുറിയും നേടുകയുണ്ടായി. പ്രതിഭയേക്കാള്‍ ഫോമിനാകണം കൂടുതല്‍പ്രാധാന്യം നല്‍കാനെന്ന്‌ ഇതിലും മികച്ച തെളിവിന്റെ ആവശ്യമില്ല. കോഹ്‌ലിയുടെ കളിമികവും താരപദവിയും എങ്ങനെയാകും കൈകാര്യം ചെയ്യുക എന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായകമാകും. പരിശീലകസ്‌ഥാനത്തുനിന്ന്‌ കുംബ്ലെ തെറിക്കാന്‍ പ്രധാന കാരണം കോഹ്‌ലിയുടെ ഇഷ്‌ടക്കേടാണ്‌. കോഹ്‌ലിമാരുടെ ഇഷ്‌ടങ്ങള്‍ക്ക്‌ പരിധിവയ്‌ക്കുന്നത്‌ രാജ്യത്തിനു ഗുണമേ ചെയ്യൂ. ഇത്രയും പറയാന്‍ കാരണം ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ഇന്ത്യയുടെ തോല്‍വിയാണ്‌. ഫോമിലുള്ള കളിക്കാരുടെ സംഘമായിരുന്നില്ല കളത്തിലിറങ്ങിയത്‌. കളിച്ച ഏക ടെസ്‌റ്റില്‍ അദ്‌ഭുതപ്പെടുത്തിയ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവ്‌ കാഴ്‌ചക്കാരനാകേണ്ടയാള്‍ ആയിരുന്നില്ല.
തുടര്‍ച്ചയായി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ യുവരാജിന്‌ ഇനിയും കഴിയുമെന്ന്‌ എന്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രതീക്ഷിക്കുന്നത്‌?. മനീഷ്‌ പാണ്ഡെയുടേയും ഋഷഭ്‌ പന്തിന്റെയും ഫോമിനെ അവഗണിച്ചത്‌ തെറ്റ്‌. വിദേശവിക്കറ്റില്‍ വിശ്വസിക്കാവുന്ന അജിന്‍ക്യ രഹാനെയെ നോക്കിയിരുത്തിയതു മണ്ടത്തരം. കോഹ്‌ലി, യുവരാജ്‌, ധോണി തുടങ്ങിയവരുടെ മുന്നില്‍ ഇവര്‍ക്കൊക്കെ എന്ത്‌ പൊലിമ ?. കളിയോടും കളിക്കാരോടുമുള്ള സമീപനം ആരാധകരും ടീം തെരഞ്ഞെടുപ്പിലെ ധാരണകള്‍ സെലക്‌ടര്‍മാരും മാറ്റിയാല്‍ ഇന്ത്യയുടെ ക്രിക്കറ്റ്‌ശക്‌തി ഇരട്ടിയാകുമെന്ന്‌ ഉറപ്പ്‌.

Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Friday 23 Jun 2017 01.00 AM
YOU MAY BE INTERESTED
TRENDING NOW