Friday, July 06, 2018 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 03.41 PM

രുചിയുടെ തമ്പുരാന്‍

uploads/news/2017/06/120967/pazhayedamINW.jpg

പാചക ലോകത്തെ ബ്രാന്‍ഡ് നെയിം, പഴയിടം മോഹനന്‍ നമ്പൂതിരി ജീവിതത്തിലെ രുചിക്കൂട്ടുകളെക്കുറിച്ച്...

പാചക കലയിലെ കുലപതിയെന്നു തന്നെ പഴയിടത്തെ വിശേഷിപ്പിക്കാം. ആയിരങ്ങള്‍ക്ക് ഭക്ഷണമൊരുക്കണമെന്ന് പറഞ്ഞാലും മോഹനന്‍ നമ്പൂതിരി തയ്യാര്‍. പാചകം അദ്ദേഹത്തിനൊരു കലയാണ്. കണക്കുകളുമായി അടുത്ത ബന്ധമുള്ള ഒരു കല.

ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറയുന്നതിനൊപ്പം മനസും നിറയണമെന്ന അഭിപ്രായക്കാരനാണ് മോഹനന്‍ നമ്പൂതിരി. മധ്യ തിരുവതാംകൂര്‍ ശൈലിയിലൊരുക്കുന്ന പഴയിടത്തിന്റെ സദ്യയുടെ രുചി ഒന്നു വേറെതന്നെയാണ്.

ഊട്ടുപുരയിലെ നളന്‍


2000 ത്തിലെ കോട്ടയം റവന്യു ജില്ലാ കലോത്സവത്തിന് ഭക്ഷണമൊരുക്കി തുടങ്ങിയതാണ്. 2006 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടെ ഞാന്‍ പതിവുകാരനായി. പത്തോളം സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഭക്ഷണമൊരുക്കി.

മറ്റു സംസ്ഥാന കലോത്സവങ്ങള്‍, റവന്യു, ജില്ലാ കലോത്സവം അങ്ങനെ 17 വര്‍ഷമായി അറുപത് ലക്ഷത്തോളം കുട്ടികള്‍ക്ക് വച്ചുവിളമ്പി. കലോത്സവത്തിന് ഒരു ദിവസം മാത്രം 1500 ലിറ്റര്‍ പായസം വേണം. അതുപോലെ മറ്റു വിഭവങ്ങളും.

കലോത്സവം തുടങ്ങുന്നതിന്റെ തലേദിവസം പാചകപ്പുരയില്‍ തീ തെളിയിക്കും. കലോത്സവം തീരുന്നതുവരെ ഊട്ടുപുരയിലെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയേ അയക്കാറുള്ളു.

ഓരോ കലോത്സവങ്ങളും ഓരോ അനുഭവങ്ങളാണ്. പാലക്കാട് കലോത്സവം നടക്കുന്ന സമയം, അടുക്കള ഒരുങ്ങുന്നതേ ഉള്ളു. രജിസ്ട്രേഷന്‍ കഴിഞ്ഞ് അടുത്ത ദിവസം മുതലാണ് ഭക്ഷണം കൊടുക്കേണ്ടത്. കാസര്‍കോഡ് ജില്ലാ ടീം തലേദിവസമേ എത്തി.

നൂറോളം കുട്ടികളും അഞ്ച് അധ്യാപകരും വന്നിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം വേണം. എന്തെങ്കിലും വഴിയുണ്ടോയെന്ന് സംഘാടകര്‍ ചോദിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ ഭക്ഷണം തയാറാക്കണം. അതിനുള്ളില്‍ അവരെത്തും. ആ വെല്ലുവിളി ഞാനേറ്റെടുത്തു.

കുട്ടികളെ കൂട്ടിക്കൊണ്ട് വന്നോളൂ, അവരെത്തുമ്പോഴേക്കും ഭക്ഷണം തയാറായിരിക്കും എന്ന് സംഘാടകരോട് പറഞ്ഞു. പെട്ടെന്ന് ഭക്ഷണമൊരുക്കി, ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികള്‍ നേരെ വന്നത് അടുക്കളയിലേക്കാണ്.

കൈയ്യില്‍ ഒരു ബൊക്കെയുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ ടീമിനെ സ്വീകരിച്ചപ്പോള്‍ കിട്ടിയതാണ്. ആ ബൊക്കെ എനിക്ക് തന്നു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. പൂക്കള്‍ ഓരോന്നെടുത്ത് ഓരോ പാചകക്കാരനും കൊടുത്തു.

സന്തോഷവും സംതൃപ്തിയും ലഭിച്ച അനുഭവങ്ങളേറെയുണ്ട്. ഒപ്പം കയ്പ്പും. ഇനി ഒന്നു മാറി നില്‍ക്കണമെന്ന് തോന്നി. ആ തീരുമാനത്തില്‍ സങ്കടമുണ്ട്. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഒരുപാടുണ്ടായി. അതിനെയൊക്കെ മറികടന്നാണ് ഇവിടെവരെയെത്തിയത്. ഇനിയും മുന്നോട്ടുപോകാമെന്നുള്ള ആത്മ വിശ്വാസവുമുണ്ട്്.

uploads/news/2017/06/120967/pazhayedamINW1.jpg

ജീവിതം മാറ്റിയ രണ്ടാമൂഴം


പാചകം തൊഴിലാക്കുന്നതിന് മുമ്പ് ബിസിനസിലും ഒരു കൈ നോക്കി. ലബോറട്ടറി സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ബിസിനസായിരുന്നു. പ്രതീക്ഷിച്ച പോലെ വിജയിക്കാനായില്ല. കടം കയറി. ജീവിതത്തിലെ പ്രതീക്ഷയെല്ലാം നഷ്ടമായി.

ഇനിയെന്തിന് ജീവിക്കണമെന്ന് തോന്നി. ഒരു വെള്ളിയാഴ്ച ജീവിതം അവസാനിപ്പിക്കണെന്ന ചിന്തയില്‍ നടക്കുകയാണ്. പെട്ടെന്ന് കടയില്‍ ഒരു വീക്കിലി കണ്ടു. അന്നൊക്കെ നന്നായി വായിക്കും. വീക്കിലി വാങ്ങി മറിച്ചു നോക്കി.

ഒരു പേജില്‍ കണ്ണുടക്കി, 'കടലിന് കറുത്ത നിറമായിരുന്നു'. നോവല്‍ തുടങ്ങുകയാണ്. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം. തുടര്‍ന്നു വായിക്കാന്‍ മനസു പറഞ്ഞു. പല വരികളും മനസിലുടക്കി. മരിക്കണമെന്ന് ആലോചിച്ചിട്ടും അടുത്ത ലക്കം വായിക്കണമെന്ന് ഒരു മോഹം.

വെള്ളിയാഴ്ചകള്‍ക്കായി ഞാന്‍ കാത്തിരുന്നു. അമ്പത് ലക്കമാണ് നോവല്‍. ഒരു ലക്കം തന്നെ പല തവണ വായിക്കും. ആ നോവല്‍ എനിക്ക് പുതിയൊരു ലോകം സമ്മാനിച്ചു.

ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനുള്ള തീരുമാനം തെറ്റാണെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി. മരിക്കാനുള്ള തീരുമാനം മാറ്റിവച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആലോചിച്ചു. തിരിച്ചു കിട്ടാനുള്ള പണം വാങ്ങി, ലോണ്‍ വാങ്ങി, അങ്ങനെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു വിധം പരിഹരിച്ചു.

അമ്പത് ആഴ്ചകള്‍ കൊണ്ട് ഞാന്‍ പുതിയൊരു മനുഷ്യനായി. ജീവിതത്തില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിട്ടു. നാല് വര്‍ഷം കഴിഞ്ഞ് രണ്ടാമൂഴം പുസ്തകമായി ഇറങ്ങി. എല്ലാവര്‍ക്കും ഈ പുസ്തകം പ്രചോദനമാവട്ടെ എന്നു കരുതി വാങ്ങിയ 12 കോപ്പികളില്‍ 10 എണ്ണം കോട്ടയം കുറിച്ചിത്താനത്തെ ലൈബ്രറിക്ക് കൊടുത്തു.

എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന എം.ടി യെ നേരില്‍ കാണണമെന്നത് വലിയൊരു മോഹമായിരുന്നു. അതിനുള്ള അവസരമൊരുക്കിയത് കലോത്സവമാണ്. കലോത്സവത്തിന്റെ തലേ ദിവസം പാചക കമ്മറ്റി കണ്‍വീനര്‍ സതീശന്‍ മാഷിനോട് എന്റെ ആഗ്രഹം പറഞ്ഞു.

എം.ടിയെ വിളിച്ച് അനുവാദം വാങ്ങി. സന്ധ്യയോടെ ഞങ്ങള്‍ എം.ടി യുടെ വീട്ടിലെത്തി. അദ്ദേഹത്തിന് കൊടുക്കാന്‍ ഒരു ഡബിള്‍ മുണ്ടും കൈയില്‍ കരുതിയിരുന്നു. ഉമ്മറത്തെത്തിയതും എനിക്ക് പരിഭ്രമമായി. സതീശന്‍ മാഷ് എന്നെ എം.ടി യുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

ഞാന്‍ കാണാന്‍ കൊതിച്ച വ്യക്തി എന്റെ തൊട്ടടുത്ത്. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. ഞാന്‍ അദ്ദേഹത്തെ ഊട്ടുപുരയിലേക്ക് ക്ഷണിച്ചു. എനിക്ക് രണ്ടാം ജന്മം തന്ന എം.ടി യെ ഞാന്‍ ഈശ്വരനേപ്പോലെയാണ് കാണുന്നതെന്നും ദക്ഷിണ തന്ന് നമസ്‌ക്കരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞു.

ഞാന്‍ അദ്ദേഹത്തെ നമസ്‌ക്കരിച്ചു. കുറച്ചു സമയത്തേക്ക് അദ്ദേഹം അനങ്ങിയില്ല. എന്നെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അടുത്ത ദിവസം അദ്ദേഹം കലോത്സവത്തിന് വന്നപ്പോള്‍ അദ്ദേഹത്തിന് ഞാന്‍ തന്നെ വിളമ്പിക്കൊടുത്തു. തൃപ്തിയായി നന്ദിയുണ്ട് എന്ന് പറഞ്ഞു. ആ വാക്കുകള്‍ ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല.

uploads/news/2017/06/120967/pazhayedamINW2.jpg

ടേസ്റ്റി ട്വിസ്റ്റ്


ബിസിനസ് നിര്‍ത്തി ഇനിയെന്ത് എന്നാലോചിക്കുന്ന സമയം. ഒരു ദിവസം കുറിച്ചിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി വിളിക്കുന്നു. അന്ന് ക്ഷേത്രത്തില്‍ അന്നദാനമുണ്ട്. ഞാന്‍ വെറുതേയിരിക്കുകയാണെന്ന് അറിഞ്ഞ് പാചകത്തിന് സഹായിക്കാന്‍ പറ്റുമോയെന്നറിയാനാണ് വിളിച്ചത്.

ആ അമ്പലത്തിലെ തിടപ്പള്ളിയില്‍ നിന്ന് തുടങ്ങിയ പാചകമാണ്. അതിന്റെ അനുഗ്രഹം ഇപ്പോഴും കൂടെയുണ്ട്. പിന്നെ നാട്ടില്‍ പലയിടത്തും സദ്യ ഒരുക്കി. പാചകത്തില്‍ വിദഗ്ധരായ പലരുടേയും കൂടെ നിന്നു,പലതും പഠിച്ചു.

2003 ല്‍ മലയാലപ്പുഴയില്‍ ശതകോടി അര്‍ച്ചന നടന്നു. എന്റെ ആദ്യത്തെ മെഗാ ഇവന്റ്. 65 ദിവസം 1500പേര്‍ക്ക് ഭക്ഷണമൊരുക്കി. അതോടെ ആത്മവിശ്വാസമായി. പിന്നീടങ്ങോട്ട് പല വേദികള്‍.

കുടുംബം


ജീവിതത്തിന് സ്വാദ് പകരുന്നത് എന്റെ ഭാര്യയും മക്കളുമാണ്. ഭാര്യ ശാലിനി, രണ്ട് മക്കള്‍,യദുവും മാളവികയും. മരുമകള്‍ അമ്മു. വീട്ടിലെ അടുക്കളയുടെ മേല്‍നോട്ടം ശാ
ലിനിക്കാണ്.

Ads by Google
Ads by Google
Loading...
TRENDING NOW