Friday, June 22, 2018 Last Updated 30 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 01.49 AM

ആത്മഹത്യ പരിഹാരമല്ല

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്‌ടം, ജീവനഷ്‌ടം, കായ്‌കനി നഷ്‌ടം എന്നിവകൊണ്ട്‌ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമിക്കുന്നവര്‍ക്കു താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക(അല്‍ ബഖറ:155)
മനുഷ്യന്‍ നേരിടേണ്ടിവരുന്ന അഞ്ചു തരം പരീക്ഷണങ്ങളെക്കുറിച്ചാണ്‌ ഈ സൂക്‌തം പറയുന്നത്‌. 1. ഭയം, 2. വിശപ്പ്‌, 3. ധനനഷ്‌ടം, 4. ആള്‍നഷ്‌ടം, 5. ഫലവര്‍ഗങ്ങളുടെ ഉല്‍പ്പാദനക്കുറവ്‌. വിപത്തുകളും സമൃദ്ധിക്ഷയവും മനുഷ്യന്റെ കൂടപ്പിറപ്പാണ്‌. ആപത്തുകളുണ്ടാകുമ്പോള്‍ ക്ഷമിക്കുകയും സമൃദ്ധിക്ഷയമുണ്ടാകുമ്പോള്‍ ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുകയും ലഭിച്ചതിന്‌ നന്ദിയും കടപ്പാടും പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്‌ വിശ്വാസികള്‍.
ജീവിതത്തിലെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും വിവേകത്തോടും ആത്മധൈര്യത്തോടും കൂടി നേരിടാനുള്ള കരുത്ത്‌ നേടിയെടുക്കണം. അല്ലാഹു എന്നെ വല്ലാതെ കഷ്‌ടപ്പെടുത്തുന്നല്ലോ, എനിക്ക്‌ എന്നും കാലക്കേടു തന്നെ... ഇങ്ങനെ സ്വയം ശപിക്കരുത്‌. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌, ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെക്കാള്‍ കഷ്‌ടപ്പെടുന്നവര്‍ ചുറ്റുപാടുമുണ്ടല്ലോ. ഇത്രയൊക്കെയല്ലേ എനിക്കു സംഭവിച്ചിട്ടുള്ളൂ. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട്‌ ഞാന്‍ ഈ പ്രതിസന്ധികളെ മറികടക്കും ഇതായിരിക്കണം ഒരു വിശ്വാസിയുടെ മനസ്‌.
നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്കു നോക്കുക എന്ന്‌ മുഹമ്മദ്‌ നബി (സ)പഠിപ്പിക്കുന്നു. നമ്മെക്കാള്‍ അവശരായവരുണ്ടല്ലോ എന്ന്‌ ആലോചിക്കുമ്പോഴാണ്‌ അല്ലാഹു നമുക്കു ചെയ്‌തുതന്ന അനുഗ്രഹങ്ങളുടെ വ്യാപ്‌തി മനസിലാകുക. ക്ഷമ വളരെ പ്രധാനമാണ്‌. ക്ഷമിക്കുന്നവര്‍ക്കാണു സ്വര്‍ഗമെന്ന്‌ സൂക്‌തം പഠിപ്പിക്കുന്നു. ക്ഷമ വിശ്വാസത്തിന്റെ പാതിയാണെന്ന്‌ നബിവചനവുമുണ്ട്‌.
നാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ുന്ന യഒരു കാര്യം ലഭിക്കാതെപോകുന്നത്‌ അല്ലാഹുവിന്‌ തന്നോടു സ്‌നേഹമില്ലാത്തതിനാലാണെന്നു കരുതരുത്‌. ആ കാര്യം നമുക്ക്‌ വിപത്തായി പരിണമിക്കാം. അല്ലെങ്കില്‍ പ്രതീക്ഷിച്ചതിലും ഗുണകരമായത്‌ വിധി നമുക്കായി കരുതിവച്ചിരിക്കാം. അതുമല്ലെങ്കില്‍, കഷ്‌ടപ്പാടുകള്‍ക്ക്‌ വലിയ അളവിലുള്ള പ്രതിഫലം നമ്മെ കാത്തിരിക്കുന്നുണ്ടാകും. ഇത്തരത്തില്‍ ശുഭപ്രതീക്ഷയും ക്ഷമയും ഇല്ലെങ്കില്‍ ജീവിതം നരകതുല്യമാകും. അപ്പോഴാണ്‌ ഒരു നീളന്‍ കയറിലോ വിഷക്കുപ്പിയിലോ ജീവിതം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചുതുടങ്ങുക.
പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ മനസുമടുത്ത്‌ നമ്മുടെ മുന്‍ഗാമികള്‍ കീഴടങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്‌ഥ. എഴുപതുകള്‍ക്കു മുന്നേയുള്ള ഗള്‍ഫ്‌ രാജ്യങ്ങളുടെ കഥ നമുക്കറിയില്ലേ. ഖോര്‍ഫുഖാനിലെ മരുഭൂമിയില്‍ ചുട്ടുപൊള്ളുന്ന രാത്രികളെ തണുപ്പിക്കാന്‍ നനഞ്ഞ ചാക്കുകള്‍ കെട്ടിത്തൂക്കി എയര്‍കണ്ടീഷന്‍ ഒരുക്കിയ അനുഭവം ഒരുപാടു പറഞ്ഞിട്ടുണ്ട്‌ സ്‌നേഹം കൊണ്ട്‌ എല്ലാവരെയും വിരുന്നൂട്ടിയ കോട്ടക്കല്‍ സാജിദ ഉമര്‍ ഹാജി.
ജര്‍മനിയിലെ സ്‌റ്റുട്ട്‌ഗട്ട്‌ നഗരത്തിലൂടെ നടക്കുമ്പോള്‍, ഞങ്ങളുടെ ആതിഥേയരായിരുന്ന ഗുണ്ടര്‍ട്ട്‌ കുടുംബത്തിലെ ഇളംമുറക്കാരന്‍ ക്രിസ്‌റ്റോഫ്‌ പറഞ്ഞു, രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ തീമഴയെന്ന പോലെ ബോംബു വര്‍ഷിച്ച്‌ ആ പട്ടണത്തെ ചാരമാക്കിയ കഥ. ആ ചാരത്തില്‍ നിന്നാണ്‌ ഓട്ടോമൊബൈല്‍ സിറ്റിയായ ഇന്നത്തെ സ്‌റ്റുട്ട്‌ഗട്ട്‌ വളര്‍ന്നുവന്നത്‌. മെഴ്‌സിഡസിന്റെയും പോര്‍ഷെയുടെയും ബോഷിന്റെയുമൊക്കെ ആസ്‌ഥാനം ഈ നഗരത്തിലാണ്‌. കഠിനാധ്വാനം കൊണ്ടും ഇച്‌ഛാശക്‌തികൊണ്ടും ഏതു പ്രതിസന്ധിയെയും അതിജീവിക്കാനാകുമെന്ന്‌ വ്യക്‌തമാക്കാനാണ്‌ ഇത്രയും പറഞ്ഞത്‌.
ചിന്തിക്കുന്നവര്‍ക്കു പാഠങ്ങളുണ്ട്‌. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്‌ പല പ്രശ്‌നങ്ങളുടെയും തുടക്കവുമാണ്‌.
അബൂ ഹുറൈറ(റ)വിനെ തൊട്ട്‌ ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു നബിവചനം ഇങ്ങനെ വായിക്കാം: തന്നെ ബാധിച്ച ബുദ്ധിമുട്ടുകള്‍ കാരണം നിങ്ങളാരും മരണമാഗ്രഹിക്കരുത്‌. നിങ്ങള്‍ ഗുണവാനാണെങ്കില്‍ കൂടുതല്‍ ഗുണവാനായേക്കാം. ദുഷിച്ചവനാണെങ്കില്‍ പശ്‌ചാത്തപിച്ചു മടങ്ങാന്‍ അവസരം ലഭിച്ചേക്കാം.

സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി

Ads by Google
Thursday 22 Jun 2017 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW