Saturday, April 07, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 01.45 PM

മേനോന്‍സാര്‍ എന്നെ മറന്നില്ല; മരിക്കുന്നതു വരെ

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അടുത്ത സുഹൃത്തിനെ കാണാന്‍ വേണ്ടി പോയതായിരുന്നു ഞാന്‍. അപ്പോഴാണ് തൊട്ടടുത്ത മുറിയില്‍ ശ്രീധരമേനോന്‍ സാര്‍ ബോധമില്ലാതെ കിടക്കുന്നതറിഞ്ഞത്. ഞാന്‍ അവിടേക്കുചെന്നു. ശരീരത്തില്‍ തൊട്ടപ്പോള്‍ അത്ഭുതം. അദ്ദേഹം കണ്ണുതുറന്നു.
uploads/news/2017/06/120547/Weeklyaanmans210617.jpg

കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ചുമതലയേറ്റിട്ട് ഒരാഴ്ച കഴിഞ്ഞുകാണും. ആ സമയത്താണ് ഏതോ ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഡി.സി.ബുക്‌സ് ഒരു യോഗം വിളിച്ചത്.

അതില്‍ പങ്കെടുക്കാന്‍ ചരിത്രകാരനായ എ.ശ്രീധരമേനോനുമുണ്ടായിരുന്നു. എനിക്കേറെ ബഹുമാനമുള്ള ആളുകളില്‍ ഒരാളാണ് മേനോന്‍ സാര്‍. സാധാരണപോലെ പരിചയം പുതുക്കാനാണ് അദ്ദേഹത്തിനടുക്കല്‍ ചെന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു പെരുമാറ്റം. എന്നെക്കണ്ടയുടന്‍ അദ്ദേഹം ക്ഷുഭിതനായി.

''ഒരുപാടുനാളത്തെ അധ്വാനത്തിന് ശേഷമാണ് കേരള സര്‍വകലാശാലയുടെ ചരിത്രം തയ്യാറാക്കിയത്. എന്നിട്ടും അത് പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചു. എനിക്കതില്‍ വല്ലാത്ത സങ്കടമുണ്ട്. അതുകൊണ്ടുതന്നെ സര്‍വകലാശാലയുടെ വി.സി. പങ്കെടുക്കുന്ന യോഗത്തില്‍ ഞാനുണ്ടാവില്ല.''

അദ്ദേഹം ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പുറത്തേക്കുപോകാന്‍ തയ്യാറെടുത്തു. അതോടെ ഞാനും വല്ലാതായി. പക്ഷേ ഞാന്‍ അദ്ദേഹത്തെ പോകാന്‍ സമ്മതിച്ചില്ല. ഇക്കാര്യമൊന്നും എനിക്കറിയില്ലെന്നും വൈസ് ചാന്‍സലറായി ചാര്‍ജെടുത്തിട്ട് ഒരാഴ്ചയേ ആയുള്ളൂ എന്നു പറഞ്ഞപ്പോള്‍ മേനോന്‍ സാറിന്റെ ക്ഷോഭം പതുക്കെ തണുത്തു. ഒന്നും പറയാതെ അദ്ദേഹം പറയാതെ കസേരയിലിരുന്നു.

പിന്നീട് പ്രസംഗത്തില്‍ മേനോന്‍ സാര്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. കേരള സര്‍വകലാശാലയുടെ റജിസ്ട്രാര്‍ കൂടിയായ സാറിന്റെ പുസ്തകം പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചത് ശരിയായില്ലെന്ന് എനിക്കും തോന്നി. ആ സദസ്സില്‍ വച്ച് ഞാന്‍ മനസ്സിലൊരു തീരുമാനമെടുത്തു. എന്തൊക്കെ എതിര്‍പ്പുണ്ടായാലും മേനോന്‍ സാറിന്റെ പുസ്തകം പ്രസിദ്ധീകരിക്കും.

പിറ്റേ ദിവസം ഓഫീസിലെത്തിയതു മുതല്‍ ഞാന്‍ ആ പുസ്തകത്തിന്റെ പിറകിലായിരുന്നു. എന്താണ് ആ പുസ്തകത്തിന് സംഭവിച്ചതെന്ന അന്വേഷണം. എത്തിച്ചത് പ്രസ്സിലാണ്. സര്‍വകലാശാലയുടെ ചരിത്രം ഒന്നാം വോള്യത്തിന്റെ കുറച്ചുഭാഗം അച്ചടിച്ചുകഴിഞ്ഞിരിക്കുന്നു. പക്ഷേ പുറത്തുവിട്ടിട്ടില്ല. ബാക്കി കോപ്പികള്‍ മാത്രമല്ല, രണ്ടാം വോള്യവും അച്ചടിക്കാന്‍ ബാക്കിയുണ്ട്. അടുത്തയാഴ്ച തന്നെ അതിന്റെ ബാക്കി അച്ചടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

എതിര്‍പ്പുകള്‍ ഒരുപാടുണ്ടായിരുന്നു. പക്ഷേ അതൊന്നും വകവച്ചില്ല. ഇടയ്ക്ക് അച്ചടി തടസ്സപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. എങ്കിലും ധൈര്യം കൈവിടാതെ തീരുമാനത്തില്‍ ഉറച്ചുനിന്നു. രണ്ടു വോള്യവും അച്ചടിച്ച് കൈയില്‍ കിട്ടിയപ്പോഴേ എനിക്ക് ശ്വാസം നേരെ വീണുള്ളൂ. അതുമായി പിറ്റേ ദിവസം രാവിലെ തിരുവനന്തപുരത്തുള്ള ശ്രീധരമേനോന്‍ സാറിന്റെ ഫ്‌ളാറ്റിലെത്തി. അകത്തേക്ക് കയറിച്ചെന്നപ്പോള്‍ ഞെട്ടിപ്പോയി.

അദ്ദേഹം വന്നത് വീല്‍ചെയറിലായിരുന്നു. അസുഖം ബാധിച്ച് നന്നേ ക്ഷീണിച്ചിരിക്കുന്നു. ഞാന്‍ രണ്ടു പുസ്തകവും അദ്ദേഹത്തിന്റെ കൈയില്‍ വച്ചുകൊടുത്തു. മേനോന്‍ സാറിന്റെ കണ്ണുകള്‍ നിറയുന്നത് എനിക്കുകാണാം. സന്തോഷം കൊണ്ടായിരുന്നു അത്. അദ്ദേഹം എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. ഒരുപക്ഷേ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളിലൊന്നാവാം അത്.
''സന്തോഷം. ഇത്രയും പ്രതീക്ഷിച്ചില്ല.''

മേനോന്‍ സാര്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ വളരെ വിലപ്പെട്ട ഒരു പുസ്തകമായിരുന്നു അതെന്ന് വായിച്ചപ്പോഴാണ് മനസ്സിലായത്. വെറുമൊരു സര്‍വകലാശാലാ ചരിത്രമല്ലത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ചുള്ള ചരിത്രപുസ്തകം. അതിനാണ് ചില ശക്തികള്‍ ചേര്‍ന്ന് തടയിട്ടത്.

നാലഞ്ചുവര്‍ഷം കഴിഞ്ഞുകാണും. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അടുത്ത സുഹൃത്തിനെ കാണാന്‍ വേണ്ടി പോയതായിരുന്നു ഞാന്‍. അപ്പോഴാണ് തൊട്ടടുത്ത മുറിയില്‍ ശ്രീധരമേനോന്‍ സാര്‍ ബോധമില്ലാതെ കിടക്കുന്നതറിഞ്ഞത്. ഞാന്‍ അവിടേക്കുചെന്നു. ശരീരത്തില്‍ തൊട്ടപ്പോള്‍ അത്ഭുതം. അദ്ദേഹം കണ്ണുതുറന്നു. ഇക്ബാല്‍ എന്നു വിളിച്ചുകൊണ്ട് കൈ പിടിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്നെ അതിശയത്തോടെ നോക്കി.

''ഏതാനും മണിക്കൂറുകളായി ബോധമില്ലാതെ കിടക്കുകയായിരുന്നു. സാര്‍ വന്നപ്പോഴാണ് കണ്ണുതുറന്നതും സംസാരിച്ചതും.''

ബന്ധുക്കളിലൊരാള്‍ പറഞ്ഞു. മേനോന്‍ സാര്‍ എന്നെ നോക്കി ചിരിച്ചു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. വലിയൊരു സഹായം ചെയ്തതിന്റെ നന്ദിയാണത്. അതുകഴിഞ്ഞ് രണ്ടുവര്‍ഷമേ മേനോന്‍ സാര്‍ ജീവിച്ചിരുന്നുള്ളൂ. മരണം വരെ അദ്ദേഹത്തിന്റെയുള്ളിലുണ്ടായിരുന്നു, എന്നോടുള്ള നന്ദി.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
Ads by Google
LATEST NEWS
TRENDING NOW