Tuesday, June 19, 2018 Last Updated 26 Min 22 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 21 Jun 2017 12.49 AM

യോഗ: ആരോഗ്യത്തിലേക്കൊരു രാജപാത

uploads/news/2017/06/120271/bft1.jpg

പണ്ടൊരു രാജാവുണ്ടായിരുന്നു. ഭക്ഷണപ്രിയനും സുഖലോലുപനുമായ രാജാവിനു ഭാഗ്യവശാല്‍ വലിയ പ്രതിയോഗികളൊന്നും ഉണ്ടായിരുന്നില്ല. യുദ്ധമെന്നു പറയാന്‍ അറിയാമെന്നതില്‍ കവിഞ്ഞ്‌ യുദ്ധപരിചയമൊന്നുമില്ല. സദാസമയും ഭക്ഷണ പാനീയങ്ങളുമായി കൊട്ടാരത്തില്‍ തന്നെ കഴിഞ്ഞു കൂടും. ആവശ്യത്തിലധികം പരിചാരകരുണ്ടായിരുന്നതിനാല്‍ കുനിഞ്ഞൊരു കുപ്പയെടുക്കേണ്ട ആവശ്യവും വരാറില്ല. ഫലമോ, രാജാവ്‌ തിന്നു കൊഴുത്ത്‌ ഒരു തടിമാടനായിത്തീര്‍ന്നു.
എപ്പോഴും കട്ടിലില്‍ വിശ്രമം. ഒരു പ്രഭാതത്തില്‍ എത്ര ശ്രമിച്ചിട്ടും കട്ടിലിനിന്ന്‌ ഉയരാന്‍ പോലും കഴിയുന്നില്ല. താന്‍ അത്രയ്‌ക്കു തടിച്ചുപോയെന്നു മഹാരാജന്‍ മനസിലാക്കിയത്‌ അന്നാണ്‌. വലിയ ദുരിതമാണ്‌ പിന്നീട്‌ ഓരോ നാളും രാജാവ്‌ നേരിട്ടത്‌. പൊണ്ണത്തടി കാരണം തനിക്ക്‌ ഒറ്റയ്‌ക്ക്‌ ഒരടിപോലും നടക്കാന്‍ കഴിയുന്നില്ലെന്നറിഞ്ഞ്‌ രാജാവ്‌ അടിയന്തിരമായി മന്ത്രിയെ വിളിപ്പിച്ചു. ശാരീരിക സ്വാധീനം വീണ്ടെടുക്കുന്നതിന്‌ പ്രഗത്ഭ െവെദ്യന്‍മാരുടെ സഹായം തേടാനാണ്‌ ആജ്‌ഞാപിച്ചത്‌.
െവെദ്യന്‍മാര്‍ പലര്‍ വന്നു. പല മരുന്നുകള്‍ പ്രയോഗിച്ചു. ചെലവു നോക്കാതെ ചികിത്സയോടു ചികിത്സതന്നെ. ഇതിനിടെ ചില െവെദ്യശിരോമണികള്‍ രാജാവിനെ ചികിത്സിച്ച്‌ ധനാഢ്യന്മാരായിത്തീര്‍ന്നു. പക്ഷേ രാജാവിന്റെ പൊണ്ണത്തടിക്കു കുറവൊന്നുമില്ല. മാത്രമല്ല, നടക്കാന്‍ കഴിയുന്നുമില്ല. അങ്ങനെയിരിക്കെ നാട്ടില്‍ ഒരു അവധൂതന്‍ കടന്നു വന്നു. പരദേശിയാണ്‌. ആര്‍ക്കും പരിചയമില്ല. പൊണ്ണത്തടിമൂലം രാജാവ്‌ അനുഭവിക്കുന്ന കഷ്‌ടപ്പാടുകളെക്കുറിച്ച്‌ അവധൂതനും കേള്‍ക്കാനിടയായി. ഒരു െവെദ്യനില്‍നിന്ന്‌ മറ്റൊരാളിലേക്ക്‌ അന്വേഷണം തുടരുകയായിരുന്ന മന്ത്രിയോടു രാജാവിന്റെ ദീനം മാറ്റാന്‍ തനിക്കു കഴിയുമെന്ന്‌ അവധൂതന്‍ പറഞ്ഞു.
മന്ത്രി നിര്‍ബന്ധിച്ചെങ്കിലും അവധൂതന്‍ കൊട്ടാരത്തിലേക്കു പോകുവാന്‍ തയാറായില്ല. പകരം രാജാവ്‌ താന്‍ താമസിക്കുന്നിടത്തേക്കു നടന്നു വന്നാല്‍ മാത്രമെ ചികിത്സ ഫലിക്കുകയുള്ളൂ എന്നായി അവധൂതന്‍. നടക്കാന്‍ കഴിയില്ലെന്ന്‌ മന്ത്രി. പറ്റില്ല വന്നേ തീരുവെന്ന്‌ അവധൂതന്‍. ഒടുവില്‍ മൂപ്പതു പേര്‍ താങ്ങിയും സഹായിച്ചും ഒരു ദിവസം രാജാവ്‌ അവധൂതന്റെ വീട്ടിലെത്തി. നടന്നു വന്നു എന്നു പറയുന്നതിനു പകരം ഇഴഞ്ഞും പലരുടെയും ചുമലില്‍ താങ്ങിയുമാണ്‌ വന്നത്‌ എന്നു പറഞ്ഞാല്‍ മതിയല്ലോ.
ചില ചെറു മരുന്നുകളൊക്കെ നല്‍കിയ ശേഷം പിറ്റേന്നു വീണ്ടും വരണമെന്നു പറഞ്ഞു രാജാവിനെ മടക്കി അയച്ചു. പിറ്റേന്നു വന്നപ്പോള്‍ അടുത്ത ദിവസം വരാന്‍ പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ മുപ്പതു ദിവസം രാജാവ്‌ പരസഹായത്തോടെ അവധൂതന്റെ അരികില്‍ നടന്നു വരികയും പോവുകയും ചെയ്‌തു. ഓരോ ദിവസവും സഹായികളുടെ എണ്ണം ക്രമേണ കുറയ്‌ക്കാന്‍ രാജാവിനു കഴിഞ്ഞു. മുപ്പതാം നാള്‍ രാജാവ്‌ ആരുടെയും സഹായമില്ലാതെ തന്നെ നടന്നു. അവധൂതന്‌ പണക്കിഴിയും കീര്‍ത്തിപത്രവും നല്‍കി രാജാവ്‌ സന്തോഷം രേഖപ്പെടുത്തി.
ആരോഗ്യം വേണമെങ്കില്‍ ശരീരത്തിന്‌ വ്യായാമം വേണമെന്ന സന്ദേശമാണ്‌ കഥ നല്‍കുന്നത്‌. സുഖജീവിതവും രുചികരമായ ഭക്ഷണവും ധനവും അധികാരവും ആദരവുമൊന്നും കൊണ്ട്‌ ആരോഗ്യം കിട്ടില്ലെന്നു മാത്രമല്ല, ഉള്ള ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തേക്കും.
പ്രഭാതത്തിലെ കാല്‍നട, യോഗ എന്നിവ 45 മിനിട്ടെങ്കിലും കൃത്യമായി ചെയ്‌താല്‍ തന്നെ രോഗപ്പട്ടികയുടെ നീളം ഗണ്യമായി കുറയ്‌ക്കാം. മാസവരി അടച്ച്‌ ആധുനിക ജിംനേഷ്യത്തിലൊന്നും പോകണമെന്ന്‌ നിര്‍ബന്ധമില്ല. മറ്റുള്ളവരുടെ സമയവും സൗകര്യവും പ്രതിഫലവും നമ്മുടെ വ്യായാമത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നതിനേക്കാള്‍ സൗകര്യപ്രദം സ്വയം ചെയ്യാന്‍ കഴിയുന്ന നടത്തവും യോഗയുമല്ലേ.
യോഗയ്‌ക്കു മതച്‌ഛായ ചാര്‍ത്തിക്കൊടുക്കുന്നവരുണ്ട്‌. ശുദ്ധ അബദ്ധമാണത്‌. ക്രിസ്‌ത്വബ്‌ദം 105ല്‍ കടലാസ്‌ കണ്ടു പിടിച്ചത്‌ െചെനയിലെ ഹാന്‍ വംശജനായ സായ്‌ ലുന്‍ ആണെന്നു കരുതി കടലാസിനെ ഹാന്‍ വംശത്തില്‍ കൊരുത്തിടുകയല്ലല്ലോ ലോകം ചെയ്‌തത്‌. കടലാസ്‌ എന്ന മഹത്തായ കണ്ടെത്തലിനെ ലോകം ഇരുെകെയും നീട്ടി സ്വീകരിച്ചു. ഇന്ന്‌ മനുഷ്യകുലം വളര്‍ച്ചയുടെ മനോഹരചിത്രം പലയിനം പേപ്പറുകളിലൂടെ വരച്ചു കാട്ടുന്നു. കാപ്പിയുടെ പ്രയോഗം ആദ്യമായി നടന്നത്‌ യമനിലെ സൂഫി സമൂഹങ്ങളിലായിരുന്നു എന്നാണ്‌ ചരിത്രം പറയുന്നത്‌. അതുകൊണ്ട്‌ കാപ്പിക്കപ്പുകള്‍ സൂഫികള്‍ക്കു മാത്രമായി ഒതുങ്ങിപ്പോയില്ലല്ലോ. സാര്‍വജനിക പാനീയമായി കാപ്പി സ്വീകരിക്കപ്പെടുകയല്ലേ ചെയ്‌തത്‌.
ഭാരതീയ സംസ്‌കാരത്തിന്റെ തിളങ്ങുന്ന പതക്കമാണ്‌ യോഗ. പക്ഷേ ആഗോള മാനവകുലത്തിന്‌ ഒന്നാകെ അവകാശപ്പെട്ട ഒരു വിശിഷ്‌ട സമ്പത്തുകൂടിയാണത്‌. ശാരീരികവും മാനസികവുമായ സമഗ്രാരോഗ്യം െകെവരിക്കാന്‍ ഏതാനും മിനിട്ട്‌ യോഗ ചെയ്യുന്നതുപോലെ പ്രയോജനപ്രദമായ മറ്റൊന്നുമില്ല.
ശരീരപേശികളെ നിര്‍ബന്ധപൂര്‍വം കഠിനാധ്വാനം ചെയ്യിപ്പിക്കുകയല്ല യോഗയുടെ രീതി. യോഗ ചെയ്യുമ്പോള്‍ ഉടല്‍ മുഴുവന്‍ ആയാസരഹിതമായിരിക്കണം. മനസും ശരീരവും ഭാരങ്ങളൊഴിഞ്ഞ്‌ തൂവല്‍പോലെയാവണം. ഇങ്ങനെ ബാഹ്യവും ആന്തരികവുമായ ശരീരത്തെ ഒന്നാകെ തഴുകിത്തലോടിക്കൊണ്ടും ആശ്വസിപ്പിച്ചുകൊണ്ടും അനായാസമായി ചെയ്യുന്ന വ്യായാമം യോഗയെപ്പോലെ മറ്റൊന്നില്ല. യോഗയുടെ രാജപാതയിലൂടെ ആരോഗ്യജീവിതം ഏവര്‍ക്കും സാധ്യമാകട്ടെ.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 21 Jun 2017 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW