Tuesday, September 12, 2017 Last Updated 8 Min 29 Sec ago English Edition
Todays E paper
Tuesday 20 Jun 2017 04.27 PM

ചര്‍മ്മത്തെ കാക്കാന്‍ ആയുര്‍വേദം

uploads/news/2017/06/120237/skincreayurvd200617.jpg

ചര്‍മ്മസംരക്ഷണത്തിനും രോഗം ചികിത്സിച്ചു മാറ്റുന്നതിനും ആയുര്‍വേദം ഫലപ്രദമാണ്. പ്രകൃതിയുടെ തനത് ഔഷധഗുണം ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ത്വക്‌രോഗങ്ങള്‍ പ്രധാനമായും 2 തരത്തില്‍ ഉണ്ട്. വിസര്‍പ്പം എന്നും കുഷ്ഠം എന്നും. വിസര്‍പ്പരോഗം മിക്കവയും വ്രണമായി പരിണമിക്കുന്ന ഒന്നാണ്. രോഗത്തിന്റെ ആരംഭത്തില്‍തന്നെ പല ഭാഗങ്ങളിലായി നിറവ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം വളരെ വേഗത്തില്‍തന്നെ ശരീരം മുഴുവന്‍ വ്യാപിച്ച് പൊള്ളിയതുപോലെ കുരുക്കള്‍ ഉണ്ടായി അവ പൊട്ടി വ്രണമായിത്തീരുന്നു.

വിസര്‍പ്പരോഗം മൂന്നുതരത്തില്‍ ഉണ്ടാകുന്നതായി കാണാം. ബാഹ്യമായി ഉണ്ടാകുന്നത് (പുറമെ ഉണ്ടാകുന്നത്), ആന്തരമായി ഉണ്ടാകുന്നത് (അകത്ത് ഉണ്ടാകുന്നത്), ആന്തരികമായും ബാഹ്യമായും ഉണ്ടാകുന്നത്. അതില്‍ ബാഹ്യത്തേക്കാള്‍ ആന്തരവും, രണ്ടുതരത്തിലും ഉണ്ടാകുന്നത് അതിലും വിഷമതകള്‍ ഏറിയവ ആയിരിക്കും.

എല്ലാ വിസര്‍പ്പരോഗങ്ങളും ജ്വരത്തോടും നിറവ്യത്യാസത്തോടും കൂടിയിരിക്കുമ്പോള്‍തന്നെ ചികിത്‌സിക്കാതെയിരുന്നാല്‍ ക്രമേണ നിറവ്യത്യാസമുള്ള ഭാഗങ്ങള്‍ പൊള്ളലുകള്‍കൊണ്ട് ഉണ്ടാകുന്നതുപോലെ കുമിളകളായിത്തീരുന്നു. ഇവ പിന്നീട് പഴുത്തു പൊട്ടി വ്രണങ്ങളായിത്തീരും.

പനി, അതിസാരം, ഛര്‍ദ്ദി, തൊലിയും മാംസവും പിളരുക, ശരീരത്തിനു തളര്‍ച്ച, അരുചി, ആഹാരം ദഹിക്കാതെയിരിക്കുക ഇവയെല്ലാം വിസര്‍പ്പരോഗത്തിന്റെ ഉപദ്രവങ്ങളാകുന്നു.

ഉപ്പും പുളിയും എരുവും ധാരാളമുള്ള ആഹാരങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടും ഉഷ്ണഗുണപ്രദാനങ്ങളായ ആഹാരങ്ങള്‍ നിത്യം ഉപയോഗിക്കുന്നതുകൊണ്ടും ശരീരത്തില്‍ വാത പിത്തകഫങ്ങള്‍ കോപിച്ചാണ് വിസര്‍പ്പം ഉണ്ടാകുന്നത്.

ഇത്തരത്തിലുള്ള ആഹാരങ്ങളുടെ അമിതമായ ഉപയോഗംകൊണ്ട് ശരീരത്തില്‍ രക്തം, ഉദരം, ത്വക്, മാംസം എന്നിവയും വാതപിത്ത കഫങ്ങളെപ്പോലെ ഏറ്റവും ദുഷിക്കുന്നു.

അഗ്‌നിവിസര്‍പ്പം


വാത പിത്ത കഫങ്ങളുടെ കോപനം ഹേതുവായി പനി, ഛര്‍ദ്ദി, തളര്‍ച്ച, വയറിളക്കം, ദാഹം, തലചുറ്റല്‍, വിശപ്പ് കുറവ്, അരുചി എന്നിവയോടുകൂടി ഉണ്ടാകുന്ന വിസര്‍പ്പമാണ് അഗ്‌നിവിസര്‍പ്പം.

ജ്വലിച്ചിരിക്കുന്ന തീക്കനല്‍ ശരീരത്തില്‍ വാരി വിതറിയതുപോലെ ഉണ്ടാകുന്ന ഈ രോഗം എവിടെയെല്ലാം വ്യാപിക്കുന്നുവോ ആ ഭാഗം കരിക്കട്ടകള്‍ പോലെ കറുത്തോ നീലിച്ചോ ചുവന്നോ വരുകയും തീപ്പൊള്ളല്‍ ഏറ്റതുപോലെ കുമിളകള്‍ ഉണ്ടാവുകയും ചെയ്യും. ഇത്തരം വിസര്‍പ്പം ശരീരത്തില്‍ വേഗത്തില്‍ വ്യാപിക്കുന്നവയാണ്.

ഗ്രന്ഥിവിസര്‍പ്പം


ഞരമ്പുകളിലും മാംസത്തിലും നാഡികളിലും ചെറുതായും വട്ടത്തിലും തടിച്ചിട്ടും കടുപ്പത്തോടുകൂടിയും ചുവന്നും ഉണ്ടാകുന്ന മുഴകളാണ് ഗ്രന്ഥിവിസര്‍പ്പം. അഗ്‌നിവിസര്‍പ്പത്തില്‍ കാണുന്ന പനി മുതലായ രോഗലക്ഷണങ്ങള്‍ കാണും. കഫവും വാതവും കോപിച്ചാണ് ഗ്രന്ഥിവിസര്‍പ്പം ഉണ്ടാകുന്നത്.

കുഷ്ഠം


ആയുര്‍വേദശാസ്ത്രം എല്ലാവിധ ത്വക്‌രോഗങ്ങളെയും കുഷ്ഠം എന്ന തലക്കെട്ടിലാണ് പ്രതിപാദിക്കുന്നത്. വിസര്‍പ്പരോഗം വ്രണമായി പരിണമിക്കുന്ന ഒന്നാണ് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. കുഷ്ഠം രോഗങ്ങള്‍ക്കും അങ്ങിനെയുള്ള സ്വഭാവമാണ് ഉള്ളത്.

എന്നാല്‍ കുഷ്ഠം രോഗങ്ങളില്‍ ആകെയുള്ള വ്യത്യാസം അത് ആദ്യംതന്നെ ആന്തരമായി ഉണ്ടായി അകത്തുനിന്നും പുറത്തേക്ക് ത്വക്ഭാഗം വരെ വന്നതിനുശേഷം പുറത്തുനിന്നും അകത്തേയ്ക്ക് വ്യാപിക്കുന്നു എന്നതാണ്.

അകമേനിന്നും ദോഷം നാഡികളില്‍ വ്യാപിച്ചു രക്തം, മാംസം മുതലായവയെ ദുഷിപ്പിച്ചുകൊണ്ടാണ് ത്വക്കിലേക്ക് എത്തുന്നത്. അപ്പോള്‍ ത്വക്കിനു നിറഭേദം ഉണ്ടാവുകയും രോഗം പ്രകടമാവുകയും ചെയ്യുന്നു. ശരീരത്തില്‍ അവിടവിടെയായി ചൂട്, വേദന മുതലായവയോടുകൂടി ഉണ്ടാകുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠം രോഗങ്ങളുടെ വ്യക്തമായ രൂപം.

കുഷ്ഠരോഗങ്ങള്‍ ആകെ 18 തരം ഉണ്ട്. അവയില്‍ 7 എണ്ണം മഹാകുഷ്ഠംങ്ങള്‍ എന്നറിയപ്പെടുന്നു. ഈ മഹാകുഷ്ഠംങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് അവയവങ്ങള്‍ നഷ്ടപ്പെടുന്ന രീതിയില്‍ കാണപ്പെടുന്നതും നാം എല്ലാം ഭയക്കുന്നതുമായ യഥാര്‍ഥ കുഷ്ഠംരോഗം അഥവാ ലെപ്രസി. ഇപ്പോള്‍ ഈ രോഗത്തിന്റെ തോത് ഇന്ത്യയില്‍ വളരെ കുറവാണ്. ബാക്കിയുള്ളവയെല്ലാം സാധാരണഭാഷയില്‍ ത്വക്‌ദോഷങ്ങള്‍ എന്നറിയപ്പെടുന്ന രോഗങ്ങളാണ്.

ശരീരത്ത് തൊട്ടാല്‍ മിനുസമായിരിക്കുക, അല്ലെങ്കില്‍ കട്ടിയായി ഇരിക്കുക, അധികമായി വിയര്‍ക്കുകയോ വിയര്‍ക്കാതെയിരിക്കുകയോ ചെയ്യുക. നിറഭേദം വരുക, ചുടിച്ചില്‍, ചൊറിച്ചില്‍, തൊലിയില്‍ തൊട്ടാല്‍ അറിയാതെയിരിക്കുക, കുത്തിക്കൊള്ളുന്നതുപോലെ വേദനിക്കുക, വട്ടത്തില്‍ തിണര്‍ത്തുപൊങ്ങുക, ശരീരത്തിനു തളര്‍ച്ച, വ്രണമുണ്ടായാല്‍ അധികമായ വേദന ഉണ്ടാവുക.

ശരീരത്തിനു തളര്‍ച്ച, വ്രണമുണ്ടായാല്‍ അധികമായ വേദനയോടുകൂടിയിരിക്കുക, നിസാര കാരണങ്ങള്‍ക്കൊണ്ടുപോലും വീണ്ടും പഴുത്ത് വ്രണം ആയിത്തീരുക, ശരീരത്തില്‍ രോമാഞ്ചമുണ്ടാവുക, രക്തം കറുത്ത നിറത്തിലായിത്തീരുക എന്നിവയെല്ലാം വരാന്‍പോകുന്ന കുഷ്ഠംരോഗത്തിന്റെ ലക്ഷണമായി പറയപ്പെടുന്നു.

ശരീരത്തില്‍ മൊരിച്ചില്‍ ഉണ്ടാകുന്നതു മുതല്‍ തലയില്‍ വട്ടത്തില്‍ മുടികൊഴിഞ്ഞുപോകുന്നതുവരെയുള്ള രോഗങ്ങള്‍ എല്ലാംതന്നെ ത്വക്‌രോഗങ്ങളുടെ വിഭാഗത്തില്‍പ്പെടുത്താവുന്നവയാണ്.

ഭക്ഷണം ശ്രദ്ധയോടെ


വിരുദ്ധമായ അന്നപാനാദികള്‍ ഉപയോഗിക്കുന്നവര്‍ക്ക് (തൈരും മത്‌സ്യവും ഒരുമിച്ച് ഉപയോഗിക്കുക, മാംസം നെയ്യില്‍ വറുത്ത് ഉപയോഗിക്കുക, തേന്‍ ചൂടാക്കി സേവിക്കുക തുടങ്ങിയവ) വളരെ എണ്ണമയം ഉള്ള ആഹാരം ഉപയോഗിക്കുന്നവര്‍ക്കും മലമൂത്രാദികളെ അധികം സമയം തടഞ്ഞു നിറുത്തുന്നവര്‍ക്കും അധികമായി ഭക്ഷണം കഴിച്ചതിനുശേഷം ഉടന്‍തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും, വെയില്‍, അധ്വാനം, ഭയം എന്നിവകൊണ്ട് പാരവശ്യം ഉണ്ടായ ഉടന്‍തന്നെ തണുത്തവെള്ളം കുടിക്കുന്നവര്‍ക്കും ശരിക്കും പാകം വരാത്ത ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും, പുത്തരിച്ചോറ്, തൈര്, മത്‌സ്യം, മാംസം, ഉപ്പ്, പുളി, ഉഴുന്ന്, എള്ള്, ശര്‍ക്കര, പാല്‍ എന്നിവ അതിയായി ഭക്ഷിക്കുന്നവര്‍ക്കും പകല്‍ കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്കും വാത പിത്ത കഫങ്ങള്‍ ദുഷിച്ച് ത്വക്കിനെയും രക്തത്തെയും മാംസത്തെയും ശരീരത്തിലെ ജലാംശത്തിനെയും ദുഷിപ്പിക്കുക കാരണമാണ് കുഷ്ഠംമടക്കമുള്ള ത്വക്‌ദോഷങ്ങള്‍ ആവിര്‍ഭവിക്കുന്നത്.

ചികിത്സയില്‍ ശ്രദ്ധിക്കാന്‍


വിസര്‍പ്പ രോഗത്തില്‍ ആദ്യാവസ്ഥയില്‍ തൈലങ്ങളും എണ്ണകളും ഉപയോഗിക്കുന്നത് നിഷിദ്ധമായിരിക്കെ കുഷ്ഠരോഗങ്ങളില്‍ ആദ്യംതന്നെ തൈലങ്ങളും നെയ്യും ഉപയോഗിച്ചുള്ള ചികിത്‌സകളാണ് വിധിക്കുന്നത്. ഇതിനായി തിക്തകഘൃതം, മഹാതിക്തകഘൃതം എന്നിവ ഉപയോഗിക്കാം.

എല്ലാത്തരം കുഷ്ഠംരോഗങ്ങളിലും ചേര്‍ക്കുരുവിന്റെ എണ്ണയോ, മരോട്ടി എണ്ണയോ കടുകെണ്ണയോ കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. വിസര്‍പ്പരോഗത്തിനുള്ള ചികിത്‌സയിലെ വമനം, വിരോചനം മുതലായവയും രക്തമോക്ഷവും ഇവിടെയും ചെയ്യാവുന്നതാണ്.

പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ വമനൗഷധങ്ങളും മാസത്തിലൊരിക്കല്‍ വിരേചനൗഷധങ്ങളും, മൂന്നുദിവസത്തിലൊരിക്കല്‍ നസ്യവും ആറുമാസത്തിലൊരിക്കല്‍ രക്തമോക്ഷവും അവസ്ഥാനുസാരേണ ചെയ്യുന്നത് ഇത്തരം രോഗികളില്‍ നന്നായിരിക്കും.

വെള്ളപ്പാണ്ട്


ശ്വിത്രം എന്ന രോഗം ഉണ്ടാകുന്നതും കുഷ്ഠം ഉണ്ടാകുന്നതുപോലെതന്നെയാണ്. എന്നാല്‍ ശ്വിത്രം ഒരിക്കലും വ്രണമായി തീരുന്നില്ല. അതുകൊണ്ടുതന്നെ അതില്‍നിന്നും ചോര, ചലം, മുതലായവയുടെ സ്രവണം ഉണ്ടാകുന്നില്ല. ഈ രോഗം ഉണ്ടാകുന്നവരില്‍ ശരീരത്ത് അവിടവിടെയായി വെള്ളക്കടലാസിന്റെ രീതിയില്‍ വെളുത്തിരിക്കുന്നതു കാണാം.

രോമങ്ങള്‍ വെളുത്തുപോകാത്തതും അധികം തടിക്കാത്തതും ഒന്നിനോടൊന്ന് കൂട്ടിമുട്ടാത്തതും പുതിയതും തീകൊണ്ട് പൊള്ളല്‍ ഉണ്ടായ ഭാഗത്തല്ലാതെ ഉണ്ടായിരിക്കുന്നതുമായ ശ്വിത്രരോഗം ചികിത്സിച്ച് ഭേദമാക്കാവുന്നവയാണ്.

ഇതിന് വിപരീതമായിട്ട് ഉണ്ടാകുന്ന ശ്വിത്രരോഗം ചികിത്സിച്ചുഭേദമാക്കാന്‍ പ്രയാസമാണ്. ഗുഹ്യഭാഗത്ത് ഉണ്ടാകുന്നതും കൈ, കാല്‍, ചുണ്ട് എന്നിവിടങ്ങളില്‍ ഉണ്ടാകുന്നതും പുതിയവ ആയിരുന്നാല്‍ കൂടിയും ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമേറിയവയാണ്.

കടപ്പാട്: ഡോ. ആര്‍. രവീന്ദ്രന്‍

Ads by Google
Advertisement
TRENDING NOW