Friday, June 23, 2017 Last Updated 1 Min 13 Sec ago English Edition
Todays E paper
ജി. ഹരികൃഷ്‌ണന്‍
Tuesday 20 Jun 2017 01.22 AM

എലിപ്പനി മരുന്ന്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം

uploads/news/2017/06/120011/k4.jpg

തിരുവല്ല: എലിപ്പനി പടര്‍ന്നുപിടിക്കുമ്പോഴും ഏറ്റവും ആവശ്യമായ മരുന്നിനു ക്ഷാമം. എലിപ്പനിക്കു ഫലപ്രദമായ ഡോക്‌സിസൈക്ലിന്‍ 100 എം.ജി. എന്ന മരുന്ന്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേയുള്ളൂ. അനാവശ്യ ചേരുവ അടങ്ങിയ, കൊള്ളവിലയ്‌ക്കുള്ള മരുന്നാണ്‌ സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും കിട്ടുന്നത്‌.

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്‌ അതോറിറ്റി ഔഷധ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മരുന്നാണിത്‌. 10 ഗുളികകളുള്ള ഒരു സ്‌ട്രിപ്പിന്‌ 20 രൂപയില്‍ താഴെയേ വിലയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതു സുലഭമാണെങ്കിലും വയറിളക്കത്തിനു കൂടി ഉപയോഗിക്കാവുന്ന ഡോക്‌സിസൈക്ലിന്‍ ലാക്‌ടോബാസിലസ്‌ എന്ന കോമ്പിനേഷന്‍ (രാസസംയുക്‌തം) മരുന്നാണു വിപണിയിലുള്ളത്‌. പത്തെണ്ണത്തിന്റെ സ്‌ട്രിപ്പിന്‌ വിവിധ കമ്പനികള്‍ 69.50 രൂപ, 78 രൂപ നിരക്കിലാണു വില്‍ക്കുന്നത്‌.

എലിപ്പനി ബാധിതര്‍ക്ക്‌ ആവശ്യമില്ലാത്ത ചേരുവ കൂടി അടങ്ങുന്ന മരുന്ന്‌ വില്‍ക്കുന്നതിലൂടെ കമ്പനികള്‍ക്ക്‌ മൂന്നിരട്ടിയോളം ലാഭം! അനാവശ്യമായി മറ്റൊരു രാസമൂലകം കൂടി കഴിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുന്ന ദുരവസ്‌ഥയുമുണ്ട്‌.

രാജ്യത്ത്‌ 27 കമ്പനികള്‍ക്കാണ്‌ ഡോക്‌സിസൈക്ലിന്‍ 100 എം.ജിയുടെ നിര്‍മ്മാണത്തിനും വിതരണത്തിനും ലൈസന്‍സുള്ളത്‌. തുച്‌ഛമായ ലാഭമേയുള്ളൂ എന്ന കാരണത്താല്‍ മൂന്നു വര്‍ഷത്തോളമായി പല കമ്പനികളും നിര്‍മാണത്തില്‍ നിന്നു വിട്ടിനില്‍ക്കുകയാണ്‌.

സംസ്‌ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌ (കെ.എസ്‌.ഡി.പി) ഉന്നത നിലവാരമുള്ള ചേരുവകള്‍ള്‍ ഉപയോഗിച്ച്‌ ഡോക്‌സിസൈക്ലിന്‍ 100 എം.ജി. നിര്‍മ്മിക്കുന്നുണ്ട്‌. ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലേക്കും നല്‍കുന്ന ഈ മരുന്ന്‌ പക്ഷേ, കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാത്ത രോഗികള്‍ക്കു പ്രാപ്യമല്ല.

കേരളത്തില്‍ മഴക്കാല രോഗങ്ങളില്‍ ഏറ്റവും മാരകമായേക്കാവുന്ന രോഗാവസ്‌ഥകളില്‍ മുന്നിലാണ്‌ എലിപ്പനി. ഈ മാസം ഇതുവരെ 178 പേര്‍ക്ക്‌ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടതായാണ്‌ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്‌. ഇതില്‍ 113 പേര്‍ക്ക്‌ രോഗം സ്‌ഥിരീകരിച്ചു. നാലു പേര്‍ മരിച്ചത്‌ എലിപ്പനി മൂലമാണെന്നു സംശയിക്കുന്നു, ഇതിലൊന്നിനു സ്‌ഥിരീകരണമായി. സ്വകാര്യ ആശുപത്രികളിലെ കണക്ക്‌ ലഭ്യവുമല്ല.

പകര്‍ച്ചപ്പനിയും എലിപ്പനിയും ബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രികളെയും സ്വകാര്യ പ്രാക്‌ടീസ്‌ ചെയ്യുന്ന ഡോക്‌ടര്‍മാരെയും ആശ്രയിക്കുന്നുണ്ട്‌. ഇവരെല്ലാം ഡോക്‌സിസൈക്ലിന്‍ 100 എം.ജി. ലഭിക്കാത്തതിനാല്‍ കൂടുതല്‍ വില നല്‍കി കോമ്പിനേഷന്‍ മരുന്ന്‌ വാങ്ങി കഴിക്കേണ്ട സ്‌ഥിതിയിലാണ്‌.

Ads by Google
ജി. ഹരികൃഷ്‌ണന്‍
Tuesday 20 Jun 2017 01.22 AM
YOU MAY BE INTERESTED
TRENDING NOW