Monday, May 28, 2018 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
എസ്‌. നാരായണന്‍
Tuesday 20 Jun 2017 01.22 AM

ജേക്കബ്‌ തോമസിന്റെ വാക്കുകളില്‍ അതൃപ്‌തി; ആഭ്യന്തര വകുപ്പ്‌ മുള്‍മുനയില്‍

uploads/news/2017/06/120003/k6.jpg

തിരുവനന്തപുരം: വിജിലന്‍സ്‌ ഡയറക്‌ടര്‍ സ്‌ഥാനം തിരിച്ചുനല്‍കാത്തതില്‍ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച്‌ ജേക്കബ്‌ തോമസ്‌. സ്‌ഥാനം മാറ്റിയതിന്റെ കാരണവും കാര്യവും പിന്നീടു പറയുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയതോടെ ആഭ്യന്തരവകുപ്പ്‌ മുള്‍മുനയിലായി.

താനാണോ സര്‍ക്കാരാണോ ഇക്കാര്യം ആദ്യം പറയേണ്ടതെന്നു നോക്കാമെന്ന ജേക്കബ്‌ തോമസിന്റെ വാക്കുകളില്‍ ഭീഷണിയുടെ ലാഞ്‌ഛനയുണ്ടെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വിലയിരുത്തുന്നു. വിജിലന്‍സ്‌ ഡയറക്‌ടര്‍ കൂട്ടിലടച്ച തത്തയല്ലെന്നു വിശേഷിപ്പിച്ച്‌ ആ സ്‌ഥാനം ഏറ്റെടുത്ത ജേക്കബ്‌ തോമസിനെ അവധിക്കു ശേഷമുള്ള മടങ്ങിവരവില്‍ ഉദ്യോഗസ്‌ഥരെ പരിശീലിപ്പിക്കുന്ന ജോലിയിലേക്കാണ്‌ ഒതുക്കിയത്‌.

വലിയൊരു വിഭാഗം ഐ.എ.എസ്‌, ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ എതിരേ തിരിഞ്ഞപ്പോഴാണ്‌ ഗത്യന്തരമില്ലാതെ അദ്ദേഹത്തോട്‌ അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. രണ്ടരമാസത്തെ അവധി കഴിഞ്ഞ ഞായറാഴ്‌ച തീരാനിരിക്കെ, തന്റെ ചുമതലയെക്കുറിച്ച്‌ വ്യക്‌തത ആവശ്യപ്പെട്ട്‌ അദ്ദേഹം സര്‍ക്കാരിന്‌ കത്തു നല്‍കിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണ്‌ സര്‍ക്കാര്‍ അദ്ദേഹത്തെ ഐ.എം.ജിയിലേക്കു തരംതാഴ്‌ത്തി നിയമിച്ചത്‌. ജേക്കബ്‌ തോമസിനെ മലബാര്‍ സിമെന്റ്‌സ്‌ എം.ഡിയായി നിയമിക്കുമെന്ന സന്ദേശമാണ്‌ സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നത്‌.

മലബാര്‍ സിമന്റ്‌സിലേക്കില്ലെന്നും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ തലപ്പത്തു നിയമിക്കാനാണ്‌ തീരുമാനമെങ്കില്‍ രാജിക്കത്ത്‌ നല്‍കേണ്ടിവരുമെന്നും സൂചിപ്പിച്ചതോടെയാണ്‌ ഐ.എ.എസുകാരുടെ കേഡര്‍ തസ്‌തികയായ ഐ.എം.ജിയില്‍ ജേക്കബ്‌ തോമസിനെ നിയമിച്ചത്‌. ഐ.എം.ജി. ഡയറക്‌ടറുടെ അധികച്ചുമതല വഹിക്കുകയായിരുന്ന സത്യജിത്ത്‌ രാജന്‍ പൊതുഭരണവകുപ്പില്‍ തുടരും.

താന്‍ വിജിലന്‍സില്‍നിന്നാണ്‌ അവധിയില്‍ പോയതെന്നും അതിനാല്‍ അവധി കഴിഞ്ഞ്‌ വിജിലന്‍സ്‌ ആസ്‌ഥാനത്തെത്തി ചുമതലയേല്‍ക്കുമെന്നും ജേക്കബ്‌ തോമസ്‌ നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്‌തു. വിജിലന്‍സ്‌ ഡയറക്‌ടറേറ്റില്‍ രണ്ടു ഡി.ജി.പിമാര്‍ ഒരുമിച്ചെത്തുന്ന സാഹചര്യം സൃഷ്‌ടിക്കുന്ന പ്രതിസന്ധി മറികടക്കാനാണ്‌ ജേക്കബ്‌ തോമസിനെ പ്രത്യേക ഉത്തരവിലൂടെ ഐ.എം.ജിയില്‍ നിയമിച്ചത്‌.

ജേക്കബ്‌ തോമസിന്റെ വാക്കുകളിലൂടെ:-

ടി.പി. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ താങ്കളാകുമോ അടുത്ത ഡി.ജി.പി?

- നാളത്തെ കാര്യത്തില്‍ പോലും വലിയ പ്രതീക്ഷയില്ല. പിന്നെ മറ്റെന്നാള്‍ എന്തു സംഭവിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ.

ഐ.എം.ജി. ഡയറക്‌ടറുടെ കസേരയിലിരിക്കുമ്പോള്‍ എന്തു തോന്നുന്നു?

- പുറത്ത്‌ വളരെ നല്ല കാലാവസ്‌ഥയാണ്‌.

സര്‍ക്കാര്‍ ആവശ്യപ്രകാരം അവധിയില്‍ പോയ താങ്കള്‍ക്ക്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ കസേര തിരികെ ലഭിക്കാത്തത്‌ എന്തുകൊണ്ട്‌?

- കാരണം പിന്നീടു പറയാം. സര്‍ക്കാര്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ തന്നെ പറയും.

ഡി.ജി.പിയുടെ അധികാരങ്ങള്‍ ഐ.എം.ജിയില്‍ പ്രയോജനം ചെയ്യുമോ?

- ക്രമസമാധാന പാലനത്തില്‍ മാനേജ്‌മെന്റ്‌ എന്നത്‌ ഉണ്ടോയെന്ന്‌ പരിശോധിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

വിജിലന്‍സ്‌ ഡയറക്‌ടറേറ്റില്‍ താങ്കള്‍ നടപ്പിലാക്കിയ മിക്ക പരിഷ്‌കാരങ്ങളും റദ്ദാക്കിയിട്ടുണ്ടല്ലോ?

- അധികാര വികേന്ദ്രീകരണം ഏറ്റവും നല്ല മാനേജ്‌മെന്റ്‌ തത്വമാണ്‌. പക്ഷേ, അധികാര കേന്ദ്രീകരണമല്ല.

ബാര്‍ കോഴക്കേസില്‍ നിയമാനുസൃതം കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നാണല്ലോ ബെഹ്‌റ പറയുന്നത്‌?

-ഓരോ വിഷയത്തിലും ഓരോരുത്തര്‍ക്കും ഓരോ നിലപാടുണ്ടാകും. നിയമവശം, ജനങ്ങളുടെ വശം, മാനേജ്‌മെന്റ്‌ വശം, സാമൂഹികം, രാഷ്‌ട്രീയം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ജേക്കബ്‌ തോമസ്‌ ജനപക്ഷത്താണു നിന്നത്‌.

പോലീസ്‌ തലപ്പത്തേക്ക്‌ എത്തുമോ?

- നിങ്ങളും ഞാനും യൂണിഫോമിടാത്ത പോലീസുകാരാണ്‌.

താങ്കളുടെ ആത്മകഥയില്‍ പലതും ചട്ടലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നല്ലോ. 14 ഇടത്ത്‌ തിരുത്തലുകള്‍ വേണമെന്ന ആവശ്യം ഉണ്ടായിരുന്നോ?

- 14 സ്‌ഥലങ്ങളില്‍ മനുഷ്യര്‍ക്ക്‌ പീഡനം ഏറ്റുവെന്ന്‌ ഞാന്‍ കേട്ടു. ഇക്കാര്യം വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്‌.

Ads by Google
എസ്‌. നാരായണന്‍
Tuesday 20 Jun 2017 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW