Monday, May 28, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Tuesday 20 Jun 2017 01.17 AM

ദളിത്‌കാര്‍ഡ്‌ : രാഷ്‌ട്രപതി: രാംനാഥ്‌ കോവിന്ദ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി , പ്രതിപക്ഷം ത്രിശങ്കുവില്‍

uploads/news/2017/06/119970/d1.jpg

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയായി ദളിത്‌ നേതാവ്‌ രാംനാഥ്‌ കോവിന്ദിനെ പ്രഖ്യാപിച്ച്‌ ബി.ജെ.പിയുടെ സമര്‍ഥമായ രാഷ്‌ട്രീയ നീക്കം. ബി.ജെ.പിയുടെ സവര്‍ണ ഫാസിസത്തിനെതിരേ വിമര്‍ശനമുയര്‍ത്തിയിരുന്ന പ്രതിപക്ഷം ഇതോടെ കടുത്ത പ്രതിരോധത്തിലായി.

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി ചര്‍ച്ചകള്‍ ത്രിശങ്കുവിലാക്കുന്ന നീക്കമാണ്‌ നരേന്ദ്രമോഡി - അമിത്‌ഷാ കൂട്ടുകെട്ട്‌ നടത്തിയത്‌. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ കോവിന്ദ്‌ ബി.ജെ.പി പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലമായി ആര്‍.എസ്‌.എസുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവരുന്നു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ഷായാണ്‌ പേര്‌ പ്രഖ്യാപിച്ചത്‌. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതി കോവിന്ദുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അമിത്‌ഷാ പറഞ്ഞു. അതേസമയം 23ന്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ്‌ സാധ്യതയെന്ന്‌ ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രികകളില്‍ പിന്തുണ നല്‍കാന്‍ ഉത്തര്‍പ്രദേശും ഹരിയാനയും അടക്കം ഡല്‍ഹിക്ക്‌ സമീപമുള്ള സംസ്‌ഥാനങ്ങളിലെ പാര്‍ട്ടി എം.പിമാരെയും എം.എല്‍.എമാരെയും ബി.ജെ.പി. രാജ്യതലസ്‌ഥാനത്തേക്ക്‌ വിളിപ്പിച്ചു. 60 പേര്‍ പേര്‌ നിര്‍ദേശിക്കുകയും 60 പേര്‍ പിന്താങ്ങുകയും ചെയ്യുന്ന നാല്‌ സെറ്റ്‌ പത്രികകള്‍ സമര്‍പ്പിക്കാനാണ്‌ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ, ശിരോമണി അകാലിദള്‍ നേതാവ്‌ പ്രകാശ്‌ സിങ്‌ ബാദല്‍, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാകും രാംനാഥ്‌ കോവിന്ദിനുവേണ്ടി സമര്‍പ്പിക്കുന്ന പത്രികകളില്‍ ആദ്യ ഒപ്പ്‌ പതിപ്പിക്കുക.

കോവിന്ദിന്റെ വിജയം ഉറപ്പാക്കാന്‍ സമവായം കൊണ്ടുവരാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്‌ തുടങ്ങിയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചതായും അമിത്‌ഷാ പറഞ്ഞു. തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുമായും പ്രധാനമന്ത്രി സംസാരിച്ചു. ശിവസേന അടക്കമുള്ള പാര്‍ട്ടികളുമായി ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷായും സംസാരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കാന്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിനെ ചുമതലപ്പെടുത്തി.

പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ശക്‌തമായി സംസാരിക്കുന്ന രാഷ്‌ട്രപതിയായിരിക്കും രാംനാഥ്‌ കോവിന്ദെന്ന്‌ നരേന്ദ്ര മോഡി ട്വീറ്റ്‌ ചെയ്‌തു. അതേസമയം, ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്ക്‌ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന്‌ അമിത്‌ ഷാ പറഞ്ഞു. ദളിതുകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി ദീര്‍ഘകാലം സംസാരിച്ച അനുഭവപരിചയം കോവിന്ദിനുണ്ടെന്ന്‌ അമിത്‌ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയാണ്‌ കോവിന്ദ്‌. 1945 ഒകേ്‌ടാബര്‍ ഒന്നിനാണ്‌ ജനനം. 1977 മുതല്‍ 79 വരെ സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1980 ല്‍ കേന്ദ്രസര്‍ക്കാര്‍ സ്‌റ്റാന്‍ഡിങ്‌ കോണ്‍സലായി നിയമിച്ചു. 1994ലും 2006ലും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. അഖില ഭാരതീയ കോലി സമാജ്‌ കാണ്‍പൂര്‍ പ്രസിഡന്റായിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഉന്നമനം, ആഭ്യന്തരം, പെട്രോളിയം, സാമൂഹ്യനീതി, നിയമം-നീതി, എന്നിവയ്‌ക്കായുള്ള പാര്‍ലമെന്റ്‌ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. രാജ്യസഭാ ഹൗസ്‌ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.

പ്രതിപക്ഷം അവരുടെ സ്‌ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തമാസം 17നാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌. ഈ മാസം 28 വരെയാണ്‌ പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. പത്രികകളിന്‍മേല്‍ 29ന്‌ സൂക്ഷ്‌മ പരിശോധന നടക്കും. അടുത്തമാസം ഒന്നുവരെ പത്രിക പിന്‍വലിക്കാന്‍ അവസരം ഉണ്ടാകും. 17നു രാവിലെ പത്തുമണിമുതല്‍ വൈകിട്ട്‌ അഞ്ചുവരെ പാര്‍ലമെന്റിലും സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നിയമസഭാഹാളുകളിലുമായാണ്‌ വോട്ടെടുപ്പ്‌ നടക്കുക. 20ന്‌ വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ 24ന്‌ അവസാനിക്കും. അടുത്തമാസം 25നാണ്‌ പ്രണബ്‌ മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്‌.

സാധ്യതാപ്പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്ന പേരുകളെല്ലാമൊഴിവാക്കി തികച്ചും അപ്രതീക്ഷിതമായാണ്‌ രാംനാഥ്‌ കോവിന്ദ്‌ എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയായത്‌. എന്‍.ഡി.എ മുന്നണിയിലുള്ള പാര്‍ട്ടികള്‍ കോവിന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ആലോചിച്ച്‌ തീരുമാനിക്കുമെന്നാണ്‌ ശിവസേന വ്യക്‌തമാക്കിയത്‌. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനം അറിയിച്ചിട്ടില്ല. അതേസമയം വൈ എസ്‌.ആര്‍. കോണ്‍ഗ്രസ്‌, ടി.ആര്‍.എസ്‌, അണ്ണാ ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ അമിത്‌ ഷാ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്‌. സ്‌ഥാനാര്‍ഥിയെക്കുറിച്ച്‌ തീരുമാനിക്കാന്‍ 22ന്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നുണ്ട്‌. കോവിന്ദിനെ പിന്തുണയ്‌ക്കില്ലെന്ന്‌ സി.പി.എമ്മും കോണ്‍ഗ്രസും വ്യക്‌തമാക്കിയിട്ടുണ്ട്‌.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ ബി.ജെ.പി. ഏകപക്ഷീയമായാണു തീരുമാനമെടുത്തതെന്നു കോണ്‍ഗ്രസ്‌ പ്രതികരിച്ചു. സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ സമവായത്തിനു ശ്രമിക്കണമായിരുന്നെന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്‌ പറഞ്ഞു. എന്‍.ഡി.എയുടെ അപ്രതീക്ഷിത സ്‌ഥാനാര്‍ഥി പ്രതിപക്ഷത്തിനു വലിയ ആശയക്കുഴപ്പമാണ്‌ സമ്മാനിച്ചിരിക്കുന്നത്‌.
രാംനാഥ്‌ കോവിന്ദിനെ പിന്തുണയ്‌ക്കുന്നതു സംബന്ധിച്ചു പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കുമെന്ന്‌ ശിവസേന അറിയിച്ചു. "ഞങ്ങള്‍ രണ്ടു പേരുകള്‍ ശിപാര്‍ശ ചെയ്‌തിരുന്നു. അവ പരിഗണിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച നിലപാട്‌ പാര്‍ട്ടിയിലെ ചര്‍ച്ചയ്‌ക്കുശേഷം ഉണ്ടാകും"- പാര്‍ട്ടി വക്‌താവ്‌ സഞ്‌ജയ്‌ റൗത്ത്‌ അറിയിച്ചു.

Ads by Google
ജിനേഷ്‌ പൂനത്ത്‌
Tuesday 20 Jun 2017 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW