Tuesday, August 22, 2017 Last Updated 41 Min 39 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.11 AM

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

uploads/news/2017/06/119944/c2.jpg

കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം. പുട്ടിബ്ലേഡ്‌ കൊണ്ട്‌ നടത്തിയ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ യുവതിയെ നാട്ടുകാര്‍ ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്‌തു.
ആക്രമണം നടത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട കോതമംഗലം നെല്ലിമറ്റം പുത്തന്‍പുരയ്‌ക്കല്‍ ശ്യാമിനെ (28) പോലീസ്‌ മൂവാറ്റുപുഴയില്‍നിന്നു പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ ആറിനുശേഷം കലൂര്‍, ദേശാഭിമാനി-കറുകപ്പള്ളി റോഡില്‍ കൈരളി സ്‌ട്രീറ്റിനു സമീപമായിരുന്നു സംഭവം.
ദേശാഭിമാനി റോഡിലുള്ള സ്വകാര്യ ലബോറട്ടറിയിലെ ജീവനക്കാരിയാണു കോതമംഗലം സ്വദേശിനിയായ യുവതി. എറണാകുളത്ത്‌ ഹോസ്‌റ്റലില്‍ താമസിക്കുകയാണിവര്‍. ജോലിസ്‌ഥലത്ത്‌ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുമ്പോള്‍, ബൈക്കില്‍ പിന്തുടര്‍ന്നുവന്ന ശ്യാം പിടിച്ചുനിര്‍ത്തി പുട്ടിബ്ലേഡ്‌ കൊണ്ട്‌ കഴുത്ത്‌ മുറിക്കുകയായിരുന്നുവെന്നു പോലീസ്‌ പറയുന്നു.
യുവതിയുടെ കഴുത്തിലും ഇടതുതോളിലും നടുവിനും ഇടതു തുടയിലും ആഴത്തില്‍ മുറിവേറ്റു. യുവതിയുടേയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടേയും അലര്‍ച്ച കേട്ട്‌ നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. റിനൈ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച യുവതിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കി. ഇവര്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിനുശേഷം ബൈക്കില്‍ എറണാകുളം കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലെത്തിയ ശ്യാം അവിടെനിന്നു മൂവാറ്റുപുഴയയ്‌ക്കു പോയി. മൂവാറ്റുപുഴ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ കോതമംഗലം പോലീസെത്തി തടഞ്ഞുവച്ചു. എറണാകുളം എ.സി.പി: കെ. ലാല്‍ജിയുടെയും സെന്‍ട്രല്‍ സി.ഐ: എ. അനനന്തലാലിന്റെയും നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തെളിവെടുപ്പിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. സെന്‍ട്രല്‍ സി.ഐ അനന്തലാലിനാണ്‌ അന്വേഷണച്ചുമതല. കോതമംഗലം സ്വദേശികളായ ഇരുവരും നേരത്തെ പരിചയക്കാരാണെന്നു പോലീസ്‌ പറഞ്ഞു. പെയിന്റിങ്‌ ജോലിക്കാരനാണു ശ്യാം. പെണ്‍കുട്ടിയോട്‌ ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. വീട്ടില്‍ വിവാഹാലോചനയുമായെത്തിയെങ്കിലും വീട്ടുകാരും ഇതു നിരസിച്ചു. ഇതിലുള്ള വൈരാഗ്യമാണു വധശ്രമത്തില്‍ കലാശിച്ചത്‌.

Ads by Google
Tuesday 20 Jun 2017 01.11 AM
YOU MAY BE INTERESTED
TRENDING NOW