Saturday, January 20, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.03 AM

പാഠം ഒന്ന്‌ ; അഴിച്ചുപണിക്കു സമയമായി

uploads/news/2017/06/119928/s1.jpg

തകരാറില്ലത്തതിനെ അഴിച്ചുപണിയരുതെന്നാരു ചൊല്ലുണ്ട്‌. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലില്‍ പാകിസ്‌താന്റെ പക്കല്‍ നിന്ന്‌ ഇന്ത്യന്‍ ടീമിനേറ്റ കനത്ത തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ ഈ ചൊല്ല്‌ തന്നെ അഴിച്ചു പണിയേണ്ടി വരും.
ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട്‌ കഴിഞ്ഞാല്‍ ഏറ്റവും കിരീട സാധ്യതയുള്ള ടീമായിരുന്നു വിരാട്‌ കോഹ്ലിയുടെ ഇന്ത്യ. ഫൈനലില്‍ ടോസിനു തൊട്ടുമുമ്പ്‌ വരെ ടീം ഇന്ത്യയുടെ ശക്‌തിയും പാകിസ്‌താന്റെ ദൗര്‍ബല്യങ്ങളുമായിരുന്നു ചര്‍ച്ചചെയ്യപ്പെട്ടത്‌. എന്നാല്‍ ഒടുവില്‍ പ്രചോദനമുള്‍ക്കൊണ്ടു കളിച്ച പാകിസ്‌താനു മുന്നില്‍ ടീം ഇന്ത്യ ഒന്നുമല്ലാതെയായി.
ആ ദയനീയ തോല്‍വി സമ്മാനിച്ച; അതും പാകിസ്‌താന്റെ കൈയില്‍നിന്നേറ്റ തോല്‍വി നല്‍കിയ മുറിവുകളും വേദനകളും ഉണങ്ങുമ്പോള്‍ ടീം ഇന്ത്യ മനസിലാക്കേണ്ടിയിരിക്കുന്നു, കാര്യമായ പരുക്കുകള്‍ ഇല്ലെങ്കിലും മാറ്റം അനിവാര്യമാണെന്ന്‌.
മുന്‍നിരയിലെ ആകുലതകള്‍
നന്നായി കളിക്കുമ്പോള്‍ ഒരു ടീമിന്റെയും ദൗര്‍ബല്യങ്ങള്‍ പുറത്തുവരില്ല. ഒരു തവണ കാലിടറുമ്പോള്‍ മാത്രമായിരിക്കും ടീം ഏതൊക്കെ മേഖലകളില്‍ പിന്നോക്കമാണെന്നു വ്യക്‌തമാകുക.
ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ടീം ഇന്ത്യക്ക്‌ ലഭിച്ച ഏറ്റവും വലിയ പാഠമാണത്‌. ബംഗ്ലാദേശിനെതിരായ സെമിഫൈനലിനു മുമ്പ്‌ നടന്ന പത്രസമ്മേളനത്തില്‍ കോഹ്ലിയോടു ഒരു മാധ്യമപ്രവര്‍ത്തകള്‍ ചോദിച്ചു- ''മധ്യനിരയ്‌ക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടാത്തത്‌ ടീമിനെ പ്രതികൂലമായി ബാധിക്കില്ലേയെന്ന്‌'. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്ന കോഹ്ലി അതിന്‌ '' മധ്യനിരയ്‌ക്ക് കളിക്കേണ്ടി വരുന്നില്ല എന്നത്‌ ടീമിന്റെ ശക്‌തിയേയല്ലേ കാണിക്കുന്നത്‌'' എന്ന മറുചോദ്യം കൊണ്ടാണ്‌ നേരിട്ടത്‌.
ഇന്ത്യന്‍ നായകന്റെ കാഴ്‌ചപ്പാടില്‍ അതു ശരിയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ ആശങ്കയെന്തിന്‌. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ ആ ചോദ്യത്തിനു പിന്നില്‍ ഒളിച്ചിരുന്ന സൂചനയെന്തെന്ന്‌ നായകന്‌ മനസിലായത്‌ കലാശപ്പോരില്‍ ഇന്ത്യക്ക്‌ ആദ്യ മുന്നു വിക്കറ്റുകള്‍ നഷ്‌ടമായ ശേഷമായിരുന്നിരിക്കണം.
ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ ജുനൈദ്‌ ഖാനും മുഹമ്മദ്‌ ആമിറുമില്ലാത്ത പാക്‌ ബൗളിങ്ങിനെയും തോറ്റുപോയ മത്സരത്തില്‍ ശ്രീലങ്കയുടെ മുനയൊടിഞ്ഞ ബൗളിങ്‌ നിരയെയും നേരിട്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുന്‍നിര കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. എന്നാല്‍ കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പേസ്‌ പടയെ നേരിട്ടപ്പോള്‍ ഇന്ത്യന്‍ മുന്‍നിര അല്‍പം പതറിയിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ്‌ ആ ചോദ്യമുയര്‍ന്നത്‌.
എന്നാല്‍ 2011-ല്‍ ക്രിക്കറ്റ്‌ ലോകകപ്പും രണ്ടു വര്‍ഷഅത്തിനു ശേഷം ചാമ്പ്യന്‍സ്‌ ട്രോഫിയും നേടി പിന്നീട്‌ 2015 ക്രിക്കറ്റ്‌ ലോകകപ്പ്‌ സെമിയും 2016 ട്വന്റി 20 ലോകകപ്പ്‌ ഫൈനലും കളിച്ച നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ രാജാക്കന്മാരായി വിലസിയ ടീം ഇന്ത്യയുടെ നായകന്‌ ആ ചോദ്യം മനസിലാകാതെ പോയി. ഒന്നു പിഴച്ചാല്‍ മറ്റൊരു പ്ലാന്‍ എന്ന നിലയില്‍ ഒരു 'പ്ലാന്‍ ബി' പോലുമില്ലാതെ ഇന്ത്യ ഇറങ്ങിയതിന്റെ കാരണവും ഈ അമിത ആത്മവിശ്വാസമാണ്‌.
രണ്ടു വര്‍ഷത്തിനപ്പുറം വീണ്ടുമൊരു ക്രിക്കറ്റ്‌ ലോകകപ്പ്‌ വരാനിരിക്കെ ടീം ഇന്ത്യ മുന്‍നിര മുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ആദ്യ 15 ഓവര്‍ പിടിച്ചു നിന്നു പിന്നീട്‌ കത്തിക്കയറുന്ന തന്ത്രമാണ്‌ ടീം ഇന്ത്യ 2011 ലോകകപ്പിനു ശേഷം സ്‌ഥിരമായി പയറ്റുന്നത്‌. മികച്ച ബാറ്റിങ്‌ പിച്ചുകളില്‍ പോലും പന്ത്‌ മൂവ്‌ ചെയ്യിക്കാന്‍ അറിയാവുന്ന പേസര്‍മാര്‍ക്കെതിരേ ഈ രീതി എപ്പോഴും വിജയിക്കണമെന്നില്ല. അതു തന്നെയാണ്‌ പാകിസ്‌താനെതിരേ സംഭവിച്ചതും.
പ്രായം ചെന്ന മധ്യനിര
എല്ലാ മത്സരത്തിലും തിളങ്ങാന്‍ ഒരു താരത്തിനുമാകില്ല. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്ന രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്ലി എന്നിവര്‍ തന്നെ ഫൈനലിലും മികച്ച ബാറ്റിങ്‌ പുറത്തെടുക്കണമെന്ന്‌ പറയാനുമാകില്ല.
ഇവര്‍ പരാജയപ്പെട്ടാല്‍ ആ ദൗത്യം മധ്യനിര താരങ്ങള്‍ ഏറ്റെടുക്കണമായിരുന്നു. എന്നാല്‍ 'പ്രായാധിക്യം' അലട്ടുന്ന ഇന്ത്യന്‍ മധ്യനിരയ്‌ക്ക് അതു കഴിയാതെ പോയി. 2019 ലോകകപ്പിനു മുമ്പ്‌ ഈ മധ്യനിര അഴിച്ചു പണിയേണ്ടിയിരിക്കുന്നു. അജിന്‍ക്യ രഹാനെ, മനീഷ്‌ പാണ്ഡെ തുടങ്ങിയ യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ പഴയ വീര്യം കാട്ടാത്ത യുവ്രാജ്‌ സിങ്ങിനെയും മഹേന്ദ്ര സിങ്‌ ധോണിയെയും ടീം ഇന്ത്യ ഇനിയും ആശ്രയിക്കേണ്ടതുണ്ടോ എന്നാണ്‌ ചോദ്യം.
പണ്ടേപോലെ ഡെത്ത്‌ ഓവറുകളല്‍ ധോണിക്കു കത്തിക്കയറാനാകുന്നില്ല. 2019 ലോകകപ്പ്‌ ആകുമ്പോഴേക്കും മുന്‍നായകന്‌ 39 വയസാകും. ഇപ്പോഴും റിഫ്‌ളക്‌സുകളിലും ഫിറ്റ്‌നെസിലും ചിലപ്പോഴെങ്കിലും യുവതാരങ്ങളെ കടത്തിവെട്ടുന്നുണ്ടെങ്കിലും 2019 വരെ ഇത്‌ നിലനിര്‍ത്താനാകുമെന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല.
അടുത്ത ലോകകപ്പ്‌ ആകുമ്പോഴേക്കും യുവ്രാജും 35 വയസ്‌ പിന്നിടും. ഇപ്പോള്‍ തന്നെ യുവി ഫീല്‍ഡില്‍ ചത്ത കുതിരയാണെന്ന പഴി ഉയര്‍ന്നു കഴിഞ്ഞു. ഇരുവര്‍ക്കും വിരമിക്കാനുള്ള അവസരം നല്‍കുകയോ, അല്ലെങ്കില്‍ നിര്‍ബന്ധിത വിശ്രമം നല്‍കുകയോ ചെയ്യേണ്ടിയിരിക്കുന്നു. ലോകകപ്പ്‌ തിരിച്ചുപിടിക്കുകയാണ്‌ ലക്ഷ്യമെങ്കില്‍ അതിനു മുമ്പേ യുവതാരങ്ങളെ മധ്യനിരയില്‍ പ്രാപ്‌തരാക്കാന്‍ വൈകിക്കൂടാ.
റെക്കോഡുകളല്ല മാനദണ്ഡം
പാകിസ്‌താനെതിരായ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത്‌ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്‌. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന, സ്‌പിന്നിന്‌ കാര്യമായ പിന്തുണയില്ലാത്ത പിച്ചില്‍ പൂര്‍ണമായും ഫിറ്റല്ലാത്ത അശ്വിനെ കളിപ്പിച്ചതിനെതിരേ വ്യാപക വിമര്‍ശനമാണ്‌ ഉയരുന്നത്‌.
എന്നാല്‍ തീരുമാനം ന്യായീകരിച്ച കോഹ്ലി അശ്വിന്റെ മുന്‍കാല പ്രകടനങ്ങളാണ്‌ ചൂണ്ടിക്കാട്ടിയത്‌. മുമ്പ്‌ എങ്ങനെ കളിച്ചുവെന്നതല്ല മാനദണ്ഡമാക്കേണ്ടത്‌, മറിച്ച്‌ ഇപ്പോള്‍ ടീമിന്‌ എന്തു നല്‍കാനാകും എന്നാണ്‌ ശ്രദ്ധിക്കേണ്ടത്‌ എന്നാണ്‌ മുന്‍ താരം സാബാ കരീം പറഞ്ഞത്‌.
അതാണ്‌ ശരിയും. അശ്വിനു പകരം ഉമേഷ്‌ യാദവ്‌, മുഹമ്മദ്‌ ഷമി എന്നീ പേസര്‍മാരില്‍ ഒരാളായിരുന്നു ഇലവനിലെങ്കില്‍ പാക്‌ സ്‌കോര്‍ ഇത്രയുമെത്തില്ലായിരുന്നുവെന്ന്‌ ഉറപ്പിച്ചു പറയാനാകും. ഇനി അശ്വിന്‍ ടീമിലിടം പിടിച്ചുവെന്നുതന്നെ കരുതിക്കോളൂ. ഓവറില്‍ ഏഴു റണ്‍നിരക്കില്‍ അശ്വിനെ പാക്‌ബാറ്റ്‌സ്മാന്മാര്‍ അടിച്ചപ്പോള്‍ ക്വാട്ട മുഴുവന്‍ തീര്‍ക്കാന്‍ അനുവദിക്കണമായിരുന്നോ എന്ന ചോദ്യവും ഉയരുന്നു. മുമ്പില്ലാത്ത വിധം ഇന്ത്യക്ക്‌ ബൗളിങ്‌ വൈവിധ്യങ്ങള്‍ ഇപ്പോഴുണ്ട്‌. അത്‌ പിച്ചിനും എതിരാളികള്‍ക്കുമനുസരിച്ച്‌ വിന്യസിക്കണമെന്ന പാഠം കൂടി ഈ തോല്‍വി ടീം ഇന്ത്യയെ പഠിപ്പിക്കുന്നു.

Ads by Google
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW