ന്യുഡല്‍ഹി: ശൃംഗേരി മഠാധിപതിയെ കണ്ട സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി തോമസ് ഐസക്ക്. ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയാണ് താന്‍ ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയത്. എന്നാല്‍ ആളുകള്‍ക്ക് അത് ഇഷ്ടമായില്ലെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തില്‍ നിന്നും ബോധ്യപ്പെട്ടു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ജില്ലയിലെത്തിയ മഠാധിപതിയെ സന്ദര്‍ശിക്കണമെന്ന് തനിക്ക് പരിചയമുള്ള ചിലരും എംഎല്‍എയും ആവശ്യപ്പെട്ടു. മഠാധിപതിയെ കാണുന്നത് ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് താന്‍ പോയത്. മേലില്‍ ഇത്തരം അബദ്ധം ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15ന് മന്ത്രി ജി. സുധാകരനൊപ്പമാണ് ഐസക്ക് ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ചത്. സംഭവം വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയെയാണ് താന്‍ സന്ദര്‍ശിച്ചതെന്നായിരുന്നു മന്ത്രി ജി. സുധാകരന്റെ വിശദീകരണം. പൊന്നാട സ്വീകരിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന് പഴങ്ങള്‍ നല്‍കിയത്. ഇക്കാര്യത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ നേരിട്ട് സംവാദത്തിന് വരണമെന്നും മന്ത്രി വെല്ലുവിളിച്ചിരുന്നു.