Saturday, October 21, 2017 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.27 AM

പുതുവൈപ്പിനില്‍ വീണ്ടും പോലീസ്‌ താണ്ഡവം

uploads/news/2017/06/119665/k1.jpg

കൊച്ചി: പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ(ഐ.ഒ.സി)ന്റെ എല്‍.പി.ജി. ടെര്‍മിനലിനെതിരേ സമരം നടത്തുന്ന നാട്ടുകാര്‍ക്കു വീണ്ടും പോലീസിന്റെ കിരാതമര്‍ദനം. ലാത്തിച്ചാര്‍ജില്‍ 30 സമരക്കാര്‍ക്കു പരുക്ക്‌.
എല്‍.പി.ജി. ടെര്‍മിനലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയെന്നാരോപിച്ച്‌ പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരേയാണു പോലീസ്‌ മര്‍ദനമഴിച്ചുവിട്ടത്‌. പരുക്കേറ്റ സത്രീകളടക്കമുള്ളവരെ ആദ്യം മാലിപ്പുറം സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന്‌ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ പരുക്ക്‌ ഗുരുതരമാണ്‌.
ലാത്തി ചാര്‍ജിനിടെ പരുക്കേറ്റ നാലു വനിതാ പോലീസുകാരടക്കം 10 പേരെ ഞാറയ്‌ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏകദേശം 130 പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തുനീക്കി. ഇതില്‍ 74 പേരെ കളമശേരി എ.ആര്‍. ക്യാമ്പിലേക്കും ബാക്കിയുള്ളവരെ മുനമ്പം പോലീസ്‌ സ്‌റ്റേഷനിലേക്കുമാണു കൊണ്ടുപോയത്‌. ക്യാമ്പിലേക്കു കൊണ്ടുപോയതില്‍ 70 പേരും സ്‌ത്രീകളാണ്‌. പോലീസ്‌ മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ വൈപ്പിനില്‍ കോണ്‍ഗ്രസ്‌ ഇന്നു ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.
ജൂലൈ നാലിനു ഹൈക്കോടതി കേസ്‌ പരിഗണിക്കുന്നതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കുമെന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പ്‌ ലംഘിക്കപ്പെട്ടതിനേത്തുടര്‍ന്നാണ്‌ ഉപരോധം സംഘടിപ്പിച്ചത്‌. 121 ദിവസം നീണ്ട ശക്‌തമായ സമരങ്ങള്‍ക്കൊടുവിലായിരുന്നു മന്ത്രിയുടെ ഉറപ്പ്‌. അതേസമയം, പ്രശ്‌നത്തില്‍ ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കി. ഐ.ഒ.സി. പ്ലാന്റിലെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവയ്‌ക്കുമെന്നു പ്ലാന്റ്‌ അധികൃതര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ ഉറപ്പുനല്‍കി.
രണ്ടുദിവസം മുമ്പു സമരക്കാര്‍ ഹൈക്കോടതി ജങ്‌ഷനിലേക്കു നടത്തിയ പ്രതിഷേധപ്രകടനവും പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അന്നു മുന്നൂറോളം സമരക്കാരെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും പിന്നീടു ജാമ്യത്തില്‍ വിട്ടു. എല്ലാ അനുമതിയും നേടിയാണു ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചതെന്നും സമരത്തേത്തുടര്‍ന്നു പ്രതിദിനം ഒരുകോടി രൂപയുടെ നഷ്‌ടമുണ്ടാകുന്നുവെന്നും ഐ.ഒ.സി. അധികൃതര്‍ പറയുന്നു. എന്നാല്‍, ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമ ഉത്തരവുവരെ ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്നാണു സമരസമിതിയുടെ ആവശ്യം.
സമരക്കാരെ പോലീസ്‌ നേരിടുന്ന രീതിക്കെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നു. പ്ലാന്റിലെ തൊഴിലാളികള്‍ നാട്ടുകാര്‍ക്കുനേരേ കല്ലെറിഞ്ഞെന്ന്‌ ആരോപിച്ചാണു സംഘര്‍ഷമാരംഭിച്ചത്‌. കല്ലെറിഞ്ഞ തൊഴിലാളികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ജനം സംഘടിച്ചു. സ്‌ഥലത്ത്‌ കനത്ത പോലീസ്‌ സന്നാഹമുണ്ട്‌. പിരിഞ്ഞുപോകണമെന്നു സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോടു പോലീസ്‌ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പോലീസ്‌ തിരിച്ചുപോകണമെന്നും ടെര്‍മിനല്‍ നിര്‍മാണത്തില്‍നിന്ന്‌ ഐ.ഒ.സി. പിന്മാറണമെന്നും കല്ലെറിഞ്ഞ തൊഴിലാളികളെ അറസ്‌റ്റ് ചെയ്യണമെന്നുമാണു പ്രതിഷേധക്കാരുടെ ആവശ്യം. ഇവരെ അറസ്‌റ്റ് ചെയ്‌തുനീക്കാന്‍ പോലീസ്‌ ശ്രമം തുടരുകയാണ്‌. കല്ലേറ്‌ ചെറുക്കാനാണു ലാത്തി വീശിയതെന്നു പോലീസ്‌ പറയുന്നു. കല്ലെറിഞ്ഞവരെ തിരിച്ചറിയാന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും. എന്നാല്‍, ഐ.ഒ.സി. പ്ലാന്റില്‍നിന്നാണു കല്ലേറുണ്ടായതെന്നു സമരക്കാര്‍ ആരോപിച്ചു.

മുഖ്യമന്ത്രി ബുധനാഴ്‌ച ചര്‍ച്ച നടത്തും

തിരുവനന്തപുരം: പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിനെതിരേ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ ചര്‍ച്ച നടത്തും. രാവിലെ 11നാണു ചര്‍ച്ച.

Ads by Google
Advertisement
Monday 19 Jun 2017 01.27 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW