Monday, October 09, 2017 Last Updated 51 Min 32 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Monday 19 Jun 2017 01.23 AM

ലോട്ടറിയിലുടക്കി ഐസക്ക്‌; മയപ്പെടുത്തി കേന്ദ്രം , ജി.എസ്‌.ടി: സംസ്‌ഥാന ലോട്ടറികള്‍ക്ക്‌ 12 ശതമാനം നികുതി

uploads/news/2017/06/119642/d2.jpg

ന്യൂഡല്‍ഹി: കേരളത്തിന്റെ ശക്‌തമായ സമ്മര്‍ദത്തിനൊടുവില്‍ ചരക്കു സേവന നികുതി പ്രകാരമുള്ള ലോട്ടറി നികുതിയില്‍ ധാരണയായി. സംസ്‌ഥാന സര്‍ക്കാരുകള്‍ നേരിട്ടു നടത്തുന്ന ലോട്ടറിക്കു 12 ശതമാനവും ഇടനിലക്കാരെവച്ചുള്ള ലോട്ടറികള്‍ക്ക്‌ 28 ശതമാനവും നികുതി ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന ജി.എസ്‌.ടി. കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ലോട്ടറി നികുതി അഞ്ചു ശതമാനമെന്നായിരുന്നു ജി.എസ്‌.ടി. കൗണ്‍സിലില്‍ ആദ്യം മുന്നോട്ടുവച്ചിരുന്ന നിര്‍ദേശം. ഇത്‌ 28 ശതമാനമാക്കണമെന്ന കേരളത്തിന്റെ ആവശ്യം യോഗത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്‌ ഉന്നയിച്ചു.

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നികുതി കാര്യത്തില്‍ തീരുമാനമാവുകയായിരുന്നു. ലോട്ടറിയുടെ മുഖവിലയുടെ അടിസ്‌ഥാനത്തിലാകും നികുതി ഈടാക്കുകയെന്നു മന്ത്രി അറിയിച്ചു. പുതിയ നികുതി ഘടന നിലവില്‍വരുന്നതോടെ ലോട്ടറിക്കു വിലകൂടും. അന്യസംസ്‌ഥാന ലോട്ടറികള്‍ക്കു കടുത്ത നിയന്ത്രണം ഉണ്ടാവും. ഇന്നലെ ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനില്‍ ചേര്‍ന്ന 17മത്‌ ജി.എസ്‌.ടി ഉന്നതാധികാര സമിതിയോഗത്തിലാണ്‌ തീരുമാനം. ലോട്ടറിയുടെ നികുതിയെച്ചൊല്ലി ശക്‌തമായ നിലപാടാണ്‌ കേരളം എടുത്തത്‌.

തര്‍ക്കം ഒന്നരമണിക്കൂറോളം നീണ്ടു. ഉച്ചയ്‌ക്ക്‌ ഭക്ഷണത്തിനു പിരിഞ്ഞസമയത്തു നടന്ന അനൗപചാരിക ചര്‍ച്ചയിലും തീര്‍പ്പായില്ല. ഉച്ചയ്‌ക്ക്‌ ശേഷം യോഗം തുടര്‍ന്നപ്പോള്‍ ജി.എസ്‌.ടി കൗണ്‍സിലുമായി സഹകരിക്കില്ലെന്നറിയിച്ച്‌ തോമസ്‌ ഐസക്‌ വേദി വിട്ട്‌പോകാനും ശ്രമിച്ചു. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി ജമ്മു കശ്‌മീര്‍ മുന്നോട്ടവച്ച ഫോര്‍മുല കേന്ദ്ര -സംസ്‌ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കുകയായിരുന്നു. 5,000 മുതല്‍ 7500 വരെ നിരക്കുള്ള ഹോട്ടല്‍മുറികള്‍ക്ക്‌ 18 ശതമാനം നികുതിയേര്‍പ്പെടുത്തി. നേരത്തെ ഇത്‌ 28 ആയിരുന്നു. 5,000നു താഴെയുള്ള ഹോട്ടലുകളുടെ നികുതി 12 ശതമാനമായി തന്നെ തുടരും. ആയുര്‍വേദമരുന്നിന്‌ അലോപ്പതിയുടെ നികുതിക്കു തുല്യമാക്കാനും തീരുമാനമായി.

വ്യാപാരികള്‍ക്കു റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചു. നികുതിയടക്കല്‍ ജി.എസ്‌.ടിയില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ്‌ നടക്കുക. ഇതിനായുള്ള ഏകീകൃത കമ്പ്യൂട്ടര്‍ ശൃംഖല ഇതുവരെ സജ്‌ജമായിട്ടില്ല. ഇതുസജ്‌ജമാവാന്‍ നാലഞ്ചുമാസമെങ്കിലും എടുക്കും. ഈ സാഹചര്യത്തിലാണ്‌ ഇടപാട്‌ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വ്യാപാരികള്‍ക്ക്‌ രണ്ടുമാസം കൂടി നല്‍കുന്നത്‌. ജൂലൈയിലേത്‌ സെപ്‌റ്റംബര്‍ നാലിനു മുമ്പ്‌ സമര്‍പ്പിച്ചാല്‍ മതി. നേരത്തെ ഇത്‌ ഓഗസ്‌റ്റ് 10 ആയിരുന്നു. കമ്പനികള്‍ക്ക്‌ സെപ്‌റ്റംബര്‍ 20 വരെയും സമര്‍പ്പിക്കാം. ഇതു നീട്ടണമെന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.

ജി.എസ്‌.ടി. നടപ്പാക്കുന്നതിന്റെ മറവില്‍ നിര്‍മാതാക്കള്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തുന്നതു തടയുന്നതിന്റെ ഭാഗമായി നികുതിനിരക്കിലെ പരിഷ്‌കരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന്‌ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. കൊള്ള ലാഭം തടയുന്നതിന്റെ ഭാഗമായുള്ള ആന്റി പ്ര?ഫിറ്റീറിങ്‌ ഉള്‍പ്പെടെയുള്ള ആറുനിയമങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. ഇതിനായി സെപ്‌റ്റംബര്‍ രണ്ടിനു മുമ്പായി പ്രത്യേകസമിതി രൂപീകരിക്കും. കേന്ദ്ര- സംസ്‌ഥാനസര്‍ക്കാരിന്റെ രണ്ടുവീതം പ്രതിനിധികള്‍ അടങ്ങുന്നതാവും സമിതി.

Ads by Google
Advertisement
ജിനേഷ്‌ പൂനത്ത്‌
Monday 19 Jun 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW