Thursday, December 14, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.23 AM

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന്‌ സി.പി.ഐ; പകരം വിശാല വേദി

uploads/news/2017/06/119636/d4.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ്‌ സഖ്യത്തിലേര്‍പ്പെടുന്നതില്‍ സി.പി.ഐയില്‍ ഭിന്നത രൂക്ഷം. ബി.ജെ.പിയെ ചെറുക്കാന്‍ രൂപീകരിക്കുന്ന മതേതര ഐക്യമുന്നണിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെങ്കിലും ഡല്‍ഹിയില്‍ ഇന്നലെ സമാപിച്ച സി.പി.ഐ. കൗണ്‍സിലില്‍ കേരളാ ഘടകം എതിര്‍ത്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്നും ബി.ജെ.പിയ്‌ക്കെതിരായി വിശാലവേദി രൂപീകരിച്ചാല്‍ മതിയെന്നും കൗണ്‍സിലില്‍ ധാരണയായി.
കോണ്‍ഗ്രസ്‌ അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി യാതൊരുവിധ തെരഞ്ഞെടുപ്പ്‌ സഖ്യവും പാടില്ലെന്ന പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനത്തില്‍ വെള്ളംചേര്‍ക്കരുതെന്ന്‌ കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി സ്വാധീനമുള്ള കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തി രൂപീകരിക്കുന്ന മതേതരമുന്നണി പൂര്‍ണമാകില്ലെന്ന നിലപാടായിരുന്നു സി.പി.ഐ കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്‌. ബി.ജെ.പിയെ തെരഞ്ഞെടുപ്പുരംഗത്ത്‌ പ്രതിരോധിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയും സ്വാധീനവും ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നുംമാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന സി.പി.ഐ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മൂന്ന്‌ ദിവസമായി ഡല്‍ഹയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയായത്‌.
സംസ്‌ഥാനത്ത്‌ കോണ്‍ഗ്രസാണ്‌ എല്‍.ഡി.എഫിന്റെ മുഖ്യ രാഷ്‌ട്രീയ ശത്രുവെന്നും ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമ്പോള്‍ ഒരു സാഹചര്യത്തിലും കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ്‌ സഖ്യത്തെ അനുകൂലിക്കാനാവില്ലെന്നും കേരളാ ഘടകം നിലപാടെടുത്തു.
മറ്റു സംസ്‌ഥാനങ്ങളിലും ദേശീയ തലത്തിലും ഇത്തരമൊരു തീരുമാനമെടുത്താല്‍ കേരളത്തില്‍ പ്രതികൂലമായി ബാധിക്കുമെന്നും ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ചോദ്യംചെയ്യപ്പെടുമെന്നും കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പ്രാദേശിക ഘടകങ്ങളില്‍നിന്നുതന്നെ ഇത്തരമൊരു നിലപാടിനെതിരേ എതിര്‍പ്പുയര്‍ന്നതും നേതാക്കള്‍ ചൂണ്ടികാട്ടി.
മറ്റു ചില സംസ്‌ഥാനങ്ങളില്‍നിന്നുള്ള നേതാക്കളും കോണ്‍ഗ്രസുമായുള്ള സഹകരണത്തിന്‌ അനുകൂലമായിരുന്നു. കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ്‌ സഹകരണത്തിലൂടെ മറ്റു സംസ്‌ഥാനങ്ങളിലും ഡല്‍ഹി അടക്കമുള്ള മേഖലകളിലും പ്രാതിനിധ്യം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ഇവര്‍ ഇത്തരമൊരു നീക്കത്തിന്‌ അനുകൂല നിലപാടെടുത്തത്‌. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനിരയ്‌ക്ക്‌ സാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ്‌ സഖ്യവുമായി ബന്ധപ്പെട്ട്‌ അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യാനാണു നിലവിലെ തീരുമാനം. 2018 ഏപ്രില്‍ അവസാനവാരമോ മേയ്‌ ആദ്യവാരമോ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കും. 16 വര്‍ഷത്തിനു ശേഷമാണ്‌ കേരളം സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിന്‌ വേദിയാകുന്നത്‌. സെപ്‌റ്റംബര്‍ മുതല്‍ ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ആരംഭിക്കും. കീഴ്‌ഘടകങ്ങളും കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ്‌ സഖ്യത്തെ കുറിച്ച്‌ ചര്‍ച്ചചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയതി സംസ്‌ഥാന കൗണ്‍സില്‍ തീരുമാനിക്കും.
കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ്‌ സഖ്യമെന്ന സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയുടെ തീരുമാനം സി.പിഎം. നേതൃത്വം നേരത്തെ തന്നെ തള്ളിയിരുന്നു. കേരളത്തില്‍ ഇടതുമുന്നണിയില്‍ പടലപിണക്കം രൂക്ഷമായ സാഹചര്യത്തില്‍ സി.പി.ഐ കോണ്‍ഗ്രസ്‌ പാളയത്തിലേക്ക്‌ ചേക്കേറിയേക്കുമെന്ന സംശയം സി.പി.എം നേതാക്കള്‍ക്കുണ്ടായിരുന്നു.
കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫിന്റെ ഭാഗമാക്കാന്‍ സി.പി.എം ശ്രമിക്കുന്നതാണ്‌ സി.പി.ഐയെ കേരളത്തില്‍ പ്രകോപിപ്പിക്കുന്നത്‌. ഇത്തരത്തില്‍ കേരളാ കോണ്‍ഗ്രസ്‌ എല്‍.ഡി.എഫിന്റെ ഭാഗമായാല്‍ മുന്നണിയിലെ രണ്ടാംകക്ഷിയെന്ന സ്‌ഥാനം നഷ്‌ടമാകുമെന്ന ആശങ്കയാണ്‌ സി.പി.ഐയ്‌ക്കുള്ളത്‌.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ്‌ സഹകരണമെന്ന ലക്ഷ്യത്തോടെ സി.പി.ഐ കേന്ദ്ര ഘടകം മുന്നോട്ടുപോകുന്നത്‌ വിഷയം കൂടുതല്‍ രൂക്ഷമാക്കുമെന്ന നിലപാടാണ്‌ കേരളാ ഘടകം ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സ്വീകരിച്ചത്‌.

Ads by Google
Monday 19 Jun 2017 01.23 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW