Sunday, February 18, 2018 Last Updated 39 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.19 AM

തന്ത്രപൂര്‍വം തെരേസാ മേയ്‌ : ബ്രിട്ടനില്‍ രാജ്‌ഞിയുടെ നയപ്രഖ്യാപനം റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ എലിസബത്ത്‌ രാജ്‌ഞി നടത്തേണ്ടിയിരുന്ന നയപ്രഖ്യാപനം റദ്ദാക്കി. ബ്രെക്‌സിറ്റ്‌ സംബന്ധിച്ച നിയമരൂപീകരണത്തിനു പാര്‍ലമെന്റിനു കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണിതെന്നാണ്‌ ഔദ്യോഗിക വിശദീകരണം.
എന്നാല്‍, പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ നന്ദിപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ്‌ ഒഴിവാക്കുകയെന്ന തന്ത്രപരമായ നീക്കമാണു പ്രധാനമന്ത്രി തെരേസ മേയ്‌ നടത്തിയത്‌. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസായില്ലെങ്കില്‍ സര്‍ക്കാരിനെതിരായ അവിശ്വാസമായി കണക്കാക്കപ്പെടും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത്‌ രാജ്‌ഞിയുടെ നയപ്രഖ്യാപനം ഇന്നാണു നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍, തെരേസാ മേയ്‌ക്ക്‌ കേവലഭൂരിപക്ഷം ഉറപ്പാക്കാന്‍ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയും ഡെമോക്രാറ്റിക്‌ യൂണിയനിസ്‌റ്റ്‌ പാര്‍ട്ടിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്‌ 21-ലേക്കു മാറ്റിയിരുന്നു.
മൂന്നുവര്‍ഷം മുമ്പ്‌ ഇടക്കാല പൊതുതെരഞ്ഞെടുപ്പ്‌ നടത്തിയ തെരേസയ്‌ക്കു ജനസഭ(ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌)യില്‍ ഭൂരിപക്ഷം നഷ്‌ടപ്പെട്ടിരുന്നു.
ഓരോവര്‍ഷവും രാജ്‌ഞിയുടെനയപ്രഖ്യാപനത്തോടെയാണു ബ്രിട്ടീഷ്‌ പാര്‍ലന്റെിന്റെ തുടക്കം. എന്നാല്‍, അടുത്ത പാര്‍ലമെന്റ്‌ സെഷന്‍ രണ്ടുവര്‍ഷമായി നീട്ടിയ സാഹചര്യത്തിലാണു രാജ്‌ഞിയുടെ പ്രസംഗം റദ്ദാക്കിയതെന്നു പാര്‍ലമെന്റിന്റെ ജനസഭ നേതാവ്‌ ആന്‍ഡ്രിയ ലീഡ്‌സം വ്യക്‌തമാക്കി. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുപോകുന്നതു സംബന്ധിച്ച (ബ്രെക്‌സിറ്റ്‌) നിയമനിര്‍മാണം മഹത്തായ പിന്‍വാങ്ങല്‍ ബില്‍ അവതരണത്തോടെ ആരംഭിക്കുമെന്ന്‌ അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ബില്ലുകള്‍ പരിശോധിക്കാനും സമവായത്തിലെത്താനുമാണു പാര്‍ലമെന്റ്‌ സെഷന്‍ രണ്ടുവര്‍ഷത്തേക്കു നീട്ടിയ അസാധാരണനീക്കം.
ബ്രിട്ടനില്‍ ഇതിനു മുമ്പ്‌ രാജ്‌ഞിയുടെ നയപ്രഖ്യാപനം റദ്ദാക്കിയിട്ടുള്ളതു 2011-ല്‍ കണ്‍സര്‍വേറ്റീവ്‌-ലിബറല്‍ ഡെമോക്രാറ്റ്‌ സഖ്യസര്‍ക്കാരിന്റെ കാലത്താണ്‌. 1949-നുശേഷം ആദ്യമായിട്ടായിരുന്നു ആ നടപടി. അന്നത്തെ നടപടി അധികാരദുര്‍വിനിയോഗമാണെന്നു വിമര്‍ശിച്ച്‌ ലേബര്‍ പാര്‍ട്ടി രംഗത്തുവന്നിരുന്നു.

Ads by Google
Monday 19 Jun 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW