Tuesday, December 12, 2017 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.08 AM

അഭിമാനം സംരക്ഷിക്കേണ്ടത്‌ നിര്‍ബന്ധ ബാധ്യത

കുവൈത്ത്‌ സിറ്റിയിലെ പള്ളിക്കു സമീപത്തുനിന്നു വിദേശിയായ യാചകനെ സംശയത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പണത്തിന്‌ അത്യാവശ്യമുണ്ടെന്നും തനിക്കു വീട്‌ പോലുമില്ലെന്നും പള്ളിയില്‍വരുന്നവരോട്‌ പറഞ്ഞായിരുന്നു ഇയാളുടെ യാചന.
നിയമാനുസൃതമല്ലാത്ത ഭിക്ഷാടനത്തിന്‌ അറസ്‌റ്റ്‌ ചെയ്‌ത ഇയാളെ അല്‍ അഹ്‌മദി പോലീസ്‌ സ്‌േറ്റഷനില്‍ ചോദ്യം ചെയ്‌തു. ഇതിനിടെയാണു പോലീസിനെപോലും ഞെട്ടിച്ച്‌ യാചകന്റെ ബാങ്ക്‌ അക്കൗണ്ട്‌ വിവരം പുറത്തുവരുന്നത്‌.
പ്രാദേശിക ബാങ്കില്‍ അഞ്ചു ലക്ഷം ദീനാറാണ്‌ ഇയാളുടെ നിക്ഷേപം. അതായത്‌ ഏകദേശം പത്ത്‌ കോടി ഇന്ത്യന്‍ രൂപ!. തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്‌സ്‌റ്റാന്‍ഡുകളിലും ടൈയും കോട്ടും ഷൂവുമിട്ട്‌ ചിലര്‍ മാന്യരും കുലീനരുമായ യാത്രക്കാരെ തെരഞ്ഞു പിടിച്ച്‌ മാന്യമായി ചോദിക്കും- "ഞാനെന്റെ എ.ടി.എം കാര്‍ഡ്‌ എടുത്തിട്ടില്ല, ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്ണയമെങ്കില്‍ ആയിരം രൂപ ആവശ്യമുണ്ട്‌, നിങ്ങളുടെ കൈവശമുണ്ടങ്കില്‍ വലിയ ഉപകാരമായി. കാര്‍ഡ്‌ കിട്ടിയാലുടന്‍ ക്യാഷ്‌ നിങ്ങളുടെ അക്കൗണ്ടിലേക്കു ട്രാന്‍സ്‌ഫര്‍ ചെയ്‌തോളാം".
രണ്ട്‌ ഇംഗ്ലീഷ്‌ പദങ്ങളുടെ മേമ്പോടിയും വടിവോത്ത രീതിയിലുള്ള സംസാരവുമായാല്‍ ആയിരം രൂപ പ്രയാസമില്ലാതെ അയാളുടെ പോക്കറ്റിലാകും. ഇങ്ങനെ ദിവസവും നൂറുക്കണക്കിന്‌ യാത്രക്കാരെ തെരഞ്ഞു പിടിക്കുന്ന "മാന്യരായ ഭിക്ഷാടകര്‍" നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. ജി.സി.സി. രാജ്യങ്ങളില്‍ ഭിക്ഷാടനത്തിനു കര്‍ശന നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്‌. സക്കാത്തടക്കമുള്ള ദാനധര്‍മങ്ങള്‍ യാചകര്‍ക്കു നല്‍കുന്നതിനും നിരോധനമുണ്ട്‌. കാരണം, അതിഭീകരമാംവിധം തട്ടിപ്പും വെട്ടിപ്പും നടക്കുന്ന വാണിജ്യ മേഖലയായി ഭിക്ഷാടനം മാറിയിരിക്കുന്നു. കഴിവും പ്രാപ്‌തിയുമുള്ളവര്‍ യാചനയെ ജീവിതോപാധിയായി കണക്കാക്കുന്നതുമൂലം കൊട്ടിയടക്കപ്പെടുന്നത്‌ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ശാരീരിക മാനസിക പ്രയാസങ്ങളനുഭവിക്കുന്ന പട്ടിണി പാവങ്ങളുടെ ജീവിതത്തിന്റെ അവസാനോപാധിയാണ്‌.
ഒരിക്കല്‍ അഷ്‌റഫുല്‍ ഖല്‍ഖ്‌ മുഹമ്മദ്‌(സ)യുടെ തിരുസവിധത്തില്‍ വീട്ടിലെ ആവലാതിയും പ്രയാസങ്ങളും പറഞ്ഞുകൊണ്ടൊരാള്‍ വന്നു. അഷ്‌റഫുല്‍ ഖല്‍ഖ്‌ അദ്ദേഹത്തോട്‌ ചോദിച്ചു
"നിങ്ങളുടെ വീട്ടില്‍ നിങ്ങളുടേതായി എന്താണുള്ളത്‌?". "ഒരു പുതപ്പുണ്ട്‌ നബിയെ" എന്നയാള്‍ പ്രതിവചിച്ചു. അഷ്‌റഫുല്‍ ഖല്‍ഖ്‌ അദ്ദേഹത്തോട്‌ അത്‌ കൊണ്ടുവരാനവശ്യപ്പെട്ടു. എന്നിട്ട്‌ സ്വഹാബികള്‍ക്കിടയിലത്‌ ലേലം ചെയ്‌തു. രണ്ടു ദിര്‍ഹമിന്‌ പുതപ്പ്‌ ലേലത്തിനു പോയി. പ്രവാചകര്‍ ഒരു ദീനാറുകൊണ്ട്‌ മഴു വാങ്ങി അയാള്‍ക്ക്‌ നല്‍കുകയും മറ്റൊന്ന്‌ അദ്ദേഹത്തിന്റെ വീട്ടാവശ്യത്തിന്‌ ഉപയോഗിക്കാനും പറഞ്ഞു. തുടര്‍ന്നു തിരുനബി അദ്ദേഹത്തോട്‌ അദ്ധ്വാനിച്ച്‌ ജീവിക്കാന്‍ പറഞ്ഞു.
മെയ്യനങ്ങാതെ സമ്പാദിക്കാനും സുഖവാസം നടത്താനും യാചന കൊണ്ട്‌ സാധിച്ചേക്കും. എന്നാല്‍ അഷ്‌റഫുല്‍ ഖല്‍ഖ്‌ അതിനെ നിരുത്സാഹപ്പെടുത്തിയ വിധമാണു നാം വായിച്ചത്‌. യാചനയിലൂടെ ഒരു വ്യക്‌തിക്ക്‌ നഷ്‌ടമാകുന്നത്‌ അയാളുടെ മാനമാണ്‌. ജീവിതത്തില്‍ അഭിമാനം സംരക്ഷിക്കാന്‍ നിര്‍ബന്ധമായി ഇസ്ലാം കല്‍പ്പിച്ച അഞ്ചുകാര്യങ്ങളിലൊന്നാണത്‌.

സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി

Ads by Google
Monday 19 Jun 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW