Friday, April 06, 2018 Last Updated 15 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 10.40 PM

മലയാളത്തിന്റെ പുസ്‌തക മുത്തച്‌ഛന്‍

uploads/news/2017/06/119598/book.jpg

മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച മഹാപുരുഷനായിരുന്നു, പി.എന്‍. പണിക്കര്‍. ''കേരളത്തെ ജ്‌ഞാനപ്രകാശത്തിലേക്കു നയിച്ച സൂപ്പര്‍ വൈസ്‌ ചാന്‍സലര്‍'' - എന്നാണ്‌ സുകുമാര്‍ അഴീക്കോട്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌.
''വായിച്ചുവളരുക; ചിന്തിച്ചു വിവേകം നേടുക'' - എന്ന മുദ്രാവാക്യവുമായി 1970- ല്‍ കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരംവരെ ഏതാനും അക്ഷരസ്‌നേഹികള്‍ നടത്തിയ മഹത്തായ വായനാസന്ദേശ യാത്രയുടെ നായകന്‍ പി.എന്‍. പണിക്കരായിരുന്നു. ഈ ജാഥ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ചലനമുണ്ടാക്കി. നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും നൂറുകണക്കായ വായനശാലകള്‍ ഉയര്‍ന്നുവരാന്‍ ഈ ജാഥ കാരണമായി. ഇതേത്തുടര്‍ന്നാണ്‌ കേരള ഗ്രന്ഥശാലാ സംഘം രൂപീകരിക്കപ്പെട്ടത്‌.
കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്‌ഥാപകന്‍, സമ്പൂര്‍ണ സാക്ഷരതാ യത്നത്തിന്റെ മുഖ്യശില്‍പ്പി, സൗഹൃദ ഗ്രാമം പദ്ധതിയുടെ ഉപജ്‌ഞാതാവ്‌, 'ഗ്രന്ഥാലോകം' മാസികയുടെ തുടക്കക്കാരന്‍ എന്നീ നിലകളിലും പണിക്കര്‍ സാംസ്‌കാരിക കേരളത്തിന്റെ കണ്ണിലുണ്ണിയായി മാറി.

1909 മാര്‍ച്ച്‌ ഒന്നിന്‌ കുട്ടനാട്ടിലെ നീലമ്പേരൂര്‍ എന്ന ഗ്രാമത്തിലാണ്‌ പി.എന്‍. പണിക്കരെന്ന പുതുവായില്‍ നാരായണപ്പണിക്കര്‍ ജനിച്ചത്‌. കുട്ടിക്കാലത്തുതന്നെ വായനയോട്‌ താത്‌പര്യം കാട്ടിയ പണിക്കര്‍ തന്റെ വീട്ടില്‍ വാങ്ങുന്ന ദിനപത്രം തന്റെ അയല്‍ക്കാരെ ഉറക്കെവായിച്ചു കേള്‍പ്പിക്കുമായിരുന്നു. ഈ വായനാ കൗതുകംതന്നെയാണ്‌ തന്റെ നാട്ടില്‍ സനാതന ധര്‍മ്മ ഗ്രന്ഥശാല കെട്ടിപ്പടുക്കാന്‍ പണിക്കര്‍ക്ക്‌ ശക്‌തി നല്‍കിയത്‌. പില്‍ക്കാലത്ത്‌ അധ്യാപക ലോകത്ത്‌ ചുവടുറപ്പിച്ച പണിക്കര്‍സാര്‍ തന്റെ ജീവിതകാലം മുഴുവന്‍ സമര്‍പ്പിച്ചത്‌ വായനയുടെയും ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന്റെയും വളര്‍ച്ചയ്‌ക്കു വേണ്ടിയായിരുന്നു. 1995 ജൂണ്‍ 19ന്‌ അക്ഷീണമായ ആ പോരാട്ടം അവസാനിച്ചു.
അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും കടപ്പാടും ഓര്‍മ്മിക്കാന്‍വേണ്ടിയാണ്‌ നമ്മള്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരുന്നത്‌.

വായിച്ചു വളര്‍ന്നാല്‍ വിളയും

കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത്‌ വളരെ ശരിയാണെന്ന്‌ ഇപ്പോഴത്തെ പല അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്‌. കുഞ്ഞുങ്ങള്‍ക്ക്‌ കഥ പറഞ്ഞുകൊടുക്കാനും മുത്തശ്ശിപ്പാട്ടുകള്‍ പാടിക്കൊടുക്കാനും ഇന്ന്‌ ആര്‍ക്കും സമയമില്ലെന്നാണ്‌ പറയുന്നത്‌. ഇത്‌ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. കഥ പറഞ്ഞുകൊടുക്കേണ്ടതിനുപകരം ടിവിയുടെ മുന്നില്‍ കൊട്ടക്കസേരകൊണ്ടുവന്നിട്ട്‌ കുട്ടിയെ അതിനുമുന്നില്‍ ഫിറ്റ്‌ ചെയ്‌തു വയ്‌ക്കുന്ന ഡാഡി - മമ്മിമാരുടെ എണ്ണം കൂടിക്കൂടി വരികയാണ്‌. പിന്നെ എങ്ങനെ അവര്‍ വായനയിലേക്ക്‌ വരും ? കൃത്യമായിപറഞ്ഞാല്‍ വായനയിലേക്കുള്ള വഴി രക്ഷാകര്‍ത്താക്കള്‍തന്നെ അടച്ചുകളഞ്ഞിരിക്കുകയാണ്‌.
വളരെ രസകരമായ ഒരനുഭവം പറയാം: കഴിഞ്ഞ ജൂണ്‍ ഒന്നിന്‌ ചിന്നുക്കുട്ടിയുടെ അഞ്ചാം പിറന്നാളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായ ബേബിച്ചന്റെ മകളാണ്‌ ചിന്നുക്കുട്ടി. ഫിഷിങ്‌ ബോട്ട്‌ ഉടമയായ ബേബിച്ചന്‌ ഇപ്പോള്‍ നല്ല കാലമാണ്‌. അതുകൊണ്ടായിരിക്കണം മകളുടെ പിറന്നാള്‍ കെങ്കേമമായി കൊണ്ടാടാന്‍ തീരുമാനിച്ചത്‌. ബോട്ടുടമകളും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേര്‍ പിറന്നാളില്‍ സംബന്ധിക്കുവാന്‍ വന്നിരുന്നു.
അവരുടെ കൈകളിലെല്ലാം ഉഗ്രന്‍ സമ്മാനപ്പൊതികള്‍ നിരന്നിരിക്കുന്നത്‌ ഞാന്‍ കണ്ടു. എറണാകുളത്തുനിന്ന്‌ പ്രത്യേകം അന്വേഷിച്ചു വാങ്ങിയ വളരെ വിശേഷപ്പെട്ട ഒരു പുസ്‌തകമാണ്‌ ഞാന്‍ കൊണ്ടുചെന്നത്‌. കുട്ടികളെ നന്മയിലേക്കു നയിക്കുന്ന ഒരു ക്ലാസിക്‌ കൃതി! എക്കാലവും സൂക്ഷിച്ചുവച്ച്‌ കുട്ടിക്ക്‌ പറഞ്ഞുകൊടുക്കേണ്ട ഒരു വിഖ്യാതകൃതി!
പക്ഷേ എന്തുകാര്യം ? എന്റെ പൊതി ഒരാളും ശ്രദ്ധിച്ചതേയില്ല ഇത്രവലിയ പിറന്നാളിന്‌ ഇത്ര ചെറിയ സമ്മാനമോ എന്ന മട്ടില്‍ പുച്‌ഛത്തോടെയാണ്‌ പലരും എന്നെ നോക്കിയത്‌. പാട്ടും കൂത്തും തീനും കുടിയുമൊക്കെ കഴിഞ്ഞ്‌ പിറന്നാള്‍ സമ്മാനങ്ങളും നല്‍കി ആളുകള്‍ പിരിഞ്ഞുപോയി.
ഒരാഴ്‌ച കഴിഞ്ഞ്‌ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനായി ഞാന്‍ ബേബിച്ചന്റെ വീട്ടില്‍ ചെന്നു. ഞാന്‍ ബേബിച്ചനോടുചോദിച്ചു: അന്നത്തെ പിറന്നാളാഘോഷം കേമമായി അല്ലേ?
''അസ്സലായി - മുപ്പത്തിമൂന്ന്‌ തോക്കുകള്‍ തന്നെ അവള്‍ക്ക്‌ സമ്മാനമായി കിട്ടി. ഒരെണ്ണം ഡല്‍ഹിയില്‍ ജോലിയുള്ള അവളുടെ അങ്കിള്‍തന്നെ കൊണ്ടുവന്ന്‌ കൊടുത്തതാണ്‌.
ഒരു റൗണ്ടില്‍ പത്ത്‌ വെടിപൊട്ടും. അതാണതിന്റെ പ്രത്യേകത. പുസ്‌തകമായിട്ട്‌ സാറിന്റേത്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. അതവള്‍ തുറന്നു നോക്കിയതുപോലുമില്ല''. ബേബിച്ചന്‍ അഭിമാനത്തോടെ നെഞ്ചുവിരിച്ചു നിന്നു. മകള്‍ക്ക്‌ മുപ്പത്തിമൂന്ന്‌ തോക്കുകള്‍ സമ്മാനമായി കിട്ടിയതിന്റെ അഭിമാനം! ''കുഞ്ഞുങ്ങള്‍ക്ക്‌ കളിക്കോപ്പുകള്‍ക്കു പകരം കളിത്തോക്ക്‌ വാങ്ങിക്കൊടുക്കുന്നത്‌ വളരെ ആപല്‍ക്കരമായ ഒരു പ്രവണതയാണ്‌'' എന്നുള്ള മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മുന്നറിയിപ്പ്‌ ഞാന്‍ അപ്പോള്‍ ഓര്‍മിച്ചു.
തിരിച്ചുപോരാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ആ കരള്‍ പിളര്‍ക്കുന്ന കാഴ്‌ചകൂടി കണ്ടു. എന്തെന്നോ? ഞാന്‍ ചിന്നുക്കുട്ടിക്ക്‌ സമ്മാനമായി കൊടുത്ത സോമദേവഭട്ടന്റെ 'കഥാസരിത്‌ സാഗരം' എന്ന അതിവിശിഷ്‌ടമായ ഗ്രന്ഥം ബയന്റ്‌ വിട്ട്‌ കീറിപ്പറിഞ്ഞ്‌ വിറങ്ങലിച്ച ഒരു പ്രേതം കണക്കെ സെറ്റിയുടെ മൂലയ്‌ക്ക് കിടക്കുന്നു!
കുഞ്ഞുങ്ങള്‍ക്ക്‌ കളിപ്പാട്ടത്തിനു പകരം കളിത്തോക്ക്‌ വാങ്ങിക്കൊടുക്കുന്ന ഹീനസംസ്‌കാരത്തിലേക്ക്‌ നാം അറിഞ്ഞോ അറിയാതെയോ കൂപ്പുകുത്തുന്നു എന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌.

എന്തു വായിക്കും?

കുട്ടികള്‍ക്ക്‌ വായിച്ചുവളരാന്‍ പറ്റിയ നിരവധി പുസ്‌തകങ്ങള്‍ ഇന്ന്‌ പ്രചാരത്തിലുണ്ട്‌. പക്ഷെ അവര്‍ വായനയുടെ ലോകത്തേയ്‌ക്ക് കടന്നുവരാന്‍ കൂട്ടാക്കുന്നില്ല. നല്ല മൂല്യങ്ങളുണ്ടാകുന്നത്‌ നല്ല പുസ്‌തകങ്ങളുമായുള്ള ബന്ധത്തില്‍ നിന്നാണ്‌. പഞ്ചതന്ത്രകഥകള്‍, ഈസോപ്പുകഥകള്‍, ജാതകകഥകള്‍, കഥാസരിത്‌ സാഗരം, ആന്‍ഡേഴ്‌സണ്‍കഥകള്‍, ഗ്രിമ്മിന്റെ കഥകള്‍, ചോസര്‍ കഥകള്‍, ബൈബിള്‍ കഥകള്‍, ടോള്‍സ്‌റ്റോയിയുടെ നീതികഥകള്‍, മെസപ്പെട്ടോമിയന്‍ കഥകള്‍, റെഡ്‌ ഇന്ത്യന്‍ കഥകള്‍, ഗ്രീക്കു കഥകള്‍ എന്നിങ്ങനെ പുതിയ തലമുറ അവശ്യം വായിച്ചിരിക്കേണ്ട കൃതികള്‍തന്നെ നിരവധിയുണ്ട്‌.
ലോകത്തിന്‌ വഴികാട്ടികളായി ജീവിച്ച മഹാരഥന്മാരുടെ ജീവചരിത്രങ്ങള്‍ വായിക്കുന്ന ശീലം പഴയതലമുറയിലെ ചെറുപ്പക്കാര്‍ക്ക്‌ ഉണ്ടായിരുന്നു. മഹാത്മാഗാന്ധി, എബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്‌, ലെനിന്‍, പണ്ഡിറ്റ്‌ നെഹ്‌റു, രവീന്ദ്രനാഥടാഗോര്‍, ജോണ്‍ എഫ്‌ കെന്നഡി, ഹെലന്‍ കെല്ലര്‍, ജോവാന്‍ ഓഫ്‌ ആര്‍ക്ക്‌, ഫ്രാന്‍സിസ്‌ അസ്സീസി, ഫാ. ഡാമിയന്‍, ഭഗത്‌ സിങ്‌, നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, ശിവജി, മഹാനായ അശോകന്‍, ത്സാന്‍സി റാണി എന്നിങ്ങനെയുള്ള പുണ്യപുരുഷന്മാരുടേയും ചരിത്രപുരുഷന്മാരുടേയും കാല്‍പ്പാടുകള്‍ പിന്തുടരാനുള്ള ആവേശം വായനയിലൂടെ അവര്‍ നേടിയെടുത്തിരുന്നു.
നമ്മുടെ പുരാണങ്ങളും ഇതിഹാസകഥകളും പഴയ തലമുറയെ നന്നായി സ്വാധീനിച്ചിരുന്നു. രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിക്ക്‌ കുട്ടിക്കാലത്ത്‌ നന്മയിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊടുത്തത്‌ പുരാണത്തിലെ രണ്ട്‌ കഥകളായിരുന്നു. ഒന്ന്‌ സത്യത്തിനുവേണ്ടി ചെങ്കോലും കിരീടവും വലിച്ചെറിയാന്‍ തയാറായ ഹരിശ്‌ചന്ദ്രമഹാരാജാവിന്റെ കഥ. മറ്റൊന്ന്‌ അന്ധരായ സ്വന്തം മാതാപിതാക്കള്‍ക്കുവേണ്ടി തന്റെ ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച ശ്രാവണകുമാരന്റെ കഥ. അതുപോലുള്ള മാതൃകാപരമായ കഥകളാണ്‌ പുതിയ തലമുറ വായിച്ചു വളരേണ്ടത്‌.
എന്നാല്‍ ഹാരിപ്പോട്ടര്‍ പോലുള്ള സൂപ്പര്‍ ഹീറോകളുടെ പിന്നാലെ പോകാനാണ്‌ ഇപ്പോള്‍ പലരും വെമ്പല്‍ കൂട്ടുന്നത്‌. ഇത്തരം കൃതികള്‍ക്ക്‌ നമ്മുടെ സനാതന മൂല്യങ്ങളുമായി വലിയ ബന്ധമൊന്നുമില്ല. സുനാമി തിരമാലകള്‍പോലെ, ഷോണ്‍ കൊടുങ്കാറ്റുപോലെ, ലജ്‌ജാവതിയെപ്പോലെ അടിപൊളിയായി നീങ്ങുന്ന ഒരു വായനാ പ്രതിഭാസമായി മാത്രമേ ഇതിനെ കാണാനൊക്കൂ.
ഹാരിപോട്ടര്‍ കഥകള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഈശ്വരവിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും പാതയില്‍നിന്ന്‌ വ്യതിചലിപ്പിക്കുമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഹാരിപോട്ടര്‍ കൂടുതലായും പരസ്യതന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഒരു കച്ചവട കളിയാട്ടമാണ്‌. അതിന്റെ തിരയിളക്കം ഒറ്റക്കച്ചവടത്തോടെ ആവാസനിച്ചെന്നുവരാം.
എന്നാല്‍ അത്ഭുതലോകത്തിലെ ആലീസും സിന്‍ഡ്രല്ലയും ഡോണ്‍ ക്വിക്‌സോട്ടും റിപ്‌വാന്‍ വിങ്കിളും ടോട്ടോച്ചാനുമൊക്കെ ഇനിയും എത്രയോകാലം നമ്മുടെ ബാലമനസുകളില്‍ ജീവിക്കും.

വായനാ സംസ്‌കാരം

''പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്‌
പുസ്‌തകം കൈയിലെടുത്തോളൂ''

എന്നുള്ള 'ബര്‍തോള്‍ഡ്‌ബ്രെഹ്‌ത്തി'ന്റെ ആഹ്വാനം നാം എന്നു മറന്നു കഴിഞ്ഞു! അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചനീചത്വങ്ങളും നിറ്‌ഞ നമ്മുടെ സമൂഹത്തെ ഉടച്ചുവാര്‍ത്തത്‌ ഇവിടെ നിലനിന്നിരുന്ന വായനാസംസ്‌കാരമാണ്‌.

മുത്തശ്ശിമാരും സാരോപദേശ കഥകളും

പഴയകാലത്ത്‌ മുത്തശ്ശിമാര്‍ പറഞ്ഞുകൊടുത്തിരുന്ന സാരോപദേശകഥകളും അമ്മമാര്‍ ചൊല്ലിക്കൊടുത്തിരുന്ന സദുദ്ദേശ്യകഥകളുമൊക്കെ ഇളം മനസുകളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. വളര്‍ന്നുവരുമ്പോള്‍ വായനയിലേക്കുള്ള വഴി കണ്ടുപിടിക്കാനും നന്മയിലേക്കുള്ള കിളിവാതില്‍ തിരിച്ചറിയാനും മേല്‍പ്പറഞ്ഞ അനുഭവങ്ങള്‍ കുട്ടികളെ സഹായിച്ചിരുന്നു.

അറിവു മാത്രമല്ല; നെറിവും

പഴയ തലമുറ പുസ്‌തകത്തിലൂടെ അറിവു മാത്രമല്ല; നെറിവും സമ്പാദിച്ചിരുന്നു. സമൂഹത്തില്‍ പെരുമാറേണ്ട ആചാര്യ മര്യാദകളെയാണ്‌ നാം നെറിവുകള്‍ എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌.
അറിവുണ്ടായാല്‍ മാത്രം പോരാ
നെറിവും വേണം നമ്മള്‍ക്ക്‌
അറിവും നെറിവും ചേരുമ്പോഴേ
നിറവുണ്ടാകൂ നമ്മള്‍ക്ക്‌
എന്നുള്ള സങ്കല്‍പ്പം യഥാര്‍ഥ്യമാക്കാനാണ്‌ നാം പുസ്‌തകങ്ങളെ സ്വന്തം മിത്രങ്ങളായി സ്വീകരിക്കുന്നത്‌. കുഞ്ഞുന്നാളില്‍ മടിയിലിരുത്തി താലോലിക്കുകയും അതോടൊപ്പം രസകരമായ കഥകള്‍ പറഞ്ഞ്‌ കേള്‍പ്പിക്കുകയും കുസൃതിപ്പാട്ടുകള്‍ പാടിക്കൊടുക്കുകയും ചെയ്‌തിരുന്നു. മുത്തശിമാരും അമ്മമാരുമാണ്‌ വായനയുടെ ആദ്യവഴി നമുക്കായി തുറന്നുതന്നത്‌. അമ്മൂമ്മമാരുടെ ആവനാഴിയിലെ കഥകള്‍ തീര്‍ന്നപ്പോഴാണ്‌ നാം വായനശാലകള്‍ തേടിപ്പോയത്‌.
മാതാപിതാക്കള്‍ക്കു മാത്രമല്ല അധ്യാപകര്‍ക്കും വായനാശീലം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനപ്പെട്ട ചുമതല നിറവേറ്റതായുണ്ട്‌. ലോക ക്ലാസിക്കുകളില്‍നിന്നുള്ള പ്രശസ്‌തവും അമൂല്യവുമായ കഥകള്‍ വിദ്യാര്‍ഥികള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നത്‌ വളരെ നല്ലതാണ്‌. അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ കൗണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്‌റ്റോ, ചാള്‍സ്‌ ഡീക്കന്‍സിന്റെ ഒളിവര്‍ ട്വിസ്‌റ്റ്, ദാനിയേല്‍ ഡെഫോയുടെ റോബിന്‍സന്‍ ക്രൂസോ ,ഹെമിങ്ങ്‌ വേയുടെ ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ, വീക്‌ടര്‍ യൂഗോയുടെ പാവങ്ങള്‍, മാക്‌സിം ഗോര്‍ക്കിയുടെ അമ്മ, പോള്‍ എസ്‌ ബക്കിന്റെ നല്ല ഭൂമി തുടങ്ങിയ ഉല്‍കൃഷ്‌ട കൃതികള്‍ നന്നായി പഠിച്ചശേഷം സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക്‌ ഉചിതമായി രീതിയില്‍ വിളമ്പിക്കൊടുക്കുന്നത്‌ വളരെ മാതൃകാപരമായ ഒരു പ്രവൃത്തിയായിരിക്കും.
വളരുന്ന തലമുറ വായനയില്‍ നിന്നകന്ന്‌ ചാനല്‍ സംസ്‌കാരത്തിന്റെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ്‌. തളരുന്ന വായനയിലൂടെ നമ്മുടെ സനാതന മൂല്യങ്ങള്‍ തകര്‍ന്നുതരിപ്പണമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച്‌ നമ്മുടെ വായനാ സംസ്‌കാരത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതാണ്‌.

''വായനയെന്നാല്‍ ഹൃദയത്തിന്നത്‌
ഭക്ഷണമാണെന്നറിയുക നാം!''

വായന ഹൃദയവികാസത്തിനുള്ള ഭക്ഷണമാണ്‌ പുതിയ തലമുറയ്‌ക്ക് വളരാന്‍ ഇന്ന്‌ പുട്ടും കടലയും നൂഡില്‍സും, ചില്ലിച്ചിക്കനുമൊക്കെ വേണ്ടതിലധികം കിട്ടുന്നുണ്ട്‌. പക്ഷേ വായന മാത്രമില്ല. ഇത്‌ നമ്മെ സാംസ്‌കാരികമായ അടിമത്തത്തിലേക്കാണ്‌ കൊണ്ടുപോകുന്നത്‌.

പുസ്‌തക മുത്തച്‌ഛന്‍

നമ്മള്‍ക്കുണ്ടേ ചങ്ങാതികളേ
നല്ലൊരു പുസ്‌തക മുത്തച്‌ഛന്‍

നമ്മളെ നന്നായ്‌ വായിപ്പിക്കാന്‍
ശീലിപ്പിച്ചൊരു മുത്തച്‌ഛന്‍

നാടുകള്‍ തോറും വായനശാലകള്‍
കെട്ടിയുയര്‍ത്തിയ മുത്തച്‌ഛന്‍

നമ്മളെയെല്ലാം സാക്ഷരരാക്കാന്‍
പാടുകള്‍ പെട്ടൊരു മുത്തച്‌ഛന്‍

പുസ്‌തകമൊത്തിരി നെഞ്ചിലൊതുക്കി
പ്പാറി നടന്നൊരു മുത്തച്‌ഛന്‍

ഗ്രന്ഥ ലോകം നമ്മള്‍ക്കായി
തുറന്നു തന്നൊരു മുത്തച്‌ഛന്‍

നീലമ്പേരൂരെന്നൊരു നാട്ടില്‍
പിറവിയെടുത്തൊരു മുത്തച്‌ഛന്‍

ഓര്‍ക്കണമെന്നും അതാണ്‌ പീയെന്‍
പണിക്കരെന്നൊരു മുത്തച്‌ഛന്‍

സിപ്പി പള്ളിപ്പുറം

Ads by Google
Sunday 18 Jun 2017 10.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW