Sunday, May 27, 2018 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 01.09 AM

ഗദ്ദാമ : a desert journey

uploads/news/2017/06/119367/sun1.jpg

ഇരുള്‍മൂടിയ മുറിക്കുള്ളില്‍ തളര്‍ന്ന ഉടലുമായി അവള്‍ കുമ്പിട്ടിരുന്നു. ശക്‌തി ചോര്‍ന്നുപോയതുപോലെ. ഒന്ന്‌ ഉറക്കെ കരയാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ, നാവെടുക്കാന്‍ പോലും കഴിയാത്ത അവസ്‌ഥ. വൈകാതെ നീണ്ട മയക്കത്തിലേക്കവള്‍ വഴുതി വീണു. എത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല. ഉണര്‍ന്നപ്പോള്‍ സ്‌ഥലകാലബോധം നഷ്‌ടപ്പെട്ടുകഴിഞ്ഞിരുന്നു. ഭൂതകാലം മനസില്‍ നിന്നും മറഞ്ഞുപോയപോലെ...
മരണം ഒളിഞ്ഞിരിക്കുന്ന തടവറയില്‍നിന്നും ഒരിക്കല്‍ കൂടി പകല്‍വെളിച്ചം കാണാന്‍ അവള്‍ കൊതിച്ചു. കൊട്ടി അടയ്‌ക്കപ്പെട്ട ഇരുമ്പുവാതിലില്‍ പല കുറി ഇടിച്ചുനോക്കി. പക്ഷേ, ആ വാതില്‍ തുറന്നില്ല. മരണം തന്നിലേക്ക്‌ നടന്നടുക്കുന്നതായി അവള്‍ക്കുതോന്നി. നരകയാതനയില്‍ നിന്നും ഇരുകൈയ്യും നീട്ടി നിത്യതയെ പുല്‍കാന്‍ അവള്‍ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ, മൃത്യുവിനുപോലും കടന്നെത്താന്‍ കഴിയാത്ത ആ ഇരുട്ടറയുടെ വാതില്‍ ദിവസങ്ങള്‍ക്ക്‌ ശേഷം തുറക്കപ്പെട്ടു. പുറത്തുനിന്നും പകല്‍ വെളിച്ചം അരിച്ചുകയറിയ നിമിഷം തന്റെ മുന്നില്‍ നില്‍ക്കുന്ന രൂപത്തെ തിരിച്ചറിയാന്‍ അവള്‍ ശ്രമിച്ചു നോക്കി. രക്ഷക ഇത്ര മാത്രം പറഞ്ഞു. "പുറത്തുവരു... അറബാബ്‌ നിങ്ങളെ കാത്തുനില്‍ക്കുന്നു".
പൊടി നിറഞ്ഞ ഇടനാഴിയിലൂടെ പ്രജ്‌ഞ നഷ്‌ടപ്പെട്ട ശരീരവുമായി അവള്‍ ഏന്തിയേന്തി നടന്നു. മുന്നില്‍ ആറടിയോളം ഉയരമുള്ള മനുഷ്യരൂപം താടി തടവികൊണ്ട്‌ അട്ടഹസിക്കുന്നത്‌ അവള്‍ കണ്ടു. കൈയ്യിലിരുന്ന വടി അവളുടെ വയറിലേക്ക്‌ കുത്തിയിറക്കി അയാള്‍ മുരണ്ടു. "ഇനി മുറിവിട്ട്‌ പുറത്തിറങ്ങാന്‍ ശ്രമിച്ചാല്‍ ഇതിലും വലുതാകും ശിക്ഷ. കൊന്നുകളഞ്ഞാല്‍ പോലും ഇവിടെയാരും ചോദിക്കില്ല. ചോദ്യം ചെയ്യുന്നവന്‌ ഇരുട്ടറയിലാവും അന്ത്യം".
കൊടുമണ്‍ ഐക്കാട്‌ സ്വദേശിനി മണി പൊടിയന്‍(45) കുവൈത്തിലെ അറബിയുടെ തടങ്കലില്‍ രണ്ടു വര്‍ഷം അനുഭവിച്ചു തീര്‍ത്ത നരകയാതന നിറഞ്ഞ ദിനരാത്രങ്ങളിലെ ഒരേട്‌ മാത്രമാണിത്‌. അനുഭവിച്ച ക്രൂരത ഇതിലും ദയനീയം. ചങ്കു പിളര്‍ക്കുന്ന കഥയാണ്‌ ഇനി പറയാനുള്ളത്‌. പൊയ്‌പ്പോയ കാലങ്ങള്‍ ഓര്‍ത്തെടുക്കാന്‍ മണി ശ്രമിച്ചുനോക്കി. ഇടയ്‌ക്ക്്‌ വേദന കലശലായപ്പോഴൊക്കെ കൈകൊണ്ട്‌ അവര്‍ ഏണു തിരുമ്മി. കരിമ്പടം മൂടിയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ അവരുടെ കണ്ണില്‍ ഭീതിയുടെ നിഴലാട്ടം.

ചതിയുടെ കാണാപ്പുറങ്ങളിലേക്ക്‌

കുവൈത്തിലേക്ക്‌ മനുഷ്യക്കടത്തുനടത്തി രസിച്ചുവന്ന പത്തനാപുരം സ്വദേശി ബാലന്‍പിള്ള ഒരുക്കിയ ചതിക്കുഴിയില്‍ അകപ്പെട്ട ഏറ്റവും ഒടുവിലത്തെ നിര്‍ഭാഗ്യവതിയായിരുന്നു മണി പൊടിയന്‍. സ്വന്തം കുട്ടികളെ പട്ടിണിയില്ലാതെ വളര്‍ത്തുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കുവൈത്തില്‍ വീട്ടുജോലി വാഗ്‌ദാനം ചെയ്‌ത് എത്തിയ ബാലന്‍ പിള്ളയെ പരിചയപ്പെട്ട മുഹൂര്‍ത്തത്തെ അവര്‍ മനസാ ശപിച്ചു. 18,000 രൂപാ നല്‍കിയാല്‍ പിന്നെ ഒന്നും അറിയേണ്ട. നല്ല ഭക്ഷണം, താമസം, സുരക്ഷിതമായ ജോലി, കൃത്യമായ ശമ്പളം എന്നിവയായിരുന്നു വാഗ്‌ദാനം. കഷ്‌ടത നിറഞ്ഞ ജീവിതത്തില്‍ നിന്നും അല്‍പ്പം മുക്‌തി ഈ ജോലികൊണ്ട്‌ ഉണ്ടാകുമെങ്കില്‍ അത്‌ വേണ്ടന്ന്‌ വയ്‌ക്കുന്നത്‌ ബുദ്ധിമോശമാണെന്ന്‌ കരുതി അവര്‍ കുവൈത്തിലേക്ക്‌ പോകാന്‍ തയ്യാറായി. എന്നാല്‍, കോഴിക്കോട്‌ സ്വദേശിയായ ഷംസുദ്ദീനും ബാലന്‍പിള്ളയും ചേര്‍ന്ന്‌ ഒരുക്കിയ കെണിയായിരുന്നു ഇതെന്ന്‌ ഒരിക്കലും മണി തിരിച്ചറിഞ്ഞില്ല.
ജോലിക്ക്‌ ആവശ്യമായ രൂപാ തരപ്പെടുത്താന്‍ ഈ സാധു സ്‌ത്രീക്ക്‌ ഉണ്ടായ കഷ്‌ടപ്പാടുകള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ഒടുവില്‍ 2015 ജൂണ്‍ 17ന്‌ ബാലന്‍പിള്ളക്കൊപ്പം മണി പൊടിയന്‍ കുവൈത്തിലേക്ക്‌ പുറപ്പെട്ടു. കേരളത്തില്‍ നിന്നും ടിക്കറ്റ്‌ ലഭിക്കില്ലെന്നും അതിനായി നാഗപ്പൂരില്‍ നിന്നാണ്‌ കുവൈത്തിലേക്ക്‌ പോകുന്നതെന്നും ബാലന്‍ പിള്ള പറഞ്ഞപ്പോള്‍പോലും ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം മണി അറിഞ്ഞിരുന്നില്ല. ചെങ്ങന്നൂരില്‍ നിന്നും ട്രെയിനിലായിരുന്നു നാഗപ്പൂരിലേക്കുള്ള യാത്ര. 20ന്‌ നാഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മണിയെ കുവൈത്തിലേക്ക്‌ യാത്രയാക്കിയശേഷം ബാലന്‍പിള്ള മടങ്ങി.
കുവൈത്ത്‌ വിമാനത്താവളത്തില്‍ മണിയെ സ്വീകരിക്കാന്‍ കോഴിക്കോട്‌ സ്വദേശിയായ ഷംസുദ്ദീന്‍ കാത്തുനിന്നിരുന്നു. മണി എത്തിയ ഉടന്‍ ഷംസുദ്ദീന്‍ ബാലന്‍പിള്ളയെ വിളിച്ചശേഷം ഏജന്റ്‌ കമ്മീഷന്‍ എന്ന നിലയില്‍ വന്‍ തുക അയച്ചുകൊടുത്തതായി മണി പറഞ്ഞു. എന്നാല്‍, എത്രരൂപയാണ്‌ അയച്ചതെന്ന്‌ അറിയാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തില്‍ നിന്നും ഒരു മുറിയിലേക്കാണ്‌ ഷംസുദ്ദീന്‍ മണിയെ കൊണ്ടുപോയത്‌. അവിടെ രണ്ടു ദിവസം താമസിച്ചു. മൂന്നാം നാള്‍ മസൂര്‍ എന്ന അറബി റൂമിലെത്തി മണിയെ കണ്ടു. തടിച്ചു കൊഴുത്ത ആ മനുഷ്യരൂപത്തെ കണ്ട്‌ മണി പകച്ചുനിന്നു. ഉയരമുള്ള ശരീരം. അതിനൊത്ത വണ്ണം. നീണ്ടമൂക്ക്‌, ശൗര്യം മുറ്റി നില്‍ക്കുന്ന ഉണ്ടകണ്ണുകള്‍, കട്ടികൂടിയ പുരികവും മീശയും ചുണ്ടില്‍ പുകയുന്ന സിഗരറ്റ്‌. എല്ലാം കൂടി ഒത്തുചേര്‍ന്ന ഭീകര ഭാവം.
"ഇതാണ്‌ മസൂര്‍ ബാവ...നീ ഇനി സാബിന്റെ വീട്ടിലേക്ക്‌ പോണം. അവിടെയാണ്‌ ഇനി നിന്റെ ജോലി" ഷംസുദ്ദീന്‍ ഇതു പറഞ്ഞപ്പോള്‍ മണി എന്തുചെയ്യണമെന്നറിയാതെ കിടക്കയില്‍ ഇരുന്നുപോയി.

നരകത്തിലേക്കൊരു യാത്ര

സമയം ഉച്ചകഴിഞ്ഞിരുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിക്കുമീതെ ആഞ്ഞടിച്ച പൊടിക്കാറ്റ്‌ മുന്നിലുള്ള ദൃശ്യങ്ങളെ മറച്ചു. കൂറ്റന്‍ കെട്ടിടങ്ങളും പാര്‍ക്കുകളും പിന്നിട്ട്‌ വാഹനം മരുഭൂമിയിലൂടെ പാഞ്ഞപ്പോള്‍ വല്ലാത്ത ഏകാന്തത മണിയുടെ മനസിലേക്ക്‌ കുടിയേറി. വാഹനത്തില്‍ മസൂറും ഡ്രൈവറും അറബി ഭാഷയില്‍ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ഇടയ്‌ക്ക് വികൃതമായ ചിരിയോടെ മസൂര്‍ മണിയുടെ മുഖത്തേക്ക്‌ നോക്കും. എത്രദൂരം സഞ്ചരിച്ചെന്ന്‌ അറിയില്ല. കാര്‍ മസൂറിന്റെ സാമ്രാജ്യത്തിലേക്ക്‌ അടുത്തു കൊണ്ടിരുന്നു.
പത്തടിയില്‍ അധികം ഉയരമുള്ള മതില്‍കെട്ടോടുകൂടിയ വീടായിരുന്നു മസൂറിന്റെത്‌. പുറത്തുനിന്നാല്‍ കൊട്ടാരം കണക്കെയുള്ള വീട്‌ കാണാന്‍ കഴിയില്ല. അകത്ത്‌ എന്തു നടന്നാലും ഇരുചെവി അറിയില്ലെന്ന്‌ സാരം. റിമോട്ട്‌ കണ്‍ട്രോള്‍ ഗേറ്റും കടന്ന്‌ കാര്‍ മുറ്റത്തെ പോര്‍ച്ചില്‍ അമര്‍ന്നുനിന്നു. വീടിന്‌ പിന്നിലേക്ക്‌ പോകാനായിരുന്നു നിര്‍ദ്ദേശം. ഒരു വികൃത രൂപി വന്ന്‌ മണിയെ കൂട്ടികൊണ്ട്‌ പിന്നാമ്പുറത്തേക്ക്‌ പോയി.
മൂന്നുമാസം അവിടെ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. ശമ്പളവും കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍, പിന്നീടാണ്‌ മസൂറിന്റെ യഥാര്‍ഥ സ്വഭാവം മനസിലായത്‌. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവന്‍. വീടിനുള്ളിലെ ബന്ധുക്കളായ സ്‌ത്രീകള്‍ക്കുപോലും അയാളെ ഭയമായിരുന്നു. ഭീതിയുടെ നിഴല്‍പറ്റി മണി അവിടെ ദിവസങ്ങള്‍ തള്ളിനീക്കി.
ഒരു ദിവസം മണിയുടെ പാസ്‌പോര്‍ട്ടും മറ്റ്‌ രേഖകളും മസൂര്‍ ആവശ്യപ്പെട്ടു. കൊടുക്കാതെ അവള്‍ക്ക്‌ മറ്റ്‌ മാര്‍ഗമില്ലായിരുന്നു. അത്‌ കൈയ്യില്‍ കിട്ടിയതോടെ മസൂര്‍ ചിരിച്ചു. മാന്‍പേടയ്‌ക്കുമുന്നില്‍ ഗര്‍ജിക്കുന്ന സിംഹത്തെ പോലെ. "എവിടെടീ... നിന്റെ മൊബൈല്‍ ഫോണ്‍...?" ചോദ്യം കേട്ട്‌ മണി നിന്നുവിറച്ചു. വിറയാര്‍ന്ന കൈകള്‍കൊണ്ട്‌ അവര്‍ മൊബൈല്‍ഫോണ്‍ മസൂറിനുനേരെ നീട്ടി. ഉരുക്കുപോലുള്ള കൈകൊണ്ട്‌ അയാള്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചു. അനന്തരം ക്രൂരമായ ചിരിയോടെ ഷൂസിട്ട്‌ അത്‌ ചവിട്ടിപൊട്ടിച്ചു. അതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള അവസാനമാര്‍ഗവും ഇല്ലാതായി.
പത്ത്‌ അംഗങ്ങളുള്ള വീടായിരുന്നു അത്‌. ഇവര്‍ക്ക്‌ വച്ചുവിളമ്പേണ്ട ചുമതല മണിക്കായിരുന്നു. 60 കിലോ തൂക്കമുള്ള അരിച്ചാക്ക്‌ മണി തന്നത്താന്‍ ചുമന്ന്‌ ഗോഡൗണില്‍ എത്തിക്കണം. നടു നിവര്‍ക്കാനായി ഒന്നു കിടന്നാല്‍ അറബികളായ മറ്റ്‌ ജോലിക്കാര്‍ അത്‌ മസൂറിനോട്‌ പറയും. അതോടെ അയാള്‍ ഒരു ഭ്രാന്തനായി മാറും. കൊടിയമര്‍ദ്ദനമാകും അനന്തര ഫലം.
മസൂര്‍ എപ്പോഴും ഒരു വടി കൈയില്‍ കരുതിയിരിക്കും. വോക്കിങ്‌ സ്‌റ്റിക്കാണെന്നാണ്‌ പറയുന്നത്‌. എന്നാല്‍, മണിയെ അടിക്കാനാണ്‌ യഥാര്‍ഥത്തില്‍ അത്‌ ഉപയോഗിച്ചിരുന്നത്‌. വെറും മാര്‍ദ്ദനമല്ല. ശരീരത്തില്‍ എല്ല്‌ എഴുന്നുനില്‍ക്കുന്ന ഭാഗത്താണ്‌ അടി. കൈമുട്ട്‌. കൈപ്പത്തിയുടെ പുറം, നട്ടെല്ല്‌, കാല്‍മുട്ട്‌, എന്നിവിടങ്ങളിലാണ്‌ അടി. ഒരു ഭാഗത്തുതന്നെ പത്തിലധികം തവണ അടിക്കും. മര്‍ദ്ദനത്തിനൊടുവില്‍ ശക്‌തിയായി പിടിച്ചു തള്ളും. കരയാനോ ശബ്‌ദിക്കാനോ പാടില്ല. അങ്ങനെ ചെയ്‌താല്‍ വീണ്ടും മര്‍ദ്ദനം ആരംഭിക്കുകയായി.
രണ്ട്‌ ദിവസത്തില്‍ ഒരിക്കല്‍ ഇറച്ചിയെത്തും. പലപ്പോഴും കശാപ്പിനുള്ള കാലികളെ പിക്കപ്പ്‌ വാനിലാകും കൊണ്ടുവരുക. കാലിയെ കൊല്ലാന്‍ മറ്റ്‌ ജോലിക്കാരുണ്ട്‌. പക്ഷേ ഇറച്ചി വെട്ടി തുണ്ടമാക്കേണ്ട ചുമതല മണിക്കാണ്‌. വൃത്തിയായി കഴുകിയ ഇറച്ചി ഫ്രിഡ്‌ജിലേക്ക്‌ മാറ്റണം. ഓരോ ദിവസത്തേക്കും വേണ്ട ഇറച്ചി എടുത്ത്‌ പാകപ്പെടുത്തണം.
മാംസാഹാരം മണി ഒരിക്കലും കഴിക്കാറില്ല. എന്നാല്‍, മാംസം മോഷണം പോയി എന്നാരോപിച്ച്‌ മണിയെ പൊതിരെതല്ലുന്നത്‌ മസൂറിന്‌ ഹരമായിരുന്നു. ഇന്ത്യക്കാരായ സുഹൃത്തുക്കള്‍ക്ക്‌ മാംസം കൊടുത്തു എന്നു പറഞ്ഞാണ്‌ മര്‍ദ്ദനം. മാംസം മോഷണം പോയി എന്നാരോപിച്ച്‌ ഒരിക്കല്‍ മണിയുടെ മുടിയില്‍ പടിച്ച്‌ മസൂര്‍ വലിയ ഫ്രീസറിലേക്ക്‌ തള്ളി. ഫ്രീസറിന്റെ പകുതിയോളം ഐസായിരുന്നു. തലകുത്തി ഫ്രീസറിലേക്ക്‌ മണി വീണപ്പോള്‍ ഐസ്‌ പുറത്തേക്ക്‌ ചാടി. ഉടന്‍ തന്നെ മസൂര്‍ എത്തി മണിയുടെ തല ഐസിനുള്ളിലേക്ക്‌ പൂഴ്‌ത്തിവച്ചു. ശ്വാസം കഴിക്കാന്‍ കഴിയാതെ കൈകാലുകള്‍ ഇട്ട്‌ അടിച്ച്‌ ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചു. പക്ഷേ, ശബ്‌ദം പുറത്തുവന്നില്ല. ഫീസറില്‍ അടിക്കുന്ന ശബ്‌ദം കേട്ട്‌ ഓടിയെത്തിയ സ്‌ത്രീയാണ്‌ മണിയെ രക്ഷപ്പെടുത്തിയത്‌. മരണം മുന്നില്‍ കണ്ട ആ നിമിഷത്തെപ്പറ്റി മണി വിവരിച്ചപ്പോള്‍ മുഖത്ത്‌ ഭയം നിഴലിച്ചുനിന്നിരുന്നു.
വീടിന്റെ രണ്ടാം നിലയില്‍ നിന്നാല്‍പോലും പുറം ലോകം കാണാന്‍ കഴിയാത്ത വിധത്തിലാണ്‌ പുറത്ത്‌ മതില്‍കെട്ട്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. മതിലിനപ്പുറം റോഡാണെന്ന കാര്യം മണിക്കറിയാം. അതുവഴി വാഹനങ്ങള്‍ പോകുന്നതും ആളുകള്‍ സ്വതന്ത്രമായി നടക്കുന്നതും മണി ഭാവനയില്‍ കണ്ടു. കാരഗൃഹത്തില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌ പലപ്പോഴും അവര്‍ ആഗ്രഹിച്ചു. എന്നാല്‍, നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ ലോകം അവസാനിക്കുകയായിരുന്നു.
അറബിപ്പാളയത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷം വിശ്രമം എന്തെന്ന്‌ ഇവര്‍ അറിഞ്ഞിട്ടില്ല. ജോലി ഭാരം കൂട്ടുന്നതിനായി ജയിലറകളെ വെല്ലുന്ന ക്രൂര കൃത്യങ്ങളാണ്‌ മസൂര്‍ ചെയ്‌തിരുന്നത്‌. വീടിന്റെ ഒഴിഞ്ഞ സ്‌ഥലത്ത്‌ മലമൂത്ര വിസര്‍ജ്‌ജം ചെയ്‌തശേഷം അത്‌ കൈകൊണ്ട്‌ കഴുകിക്കും. മടിച്ചുനിന്നാല്‍ തോളെല്ലിനാണ്‌ മര്‍ദ്ദനം. ചിലപ്പോള്‍ കുനിച്ചു നിര്‍ത്തി പുറത്ത്‌ വടികൊണ്ട്‌ അടിക്കും. അടി തീര്‍ന്നാലും നിവര്‍ന്നുനില്‍ക്കാന്‍ പാടില്ല. നിവര്‍ന്നാല്‍ വീണ്ടും അടിതുടങ്ങും.
വീട്ടിലുള്ളവര്‍ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത്‌ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഈ സാധു സ്‌ത്രീയുടെ വിധി. മണിക്ക്‌
ഒരു നേരം മാത്രമാണ്‌ ഭക്ഷണം. വൈകിട്ട്‌ മൂന്നു മണിക്ക്‌ ഒരുതവി ചോറ്‌, അല്‍പ്പം ഉപ്പ്‌, ചെറിയ കുപ്പിയില്‍ വെള്ളം അത്രമാത്രം. ബാക്കി സമയത്ത്‌ ജലപാനം പോലും പാടില്ല.
ഒരിക്കല്‍ കലി മൂത്ത അറബി മണിയുടെ കണ്ണിനിട്ടാണ്‌ അടിച്ചത്‌. ഒപ്പം ചെവിയില്‍ നിന്നും ചോര ചീറ്റി. കണ്ണ്‌ ഇപ്പോഴും ചുവന്നുകിടക്കുകയാണ്‌. കിടക്കാന്‍ ഈര്‍പ്പമുള്ള തറ. ചൂടും തണുപ്പും ഏറ്റ്‌ ഒരുപോള കണ്ണടയ്‌ക്കാന്‍ കഴിയാതെ തള്ളിനീക്കിയ രാവുകളായിരുന്നു അധികവും.
ഭക്ഷണത്തിന്‌ ഉപ്പുകുറഞ്ഞാല്‍ വായിലേക്ക്‌ പഴംതുണി തള്ളിക്കയറ്റും. മറിവിട്ട്‌ പുറത്തിറങ്ങിയാല്‍ ഇരുട്ടറയിലാകും ജീവിതം. ക്ഷീണം കൊണ്ട്‌ ഉറങ്ങിപ്പോയാല്‍ രാത്രിയില്‍ പണിയെടുക്കണം. പണിയൊന്നുമില്ലെങ്കില്‍ വീട്‌ മുഴുവന്‍ കഴുകി തുടയ്‌ക്കാന്‍ ഉത്തരവിടും. ലംഘിച്ചാല്‍ പഴുപ്പിച്ച ചൂരല്‍കൊണ്ടാവും മര്‍ദ്ദനം.

മോചനത്തിനായി തുറന്ന ജാലകം

മോചനത്തിനായി ദൈവം ഒരുക്കിയ അവസരം മണിക്കുണ്ടായത്‌ ഒന്നര വര്‍ഷം മുമ്പാണ്‌. അന്ന്‌ അറബി പരിവാരങ്ങള്‍ക്കൊപ്പം പുറത്തെവിടെയൊ പോയിരിക്കുകയായിരുന്നു. വീട്ടില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. എന്തും വരട്ടെയെന്ന്‌ കരുതി വീട്ടിലുണ്ടായിരുന്ന ഫോണിലൂടെ മണി, മകന്‍ നന്ദുവിനെ വിളിച്ചു. അമ്മയെപ്പറ്റി യാതൊരു വിവരവും ഇല്ലാതായതോടെ കൊടുമണ്‍ ഐക്കാട്ടുള്ള വീട്‌ ഉപേക്ഷിച്ച്‌ നന്ദുവും (22), സഹോദരി നന്ദുജയും (16) ബന്ധുവായ ഇലന്തൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക്‌ ഇതിനിടെ താമസം മാറ്റിയിരുന്നു. ഗള്‍ഫില്‍ നിന്നും വിളിച്ചത്‌ അമ്മയാണെന്ന്‌ വ്യക്‌തമായപ്പോള്‍ നന്ദു അകമഴിഞ്ഞ്‌ സന്തോഷിച്ചെങ്കിലും പെട്ടന്ന്‌ അവന്റെ മുഖം മ്ലാനമായി. "ജീവനാടെ അമ്മ ഇരിക്കുന്നുവെന്നും പീഡനം സഹിക്കാവുന്നതില്‍ അധികമാണെ"ന്നുമായിരുന്നു സന്ദേശം.
ഉടന്‍ തന്നെ പൊന്നമ്മയും നന്ദുവും വിവരം ഇലന്തൂരിലുള്ള സ്‌നേഹക്കൂട്ടായ്‌മയുടെ ഡയറക്‌ടര്‍ മഞ്‌ജു വിനോദിനൊട്‌ പറഞ്ഞു. പിന്നീട്‌ എല്ലാം വേഗത്തിലായിരുന്നു. മഞ്‌ജുവീട്ടമ്മയുടെ കഥ ഗള്‍ഫിലുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന്‌ സ്‌നേഹക്കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ കൊടുമണ്‍ പോലീസിനെ സമീപിച്ചു. എസ്‌.ഐയുടെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ പത്തനംതിട്ട എസ്‌.പിക്ക്‌ പരാതി കൈമാറി. വൈകാതെ, മണിയെ ഗള്‍ഫിലേക്ക്‌് അയച്ച്‌ പണം തട്ടിയെടുത്ത പത്തനാപുരം സ്വദേശി ബാലന്‍പിള്ളയെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.
സ്‌നേഹകൂട്ടായ്‌മ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‌ ട്വിറ്ററിലൂടെ പരാതി അയച്ചു. കൂടാതെ എ.ഡി.ജി.പി. സന്ധ്യക്കും വിവരം കൈമാറി. കുവൈത്തിലുള്ള അഡ്വ.അനൂപുമായി സ്‌നേഹക്കൂട്ടായ്‌മ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹം ഇന്ത്യന്‍ എംബസിക്ക്‌ പരാതി നല്‍കി.
എന്നാല്‍, വീണ്ടും ആറുമാസം മണി പൊടിയനെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ സൗദി അറേബ്യയിലുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ അംഗം അഡ്വ. മുരളിയും മണി പൊടിയന്റെ മോചനത്തിനായി മുന്നിട്ടിറങ്ങി. മണി കുവൈത്തില്‍ തടങ്കലിലാണെന്ന്‌ അറിഞ്ഞതോടെ മസൂറിന്റെ വീടു തിരക്കി പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ അന്വേഷണം ആരംഭിച്ചു. ഇക്കാര്യം മസൂര്‍ അറിഞ്ഞതോടെ മണിയുടെ നേരെ അയാള്‍ ചീറിയടുത്തു.
രാത്രി കിടക്കാന്‍ ഒരുങ്ങിയ മണിയെ മുറിയിലെത്തിയ മസൂര്‍ ഷൂസിട്ട്‌ ചവിട്ടി. തുടര്‍ന്ന്‌ വലിച്ചിഴച്ച്‌ വെള്ളം നറച്ചിട്ട മുറിയില്‍ കിടത്തി. ആ രാത്രി എങ്ങനെ അവസാനിച്ചു എന്ന്‌ മണിക്കറിയില്ല. അര്‍ഥരാത്രിയില്‍ ചുറ്റി അടിച്ച തണുത്ത കാറ്റ്‌ മുറിയിലേക്ക്‌ അരിച്ചുകയറി. വെള്ളം ഐസുപോലെ തണുത്തതിനാല്‍ കിടക്കാന്‍ കഴിഞ്ഞില്ല. അവര്‍ നിലത്ത്‌ ഇരുന്ന്‌ നേരം വെളുപ്പിച്ചുവെന്ന്‌ പറയാം. എന്നാല്‍, പകലുണരും മുമ്പ്‌ അവരുടെ കാലുകള്‍ മരവിച്ചുപോയിരുന്നു.

രക്ഷകയായി ഇമാന്‍

പുറത്ത്‌ നിത്യേന പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ കാറുകള്‍ എത്തിയതോടെ എങ്ങനെയെങ്കിലും മണിയെ സുരക്ഷിതമായ സ്‌ഥാനത്തേക്ക്‌ മാറ്റണമെന്ന്‌ മസൂര്‍ നിശ്‌ചയിച്ചു. സുഹൃത്തായ ഇമാന്‍ എന്ന യുവതിയുടെ വീട്ടിലേക്കാണ്‌ അതീവ രഹസ്യമായി മണിയെ മാറ്റിയത്‌. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇമാനോട്‌ തന്റെ കഥ മണി വിവരിച്ചു. മനസലിഞ്ഞ ഇമാന്‍ മണിയെ ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചു. ഇടയ്‌ക്ക് മസൂര്‍ ഇമാന്റെ വീട്ടില്‍ എത്തുമായിരുന്നു. പിന്നീട്‌ മണിയെ കൊടിയ മര്‍ദ്ദനത്തിന്‌ വിധേയയാക്കും. എല്ലാം കണ്ട്‌ നെടുവീര്‍പ്പിടാനെ ഇമാനും കഴിഞ്ഞിരുന്നുള്ളൂ. ഒടുവില്‍ ബന്ധുക്കളെ ഫോണില്‍ വിളിക്കാന്‍ ഇമാന്‍ മണിക്ക്‌ അവസരം ഒരുക്കി. താന്‍ ഇമാന്റെ വീട്ടില്‍ സുരക്ഷിതയാണെന്ന സന്ദേശം സ്‌നേഹക്കൂട്ടായ്‌മ ഡയറക്‌ടര്‍ മഞ്‌ജുവിനും എത്തി. അതോടെ സ്‌നേഹക്കൂട്ടായ്‌മ നിത്യവും ഇമാനുമായി ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. ഒടുവില്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ കുവൈത്തിലുള്ള അഡ്വ.അനൂപിന്റെ സഹായത്തോടെ മണിയെ ഇന്ത്യന്‍ എംബസിയില്‍ ഏല്‍പ്പിച്ചു.
ഇന്ത്യന്‍ എംബസിയിലേക്ക്‌ മണിയെ അയയ്‌ക്കുന്നതിന്‌ തലേനാള്‍ ഇമാന്‍ മണിക്കും കുട്ടികള്‍ക്കും ആവശ്യമുള്ള വസ്‌ത്രങ്ങളും മറ്റ്‌ സാധനങ്ങളും വാങ്ങി കൊടുത്തിരുന്നു. ഇന്ത്യന്‍ എംബസിയിലെ ഷെല്‍റ്റര്‍ ഹോമില്‍ പതിനേഴ്‌ ദിവസത്തോളം സുഖമായി ഇവര്‍ കഴിഞ്ഞു. പിന്നീട്‌ കുവൈത്ത്‌് പോലീസിന്റെ കീഴിലുള്ള ഷെല്‍റ്റര്‍ ഹോമിലേക്ക്‌ മണിയെ മാറ്റി. അവിടെ വച്ച്‌ മണിയുടെ കൈയിലുള്ള എല്ലാ സാധനങ്ങളും അവര്‍ പിടിച്ചുവാങ്ങി. അതോടെ ഇമാന്‍ വാങ്ങികൊടുത്ത എല്ലാ സമ്മാനങ്ങളും നഷ്‌ടമായി.
ഇടയ്‌ക്ക് സ്‌നേഹക്കൂട്ടായ്‌മ മണി പൊടിയന്‍െ്‌റ മോചനത്തെപ്പറ്റി എംബസിയുമായി ബന്ധപ്പെട്ടുവന്നു. വൈകാതെ നാട്ടില്‍ എത്തിക്കാമെന്നായിരുന്നു മറുപടി. കഴിഞ്ഞ മാസം സ്‌നേഹക്കൂട്ടായ്‌മ ഡയറക്‌ടര്‍ മഞ്‌ജു വിനോദിനെ വിളിച്ച എംബസി അധികൃതര്‍ ഏതാനും ദിവസത്തിനുള്ളില്‍ മണിയെ ഇന്ത്യയിലേക്ക്‌ അയക്കുമെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍, കൃത്യമായ ദിവസം അവര്‍ പറഞ്ഞിരുന്നില്ല. ഒടുവില്‍ ഈ മാസം എട്ടിന്‌ മണി കുവൈത്തില്‍ നിന്നും മുംബയിലേക്ക്‌ വിമാനം കയറി.
വിമാന ചെലവ്‌ കൂടാതെ മുബൈയില്‍ നിന്നുള്ള യാത്രാ ചെലവിന്‌ 2000 രൂപാ കൂടി എംബസി നല്‍കിയിരുന്നു. മുംബൈയില്‍ എത്തിയ മണിപൊടിയന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന കോഴിക്കോട്‌ സ്വദേശി സലാമിന്റെ ഫോണില്‍ നിന്നും മഞ്‌ജു വിനോദിനെ വിളിച്ചു. എങ്ങനെയെങ്കിലും കേരളത്തില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന്‌ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന്‌ സലാമാണ്‌ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ മണിക്ക്‌ കേരളത്തിലേക്കുള്ള ബസ്‌ ടിക്കറ്റ്‌ തരപ്പെടുത്തികൊടുത്തത്‌. യാത്രാ ചെലവിന്‌ 500 രൂപയും അദ്ദേഹം നല്‍കി. 11ന്‌ വൈകിട്ട്‌ മൂന്നുമണിയോടെ മണി പത്തനംതിട്ടയില്‍ എത്തുമെന്നായിരുന്നു ആദ്യം വന്ന അറിയിപ്പ്‌. എന്നാല്‍, കാലാവസ്‌ഥ പ്രതികൂലമായതോടെ ബസ്‌ വൈകി. ഒടുവില്‍ മംഗലാപുരത്തെത്തിയ മണി കാസര്‍ഗോഡ്‌ പോലീസിന്റെ സഹായത്തോടെ കെ.എസ്‌.ആര്‍.ടി.സി. ബസില്‍ 12ന്‌ രാവിലെ 10 മണിയോടെ അടൂരില്‍ എത്തിച്ചേര്‍ന്നു.
മണിയെ സ്വീകരിക്കാന്‍ മക്കളായ നന്ദുജയും (16), നന്ദുവും (22) സ്‌നേഹക്കൂട്ടായ്‌മ പ്രവര്‍ത്തകരും നഗരത്തില്‍ കാത്തുനിന്നിരുന്നു. ബസില്‍ നിന്നും ഇറങ്ങിയ മണി തന്റെ പ്രിയപ്പെട്ട മക്കളെ വാരി പുണര്‍ന്നു. ഒരിക്കലും സ്വന്തം മക്കളെ കാണാന്‍ പോലും ഇടവരില്ലെന്നാണ്‌ ഇവര്‍ കരുതിയിരുന്നത്‌. തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച സ്‌നേഹകൂട്ടം, പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക്‌ അവര്‍ കണ്ണീരോടെ നന്ദി അറിയിച്ചു. സ്‌നേഹകൂട്ടം ഡയറക്‌ടര്‍ മഞ്‌ജു വിനോദ്‌, കണ്‍വീനര്‍ അന്നമ്മ ഏബ്രഹാം, കോര്‍ഡിനേറ്റര്‍ കെ.കെ. സുലേഖ , സിസിലി, പ്രവാസി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സന്തോഷ്‌ കുറിയാനപ്പള്ളി, കണ്‍വീനര്‍ ഉഷാതോമസ്‌ എന്നിവരും മണിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 18 Jun 2017 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW