Friday, April 20, 2018 Last Updated 34 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 01.09 AM

നവതിയിലെത്തുന്ന ശബ്‌ദ സൗകുമാര്യം

uploads/news/2017/06/119366/sun3.jpg

ഏകാന്തതയിലിരുന്ന്‌ ഭാവസമ്മിശ്രമായ കഴിഞ്ഞ കാലത്തേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ വിധി നിര്‍ണ്ണയിച്ച യാദൃശ്‌ചികതകളിലൂടെയാണ്‌ ജീവിതം കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ ഇന്ദിരാ വെണ്ണിയൂരിന്‌ പലപ്പോഴും തോന്നാറുണ്ട്‌.
കേരളത്തില്‍ ആദ്യമായി ഇംഗ്ലീഷില്‍ റേഡിയോ വാര്‍ത്ത വായിച്ചയാള്‍ എന്നതു പോലെ തന്നെ മറ്റു പല പ്രത്യേകതകളും ഇന്ദിരയുടെ സഫലമായ ജീവിതത്തിനുണ്ട്‌.
തൃശൂരിലെ യാഥാസ്‌ഥിതിക കുടുംബമായ പൊതുവാള്‍ ആമ്പാടി തറവാട്ടില്‍ ആര്‍. വാസുദേവ പൊതുവാളിന്റെ മകളായി 1926-ല്‍ ജനിച്ചപ്പോള്‍തന്നെ പരമ്പരാഗത ജീവിതശൈലികളുമായി ഇണങ്ങിപ്പോകാനുള്ള ബാധ്യതയായി. പിതാവ്‌ തിരുവിതാംകൂര്‍ ആര്‍ക്കിയോളജി/മ്യൂസിയം ഡയറക്‌ടര്‍ ആയിരുന്നു. പത്താം ക്ലാസ്സില്‍ അഭിമാനാര്‍ഹമായ വിജയം നേടിയ ഇന്ദിര തന്റെ അച്‌ഛന്റെ ഉദ്യോഗസ്‌ഥലമായ തിരുവനന്തപുരത്ത്‌ 1943-ല്‍ എത്തിയപ്പോള്‍ ജീവിതാന്തരീക്ഷവും ഭാവിജീവിത പ്രതീക്ഷകളും മാറി. എങ്കിലും സാമ്പത്തിക ശാസ്‌ത്രം ഐശ്‌ചിക വിഷയമായെടുത്ത്‌ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.എ. ഓണേഴ്‌സ് ഡിഗ്രി എടുത്തു. എന്നാല്‍, മകള്‍ ഇന്ദിര ഉദ്യോഗത്തിന്‌ പോകുന്നതില്‍ പിതാവ്‌ ആര്‍. വാസുദേവപ്പൊതുവാളിന്‌ താല്‍പര്യമില്ലായിരുന്നു. ആയിടക്കാണ്‌ തിരുവനന്തപുരത്ത്‌ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്‌. അപ്പോള്‍ സമയം പോക്കാനായി വീട്ടിലിരുന്ന്‌ റേഡിയോ പരിപാടികള്‍ കേള്‍ക്കുക പതിവായി. മെല്‍വില്‍ ഡിമല്ലോ, റോഷന്‍ മേനോന്‍ എന്നിവരുടെ റേഡിയോയിലൂടെയുള്ള ഇംഗ്ലീഷ്‌ വാര്‍ത്താ വായന ഇന്ദിരയെ അത്യധികം ആകര്‍ഷിച്ചു. അവരെപ്പോലെ റേഡിയോയിലൂടെ വാര്‍ത്ത വായിക്കാനുള്ള മോഹവും അതോടൊപ്പം തന്നിലുണ്ടായി. ആ മോഹം സാക്ഷാത്‌കരിക്കുന്നതുവരെ ഇന്ദിരയ്‌ക്ക് സമാധാനമില്ലായിരുന്നു. എന്തായാലും അതിലേക്കുള്ള തയ്യാറെടുപ്പായി. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതകളും മറ്റും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അന്ന്‌ തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ മുന്നിലെത്തിച്ചു.
ഔപചാരിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി 1949-ല്‍ ട്രാവന്‍കൂര്‍ റേഡിയോയില്‍ അനൗണ്‍സറായി ജോലിയും ലഭിച്ചു. പാളയത്ത്‌, മുന്‍ എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലായിരുന്നു റേഡിയോ നിലയം പ്രവര്‍ത്തിച്ചിരുന്നത്‌. ആ കാലത്ത്‌ ഇംഗ്ലീഷ്‌ വാര്‍ത്തകള്‍ പതിനഞ്ച്‌ മിനിട്ട്‌ നേരമായിരുന്നു. അധികം വൈകാതെ തന്നെ ഇന്ദിരയ്‌ക്കും തിരുവിതാംകൂര്‍ റേഡിയോയിലൂടെ ഇംഗ്ലീഷ്‌ വാര്‍ത്ത വായിക്കാനുള്ള ഭാഗ്യം ലഭിച്ചു. അങ്ങനെ ട്രാവന്‍കൂര്‍ റേഡിയോയിലൂടെ ആദ്യത്തെ ഇംഗ്ലീഷ്‌ വാര്‍ത്താ വായനക്കാരി എന്ന ഖ്യാതിയും നേടി. സ്വാതന്ത്ര്യലബ്‌ധിയോടെ പ്രക്ഷേപണ ചുമതല കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്‌തമായി. വഴുതക്കാടുള്ള ഭക്‌തിവിലാസം മന്ദിരത്തിലേക്ക്‌ കേന്ദ്രത്തിന്റെ ആസ്‌ഥാനം മാറ്റി.1951-ല്‍ കോഴിക്കോട്‌ ആകാശവാണി നിലയവും പ്രക്ഷേപണം ആരംഭിച്ചു. ഏകദേശം ഒരു വര്‍ഷത്തിനുശേഷം അവിടെ പ്രോഗ്രാം അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ഇ.എം. ജോസഫ്‌ വെണ്ണിയൂര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ തിരുവനന്തപുരം നിലയത്തിലേക്ക്‌ സ്‌ഥലം മാറി വന്നു. ഇത്‌ മറ്റൊരു യാദൃശ്‌ചികതയായിരുന്നു. കവിതയും സ്‌കിറ്റും കലര്‍ന്ന രസഗോളം ജോസഫ്‌ വെണ്ണിയൂര്‍ തയ്യാറാക്കുന്ന പരിപാടി അവതരിപ്പിക്കാനായി ഞായറാഴ്‌ചകളില്‍ ആകാശവാണി നിലയത്തിലെ സ്‌റ്റുഡിയോയില്‍ ഇന്ദിരയും ഒത്തുകൂടുമായിരുന്നു. പ്രോഗ്രാം ആവിഷ്‌കാരം ജോസഫ്‌ വെണ്ണിയൂരും, അതിന്‌ ആവശ്യമായ അനൗണ്‍സ്‌മെന്റും മറ്റും നല്‍കാനായി ഇന്ദിരയും നിയോഗിക്കപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ഞായറാഴ്‌ച പ്രോഗ്രാം അവതരണം കഴിഞ്ഞ്‌ ഇന്ദിര പുറത്തുവന്നപ്പോള്‍ ഇക്കഴിഞ്ഞ പരിപാടിയിലെ കണ്ണുകള്‍ എന്ന കവിത കുട്ടി ശ്രദ്ധിച്ചോ എന്ന്‌ ജോസഫ്‌ വെണ്ണിയൂര്‍ ചോദിച്ചു. സത്യത്തില്‍ ഇന്ദിര അത്ര ശ്രദ്ധിച്ചില്ലത്രെ - എന്നാല്‍ ആ കവിതയിലെ കണ്ണുകളുടെ ഉടമ ഇന്ദിര ആയിരുന്നു എന്ന്‌ വെണ്ണിയൂര്‍ പറഞ്ഞു. അതൊരു തുടക്കം മാത്രം. വസന്തങ്ങള്‍ പലതും കടന്നുപോയി. അതോടൊപ്പം ഇവരുടെ സൗഹൃദം ആത്മാര്‍ത്ഥമായ പ്രണയമായി വളരുകയും ചെയ്‌തു. ഇവര്‍ സ്വയം അടുത്തതല്ല - തീര്‍ച്ചയായുമല്ല, അടുത്തുകഴിഞ്ഞപ്പോഴെ, അടുത്തുകഴിഞ്ഞ കാര്യം അറിഞ്ഞുള്ളു. എന്നാല്‍ അറിഞ്ഞപ്പോള്‍ അകലാന്‍ ചെയ്‌ത ഓരോ ശ്രമവും അടുപ്പത്തിന്റെ പിണച്ചില്‍ വര്‍ദ്ധിപ്പിച്ചു.
ഒടുവില്‍ സമര്‍ത്ഥനായ സാഹിത്യകാരനും എഴുത്തുകാരനും പ്രോഗ്രാം ഓഫീസറുമായിരുന്ന ജോസഫ്‌ വെണ്ണിയൂരിനെ തന്റെ ഭാവി ജീവിത സഖാവായി വരിക്കാന്‍ ഇന്ദിര തീരുമാനിച്ചു. പല എതിര്‍പ്പുകളേയും തൃണവല്‍ഗണിച്ചുകൊണ്ട്‌ 1954-ല്‍ ജോസഫ്‌ ഇന്ദിരയുടെ കഴുത്തില്‍ താലി ചാര്‍ത്തി. അങ്ങനെ ഇന്ദിരാ പൊതുവാള്‍ ഇന്ദിരാ ജോസഫ്‌ വെണ്ണിയൂരായി മാറി. നവദമ്പതികള്‍ക്ക്‌ ആകാശവാണിയിലെ ജീവിതം അഭിമാനകരവും സന്തോഷപ്രദവും ആയിരുന്നു. കണ്ടും കേട്ടും വേണ്ടുവോളം അറിവ്‌ ലഭിച്ചത്‌ ആകാശവാണിയിലൂടെയാണെന്ന്‌ ഇന്ദിര പറയുന്നു. ഏറ്റവും പ്രിയങ്കരമായ ജോലി ഏതാണെന്നുള്ള ചോദ്യത്തിന്‌ സന്തോഷത്തോടുകൂടിയ ഉത്തരം, പ്രോഗ്രാം അനൗണ്‍സര്‍. പ്രക്ഷേപണയോഗ്യമായ നല്ല ശബ്‌ദം, ഉച്ചാരണശുദ്ധി, വ്യക്‌തത ഇവയെല്ലാം ഒരു നല്ല അനൗണ്‍സര്‍ക്ക്‌ ആവശ്യമാണെന്നും ഇന്ദിര പറയുന്നു.
അന്ന്‌ പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ശാരദാമണി, രാധാമണി എന്നിവരും പ്രോഗ്രാം അനൗണ്‍സര്‍മാരായിരുന്നു. മറക്കാനാവാത്ത ദിനങ്ങളായിരുന്നു ആ കാലഘട്ടം. പിന്നീട്‌ ട്രാന്‍സ്‌മിഷന്‍ എക്‌സിക്യൂട്ടീവ്‌ ആയി പ്രമോഷന്‍ ലഭിച്ചു - അതിനുശേഷം പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ ആയി നിയമിതയായി. വെണ്ണിയൂര്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിലെ ഡയറക്‌ടര്‍ ആയി നിയമിതനായപ്പോള്‍ വളരെ സന്തോഷിച്ചെങ്കിലും ചില പ്രയാസങ്ങളും ഉണ്ടാകാതിരുന്നില്ല. ഔദ്യോഗിക രംഗത്തെ ജോസഫ്‌ വെണ്ണിയൂരിന്റെ പടിപടിയായിട്ടുള്ള ഉയര്‍ച്ചയും കല, സാംസ്‌കാരിക, സാഹിത്യ സാമൂഹ്യരംഗങ്ങളിലെ അസൂയാര്‍ഹമായ നേട്ടങ്ങളും പ്രതിഭാശാലിയായ ഒരു പ്രക്ഷേപകന്‍ എന്ന പ്രശസ്‌തിയും ചില ദോഷൈകദൃഷ്‌ടികള്‍ക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല. തന്റെ പ്രവര്‍ത്തനസീമ അന്താരാഷ്‌ട്ര തലത്തോളം വികസ്വരമാവുന്നതും കണ്ട ചിലരുടെ രാക്ഷസീയമായ പച്ചക്കണ്ണുകള്‍ ജ്വലിച്ചപ്പോള്‍ ജോസഫ്‌ എന്ന നല്ല സമരിയാക്കാരനും കുറെനാള്‍ മാനസിക ക്ലേശം അനുഭവിക്കേണ്ടിവന്നു.
മക്കള്‍ മൂന്നു പേരും എഴുത്തുകാരാണ്‌. വിജയന്‍ ഷാര്‍ജയില്‍ പത്രപ്രവര്‍ത്തകന്‍, അജിത്‌ മസ്‌കറ്റില്‍ ഗവണ്‍മെന്റ്‌ ആശുപത്രിയിലെ ഓങ്കോളജിസ്‌റ്റായി ജോലിനോക്കുന്നു. സാജന്‍ ആകാശവാണിയിലെ പല നിലയങ്ങളിലും പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ ആയി ജോലി ചെയ്‌തു. ഇപ്പോള്‍ ഡല്‍ഹിയില്‍ ജര്‍മ്മന്‍ റേഡിയോയില്‍ പ്രവര്‍ത്തിക്കുന്നു. ജഗതി എന്‍.കെ. ആചാരി, നാഗവള്ളി ആര്‍.എസ്‌. കുറുപ്പ്‌, കെ. പത്മനാഭന്‍ നായര്‍, ടി. എന്‍. ഗോപിനാഥന്‍ നായര്‍.
കെ.ജി. സേതുനാഥ്‌, മഹിളാലയം ചേച്ചി എന്നറിയപ്പെടുന്ന സരസ്വതിയമ്മ, ടി.പി. രാധാമണി, കെ.പി. ഉദയ ഭാനു, എം.ജി.രാധാകൃഷ്‌ണന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌, പത്മരാജന്‍, വേണുനാഗവള്ളി, ജോണ്‍ സാമുവല്‍, തിരുവിഴ ജയശങ്കര്‍ എന്നിവരടക്കം ധാരാളം പ്രഗത്ഭമതികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത്‌ ഭാഗ്യമായി കരുതുകയാണ്‌ ഇന്ദിര.നവതിയുടെ കുളിര്‍മയുള്ള നിലാവിന്റെ തഴുകലേറ്റ്‌ ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന ഇന്ദിരാ വെണ്ണിയൂര്‍ ഇന്നും പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന്‌ പറയുമ്പോള്‍ - അത്‌ തികച്ചും ഗുരുവായൂരപ്പന്‍ എനിക്ക്‌ നല്‍കുന്ന അനുഗ്രഹത്തിന്റെ ഫലമാണെന്ന്‌ ഇന്ദിര മൊഴിയുന്നു. മക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും പത്തോ, പന്ത്രണ്ടോ അക്കങ്ങളുള്ള ടെലഫോണ്‍ നമ്പറുകള്‍ കമ്പ്യൂട്ടറിനെപ്പോലും വെല്ലുന്ന രീതിയില്‍ ഇന്ദിര പറയും.
നവതി ആഘോഷിക്കാന്‍ തയ്യറെടുക്കുമ്പോഴും ശബ്‌ദത്തിനു മാറ്റം വന്നിട്ടില്ല.
"ഞാന്‍ അത്ര വളരെ സവിശേഷതകളുള്ള വ്യക്‌തിയല്ലെങ്കിലും സവിശേഷമായ ചില സ്‌മരണകളുടേയും അനുഭവങ്ങളുടേയും ഉടമയാണ്‌." ഇന്ദിര പറയുന്നു:തനിച്ചാണെങ്കിലും എന്റെ ദുഃഖങ്ങള്‍ ഞാന്‍ ഉള്ളിലൊതുക്കും. ഈ തൊണ്ണൂറാം വയസ്സിലും ഗുരവായൂരപ്പന്‍ എനിക്ക്‌ മനഃശാന്തി തരുന്നു. ജീവിതസായാഹ്നം വിരസമല്ല. നാമം ജപിക്കും, പത്രം വായിക്കും, അതുകഴിഞ്ഞാല്‍ പിന്നെ എന്നോട്‌ ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളുടെ വരവായി. അവരോടുള്ള സംഭാഷണം. എല്ലാ ഗാനങ്ങളും, അത്‌ ലളിതഗാനങ്ങളാണെങ്കിലും, ചലച്ചിത്ര ഗാനങ്ങളാണെങ്കിലും ശരി എനിക്കിഷ്‌ടമാണ്‌. നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍ സ്വപ്‌നത്തില്‍ കളിയോടം കിട്ടി, രാജശില്‍പ്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ, പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന തുടങ്ങിയ ഗാനങ്ങള്‍ എല്ലാം എനിക്കിഷ്‌ടമാണ്‌.
ഇന്ദിരയുടെ മനസ്സ്‌ ഇപ്പോഴും റൊമാന്റിക്കാണ്‌. അഴലിന്റെ ആഴങ്ങളില്‍ നീ മാഞ്ഞുപോയ്‌, ഭൂവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്‌ ... ഈ ഗാനം കേള്‍ക്കുമ്പോള്‍ അവര്‍ വിതുമ്പാറുണ്ട്‌. ജോസഫ്‌ വെണ്ണിയൂര്‍ ഇപ്പോഴും ഓര്‍മ്മകളില്‍ ജീവിക്കുന്നു - ഈ സ്‌മരണയാണ്‌ ഇന്ദിരയെ മുന്നോട്ട്‌ നയിക്കുന്നത്‌.

പി. തങ്കച്ചന്‍

Ads by Google
Sunday 18 Jun 2017 01.09 AM
YOU MAY BE INTERESTED
TRENDING NOW