Wednesday, May 23, 2018 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jun 2017 01.09 AM

'പ്രിയ' പ്പെട്ട എഴുത്തുകാരി

uploads/news/2017/06/119365/sun2.jpg

അനേകം ഭാഷകളും ആയിരക്കണക്കിന്‌ എഴുത്തുകാരുമുള്ള ഇന്ത്യാ മഹാരാജ്യത്തിന്‌ പക്ഷേ, ലോക സാഹിത്യത്തിനു മുന്നില്‍ ഉയര്‍ത്തി കാണിക്കാന്‍ അപൂര്‍വം കൃതികളേ ഇതുവരെയുണ്ടായിട്ടുള്ളൂവെന്നത്‌ ഒരു നിത്യസത്യമാണ്‌. രാജ്യത്തിന്റെ അതിരുകള്‍ കടന്ന ഇത്തരം മഹത്തായ കൃതികളുടെ പട്ടികയില്‍ പ്രഥമസ്‌ഥാനത്താണ്‌ വായനക്കാര്‍ക്ക്‌ ആമുഖം വേണ്ടാത്ത അരുന്ധതി റോയിയുടെ കൃതി 'ദി ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സ്' .
കേരളീയ ജീവിതം പശ്‌ചാത്തലമാക്കി എഴുതപ്പെട്ട ഈ കൃതി 1997 ലെ ബുക്കര്‍ പ്രൈസ്‌ നേടി വിശ്വസാഹിത്യത്തില്‍ സ്വന്തമായ ഇടം കണ്ടെത്തി. ഈ കൃതി മലയാളത്തില്‍ വായിക്കാന്‍ ആഗ്രഹിച്ച വായനക്കാര്‍ക്ക്‌ മുന്നില്‍ അത്‌ അവതരിപ്പിച്ചത്‌ നമ്മുടെ പ്രിയപ്പെട്ട കഥാകാരി പ്രിയ എ.എസാണ്‌. 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍' എന്നതാണ്‌ പുസ്‌തകത്തിന്റെ മലയാളീകരിച്ച പേര്‌. ഈ വിവര്‍ത്തനത്തിനായി പ്രിയ അഞ്ചുവര്‍ഷമാണ്‌ സ്വന്തം ഭാവനയും, സാഹിത്യവും ഇരുട്ടറയില്‍ മൂടിവച്ചത്‌. അരുന്ധതി റോയിയുടെ ഭാഷയുടെ തനിമ നഷ്‌ടപ്പെടാതെ, വിവര്‍ത്തനത്തില്‍ സ്വന്തം ഭാഷ കടന്നുവരാതെ ഒരു 'ഡബിള്‍ റിസ്‌ക്കാ'ണ്‌ പ്രിയയെ കാത്തിരുന്നത്‌. ആ വെല്ലുവിളികളെയെല്ലാം വിജയകരമായി അതിജീവിച്ച പ്രിയയെ തേടി 2014 മികച്ച വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കൈവന്നു.
കോട്ടയത്തിനു തൊട്ടടുത്ത അയ്‌മനം എന്ന നന്മകള്‍ നിറഞ്ഞ ചെറിയ ഗ്രാമത്തിന്റെയും അതിലൂടെയൊഴുകുന്ന സുന്ദരമായ പുഴയുടെയും അവിടത്തെ എസ്‌ത, റാഹേല്‍, അമ്മു, വെളുത്ത, സോഫിമോള്‌...എന്നിങ്ങനെ കുട്ടികളുടെയും അമ്മമാരുടെയും എല്ലാം ജീവിത കഥയാണ്‌ ഇത്‌. കുഞ്ഞ്‌ കുഞ്ഞ്‌ ആഖ്യാനങ്ങളും, വര്‍ണ്ണനകളും, അനുഭവങ്ങളും നോവലില്‍ ഹൃദയസ്‌പര്‍ശിയായി അരുന്ധതി റോയി അവതരിപ്പിച്ചതിന്റെ ആത്മാവ്‌ ചോരാതെയാണ്‌ പ്രിയ എ.എസ്‌ വിവര്‍ത്തനമെന്ന പുണ്യകര്‍മ്മം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ലോകം കൊണ്ടാടിയ ഈ നോവല്‍ മലയാളത്തിലായപ്പോഴും അതിന്റെ മഹിമ കാത്തുവെന്നത്‌ വിവര്‍ത്തകയുടെ കഠിനദ്ധ്വാനത്തിന്‌ തെളിവാണ്‌. സാധാരണ വിവര്‍ത്തനങ്ങളില്‍ കാണുന്ന പഴകി മുഷിഞ്ഞ വാക്കുകളോ, കൃത്രിമം കലര്‍ന്ന സംഭാഷണങ്ങളോ നോവലില്‍ കാണാന്‍ കഴിയില്ലെന്നത്‌ കൃതിയുടെ മാറ്റുക്കൂട്ടുന്നു. ഭാഷപരമായ പുതുമ നിലനിര്‍ത്താനും, പുതിയൊരു വായനാനുഭവം സമ്മാനിക്കാനും വിവര്‍ത്തനത്തിലൂടെ സാധിച്ചുവെന്നതാണ്‌ ' കുഞ്ഞുകുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാനെ' വിവര്‍ത്തനശാഖയിലെ കനപ്പെട്ട കൃതിയാക്കുന്നത്‌.'കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാ'ന്റെ രചനാരഹസ്യങ്ങളെക്കുറിച്ച്‌ പ്രിയ സംസാരിക്കുന്നു.

'ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സ്'വിവര്‍ത്തനം ചെയ്ാനുണ്ടായയ
സാഹചര്യം പറയാമോ?

ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സ് വായിച്ചപ്പോഴേ ഒരു അറ്റാച്ച്‌മെന്റ്‌ തോന്നിയിരുന്നു. ഇതുവരെ അന്യഭാഷയിലിറങ്ങിയ പുസ്‌തകങ്ങളോടൊന്നും ഇത്രയ്‌ക്ക് അടുപ്പം തോന്നിയിട്ടില്ല. ആ സമയത്താണ്‌ ഇന്ത്യ ടുഡേയില്‍ പുസ്‌തകത്തിന്റെ ആദ്യ രണ്ട്‌ അധ്യായങ്ങള്‍ സക്കറിയ വിവര്‍ത്തനം ചെയ്‌തത്‌ പ്രസിദ്ധീകരിച്ചുവന്നത്‌. അപ്പോള്‍ മലയാളം വിവര്‍ത്തനം അദ്ദേഹം ചെയ്യുമെന്നാണു ഞാന്‍ കരുതിയത്‌. പിന്നെ അതേക്കുറിച്ചൊന്നും കേട്ടില്ല. അങ്ങനെയാണു ഞാന്‍ ഡിസി ബുക്‌സുമായി വിവര്‍ത്തനം ചെയ്യാനുള്ള എന്റെ താല്‍പര്യം അറിയിക്കുന്നത്‌. പിന്നെയും നാളുകള്‍ കടന്നുപോയി. അവര്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ നോവലിന്റെ കുറച്ച്‌ ചാപ്‌റ്ററുകള്‍ വിവര്‍ത്തനം ചെയ്‌ത് അയയ്‌ക്കാന്‍ പറഞ്ഞു. അവസാന മൂന്ന്‌ അധ്യായമാണ്‌ വിവര്‍ത്തനം ചെയ്യാന്‍ തെരഞ്ഞെടുത്തത്‌. നോവലിലെ ലൗ മേക്കിങ്‌ രംഗങ്ങളുള്ള 'വള്‍ഗര്‍ എലമെന്റുകള്‍' ഉണ്ടെന്നതില്‍ അരുന്ധതി ഏറെ വിമര്‍ശനങ്ങള്‍ കേട്ട അധ്യായങ്ങളായിരുന്നു അത്‌. ആ അധ്യായങ്ങള്‍ ഭംഗിചോരാതെ നിര്‍വഹിക്കാനായിരുന്നു എന്റെ കഠിനശ്രമം.
ആ അധ്യായങ്ങള്‍ അരുന്ധതി റോയിയെ കാട്ടാനാണെന്നു ഡിസി ബുക്‌സില്‍നിന്ന്‌ അറിയിച്ചിരുന്നു. അപ്പോഴേക്കും ഞാന്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍നിന്നും മ്യൂച്ചല്‍ ട്രാന്‍സ്‌ഫര്‍ വാങ്ങി കുസാറ്റിലേക്കു പോന്നിരുന്നു. പിന്നീട്‌ വിവരങ്ങളൊന്നുമുണ്ടായില്ല. അരുന്ധതിക്ക്‌ എന്റെ വിവര്‍ത്തനം ഇഷ്‌ടപ്പെട്ടുകാണില്ലെന്നും അതിനാലാകാം അറിയിപ്പുകളൊന്നും ലഭിക്കാതിരുന്നതെന്നുമാണ്‌ കരുതിയത്‌. മാസങ്ങള്‍ കടന്നുപോയി. ഞാനിതെല്ലാം മറന്നുതുടങ്ങിയിരുന്നു. അപ്പോഴാണ്‌ രവി ഡിസിയുടെ വിളിയെത്തിയത്‌.
വിവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും പറഞ്ഞു. അത്രനാളും എനിക്ക്‌ എഴുതാന്‍ ഒരുപാട്‌ സമയമുണ്ടായിരുന്നെങ്കിലും മകന്‍ ജനിച്ചതോടെ അവനെ നോക്കലും മറ്റുമായി ഞാന്‍ തിരക്കിലായിരുന്നു. ജോലി, മകനെ നോക്കല്‍, എഴുത്ത്‌ എന്നെ സദാ അലട്ടുന്ന രോഗങ്ങള്‍ എന്നിവയുടെ നടുക്കടലിലായിരുന്നു ഞാന്‍. വിചാരിച്ചതിനേക്കാള്‍ ബുദ്ധിമുട്ടേറിയതായിരുന്നു പുസ്‌തകത്തെ മലയാളത്തിലാക്കലെന്ന്‌ മുന്നോട്ടുള്ള പ്രയാണത്തില്‍ എനിക്ക്‌ മനസിലായി. അരുന്ധതിയുടെ വാക്കുകള്‍ക്ക്‌ ഒപ്പമെത്താന്‍ ഞാന്‍ ബുദ്ധിമുട്ടി. അവരുടെ എഴുത്തിലെ തനിമ മലയാളത്തില്‍ നിലനിര്‍ത്താനായിരുന്നു എന്റ കഠിനശ്രമം.
ആ ശ്രമങ്ങള്‍ വിജയിച്ചതിന്റെ ത്രില്ല്‌ പുസ്‌തകമിറങ്ങിയപ്പോള്‍ തുടങ്ങി അനുഭവിക്കുന്നതാണ്‌. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ കിട്ടിയതോടെ അത്‌ ഇരട്ടിയായെന്നു മാത്രം.

വിവര്‍ത്തനം ചെയ്‌ത സമയങ്ങളിലെ അനുഭവം എന്തായിരുന്നു?

വിവര്‍ത്തനം ചെയ്‌ത സമയങ്ങളില്‍ പലപ്പോഴും പേടി തോന്നിയിട്ടുണ്ട്‌. ഇതൊടുക്കമെന്തായിത്തീരുമെന്നോര്‍ത്ത്‌. എന്തൊരു ഭാരം എന്നു തളര്‍ന്നിട്ടുണ്ട്‌. പലതവണ. പക്ഷേ, വേണ്ടെന്നു വയ്‌ക്കാം എന്നു തോന്നിയിട്ടില്ല ഒരിക്കലും. അതൊരു വാശിയായിരുന്നു. പല തരത്തില്‍പ്പെട്ടവര്‍ തന്ന വാശി. രണ്ടു തരത്തില്‍ വാശി പിടിപ്പിച്ചവരെക്കുറിച്ചു മാത്രം പറയാം. തര്‍ജ്‌ജമയ്‌ക്കു വഴങ്ങാത്ത പുസ്‌തകം എന്നു പറഞ്ഞ്‌ നിരുത്സാഹപ്പെടുത്തിയവര്‍, അവരെ എനിക്കു മനസിലാകും. പക്ഷേ, 'അയേ്േ, ആ വൃത്തികെട്ട പുസ്‌തകമേ കണ്ടൊള്ളോ തര്‍ജ്‌ജമ ചെയ്യാന്‍' എന്നു രോഷാകുലരായി എന്റെ വിയര്‍ത്തൊലിക്കലിനെ നേരിട്ടവര്‍, അവരെ എനിക്കു തീരെയും മനസിലാകില്ല. അവരുടെ സദാചാരസംഹിതകളും എനിക്കു മനസിലാവില്ല.
എനിക്കിതു സങ്കടങ്ങളുടെ പുസ്‌തകമാണ്‌. സങ്കടങ്ങളുടെ ഈ പുസ്‌തകം പലയാളിക്കു മനസിലാക്കിക്കൊടുത്തേ പറ്റൂ എന്ന എന്റെ വാശിയാണ്‌ എന്നെക്കൊണ്ടീ കല്ല്‌ ഉരുട്ടിച്ചത്‌. എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒറ്റയ്‌ക്കാവുന്നവരുടെ ആഴംകാണാം സങ്കടങ്ങളുടെ ഈ പുസ്‌തകത്തില്‍. എന്നെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഓരോ അടരിലും സങ്കടമാണ്‌. പരിസ്‌ഥിതി, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി അതെല്ലാം ഇതിലെ സങ്കടങ്ങളിലെ ഓരോരോ ചേരുവകള്‍ മാത്രമാണ്‌.
ഞാനായിരുന്നു എന്റെ അമ്മയുടെ സ്‌ഥാനത്തെങ്കില്‍, ഞാനെന്തായിത്തീരുമായിരുന്നോ അതാണ്‌ ഈ നോവലിലെ അമ്മു എന്ന്‌ എവിടെയോ അരുന്ധതി പറഞ്ഞിരുന്നു .
ശരീരത്തെ കുഞ്ഞുങ്ങളെക്കൊണ്ടു മൂടിവയ്‌പ്പിക്കുന്ന നമ്മള്‍. ശരീരവും സങ്കടവും ചേര്‍ന്ന്‌ ചിലപ്പോഴൊക്കെ പ്രണയവും രതിയുമായി മാറുന്ന വായന മലയാളിക്കിപ്പോഴും അസാധ്യം. അമ്മുവിന്റെ രതി മലയാളിക്ക്‌ ദഹിക്കാത്തത്‌ അതുകൊണ്ടാണ്‌. അതാവാം ഇതിനെ ചീത്തപുസ്‌തകമാക്കുന്ന ഒന്നാം കാര്യം.
എസ്‌തയുടെയും റാഹേലിന്റെയും ഒരുമിക്കല്‍, ഇതാവാം ഇതിനെ ചീത്തപുസ്‌തകമാക്കുന്ന രണ്ടാം കാര്യം.
മലയാളിയെക്കൊണ്ട്‌ ഈ പുസ്‌തകം ഇഷ്‌ടപ്പെടുത്തുക എന്ന സാഹസനത്തിന്‌ ഒരുങ്ങിയതില്‍ നിന്ന്‌ പിന്‍മാറാതിരുന്നതിനു കാരണങ്ങളിതൊക്കെയാണ്‌.
പക്ഷേ, ചില ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍, അവ എന്റെ കണ്ണീരുപ്പുവീണ്‌ നനഞ്ഞിട്ടുണ്ട്‌. മദ്രാസ്‌ മെയില്‍ എസ്‌തയെ കൊണ്ടുപോകുമ്പോള്‍, അമ്മു മരിക്കുമ്പോള്‍, അമ്മു ചാരമാകുമ്പോള്‍, കര്‍ണന്‍ കരയുമ്പോള്‍ ഒക്കെ ഞാന്‍ ഒച്ചയില്ലാതെ കരയുകയായിരുന്നു. എസ്‌തയും റാഹേലും എന്നെ എപ്പോഴൊക്കെയോ അമ്മുവാക്കി.

മകന്റെ ഇടപെടലുകള്‍ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്റെ രചനാവേളകളില്‍ വളരെ വലുതായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌?.

ശരിയാണ്‌. കര്‍മ്മംകൊണ്ടും വാക്കുകൊണ്ടും നോക്കുകൊണ്ടും എന്റയീ കല്ലുരുട്ടലിന്‌ തുണ നിന്ന ഒരാളേയുള്ളു. സോഫിമോള്‍ മരിച്ചതറിഞ്ഞ്‌ വിറയ്‌ക്കുന്ന താടിയോടെ എന്റെ നെഞ്ചിലേക്ക്‌ മുഖം പൂഴ്‌ത്തി, പിന്നെ തേങ്ങിക്കരച്ചിലായ എന്റെ കുഞ്ഞുമകന്‍. അവരുടെ തുപ്പല്‍ക്കുമിള ലോകം, തോണിചുമക്കല്‍ അതൊക്കെ പറഞ്ഞ്‌ ഞാനവനെ രസിപ്പിച്ചിട്ടുണ്ടെങ്കിലും അവനായുള്ള എന്റെ സമയത്തിന്റെ ഒരുപാടു ഭാഗം ഈ വിവര്‍ത്തനത്താളുകള്‍ ക്രൂരമായി അപഹരിച്ചിട്ടുണ്ട്‌.
എന്റെ കല്ലുരുട്ടലിനിടയ്‌ക്ക് ഒരുപാടു ചീളുകള്‍ ആ കുഞ്ഞുദേഹത്ത്‌ വീണിട്ടുണ്ട്‌. അവന്‍ പറയുന്നത്‌, സോഫിമോള്‍ മരിച്ചിട്ടില്ല, അരുന്ധതിയമ്മ അങ്ങനൊക്കെ കഥയിലെഴുതിയെന്നേയുള്ളൂ, സോഫിമോളിപ്പോ ഒരു വലിയ വക്കീലാണ്‌ ദൂരെ ഒരിടത്ത്‌ എന്നാണ്‌. എസ്‌തയും റാഹേലും കണ്ടുപിടിച്ചതുപോലെ ഒരു ഉറുമ്പന്‍കഥ! അവന്‍ എനിക്ക്‌ എസ്‌തയുടെയും റാഹേലിന്റെയും പടം വരച്ചു തന്നു. വിവര്‍ത്തന ലോകത്തുനിന്ന്‌ ഞാന്‍ മാറിപ്പോകുമ്പോള്‍, വെളുത്ത ഇക്കിളിയിട്ട കഥ പറയമ്മേ, എസ്‌ത കൊച്ചിമറിയയെ കളിയാക്കി കിടക്കേലേക്കു വീഴണത്‌ പറയമ്മേ എന്നെല്ലാം പറഞ്ഞ്‌ വീണ്ടുമീ പുസ്‌തകത്തിലേക്കു പിടിച്ചിട്ടു.

ഐ. ഷണ്‍മുഖദാസിന്റെ പിന്തുണയെ കുറിച്ച്‌?

'അച്‌ഛന്‍' എന്ന എന്റെ കഥ ഷോര്‍ട്ട്‌ ഫിലിം ആക്കാന്‍ സഞ്‌ജു എന്ന ചെറുപ്പക്കാരനില്‍ നിന്നുമാണ്‌ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സ് നെഞ്ചേറ്റിയ മറ്റൊരാള്‍ കൂടി ഭൂമി മലയാളത്തിലുണ്ടെന്ന്‌ ഞാന്‍ തിരിച്ചറിയുന്നത്‌. മറ്റാരുമല്ല ഐ.ഷണ്‍മുഖദാസ്‌ ആയിരുന്നു അത്‌. ദൈവം പറഞ്ഞുവിട്ട ദൂതനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ വരവ്‌. നോവലിലെ സംശയങ്ങള്‍ക്ക്‌ അദ്ദേഹം പരിഹാരങ്ങള്‍ നിര്‍ദേശിച്ചു. പുസ്‌തകം തിരുത്തിയും മിനുക്കിയും തിളക്കം വയ്‌പ്പിക്കാന്‍ സഹായിച്ചു. അദ്ദേഹത്തോട്‌ നന്ദി പറയാന്‍ തക്ക ഒരു വാക്കും എന്റെയീ കൊച്ചു മലയാളത്തിലില്ല.

അരുന്ധതി റോയിയുമായി കൂടികാഴ്‌ചകളെല്ലാം നടത്തിയിരുന്നില്ലെ?.

നടത്തിയിരുന്നു. കോട്ടയത്ത്‌ ഡിസി ബുക്‌സില്‍ അരുന്ധതി റോയി വരുമ്പോള്‍ കൂടിക്കാഴ്‌ചകള്‍ക്കായി ഞാനും പോകും. അരുദ്ധതി റോയിയെ എഴുതിയത്‌ ഞാന്‍ വായിച്ചുകേള്‍പ്പിക്കും. അവര്‍ക്ക്‌ മലയാളം വായിക്കാന്‍ അറിയാം. വായിച്ചു കേള്‍പ്പിച്ചുകഴിഞ്ഞാല്‍ ഉദ്ദേശിച്ചത്‌ ഇതല്ലെന്നു പറയാനുമറിയാം. കോട്ടയത്ത്‌ മൂന്നുതവണ അവരുമായി കൂടിക്കാഴ്‌ച നടത്തി. ഒറിജിനല്‍ എഴുതിയ എഴുത്തുകാരിക്കൊപ്പമിരുന്ന്‌ വിവര്‍ത്തനം ചെയ്യാന്‍ അവസരമുണ്ടായതും അപൂര്‍വതയാകാം. മറ്റാര്‍ക്കും കിട്ടാത്ത നേട്ടം.
അവാര്‍ഡ്‌ കിട്ടിയപ്പോള്‍ അരുന്ധതി റോയി വിളിച്ചിരുന്നു. അഭിനന്ദനങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ക്കിന്റെ വിവര്‍ത്തനം ചെയ്യണമെന്നും സൂചിപ്പിച്ചു. അതെല്ലാം എനിക്കു കിട്ടിയ അംഗീകാരമാണ്‌. അവാര്‍ഡ്‌ വിവരമറിഞ്ഞ്‌ ഫോണ്‍ വിളിച്ച പലരും ചോദിച്ചു വിവര്‍ത്തനത്തിനുള്ള ഈ അവാര്‍ഡ്‌ എന്തേ നേരത്തെ കിട്ടാതിരുന്നതെന്ന്‌. പക്ഷേ അവാര്‍ഡിനേക്കാള്‍ വലുതായി ഈ പുസ്‌തകം ചെയ്‌ത് കുളമാക്കിയില്ലല്ലോ എന്ന്‌ ആരും പറയാതിരുന്നതിലുള്ള അഭിമാനമാണ്‌ എനിക്കുള്ളത്‌.
ഞാന്‍ വര്‍ക്ക്‌ ഏറ്റെടുത്തതില്‍ അച്‌ഛനും അമ്മയ്‌ക്കും ആധിയായിരുന്നു. ഈ ഭാരം ഞാനെടുത്താല്‍ പൊങ്ങുമോയെന്ന സംശയമായിരുന്നു അവര്‍ക്ക്‌. ഇപ്പോള്‍ അതിനെല്ലാമുള്ള അംഗീകാരമായി. പലപ്പോഴും ഞാനിതു നോവലായി വായിക്കുകയല്ല, സിനിമയായി കാണുകയാണു ചെയ്‌തത്‌. അപ്പോഴൊക്കെ എനിക്കെന്റെ മലയാളം പോരാ എന്നുതന്നെ തോന്നി.
പിന്നെ സംഭാഷണങ്ങളില്‍ വരുത്തിയിട്ടുള്ള കോട്ടയം മലയാളം അത്‌ എന്റെ ഒരു കുസൃതിയാണ്‌. രവി ഡിസിയും അരുന്ധതിയും തനി കോട്ടയം ക്രിസ്‌ത്യന്‍ മലയാളത്തില്‍ സംസാരിക്കുന്നതു കേട്ടിരുന്നപ്പോള്‍ മനസില്‍ കയറിപ്പറ്റിയ ഒരു കുസൃതി.'വിത്‌ ലവ്‌ ആന്റ്‌ ഹോപ്പിങ്‌ ഫോര്‍ എ ബ്യൂട്ടിഫുള്‍ ട്രാന്‍സലേഷന്‍' എന്ന്‌ അരുന്ധതി പുസ്‌തകത്തില്‍ ഒപ്പിട്ടുതന്നു. എല്ലാത്തിലും അഭിമാനമുണ്ട്‌.

വിവര്‍ത്തനത്തിന്‌ പിന്നെയും ഓഫറുകള്‍ വന്നുവോ?

വന്നു. പക്ഷേ പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ താല്‌പര്യമില്ല. എനിക്ക്‌ ആദ്യം കൃതി ഇഷ്‌ടപ്പെടണം. അതിന്റെ ആത്മാവിലേക്ക്‌ ഇറങ്ങി ചെല്ലാന്‍ കഴിയണം. എന്നാല്‍ വിവര്‍ത്തനത്തിനായി ഞാന്‍ മുതിരു.

എം.എ.ബൈജു

Ads by Google
Sunday 18 Jun 2017 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW