Saturday, May 26, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jun 2017 03.35 PM

ട്രാഫിക്കില്ലാത്ത ജീവിതം

uploads/news/2017/06/119293/lenaculm11.jpg

ബിഗ്ബിയിലൂടെ ഞാന്‍ സിനിമയിലൊരു രണ്ടാം വരവ് നടത്തിയപ്പോള്‍ അതെനിക്ക് തന്ന ബ്രേക്ക് വളരെ വലുതായിരുന്നു. അതിലെ സെലീനയെ പ്രേക്ഷകര്‍ക്ക് ഒരുപാടിഷ്ടപ്പെട്ടു. എങ്കിലും തിരക്കിട്ട സിനിമാജീവിതമൊന്നുമായിരുന്നില്ല. വര്‍ഷം ഒരു സിനിമ..അങ്ങനൊക്കെ....

ഓഹരി മുതല്‍ പാട്ടുകളുടെ പാട്ട് വരെ


ഒരു സമയത്ത് ഒരു സീരിയല്‍ എന്നതായിരുന്നു എന്റെ രീതി. അതുകൊണ്ടാണ് ഓമനത്തിങ്കള്‍ പക്ഷിയുടെ സമയത്ത് മറ്റൊന്നും ചെയ്യാതിരുന്നത്. അതു കഴിഞ്ഞപ്പോള്‍ ഒരുപാട് ഓഫറുകള്‍ വന്നു. ബിഗ് ബിക്കു ശേഷം അമൃത ടിവിയിലെ ഓഹരി സീരിയല്‍ ചെയ്യാനാണു ഞാന്‍ തീരുമാനിച്ചത്.

ഒരു ബിസിനസ്സ് വുമന്റെ കഥാപാത്രമായിരുന്നു. മോഹനവര്‍മ സാറിന്റെ നോവലായിരുന്നു. കണ്ണീര്‍പുത്രി ഇമേജു മാറ്റിയത് ഓഹരിയാണ്. പിന്നീട് ചില്ലുവിളക്ക്, മാലയോഗം, തടങ്കല്‍ പാളയം, അരനാഴിക നേരം, തുലാഭാരം, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, പാട്ടുകളുടെ പാട്ട് എന്നീ സീരിയലുകളൊക്കെ ചെയ്തു. എല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.

2006 മുതല്‍ 2011 വരെ സിനിമയും സീരിയലും മാറി മാറിയാണ് ചെയ്തത്. അലാവുദ്ദീന്റെ അത്ഭുതവിളക്കിന് സംസ്ഥാന ടിവി അവാര്‍ഡ് കിട്ടുകയും ചെയ്തു. ശ്രീകുമാരന്‍ തമ്പി സാറിന്റെ പാട്ടുകളുടെ പാട്ടാണ് അവസാനം ചെയ്ത സീരിയല്‍.

സിനിമയുടെ തിരക്ക് കൂടുകയും രണ്ടും ഒരുമിച്ച് മാനേജ് ചെയ്ത് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാകുകയും ചെയ്തപ്പോള്‍ സീരിയലിനോട് താത്കാലികമായി വിട പറയുകയായിരുന്നു. ടെലിവിഷനിലൂടെയാണ് പ്രേക്ഷകമനസ്സില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്, അതുകൊണ്ടു തന്നെ ഇന്നും ഞാനതിനെ ഏറെ ഇഷ്ടപ്പെടുന്നു.

അവിചാരിത വേര്‍പാടുകള്‍


സിനിമയിലും സീരിയലിലും സജീവമായ കാല ത്ത് എന്റെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. ഞാനും അഭിലാഷും വിവാഹമോചിതരായി. 2011 ലാണത്.ഇപ്പോഴും ഞാനും അഭിലാഷും നല്ല സുഹൃത്തുക്കളാണ്.

ഞങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാകുന്നു, ചില ഘട്ടങ്ങളില്‍ ദിശ മാറുന്നു എന്നൊക്കെ തോന്നിയപ്പോഴാണ് ഒരുമിച്ചങ്ങനൊരു തീരുമാനമെടുത്തത്. ആറാം ക്ലാസിലേതു പോലല്ലല്ലോ നമ്മള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിന്തിക്കുന്നത്. ജീവിതരീതികളും ജീവിതശൈലികളും മാറിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

അഡ്ജസ്റ്റ്‌മെന്റില്‍ ഒരു ജീവിതം വേണ്ടെന്നും, ഇതിങ്ങനെ മുന്നോട്ടു പോകേണ്ട ആവശ്യമില്ലെന്നും രണ്ടാള്‍ക്കും തോന്നി. സുന്ദരമായ ഒരു ജീവിതം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കുമുണ്ട്. ഇനിയുമേറെ ജീവിക്കാനുമുണ്ട്. മാറ്റങ്ങള്‍ക്കനുസരിച്ച് ഇഷ്ടവഴിയിലൂടെ ജീവിക്കുന്നതാണ് നല്ലതെന്ന് രണ്ടാള്‍ക്കും തോന്നി.

അങ്ങനെ വഴക്കും കുറ്റംപറച്ചിലും ഒന്നുമില്ലാതെ പരസ്പര ബഹുമാനത്തോടെ പിരിയാന്‍ തീരുമാനിച്ചു. സൗഹൃദപരമായ തീരുമാനം. വിവാഹം കഴിച്ചപ്പോള്‍ ഒരേ രീതിയില്‍ പോകാമെന്നു ചിന്തിച്ചതു പോലെ പിരിഞ്ഞപ്പോഴും ഞങ്ങള്‍ ഒരുമിച്ചു നിന്നു.

എന്റെ ജീവിതത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്റെ വീട്ടില്‍ തന്നിരുന്നു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ തന്നെ ഉത്തരവാദികളാകുമ്പോള്‍ അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ അവര്‍ പറഞ്ഞു, അന്തിമ തീരുമാനം എനിക്കു വിട്ടു.

അഭിലാഷിന്റെ വീട്ടില്‍ എങ്ങനെയാണെന്നറിയില്ല. അവിടെ അമ്മ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ കാര്യങ്ങള്‍ ചിക്കിചികഞ്ഞ് എടുക്കേണ്ട കാര്യമില്ല. കാരണം ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യാതെ തികച്ചും സൗഹൃദപരമായി ഞങ്ങളെടുത്ത തീരുമാനമാണത്.

പരസ്പര ബഹുമാനത്തോടെ രണ്ടുപേരും അംഗീകരിച്ച തീരുമാനം. അതു വര്‍ഷങ്ങള്‍ക്കു ശേഷം എന്തിന് സംസാരവിഷയമാക്കണം. എനിക്കതിന് താത്പര്യമില്ല. 2011 ല്‍ അത് സംഭവിച്ചു. അത്രമാത്രം. ഒരുമിച്ചെടുത്ത വിവാഹമെന്ന രീതി വിട്ട് സൗഹൃദത്തിലെത്തി അത്രയുമുള്ളു.

ട്രാഫിക്കിലേക്ക്...


ബിഗ് ബിക്കു ശേഷം ബാലചന്ദ്രമേനോന്‍ സാറിന്റെ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമ ചെയ്തു. പിന്നെയാണ് ഇന്‍ ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗമായ ടു ഹരിഹര്‍ നഗറിലെത്തുന്നത്. ഹിറ്റായ സിനിമയാണല്ലോ ഇന്‍ ഹരിഹര്‍ നഗര്‍.

സ്വഭാവികമായും അതിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുാഗ്രഹിച്ചതാണ്. അതുകൊണ്ടു തന്നെ ടു ഹരിഹര്‍ നഗറും ശ്രദ്ധിക്കപ്പെട്ടു. സിനിമ ശ്രദ്ധിക്കപ്പെടുമ്പോള്‍ അതിലെ അഭി
നേതാക്കളും പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിക്കും.

എന്നെ സംബന്ധിച്ച് ടു ഹരിഹരനഗര്‍ ഒരു ചെയ്ഞ്ചായിരുന്നു. അതിന്റെ മൂന്നാം ഭാഗത്തിലും ഞാന്‍ സിദ്ദിഖിക്കയുടെ ഭാര്യയായെത്തി. പിന്നീടിങ്ങോട്ട് ഡാഡി കൂള്‍, റോബിന്‍ ഹുഡ്, ഏപ്രില്‍ ഫൂള്‍, കോക്ക്‌ടെയില്‍, കാര്യസ്ഥന്‍, രാമരാവണന്‍, ഗദ്ദാമ, സ്‌നേഹവീട് എന്നിവയടക്കം പതിനഞ്ചിലധികം സിനിമകള്‍ ചെയ്തു.

സ്‌നേഹവീടില്‍ ലാലേട്ടനൊപ്പം അഭിനയിക്കാനും കഴിഞ്ഞു. ഒരുപാട് നല്ല സംവിധായകരുടെ സിനിമയുടെ ഭാഗമാകാനും നല്ല അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാനും കഴിഞ്ഞു. അവിചാരിതമായി സിനിമയിലെത്തിയ എന്നെ അഭിനയലോകത്ത് വേരുറപ്പിക്കാന്‍ സഹായിച്ചത് ഈ സിനിമകളാണ്.

എങ്കിലും എന്റെ മാസ്റ്റര്‍പീസായി പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന, മികച്ച വഴിത്തിരിവായി മാറിയ സിനിമ ട്രാഫിക്കാണ്. ആ കഥ.......

( തുടരും...)

തയാറാക്കിയത് - ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW