Sunday, May 20, 2018 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
നീതു വര്‍ഗീസ്
Friday 16 Jun 2017 07.04 PM

അ..ആ.. അക്ഷര വളര്‍ത്തച്ഛനെ ഓര്‍മ്മിക്കുമ്പോള്‍...

അക്ഷരപാതയിലെ വായനയുടെ വളര്‍ത്തച്ഛനായ പി.എന്‍ പണിക്കരുടെ 22-ാം ചരമദിനമാണ് ജൂണ്‍ 19 തിങ്കളാഴ്ച.
June 19  Reading Day

അജ്ഞാനത്തിന്റെ ഇരുളില്‍ നിന്ന് ജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ 'ഖദര്‍ധാരി'.വെള്ളപ്രതലത്തിലെ കറുത്തഅക്ഷരക്കൂട്ടുകള്‍ സാംസ്‌കാരിക മുന്നേറ്റത്തിനായി പടവാളാക്കിയ 'കട്ടിക്കണ്ണടക്കാരന്‍'.

ഉയരം കുറഞ്ഞ് മെലിഞ്ഞ ആ അക്ഷരാഭ്യാസിയാണ് മലയാളിയുടെ മനസില്‍ വായനയിലൂടെ വളര്‍ന്നു വലുതായി പൊതുസ്വത്തായി ഇടം നേടിയ- നാണുവെന്നും, നാണുപണിക്കരെന്നും, നാരായണപ്പണിക്കരെന്നും, അറിയപ്പെട്ട പണിക്കര്‍ സര്‍. പൊതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍ നാരായണപ്പണിക്കര്‍.

വായനയിലൂടെ വളരാത്തവര്‍ മൃഗ തുല്യരാണ്'- ഷേക്‌സ്പിയര്‍


വായനയിലൂടെ വളരാത്തവര്‍ മൃഗതൃല്യരാണെന്ന ഷേക്‌സ്പിയറുടെ വാക്കുകള്‍ മലയാളത്തിലേയ്ക്ക് കടമെടുക്കുമ്പോള്‍ ഒരു മൂല്യബോധമുള്ള ജനതയെ വളര്‍ത്തിയൊരുക്കുവാന്‍, സാംസ്‌കാരിക അവബോധം പൊതുമണ്ഡലത്തില്‍ സാക്ഷാത്കരിച്ച കുട്ടനാടിന്റെ ആചാര്യന്‍.

'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക'-പി.എന്‍ പണിക്കര്‍

ആലപ്പുഴ ജില്ലയിലെ ലോവര്‍ കുട്ടനാടന്‍ അതിര്‍ത്തി ഗ്രാമമായ നീലമ്പേരൂരില്‍ ഗോവിന്ദപിള്ളയുടെയും ജാനകി പിള്ളയുടെയും രണ്ടാമത്തെ മകനായി 1909 മാര്‍ച്ച് ഒന്നിന് മലയാളത്തിന്റെ അക്ഷരനാട്ടിലേയ്ക്ക് പിറന്നുവീണു. സാംസ്‌കാരിക സമന്വയത്തിന്റെ ഈ കുട്ടനാടിന്‍ മണ്ണില്‍ നിന്നാണ് അക്ഷരങ്ങളെ ആരാധിച്ച് 'വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനും' ഉദ്‌ബോധിപ്പിച്ച് മലയാളിയുടെ മനസില്‍ സാക്ഷര ചൈതന്യമായി പി.എന്‍ പണിക്കര്‍ കുടികൊള്ളുന്നത്.

അക്ഷരത്തിന്റെയും വായനുടെയും ലോകത്ത് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കര്‍ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറ പാകുകയും, നിരക്ഷരത നിര്‍മ്മാര്‍ജനത്തിനായി 1977-ല്‍ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി( കാന്‍ഫെഡ്) രൂപീകരിക്കുകയും ചെയ്തു. അധ്യാപകവൃത്തിയിലൂടെ പൊതു സാംസ്‌കാരിക രൂപീകരണത്തിനും പണിക്കര്‍ സര്‍ വിയര്‍പ്പൊഴുക്കി.

'ഒരു കുട്ടി, ഒരു അധ്യാപിക, ഒരു പുസ്തകം, പിന്നെയൊരു പെന്‍ ഇവയ്ക്ക് ലോകം മാറ്റിമറിയ്ക്കാന്‍ സാധിക്കും'- യൂസഫ്‌സായ്
മലാല

വരും തലമുറയിലൂടെ വായനയുടെ ശക്തി സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന പണിക്കര്‍ സറിന്റെ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ 1996 മുതല്‍ ജൂണ്‍ 19 വായനാദിനമായും 19 മുതല്‍ 25 വരെ വായനാവാരവുമായി ആഘോഷിക്കുന്നത്.

'ഞാന്‍ ഇതുവരെ വായിക്കാത്ത പുസ്തകങ്ങള്‍ തരുന്ന ആളാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്'- എബ്രഹാം ലിങ്കണ്‍

വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ചാണ് വായനാചാര്യന്‍ കേരളത്തിന്റെ ആദ്യ ഗ്രന്ഥശാലയായ 'സനാതനധര്‍മ്മ' വായനശാലയ്ക്ക് തുടക്കം കുറിക്കുന്നത്. വളര്‍ന്നു വരുന്ന കുട്ടികളോട് സ്‌നേഹത്തോടെ ആഹ്വാനം ചെയ്തതും വായിച്ചു വളരാനാണ്. അദേഹം തുടക്കമിട്ട സനാതനധര്‍മ്മ വായനശാലയാണ് പിന്നീട് കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറ പാകിയത്.

'നമ്മുടെ പക്കലുള്ള ഉദ്യാനമാണ് പുസ്തകശാല'

ഒറ്റപ്പെട്ടും പരസ്പര ബന്ധമില്ലാത്തവയായി കിടന്നിരുന്ന വായനശാലകളെ കോര്‍ത്തിണക്കി അക്ഷരക്കുടക്കീഴിലാക്കി ഒരു സാമൂഹ്യ പ്രസ്ഥാനമാക്കി മാറ്റിയതിനു പിന്നിലും പണിക്കര്‍ സര്‍ വഹിച്ചത് വലിയ പങ്കായിരുന്നു.

'മനസിന്റെ മരുന്നുശാലയാണ് വായനശാല'

വായനയുടെ ലോകം സാധ്യമാക്കണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ അക്ഷരാചാര്യന്‍ ആഗ്രഹിച്ചിരുന്നു. പിഎന്‍ പണിക്കര്‍ എന്ന വായനയുടെ വളര്‍ത്തച്ഛന്‍ കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്.

'മനസിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന കലയാണ് വായന'-കാഫ്ക

വായിക്കുക എളുപ്പമാണ് എന്നാല്‍ വായിപ്പിക്കുക എന്ന ദുഷ്‌കര ദൗത്യം ഏറ്റെടുത്ത് അതിലൂടെ അത്ഭുത മാറ്റങ്ങള്‍ സൃഷ്ടിച്ച പോരാളിയെന്ന വിശേഷണവും മലയാളി ചാര്‍ത്തി നല്‍കി. പി.എന്‍ പണിക്കര്‍ ചിന്നിച്ചിതറിയ നാടിനെ അക്ഷരപാതയില്‍ കൂട്ടിയിണക്കുകയും നാടിനെ മാറ്റാന്‍ ഗ്രന്ഥശാലകള്‍ അക്ഷരപഠന കേന്ദ്രങ്ങളാക്കുകയും ചെയ്തു. സമൂഹത്തിനും, സാംസ്‌കാരിക ഉന്നമനത്തിനുമായി വിയര്‍പ്പൊഴുക്കിയ ഈ ആദര്‍ശശാലിയുടെ ലളിത ജീവിതത്തിലൂടെ മലയാളത്തിന്റെ അക്ഷരചരിത്രം സമ്പന്നമാണ്. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വിളയും- കുഞ്ഞുണ്ണിമാഷ്

പി.എന്‍ പണിക്കരുടെ ആദര്‍ശ ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തി സാംസ്‌കാരിക മുന്നേറ്റത്തിന് ഈ തലമുറയേയുംഏ വരും തലമുറയേയും സജ്ജരാക്കാന്‍ വെള്ളപ്രതലത്തിലെ അക്ഷരക്കൂട്ടുകള്‍ നമ്മുക്ക് പടവാളാക്കാം.
അക്ഷരാചാര്യനു മലയാളത്തിന്റെ പ്രണാമം...!

Ads by Google
നീതു വര്‍ഗീസ്
Friday 16 Jun 2017 07.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW