Tuesday, July 25, 2017 Last Updated 5 Min 8 Sec ago English Edition
Todays E paper
Friday 16 Jun 2017 09.43 AM

ആ യുവതി ജീവിതത്തെ പ്രണയിക്കുകയായിരുന്നു...

uploads/news/2017/06/118886/weeklypenma160617.jpg

കാന്‍സര്‍ബാധിതയായ ആ യുവതിക്ക് മുപ്പത്തിയൊന്ന് വയസ്സുണ്ടായിരുന്നു. കൃത്രിമമുടി വച്ചുകൊടുക്കുന്നതിന്റെ ഭാഗമായി അളവെടുക്കാനാണ് കോട്ടയത്തെ അവരുടെ വീട്ടിലേക്കു ചെന്നത്.

തിരിച്ചുപോരാന്‍ നേരം, അവരോട് കുടുംബത്തെക്കുറിച്ചു ചോദിച്ചു. പെട്ടെന്നാണ് ആ മുഖം വല്ലാതായത്. പോകാനിറങ്ങിയ എന്നെ അടുത്ത് പിടിച്ചിരുത്തിയശേഷം അവര്‍ സ്വന്തം കുടുംബത്തെക്കുറിച്ചു പറഞ്ഞു.

ഭര്‍ത്താവുമൊത്ത് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു അവര്‍. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ല. അതു മാത്രമായിരുന്നു ദുഃഖം. പെട്ടെന്നായിരുന്നു അവര്‍ക്ക് അസുഖം വന്നത്.

ആശുപത്രിയിലേക്ക് ഒപ്പം പോയതും ഭര്‍ത്താവാണ്. ഒരുപാട് ടെസ്റ്റുകള്‍ നടത്തിയതിനുശേഷം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു-കാന്‍സറാണ്. തുടക്കമായതിനാല്‍ ചികിത്സിച്ചു ഭേദമാക്കാം.

ഇതറിഞ്ഞപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. അവരെ അടുത്തിരുത്തി നല്ല വാക്കുകള്‍ പറഞ്ഞ് ഭര്‍ത്താവ് സമാധാനിപ്പിച്ചു.
''ഒട്ടും പേടിക്കേണ്ട. നിന്റെ കൂടെ നിഴല്‍പോലെ ഞാനുണ്ടാവും.''

ഭര്‍ത്താവിന്റെ വാക്കുകളായിരുന്നു അവര്‍ക്ക് ധൈര്യം പകര്‍ന്നത്. അദ്ദേഹം പറയുന്ന ഓരോ വാക്കിലും സാന്ത്വനവും സ്‌നേഹവുമുണ്ടായിരുന്നു. വീട്ടിലെത്തിയ ദിവസം വൈകുന്നേരം ഭര്‍ത്താവ് പറഞ്ഞു.

''നിന്റെ മനസ് വല്ലാതെ അസ്വസ്ഥമാണ്. ഈ സമയത്ത് നിനക്കാവശ്യം ശാന്തമായ അന്തരീക്ഷമാണ്. അതിനാല്‍ കുറച്ചുദിവസം നീ നിന്റെ വീട്ടില്‍ പോയി താമസിക്ക്.''ഭര്‍ത്താവ് പറഞ്ഞത് ശരിയാണെന്ന് അവര്‍ക്കും തോന്നി.

പിറ്റേ ദിവസം സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തു. വീട്ടില്‍ കൊണ്ടുവിടാന്‍ വന്നത് ഭര്‍ത്താവാണ്. അന്നയാള്‍ പതിവിലധികം സന്തോഷവാനായിരുന്നു. വീട്ടിലെത്തി വിശ്രമിച്ചശേഷം ഇറങ്ങാന്‍ തുടങ്ങവെ, ഭര്‍ത്താവ് അവരെ അടുത്തേക്കുവിളിച്ചു.

''ഇനിയുള്ള കാലം നീ ഇവിടെ കഴിയുന്നതാണ് നല്ലത്. നിന്നെ നോക്കാന്‍ എനിക്കു കഴിയില്ല. ചികിത്സിക്കാനുള്ള പണം പോലും കൈയിലില്ല.''

അന്ന് നടന്നത് വലിയൊരു ചതിയായിരുന്നുവെന്ന് എന്നോട് പറയുമ്പോള്‍, അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാനും വല്ലാതായി. ഒരുപാടുനേരം ആശ്വസിപ്പിച്ചശേഷമാണ് അവിടെനിന്നിറങ്ങിയത്. പിന്നീട് ഇടയ്‌ക്കൊക്കെ അവര്‍ വിളിക്കുമായിരുന്നു.

ഓരോ തവണയും ധൈര്യം പകര്‍ന്നുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. പിന്നീട് പതുക്കെപ്പതുക്കെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇല്ലാതായി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ആ യുവതി വീണ്ടുമെന്നെ വിളിച്ചു.

''മാഡം, എനിക്കൊന്നു കാണണമായിരുന്നു.''
വരാമെന്ന് പറഞ്ഞു.

''മുമ്പ് വന്ന വീട്ടിലല്ല, ഭര്‍ത്താവിന്റെ വീട്ടിലാണ് ഞാനിപ്പോള്‍.''
എന്നുപറഞ്ഞുകൊണ്ട് വഴി പറഞ്ഞുതന്നു. അപ്പോഴാണ് ഞാന്‍ അത്ഭുതപ്പെട്ടുപോയത്. ഭര്‍ത്താവ് ഉപേക്ഷിച്ച കാര്യം സൂചിപ്പിച്ചപ്പോള്‍ അതൊക്കെ നേരില്‍ പറയാമെന്നായിരുന്നു മറുപടി.

രണ്ടുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവര്‍ സന്തോഷത്തോടെ സ്വീകരിച്ചു. എന്റെ മുഖത്തെ ഉത്കണ്ഠ കണ്ടതുകൊണ്ടാവാം, അവര്‍ പിന്നീട് സംഭവിച്ചകാര്യം പ
റഞ്ഞു.

''കീമോയും റേഡിയേഷനും കഴിഞ്ഞതോടെ ഞാന്‍ ക്ഷമിക്കാന്‍ പഠിക്കുകയായിരുന്നു. ഒന്നേകാല്‍ വര്‍ഷത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാന്‍സറിനെ പൂര്‍ണ്ണമായും കീഴടക്കിയെന്ന് ഡോക്ടര്‍ വിധിയെഴുതിയതിന്റെ പിറ്റേ ദിവസം കൈയിലൊരു ബാഗുമായി നേരെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കയറിച്ചെന്നു. എന്നെക്കണ്ടതും ഞെട്ടിപ്പോയി, അദ്ദേഹം.

എനിക്കിപ്പോള്‍ ഒരസുഖവുമില്ല. ഇനിയും നിങ്ങളുടെ ഭാര്യയായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒന്നും പറയാതെ ആ മനുഷ്യന്‍ എന്റെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി.

അന്നു മുതല്‍ ഞാനിവിടെയാ. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സമാധാനത്തോടെ ജീവിക്കുന്നു.''
ഇത്തവണ കണ്ണുകള്‍ നിറഞ്ഞത് എന്റേതാണ്. ആ സ്ത്രീയെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനം തോന്നി. ജീവിതത്തോട് അത്രയും പ്രണയമുണ്ടായിരുന്നു, അവര്‍ക്ക്.

തയ്യാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google
TRENDING NOW