Sunday, August 13, 2017 Last Updated 0 Min 6 Sec ago English Edition
Todays E paper

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Friday 16 Jun 2017 12.43 AM

ബാഹുബലിയും 1,000 കോടി സിനിമയും അടൂരിനു വേണ്ടാത്തതിനു പിന്നില്‍...

uploads/news/2017/06/118671/2.jpg

നമ്മുടെ സംസ്‌ക്കാരവും ചിന്താധാരകളും സഹിഷ്‌ണുതയുടെ പ്രാധാന്യം പഠിപ്പിക്കുകയും എടുത്തുപറയുകയും ചെയ്യുന്ന ഒന്നാണ്‌. ഭരണഘടന സഹിഷ്‌ണുത പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. രാഷ്‌ട്രീയത്തില്‍ മാത്രമല്ല സഹിഷ്‌ണുതയില്ലായ്‌മ പ്രകടമാകുന്നത്‌. കലയിലും കായികരംഗത്തുമെല്ലാം അസ്വസ്‌ഥത പടരുന്നു. എസ്‌.എസ്‌. രാജമൗലിയുടെ ബാഹുബലിയെക്കുറിച്ചും മുതല്‍മുടക്കേറിയ സിനിമകളെക്കുറിച്ചും വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ തുടരുന്ന വിമര്‍ശനം മറ്റൊരുതരം അസഹിഷ്‌ണുതയല്ലാതെ എന്ത്‌?
ഇന്ത്യന്‍ സിനിമയ്‌ക്കു പുതിയ കാഴ്‌ചകള്‍ സമ്മാനിച്ച ബാഹുബലിക്കുവേണ്ടി പത്തു രൂപപോലും ചെലവഴിക്കില്ല എന്ന അടൂരിന്റെ വാക്കുകള്‍ എങ്ങനെയാണ്‌ സ്വാഗതം ചെയ്യാന്‍ കഴിയുക?. സിനിമ കാണാതെ, പഴയ തെലുങ്ക്‌ ഫാന്റസി സിനിമ പാതാളഭൈരവിയോടാണു ബാഹുബലിയെ അടൂര്‍ ഉപമിച്ചത്‌. ഇത്തരം സിനിമകള്‍ നാടിനെ സാംസ്‌ക്കാരികമായി അധപ്പതിപ്പിക്കുമെന്നും അടൂര്‍ പറഞ്ഞു. "സി.ഐ.ഡി. മൂസ" മതിമറന്ന്‌ ആസ്വദിക്കുകയും നടന്‍ ദിലീപിന്റെ ഏറ്റവും മികച്ച ചിത്രമായും വിശേഷിപ്പിച്ചിട്ടുള്ള അടൂരിനെ ബാഹുബലി ഇത്രമാത്രം അരിശംപിടിപ്പിക്കാനുള്ള കാരണം ഇനിയും വ്യക്‌തമല്ല.
സാഹിത്യം ഒരു ഉപഭോഗവസ്‌തു ആണെങ്കില്‍ അതിന്‌ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യക്കാരാണു ലോകത്ത്‌ ഒരു ദിവസം ഏറ്റവും കൂടുതല്‍ വായിക്കുന്നതും. അതുകൊണ്ടാണ്‌ ഇത്രയധികം നോവലുകളും കഥകളും ഇവിടെ വിറ്റഴിക്കപ്പെടുന്നതും സാഹിത്യോത്സവങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നതും. മിക്ക സംസ്‌ഥാനങ്ങളിലും എല്ലാവര്‍ഷവും പതിവായി സാഹിത്യോത്സവങ്ങള്‍ നടക്കാറുണ്ട്‌. കേരള സാഹിത്യോത്സവം, കൊച്ചി അന്താരാഷ്‌ട്ര പുസ്‌തകോത്സവം തുടങ്ങിയവ ഉദാഹരണങ്ങള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ മഹാരാഷ്‌ട്രയില്‍ നടന്ന ഗേറ്റ്‌വേ ലിറ്റ്‌ഫെസ്‌റ്റിലേക്ക്‌ അടൂരിനേയും ക്ഷണിച്ചിരുന്നു. അവിടെവച്ചാണ്‌ അടൂര്‍ ഒരു ദേശീയ വേദിയില്‍ ആദ്യമായി ബാഹുബലി സിനിമയെ വിമര്‍ശിച്ചത്‌. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ്‌ അല്ല എന്ന വിഷയത്തില്‍ അടൂരിന്റെ അധ്യക്ഷതയില്‍ നടന്‍ സുബോധ്‌ ഭാവെ, സംവിധായകരായ അഞ്‌ജലി മേനോന്‍, വസന്തബാലന്‍, ബിജോയ്‌ നമ്പ്യാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയ്‌ക്കിടെയായിരുന്നു വിമര്‍ശനം. ബാഹുബലി സിനിമയ്‌ക്കു ദേശീയ അവാര്‍ഡ്‌ നല്‍കിയതിനോട്‌ അടൂരിനു യോജിക്കാനായില്ല. ബാഹുബലിക്ക്‌ അവാര്‍ഡ്‌ നല്‍കിയതില്‍ അടൂര്‍ ചര്‍ച്ചയ്‌ക്കിടെ ഞെട്ടല്‍ പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള അവാര്‍ഡ്‌ ദാനം മോശം സന്ദേശമാണ്‌ നല്‍കുന്നതെന്നു വിശദീകരിച്ചു. അടൂരിന്റെ വീക്ഷണം പിന്നീട്‌ വാര്‍ത്തയായി. ബാഹുബലി രണ്ടാം ഭാഗവും, സിനിമ കാണാതെ അടൂര്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ സിനിമാലോകം ഇതുവരെ അടൂരിന്റെ വാക്കുകളെ ഗൗരവമായി എടുക്കുകയുണ്ടായില്ല. സിനിമാപ്രവര്‍ത്തകനെന്ന നിലയില്‍ പദ്‌മവിഭൂഷണും അഞ്ചു തവണ മികച്ച സംവിധായകനുമുള്ള ദേശീയ പുരസ്‌കാരവും നേടിയ വ്യക്‌തിയുടെ, സിനിമയെക്കുറിച്ചും ദേശീയ അവാര്‍ഡിനെക്കുറിച്ചുമുള്ള വാക്കുകള്‍ കേവലം വാക്‌പ്പോരില്‍ ഒതുങ്ങിപ്പോകുന്നതിന്റെ കാരണം ഒന്നു ചിന്തിച്ചാല്‍ അടൂരിനു തന്നെ മനസിലാകും.
കലാപ്രവര്‍ത്തനത്തിന്റെ അതിരുകളില്ലാത്ത സാമ്രാജ്യത്തെക്കുറിച്ച്‌, സിനിമയുടെ സാധ്യതകളെക്കുറിച്ചു ബോധ്യമുണ്ടെന്നു നമ്മള്‍ ധരിക്കുന്ന ഒരാള്‍ സങ്കുചിതമായി വിഷയത്തെ സമീപിച്ചതിന്റെ അപകടമാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ കിട്ടാതെപോയ അംഗീകാരത്തിനു കാരണം. ഒരു സിനിമയെക്കുറിച്ചും അതിന്‌ അവാര്‍ഡ്‌ നല്‍കിയതിനെക്കുറിച്ചും വ്യത്യസ്‌ത അഭിപ്രായം പറയുന്നത്‌ ഒരിക്കലും തെറ്റല്ല. എന്നാല്‍, തനിക്കു ഇഷ്‌ടമില്ല, അതുകൊണ്ടു വിമര്‍ശിക്കുന്നു എന്ന ഭാവത്തില്‍ കണ്‍സ്‌ട്രക്‌ടീവ്‌ ക്രിട്ടിസിസത്തിന്റെ (ക്രിയാത്മക വിമര്‍ശനം) അംശമില്ലാത്ത അടൂരിന്റെ വിലയിരുത്തലാണ്‌ അവഗണിക്കപ്പെട്ടത്‌.
സിനിമ ഒരു വ്യവസായം കൂടിയാണ്‌. അതുകൊണ്ടുതന്നെ സിനിമയെ കലാപരമായിമാത്രമല്ല കച്ചവടപരമായും സമീപിക്കേണ്ടതുണ്ട്‌. അടൂര്‍ അങ്ങനെ ചെയ്യണമെന്നല്ല. എന്നാല്‍, സിനിമയെ പൂര്‍ണമായും സ്‌നേഹിക്കുന്നവര്‍ക്ക്‌ അങ്ങനെ വേണ്ടിവരും. കലാപരമായി പുതിയ ചിന്തകള്‍ക്കും വമ്പന്‍ കച്ചവട സാധ്യതയ്‌ക്കും ബാഹുബലി വഴിതുറന്നിട്ട കാര്യം വ്യക്‌തമാണ്‌. വരാപ്പുഴയില്‍ ശ്രീദുര്‍ഗ എന്നൊരു തീയറ്റര്‍ ഉണ്ടായിരുന്നു. സിനിമ കാണാന്‍ ആളില്ലാതെ കേരളത്തില്‍ അടച്ചുപൂട്ടപ്പെട്ട അനേകം തീയറ്ററുകളില്‍ ഒന്ന്‌. അവിടെ അടൂരിന്റെ സിനിമ ഏതെങ്കിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ തീയറ്റര്‍ പൂട്ടാന്‍ തീരുമാനിച്ചശേഷം അവസാനം പ്രദര്‍ശിപ്പിച്ച ചിത്രം, ബാഹുബലി, ഹൗസ്‌ ഫുള്ളായാണ്‌ ഓടിയത്‌. ഒടിഞ്ഞുതൂങ്ങിയ കസേരയിലിരുന്നും ജനം സിനിമ കണ്ടു. ബാഹുബലി, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രസക്‌തി അതാണ്‌. തീയറ്ററുകള്‍ നിറയ്‌ക്കാന്‍, സിനിമയ്‌ക്കു ജീവശ്വാസം നിലനിര്‍ത്തുന്നതില്‍ ഇത്തരം ചിത്രങ്ങളുടെ പങ്ക്‌ മനസിലാകാന്‍ സിനിമാ പ്രവര്‍ത്തകന്‍ ആകണമെന്നില്ല. തീയറ്ററുകള്‍ക്ക്‌ മുന്നിലൂടെ പോകുമ്പോള്‍ അകത്തേക്ക്‌ പാളിനോക്കിയാലും മതി. വിജയിക്കുന്ന ചിത്രങ്ങളുടെ സിഡിപോലും 1,000 കോപ്പി വില്‍ക്കാന്‍ പ്രയാസപ്പെടുന്നിടത്താണു പുലിമുരുകന്റെ 8,000 കോപ്പി വിറ്റുപോയതായി കോട്ടയത്തെ വിതരണക്കാര്‍ സന്തോഷത്തോടെ പറഞ്ഞത്‌.
10 കോടി രൂപയുണ്ടെങ്കില്‍ 10 സിനിമ ചെയ്യാമെന്ന്‌ അടൂര്‍ പറയുകയുണ്ടായി. പത്ത്‌ കോടി രൂപയ്‌ക്ക്‌ ബാഹുബലി നിര്‍മിക്കാനാകില്ല. 44 വയസും പത്തിലേറെ സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുമുള്ള രാജമൗലിയുടെ സിനിമ നിറഞ്ഞ്‌ ഓടിയ തീയറ്ററുകളില്‍ പിന്നീട്‌ ആളെ നിറച്ചത്‌ 10 കോടിയില്‍ താഴെ മുതല്‍മുടക്കുള്ള 27 വയസും തന്റെ രണ്ടാം ചിത്രവുമായെത്തിയ യുവസംവിധായകന്‍ ബേസില്‍ ജോസഫിന്റെ ഗോദയാണ്‌. ഗോദയെക്കാള്‍ നിര്‍മാണച്ചെലവും പരിചയ സമ്പന്നരുടേതുമായ ചിത്രങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. ബജറ്റും താരപ്പകിട്ടും അടിസ്‌ഥാനമാക്കിയുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുമെങ്കിലും തീയറ്റര്‍ വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം ചിത്രത്തിനു നേടിയെടുക്കാന്‍ കഴിയുന്ന ജനപ്രീതിയാണ്‌. തന്റെ ചിത്രം ലക്ഷ്യമിടുന്നത്‌ എന്തെന്നു നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യവും അതനുസരിച്ചുള്ള നിര്‍മാണത്തിനും ഓരോ ചലച്ചിത്ര പ്രവര്‍ത്തകനും അവകാശമുണ്ട്‌. അതനുവദിക്കാതെയുള്ള വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവജ്‌ഞയോടെ ജനം തിരസ്‌ക്കരിക്കും.
ബാഹുബലിയുടെ വിജയത്തിനു തൊട്ടുപിന്നാലെയാണ്‌1000 കോടി ബജറ്റില്‍ മോഹന്‍ലാല്‍ നായകനായ മഹാഭാരതം/രണ്ടാമൂഴം പ്രഖ്യാപിച്ചത്‌. അതിനോടും അടൂരിനു യോജിപ്പില്ല. കടലാസില്‍ മാത്രം കിടക്കുന്ന പദ്ധതിക്കെതിരേ അതിശക്‌ത രാഷ്‌ട്രീയ എതിര്‍പ്പുണ്ട്‌. അസഹിഷ്‌ണുതയോടെയുള്ള അത്തരം എതിര്‍പ്പും അടൂരിന്റെ വിമര്‍ശനവും തമ്മില്‍ എന്തു വ്യത്യാസം?. ആവേശത്തോടെ കാത്തിരിക്കുന്നതിനു പകരം എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്നവര്‍ എങ്ങനെയാണ്‌ കലയേയും കാലത്തേയും മുന്നോട്ടു നയിക്കുന്നവരാണെന്നു പറയാന്‍ കഴിയുക?.
നിലപാട്‌ പച്ചയ്‌ക്കു പറയുന്നു എന്ന ഭാവത്തില്‍ സ്വന്തം രാഷ്‌ട്രീയം പ്രകടിപ്പിക്കുന്നതിലൂടെ മറ്റുള്ളവരുടെ വികാരങ്ങളെ ധ്വംസിക്കുന്ന ആവിഷ്‌ക്കാരങ്ങളേയും സ്വീകരിക്കേണ്ടതില്ല. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെതിരേ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടേയില്ല. എന്നാല്‍, നോട്ട്‌ പിന്‍വലിക്കലിന്റെ പശ്‌ചാത്തലത്തില്‍ എം.ടി ചില രാഷ്‌ട്രീയ നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. അതിനോട്‌ എതിര്‍പ്പുള്ളവര്‍ സിനിമയോട്‌ എതിര്‍പ്പുകാട്ടുകയും എം.ടിക്കു കൈയടിച്ചവര്‍ സിനിമയ്‌ക്കുവേണ്ടി വാദിക്കുയും ചെയ്യുന്ന രാഷ്‌ട്രീയമാണ്‌ നിലവിലുള്ളത്‌. സിനിമ കണ്ടതിനുശേഷം മാത്രം സംഭവിക്കേണ്ട കൈയടിയും കൂക്കുവിളിയും അതിമുമ്പേ സംഭവിക്കുന്നത്‌ ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷമല്ല നമ്മുടേതെന്ന്‌ അടിവരയിടുന്നു. അടൂര്‍ സമീപനത്തില്‍ പുലര്‍ത്തിയ അസഹിഷ്‌ണുത ചിലര്‍ രാഷ്‌ട്രീയ പരമായി പുലര്‍ത്തുന്നു. രണ്ടും പക്വതയോ രാജ്യത്തിനു നല്ലതോ അല്ല.

രാജേഷ്‌ മുളക്കുളം

Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Friday 16 Jun 2017 12.43 AM
YOU MAY BE INTERESTED
TRENDING NOW