Thursday, May 31, 2018 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jun 2017 04.11 PM

കുട്ടികള്‍ക്കും വേണം കരുതല്‍

uploads/news/2017/06/118637/kidscringtips150617a.jpg

കുട്ടികളില്‍ ചര്‍മ്മത്തെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കാരണം കുട്ടികളുടെ ചര്‍മ്മം കട്ടികുറഞ്ഞാണിരിക്കുന്നത്. മാത്രമല്ല വിയര്‍പ്പുഗ്രന്ഥികള്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ചിട്ടുമുണ്ടാകില്ല. കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ചര്‍മ്മരോഗങ്ങള്‍.

സ്‌കാബീസ്


ചൊറിച്ചിലാണ് ഈ സാംക്രമിക രോഗത്തിന്റെ പ്രധാന ലക്ഷണം. വയറിലും കക്ഷത്തിലും കൈവിരലുകള്‍ക്കിടയിലും ചൊറിച്ചിലോടു കൂടിയ തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു.

ആണ്‍കുട്ടികളില്‍ ലിംഗത്തിലും ഇത് കാണപ്പെടാറുണ്ട്. ചൊറിഞ്ഞുപൊട്ടുന്ന ഭാഗങ്ങള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനംമൂലം പഴുക്കുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ഈ രോഗം വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്.

വെളുത്ത പാടുകള്‍


വരണ്ട തൊലിയുള്ളവരില്‍ കണ്ടുവരുന്ന ഒന്നാണ് മുഖത്തെ വെളുത്ത പാടുകള്‍. വരണ്ട കാലാവസ്ഥയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തൊലിയില്‍ കാണപ്പെടുന്ന ചെറിയ വെളുത്ത വരകളാണ് ലക്ഷണം. സോപ്പ്, പൗഡര്‍ ഇവയുടെ ഉപയോഗം കുറച്ച് എണ്ണമയമുള്ള ലേപനങ്ങള്‍ പുരട്ടുന്നതിലൂടെ ഈ രോഗം അകറ്റിനിര്‍ത്താവുന്നതാണ്.

ഇംപെറ്റിഗോ


ഇംപെറ്റിഗോ അഥവാ പഴുപ്പുരോഗം തുടക്കത്തില്‍ ചുവന്ന തടിപ്പായും പിന്നീട് പഴുപ്പുനിറഞ്ഞ കുമിളയായും പൊറ്റനായും കാണപ്പെടുന്നു. ബാക്ടീരിയയാണ് രോഗകാരണം. രോഗം ബാധിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.

ചിലപ്പോള്‍ സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയുടെ ഫലമായോ ഈ രോഗം വൃക്കകളെ ബാധിക്കാം. ചൊറിച്ചിലിനൊപ്പം കണ്ണിനു ചുറ്റും കാലിലും നീരുവരുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് ചുവപ്പുനിറം എന്നീ ലക്ഷണങ്ങള്‍ കാണാന്‍ രോഗം വൃക്കയെ ബാധിച്ചുവെന്നു കരുതാം. ഇത്തരം അവസ്ഥയില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ചികിത്‌സിക്കേണ്ടിവന്നേക്കാം.

മൊരി


ശരീരം ഉണങ്ങിവരണ്ടിരിക്കുന്ന അവസ്ഥയാണിത്. കൈയിലും കാല്‍മുട്ടിനു താഴെയുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പാരമ്പര്യം ഇതിനു ഒരു കാരണമാണ്.

മൊരി ബാധിച്ച ത്വക്കിന് വെള്ളം തടഞ്ഞു നിര്‍ത്താനുള്ള കഴിവ് ഇല്ലാത്തതാണ് മഞ്ഞുകാലത്ത് ഈ ഭാഗം വരണ്ടുപൊട്ടുന്നതിനു കാരണം. മൊരിയുള്ള കുട്ടികള്‍ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കുളിച്ചശേഷം എണ്ണമയമുള്ള ലേപനങ്ങള്‍ പുരട്ടുന്നത് തൊലി വരളാതിരിക്കാന്‍ സഹായിക്കും.

ഡയപര്‍ ഡെര്‍മറ്റെറ്റിസ്


ഇന്ന് വളരെയധികം കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രശ്‌നമാണിത്.് പ്രത്യേകിച്ചും ഡയപറിന്റെ അമിത ഉപയോഗംമൂലം. അരഭാവവും പുഷ്ഠഭാഗവും ചുവന്നു തടിച്ചു വെള്ളം ഒലിക്കുന്നതാണ് രോഗലക്ഷണം.

വായു സഞ്ചാരം കുറഞ്ഞ ഡയപറുകളും സോപ്പിന്റെ അമിത ഉപയോഗവും രോഗത്തിന്റെ കാരണങ്ങളാണ്. കുട്ടി മലമൂത്ര വിസര്‍ജനം ചെയ്ത തുണി ഉടനെ മാറ്റാത്തതും ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിനു കാരണമാകാം. രോഗതീവ്രത കൂടുമ്പോള്‍ മലദ്വാരത്തിലും ലിംഗത്തിനു ചുറ്റും വേദനയോടുകൂടിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം.

കുഞ്ഞിന്റെ ശരീരത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, വായു സഞ്ചാരമില്ലാത്ത ഡയപറുകളുടെ ഉപയോഗം കുറയ്ക്കുക ഇവയാണ് മുന്‍കരുതലുകള്‍. ചെറു ചൂടുവെള്ളത്തില്‍ തടിപ്പുകള്‍ കാണപ്പെടുന്ന ഭാഗം കഴുകി വൃത്തിയാക്കിയശേഷം ഒലിവെണ്ണപോലുള്ളവ പുരട്ടാവുന്നതാണ്.

എക്‌സിമ


സഹിക്കാന്‍ കഴിയാത്ത ചൊറിച്ചിലാണ് എക്‌സിമയുടെ വകഭേദമായ അട്രോപിക് എക്‌സിമയുടെ ലക്ഷണം. തൊലി ചൊറിഞ്ഞ് ചുമന്ന് തടിച്ച് വെള്ളം ഒലിക്കുന്നു. ആസ്ത്മ പാരമ്പര്യമായുള്ള കുടുംബങ്ങളിലെ കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

മൂന്നു വയസുവരെയുള്ള കുട്ടികളില്‍ മുഖത്തും കാലിലുമാണ് ലക്ഷണങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. എന്നാല്‍ നാലു വയസിനു മുകളിലുള്ള കുട്ടികളില്‍ രോഗം കൈകാല്‍ മടക്കുകളില്‍ മാത്രമാണ് കാണപ്പെടുന്നത്.

നഖം വളരാന്‍ അനുവദിക്കാതിരിക്കുകയെന്നതാണ് ശ്രദ്ധേിക്കേണ്ട പ്രധാന കാര്യം. നഖത്തില്‍ കെരാറ്റിന്‍ എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നതിനാല്‍ നഖം ഉപയോഗിച്ച് ചൊറിയുന്ന ഭാഗങ്ങളില്‍ അണുബാധ ഉണ്ടാകുന്നു. ധരിക്കാന്‍ സുഖകരമായ പരുത്തിവസ്ത്രങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

മറ്റു ചര്‍മ്മരോഗങ്ങള്‍


ഏഴു വയസിനു താഴെയുള്ള കുട്ടികളിലും വിദേശത്തു ജനിച്ചുവളര്‍ന്ന കുട്ടികളിലും കൊതുകു കടിച്ചാല്‍ ഉടന്‍ ശരീരത്തു ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൊതുകിന്റെ ഉമിനീരിന്റെ അലര്‍ജിയാണിത്.

ചെറിയ കുട്ടികളില്‍ ഇത് ചൊറിഞ്ഞ് പൊട്ടാം. എന്നാല്‍ ഏഴു വയസാകുന്നതോടെ കുട്ടിക്ക് കൊതുകിന്റെ ഉമിനീരിനോട് പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കുന്നു.

അതിനാല്‍ കൊതുക് കടിച്ചാലും ചുവന്ന പാടുകള്‍ ശരീരത്തുനിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. കൊതുകുകടി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

കടപ്പാട്:
കളര്‍ അറ്റ്‌ലസ് ആന്റ്
സിനോപ്‌സിസ് ഓഫ്
പീഡിയാട്രിക്, ഡര്‍മറ്റോളജി

Ads by Google
Ads by Google
Loading...
TRENDING NOW