Sunday, May 20, 2018 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jun 2017 12.52 AM

ഭാര്‍ഗവിക്കുട്ടി, നമ്മുടെ ആദ്യത്തെ പ്രേതസുന്ദരി !

uploads/news/2017/06/118410/bft2.jpg

ഒരു വാടകവീട്‌ അന്വേഷിച്ചു നടന്ന സാഹിത്യകാരന്‌ ഒടുവില്‍ കിട്ടിയത്‌ പഴയ മാളികയായിരുന്നു. കാടുപിടിച്ച മുറ്റം. ചുറ്റും മരങ്ങള്‍. അടുത്തെങ്ങും ആരും താമസമില്ല. ശാന്തമായ അന്തരീക്ഷം. ഇഷ്‌ടംപോലെ കഥകളെഴുതാം! പാട്ടുകള്‍ കേള്‍ക്കാം! ചുമ്മാതെ ചാരുകസേരയില്‍ കിടക്കാം! അയാള്‍ പരിചയക്കാരില്‍നിന്ന്‌ പണം കടം വാങ്ങി അഡ്വാന്‍സ്‌ കൊടുത്തു. ഗ്രാമഫോണും പുസ്‌തകങ്ങളും ചാരുകസേര അടക്കമുള്ള വീട്ടുസാധനങ്ങളുമായി പുതിയ വീട്ടിലേക്ക്‌ മാറി. വീടാകെ അയാള്‍തന്നെ അടിച്ചുവാരി. കഴുകി വെള്ളം തളിച്ചു ശുദ്ധിവരുത്തി. വീട്ടുസാധനങ്ങള്‍ അടുക്കിവച്ചു. അപ്പോഴേക്കും വൈകുന്നേരമായി. താമസം തുടങ്ങിയ ആദ്യദിവസമല്ലേ? വീടുപൂട്ടി ഗമയില്‍ അയാള്‍ തെല്ലകലെയുള്ള ചായക്കടയിലേക്ക്‌ പോയി.
ചായക്കടക്കാരനുമായി ചങ്ങാത്തത്തിലായപ്പോഴാണ്‌ അയാള്‍ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്‌- താന്‍ അന്തിയുറങ്ങാന്‍ പോകുന്ന വീട്ടിലെ ഒരു പെണ്ണ്‌ പണ്ട്‌ കിണറ്റില്‍ച്ചാടി ചത്തിട്ടുണ്ടെന്ന്‌! പ്രേതബാധയുള്ള വീട്‌! ഒരുവിധം ചായകുടിച്ചെന്നു വരുത്തി അയാള്‍ കൂട്ടുകാര്‍ താമസിക്കുന്ന ലോഡ്‌ജിലേക്ക്‌ പോയി. മനസിന്റെ ഭാരമിറങ്ങണമെങ്കില്‍ ആരോടെങ്കിലും സംസാരിക്കണം! വിവരമറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു: 'മണ്ടത്തരമായിപ്പോയി! ആ കെട്ടിടത്തില്‍ പ്രേതബാധയുണ്ട്‌. പുരുഷന്മാരെയാണ്‌ അധികവും ഉപദ്രവിക്കുന്നത്‌. അവളുടെ പേര്‌ ഭാര്‍ഗവി എന്നായിരുന്നു. അവള്‍ ബി.എ. പാസായി. അതിനെല്ലാം മുമ്പ്‌ ഒരാളുമായി സ്‌നേഹത്തിലായിരുന്നു. വലിയ ലൗ. എന്നിട്ടും പുള്ളി വേറൊരുത്തിയെ കല്യാണം കഴിച്ചു.
അയാളുടെ വിവാഹത്തിന്റയന്നു രാത്രി ഭാര്‍ഗവി കിണറ്റില്‍ച്ചാടി മരിക്കുകയും ചെയ്‌തു! സാഹിത്യകാരന്‍ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട്‌ ധൈര്യം അഭിനയിച്ചുകൊണ്ടു പറഞ്ഞു: ''എന്റെ പേടി പോയി! അവള്‍ പെണ്ണല്ലേ? അതും സുന്ദരി!'' അയാള്‍ തിരികെ നടക്കുമ്പോള്‍ ഓര്‍ത്തു: ഭാര്‍ഗവിക്കുട്ടീ! പ്രേമം അനന്തമായ ജീവിതത്തിന്റെ പൊന്‍പുലരിയാണ്‌. മണ്ടിക്കഴുതയായ നിനക്ക്‌ ഒരു ചുക്കും അറിഞ്ഞുകൂടായിരുന്നു. നിന്നെ സ്‌നേഹിക്കാനും ആരാധിക്കാനും ആളുണ്ടാകുമായിരുന്നു! അയാള്‍ തിരികെ മാളികയില്‍ വന്നു. കതകുകളും ജനാലകളും തുറന്നു. എന്നിട്ട്‌ താഴെയിറങ്ങി കിണറിന്റെ അടുത്തുചെന്ന്‌ മെല്ലെ വിളിച്ചു: ''എന്റെ ഭാര്‍ഗവിക്കുട്ടീ!'' ആ വിളി ഇന്നും നമ്മുടെ മനസിന്റെ കോണില്‍ മുഴങ്ങുന്നു. മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങുന്ന രാവില്‍ ഹേമന്ദയാമിനിയുടെ പൊന്‍വിളക്കുപോലെ ആ മുഖം തെളിയുന്നു.
യുവസങ്കല്‍പങ്ങളുടെ പാതിരാക്കാറ്റില്‍ അവളുടെ പട്ടറുമാല്‍ ഇളകുന്നുണ്ട്‌. തളിര്‍മരമിളകി അവളുടെ തങ്കവള കിലുങ്ങുന്നുണ്ട്‌. മലയാളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത പ്രേതകഥയിലെ സുന്ദരിയായിരുന്നുവല്ലോ അവള്‍!. ബഷീറിന്റെ 'നീലവെളിച്ചം' എന്ന വിഖ്യാത കഥയിലെ നായിക! . മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, 'ഭാര്‍ഗവീനിലയം' എന്ന മലയാളത്തിലെ ആദ്യ 'ഹൊറര്‍' സിനിമയിലെ നായിക! ഉടമസ്‌ഥര്‍ തിരിഞ്ഞുനോക്കാതെകിടന്ന പഴയ വീടുകളെ 'ഭാഗവീനിലയം' എന്ന്‌ നമ്മള്‍ വിളിച്ചുതുടങ്ങിയത്‌ ഈ സിനിമയോടെയായിരുന്നു! ആളൊഴിഞ്ഞ മാളികയില്‍ കണ്ട 'നീലവെളിച്ച'മായിരുന്നു കഥയിലെ ക്ലൈമാക്‌സ്. ആ കഥ സിനിമയായപ്പോള്‍ ഭാര്‍ഗവിക്കുട്ടിയുടെ പ്രതികാരത്തിന്റെ ചരിതമായി.
സ്‌നേഹം, പ്രേമം എന്നീ വികാരങ്ങള്‍ക്ക്‌ കാമത്തിനപ്പുറം അര്‍ഥതലങ്ങളുണ്ടെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുകയാണ്‌ 'നീലവെളിച്ച'വും 'ഭാര്‍ഗവീനിലയ'വും. പുരുഷന്റെ ബാലിശമായ ആര്‍ത്തികള്‍ക്ക്‌ ഇരയാകാതെ മരണത്തിന്‌ സ്വയം സമര്‍പ്പിക്കുന്ന ഭാര്‍ഗവിക്കുട്ടിയെ ആരാണ്‌ സ്‌നേഹിക്കാതിരിക്കുക! നന്മയും സ്‌നേഹവും ഹൃദയത്തില്‍ സൂക്ഷിച്ച സാഹിത്യകാരനെ ഭാര്‍ഗവിക്കുട്ടിക്കൊപ്പം നമ്മളും ഇഷ്‌ടപ്പെട്ടുപോകും! മാളികയിലെ ആദ്യ പ്രഭാതം നോക്കി അയാള്‍ പറയുന്നതിങ്ങനെയാണ്‌: 'ഭാര്‍ഗവിക്കുട്ടീ! ഉപദ്രവിക്കാത്തതിന്‌ വളരെ നന്ദി! ഒന്നെനിക്കു മനസിലായി കേട്ടോ- ആളുകള്‍ ചുമ്മാ ഭാര്‍ഗവിക്കുട്ടിയെപ്പറ്റി അപവാദം പറയുകയാണ്‌! അവരങ്ങനെ പറഞ്ഞോട്ടെ- അല്ലേ?' അയാള്‍, രാത്രിയുടെ സ്വച്‌ഛതയില്‍ അവളെ ഗ്രാമഫോണ്‍ പാട്ടുകള്‍ കേള്‍പ്പിക്കും. പങ്കജ്‌ മല്ലിക്കിന്റെയും സൈഗാളിന്റെയുമൊക്കെ മധുരഗാനങ്ങള്‍! 'നീലവെളിച്ചം' എന്ന കഥ അവസാനിക്കുന്നത്‌ ഇങ്ങനെ: ''ഒരു രാത്രിയില്‍, വിളക്കിലെ മണ്ണെണ്ണ തീര്‍ന്നപ്പോള്‍ അയാള്‍ അകലെയുള്ള ലോഡ്‌ജിലെ കൂട്ടുകാരുടെയടുത്തു പോയി മണ്ണെണ്ണ വാങ്ങിവന്നു മുറി തുറന്നപ്പോഴായിരുന്നു ഒരത്ഭുതം കണ്ടത്‌.
വെള്ളച്ചുമരുകളും മുറിയും നീലവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്നു! വെളിച്ചം വിളക്കില്‍നിന്ന്‌.... രണ്ടിഞ്ചു നീളത്തില്‍ ഒരു നീലത്തിരിനാളം! മണ്ണെണ്ണയില്ലാതെ അണഞ്ഞുപോയ വിളക്ക്‌ എങ്ങനെ, ആരാല്‍ കൊളുത്തപ്പെട്ടു? നീ നീലവെളിച്ചം എവിടുന്നുണ്ടായി...'''പാവപ്പെട്ടവരുടെ വേശ്യ' എന്ന കഥാസമാഹാരത്തിലാണ്‌ 'നീലവെളിച്ചം' എന്ന കഥയുള്ളത്‌.
ഈ പുസ്‌തകം 1952ലാണ്‌ പുറത്തിറങ്ങിയത്‌. ഏതാണ്ട്‌ ഇതേ പ്രമേയമുള്ള മലയാറ്റൂരിന്റെ 'യക്ഷി' എന്ന നോവല്‍ 1967ല്‍. യക്ഷിയെ കാമുകിയായി സങ്കല്‍പിച്ച കോളജ്‌ ലക്‌ചററുടെ മനോവ്യാപാരങ്ങളാണ്‌ 'യക്ഷി'യായത്‌. 'യക്ഷി' സിനിമയും പ്രശസ്‌തമായി.
മലയാളത്തിലെ ആദ്യ 'ഹൊറര്‍' സിനിമയിലെ ആദ്യ പ്രേതസുന്ദരിയായിരുന്നു ഭാര്‍ഗവിക്കുട്ടി. മലയാളി പ്രേതസുന്ദരികള്‍ പാട്ടുപാടുകയും വെളുത്ത സാരിയുടുക്കുകയും ചെയ്‌തത്‌ ഭാര്‍ഗവിക്കുട്ടിക്കു ശേഷമായിരുന്നു! സാങ്കേതിക സൗകര്യങ്ങള്‍ ഇന്നത്തെയത്ര വളര്‍ന്നിട്ടില്ലാതിരുന്ന കാലത്ത്‌ മികച്ച പ്രേതസീനുകള്‍ ഒരുക്കി എന്നതായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
ഭാര്‍ഗവിക്കുട്ടിയുടെ കഥ എഴുതി അവളുടെ മരണത്തിന്റെ ദുരൂഹത സാഹിത്യകാരന്‍ വെളിച്ചത്തുകൊണ്ടുവരുന്നതോടെയാണ്‌ സിനിമ തീരുന്നത്‌. തിരക്കഥയും ബഷീറിന്റെയായിരുന്നു. 'നിലാവുനിറഞ്ഞ പെരുവഴിയില്‍', 'ഏകാന്തതയുടെ അപാരതീരം' എന്നീ കഥകളുടെ അംശങ്ങള്‍കൂടി ലയിപ്പിച്ചാണ്‌ 'ഭാര്‍ഗവീനിലയത്തി'ന്റെ തിരക്കഥ എഴുതിയതെന്ന്‌ കരുതണം. നിരൂപകനും നാടകകൃത്തുമായിരുന്ന സി.ജെ. തോമസിന്റെ ഒരു തിരക്കഥ കണ്ട്‌ മോഹിച്ചാണ്‌ 'ഭാഗവീനിലയ'ത്തിന്റെ തിരക്കഥയെഴുതാന്‍ ബഷീര്‍ തീരുമാനിച്ചതെന്നും അതല്ല, ചിത്രത്തിന്റെ അണിയറശില്‍പികള്‍ ബഷീറിനെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോയി എഴുതിച്ചതാണെന്നും കഥകളുണ്ട്‌.
ആദ്യം എഴുതിയ തിരക്കഥ തൃപ്‌തിവരാതെ ബഷീര്‍തന്നെ കത്തിച്ചുകളഞ്ഞതായി ശോഭനാ പരമേശ്വരന്‍നായര്‍ പറഞ്ഞിട്ടുണ്ട്‌. സിനിമയുടെ പേര്‌ 'നീലവെളിച്ചം' എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്‌.സംവിധായകന്‍ എ.വിന്‍സന്റ്‌ 'നീലവെളിച്ചം' എന്ന കഥ വായിച്ചിട്ടുമുണ്ടായിരുന്നു. ചന്ദ്രതാര പ്ര?ഡക്ഷന്‍സ്‌ ഉടമ ടി.കെ. പരീക്കുട്ടിയായിരുന്നു നിര്‍മാതാവ്‌. തെലുങ്കുനടി വിജയനിര്‍മല ഭാര്‍ഗവിക്കുട്ടിയായി. കാമുകന്‍ ശശികുമാറായത്‌ പ്രേംനസീര്‍. സാഹിത്യകാരനായി മധുവും അഭിനയിച്ചു.
പി.ജെ. ആന്റണി, അടൂര്‍ ഭാസി, പപ്പു എന്നിവരായിരുന്നു മറ്റു നടന്മാര്‍. കഥാപാത്രമായ 'കുതിരവട്ടം പപ്പു'വായി അഭിനയിച്ച പപ്പു, പിന്നീട്‌ കുതിരവട്ടം പപ്പു എന്ന പേരു സ്വീകരിച്ചു. 'ഭാര്‍ഗവീനിലയ'ത്തിന്റെ ചുവടുപിടിച്ച്‌ മലയാളത്തില്‍ ഇപ്പോഴും സിനിമകള്‍ വന്നുകൊണ്ടിരിക്കുന്നു. യക്ഷി, അഗ്നിവ്യൂഹം, യക്ഷഗാനം, വയനാടന്‍ തമ്പാന്‍, ലിസ, വീണ്ടും ലിസ, കരിമ്പൂച്ച, വീണ്ടും ഭാര്‍ഗവീനിലയം, ശ്രീകൃഷ്‌ണപ്പരുന്ത്‌, ആയൂഷ്‌ക്കാലം, ആകാശഗംഗ, വെള്ളിനക്ഷത്രം... എന്നിങ്ങനെ എത്രയെത്ര ചിത്രങ്ങള്‍! പി. ഭാസ്‌കരന്‍ എഴുതി ബാബുരാജ്‌ സംഗീതം നല്‍കിയ ഗാനങ്ങളാണ്‌ 'ഭാര്‍ഗവീനിലയ'ത്തിന്റെ പ്രശസ്‌തിക്ക്‌ മറ്റൊരു കാരണം.
ഏകാന്തതയുടെ അപാരതീരം, താമസമെന്തേവരുവാന്‍, പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു..., അറബിക്കടലൊരു മണവാളന്‍..., വാസന്തപഞ്ചമിനാളില്‍... എന്നീ പാട്ടുകളുടെ മാധുര്യം ഒരിക്കലും മായുകയില്ല. കേരളം പിറന്നതിനുശേഷമുള്ള ഏറ്റവും മനോഹര ഗാനമെന്നാണ്‌ 'താമസമെന്തേവരുവാന്‍' വിശേഷിപ്പിക്കപ്പെടുന്നത്‌. മദ്രാസിലെ രേവതി സ്‌റ്റുഡിയോയിലെ വലിയ ഹാളില്‍ വടക്കോട്ടുനോക്കിനിന്നാണ്‌ ഈ പാട്ടുപാടിയതെന്ന്‌ യേശുദാസ്‌ ഓര്‍മിക്കുന്നു. സാങ്കേതിക സംവിധാനങ്ങള്‍ ഇന്നത്തേതുപോലെയില്ലാതിരുന്നിട്ടും ഒരു ദിവസംകൊണ്ട്‌ പാട്ട്‌ റെക്കോഡ്‌ ചെയ്‌തു.

അടിക്കുറിപ്പ്‌:

'ഭാര്‍ഗവീനിലയ'ത്തിലെ ചതിയനായ കാമുകന്റെ റോള്‍ നസീറിന്‌ പുതിയ ഇമേജ്‌ നല്‍കി. ഈര്‍ക്കില്‍ മീശവച്ച കാമുകനായി അഭിനയിച്ചുമടുത്ത്‌ ഒരു മാറ്റത്തിനായി കാത്തിരിക്കുമ്പോഴാണ്‌ ബഷീറും നസീറിന്റെ സുഹൃത്തുകൂടിയായ ശോഭനാ പരമേശ്വരന്‍നായരും ഓഫറുമായി ചെല്ലുന്നത്‌. 'ഭാര്‍ഗവീനിലയത്തി'ന്റെ ഷൂട്ടിങ്‌ കഴിഞ്ഞ്‌ പെരിങ്ങല്‍ക്കുത്തിലെ വനത്തിനുള്ളില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങിനുപോയ നസീറിന്‌ ഭാര്‍ഗവീനിലയത്തിന്റെ 'ഹാങോവര്‍' വിട്ടിരുന്നില്ല! കാട്ടിലെ ടിബിയില്‍ തങ്ങിയ രാത്രിയില്‍ ചില ശബ്‌ദങ്ങള്‍ കേട്ടപ്പോള്‍ ടി.ബി. ഒരു ഭാര്‍ഗവീനിലയമായിട്ടാണ്‌ നസീറിന്‌ തോന്നിയത്‌! രാത്രിസഞ്ചാരത്തിനിറങ്ങിയ ഒരു വാനരന്‍ തൊട്ടടുത്ത മുറിയില്‍ വച്ചിരുന്ന പാത്രങ്ങളും മറ്റും തറയിലിട്ടും ടാപ്പ്‌ തിരിച്ചും ശബ്‌ദമുണ്ടാക്കിയതാണെന്നറിയാതെ അദ്ദേഹം ഉറങ്ങാതിരുന്ന്‌ നേരംവെളുപ്പിച്ചു!

Ads by Google
Thursday 15 Jun 2017 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW