Friday, December 15, 2017 Last Updated 29 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jun 2017 04.17 PM

ആസ്ത്മാ രോഗികള്‍ക്ക് നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

uploads/news/2017/06/118283/assmahelthprolms140617.jpg

ആസ്ത്മ രോഗികള്‍ നിത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ആസ്ത്മ നിയന്ത്രിച്ചു നിര്‍ത്താം.

1. അന്തരീക്ഷ മലീനീകരണം കൂടുതലുള്ള സ്ഥലങ്ങള്‍ ആസ്ത്മ കൂടാനിടയാക്കും. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ താമസിക്കേണ്ടിവരുന്നത് ഒഴിവാക്കുക.
2. ആസ്ത്മരോഗികള്‍ ബസിലും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുമ്പോള്‍ സൈഡ് സീറ്റില്‍ ഇരിക്കുന്നത് ഒഴിവാക്കുകയോ ഷട്ടറോ ഗ്ലാസോ അടച്ചിടുകയോ ചെയ്യുക. പൊടിയില്‍നിന്നും രക്ഷപ്പെടാന്‍ ഇത് സഹായിക്കും.

3. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പൊടിയുമായി സമ്പര്‍ക്കത്തില്‍വരുന്ന സന്ദര്‍ഭങ്ങളില്‍ ആസ്ത്മാ രോഗികള്‍ പ്രത്യേക കരുതല്‍ എടുക്കുകയോ ചെയ്യുക.
4. പൊടിയില്‍നിന്നു സംരക്ഷണത്തിനായി മാസ്‌ക് ധരിക്കാവുന്നതാണ്. ഇരുചക്ര വാഹനങ്ങളിള്‍ യാത്ര ചെയ്യുമ്പോള്‍ ഇവ കൂടുതല്‍ ഫലപ്രദമാണ്.

5. വീട്ടിലിരുന്ന് ചെയ്യാവുന്ന മിതവ്യായാമങ്ങളിലൂടെ ആസ്ത്മ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്. എന്നാല്‍ വ്യായാമം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
6. ആസ്ത്മയുള്ളവര്‍ മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം തേടണം.

7. പെര്‍ഫ്യൂമുകള്‍, ചന്ദനത്തിരി, കൊതുകുതിരി, ടാല്‍ക്കം പൗഡര്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ശ്വാസംമുട്ടല്‍ ഉണ്ടാകുന്നവര്‍ അവ കഴിയുന്നത്ര ഒഴിവാക്കുക.
8. ആസ്ത്മയുള്ളവര്‍ ഫോം ബെഡില്‍ കിടക്കുന്നതാണ് നല്ലത്. പഞ്ഞി കിടക്ക അലര്‍ജിക്കു കാരണമാകാം.

9. ആസ്ത്മാ രോഗികള്‍ ഫാന്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്ത് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മിതമായ വേഗത്തില്‍ ഫാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
10. പൊടിനിറഞ്ഞ വസ്ത്രങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ സാമീപ്യം എന്നിവ രോഗാധിക്യത്തിന് കാരണമായേക്കാം. വളര്‍ത്തു മൃഗങ്ങളുടെ രോമവും അവയുടെ ശരീരത്തിലുണ്ടാകുന്ന ചില സൂക്ഷ്മ ജീവികളും ശ്വസനപ്രക്രിയയെ തടസപ്പെടുത്താം.

11. പുകവലിയും പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കുന്നതും പൂര്‍ണമായി ഒഴിവാക്കുക. പുകവലിക്കാരുടെ സാമീപ്യം ഏറെ അപകടംചെയ്യും.
12. ആസ്ത്മയുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ കുഴപ്പമില്ല. എന്നാല്‍ ആസ്ത്മയ്ക്കു കഴിക്കുന്ന മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൈനക്കോളജിസ്റ്റിനോട് പറയണം.

13. സമയംതെറ്റിയും അസമയത്തുമുള്ള കുളി ഒഴിവാക്കുക. ഇത് ആസ്ത്മക്കുള്ള പ്രേരക ഘടകമാണെന്ന് ഓര്‍ക്കണം.
14. ആസ്ത്മ പിടിപെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. മുറി ചൂലുകൊണ്ട് വൃത്തിയാക്കുന്നതിന് പകരം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കാം.

15. കുട്ടികളിലെ അമിതവണ്ണവും വ്യായാമമില്ലായ്മയും ആസ്ത്മ വര്‍ധിപ്പിക്കാം. ഭക്ഷണ നിയന്ത്രണത്തിലൂടെ ഇത് ഒഴിവാക്കാം.
16. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കണം.

17. മാനസികസമ്മര്‍ദത്തിനും വികാര വിക്ഷോഭങ്ങള്‍ക്കും അടിമപ്പെടാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കുക.
18. ചില സ്ത്രീകള്‍ വിവാഹത്തിന് തൊട്ടുമുമ്പ് മരുന്നുകള്‍ നിര്‍ത്താറുണ്ട്. മധുവിധുകാലത്ത് രോഗലക്ഷണങ്ങള്‍ വീണ്ടും ഉണ്ടാകാനും ബുദ്ധിമുട്ടുകള്‍ കാരണം വിഷമതകള്‍ അനുഭവിക്കാനുമേ ഇതു സഹായിക്കൂ.

19. ആര്‍ത്തവസമയത്ത് ആവശ്യമെങ്കില്‍ മാത്രം വേദന സംഹാരികള്‍ ഉപയോഗിക്കുക. അത് ഒരു ശീലമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
20. ഇടയ്ക്കിടെ രോഗലക്ഷണങ്ങള്‍ പുറത്തുകാട്ടുന്ന ഒരസുഖമാണ് ആസ്ത്മ. രോഗലക്ഷണങ്ങള്‍ നിലയ്ക്കുമ്പോള്‍ അസുഖം മാറിയെന്നുകരുതി മരുന്നുകള്‍ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ആസ്ത്മ പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിന് മുമ്പ് മരുന്നുകള്‍ നിര്‍ത്തുന്നത് ശരിയല്ല. തീവ്രതയേറിയ ആസ്ത്മ വരാന്‍ ഇതിടയാക്കിയേക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി. എസ്. ഷാജഹാന്‍
നെഞ്ചുരോഗ വിഭാഗം
മെഡിക്കല്‍ കോളജ്, ആലപ്പുഴ

Ads by Google
Wednesday 14 Jun 2017 04.17 PM
YOU MAY BE INTERESTED
TRENDING NOW