Monday, May 21, 2018 Last Updated 39 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jun 2017 03.27 PM

ആര്‍ത്തവ ദിനങ്ങളില്‍ ദേഷ്യം കൂടുതല്‍

ഗൈനക്കോളജി
uploads/news/2017/06/118271/askdrgalacolgy140617.jpg

അസഹ്യമായ ചൊറിച്ചില്‍ തൈരു കടഞ്ഞതുപോലെയുള്ള സ്രവം, ദുര്‍ഗന്ധം എന്നിവയാണ് ഫംഗസ് അണുബാധയുടെ ലക്ഷണങ്ങള്‍

വെള്ളപോക്ക് സ്വാഭാവികമോ?


ഇരുപത്തിയേഴ് വയസുള്ള അധ്യാപികയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. എനിക്ക് വെള്ളപോക്കിന്റെ പ്രശ്‌നമുണ്ട്. ആര്‍ത്തവം തുടങ്ങുന്നതിന് അടുപ്പിച്ചുള്ള ദിവസങ്ങളിലാണ് ഇതു കാണപ്പെടുന്നത്. രണ്ടുമാസമായി വെള്ളപോക്കിന്റെ അളവ് കൂടുതലാണ്. മറ്റ് ശാരീരിക അസ്വസ്ഥതകളൊന്നുമില്ല. എന്തുകൊണ്ടാണിത്?
----എസ്.എസ്, കൊല്ലം

വെള്ളപോക്ക് ഒരു രോഗമല്ല. സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനത്താല്‍ മാസമുറയുടെ 1- 28 ദിവസത്തിനിടയ്ക്ക് വജനയില്‍നിന്ന് വെളുത്ത സ്രവം ഉണ്ടാകുന്നതു സ്വഭാവികമാണ്. ആര്‍ത്തവം കഴിയുന്നതോടെ ഈ സ്രവം ഉത്പാദിപ്പിക്കപ്പെടുകയും 14 ദിവസമാകുന്നതോടെ അളവ് കൂടി വരുന്നു. ------പിന്നീട് കുറയുന്നു.

ശരിയായ ലൂബ്രിക്കേഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബീജങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിലേക്കുള്ള യാത്ര സുഗമമാക്കാനും പ്രകൃതി സ്ത്രീക്കു കൊടുത്തിരിക്കുന്നതാണ് വെള്ളപോക്ക്. വെള്ളപോക്കിന്റെ അളവ് ക്രമാതീതമായി കൂടുന്നതിന് പല കാരണങ്ങളുണ്ട്. ഫംഗസ് അണുബാധ, ബാക്ടീരിയല്‍ അണുബാധ, ചിലതരം ലൈംഗിക രോഗങ്ങള്‍ എന്നിവയൊക്കെ അതിനുള്ള കാരണങ്ങളാണ്. ഓരോ അണുബാധയ്ക്കും വ്യത്യസ്തമായ ലക്ഷണങ്ങളാണുള്ളത്.

അസഹ്യമായ ചൊറിച്ചില്‍ തൈരു കടഞ്ഞതുപോലെയുള്ള സ്രവം, ദുര്‍ഗന്ധം എന്നിവയാണ് ഫംഗസ് അണുബാധയുടെ ലക്ഷണങ്ങള്‍. നിങ്ങളുടെ കത്തില്‍ ഇത്തരം ലക്ഷണങ്ങളൊന്നും പറയുന്നില്ല. അതിനാല്‍ സ്വാഭാവിക അവസ്ഥ മാത്രമാണിത്. വെള്ളപോക്ക് എടുത്ത് കള്‍ച്ചര്‍ ചെയ്താല്‍ ഏതുതരം അണുബാധയാണെന്ന് കണ്ടെത്താം.

ആര്‍ത്തവ ദിനങ്ങളില്‍ ദേഷ്യം കൂടുതല്‍


എന്റെ ഭാര്യയ്ക്കു വേണ്ടിയാണ് കത്ത്. മാസമുറ അടുക്കുന്നതിന് ഒരാഴ്ച മുമ്പുള്ള ദിവസങ്ങളില്‍ അവള്‍ക്ക് വല്ലാത്ത ദേഷ്യമാണ്. ചിലപ്പോള്‍ എന്തെങ്കിലും ചോദിച്ചാല്‍ ഉടന്‍ കരയും. എന്റെ സുഹൃത്തുക്കളോട് ഈ കാര്യം പറഞ്ഞപ്പോള്‍ അവരുടെ ഭാര്യമാരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ടെന്ന് പറഞ്ഞു. ഇത് മാസമുറയുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ. അതോ മാനസിക രോഗ വിദഗ്ധനെ കാണിക്കേണ്ടതുണ്ടോ?
--- സി.കെ, തളിപ്പറമ്പ്

മാസമുറയോട് അടുത്തുള്ള ദിവസങ്ങളില്‍ ഇത്തരം വൈകാരിക പ്രശ്‌നങ്ങള്‍ മിക്ക് സ്ത്രീകളിലും കാണപ്പൊടറുണ്ട്. പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം (പി.എം.എസ്) എന്നാണ് ഇതിനെ പറയുന്നത്. ഹോര്‍മോണ്‍ വ്യതിയാനംമൂലം ആര്‍ത്തവത്തിന് തൊട്ടുമുന്‍മ്പ് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളാണിവ. അമിത ഉത്കണ്ഠ, ചെറിയ കാര്യങ്ങള്‍ക്കുപോലും ദേഷ്യപ്പെടുക തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങളും .

വിയര്‍പ്പ് അധികരിക്കുക, ശരീരത്തിനു അമിത ചൂട്, സ്തനങ്ങള്‍ക്കു വേദന, ശരീരം വീര്‍ത്തിരിക്കുക തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും ഇവരില്‍ ഉണ്ടാകാറുണ്ട്. ഇത് അസഹ്യമായ രീതിയിലാണെങ്കില്‍ മാത്രം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് മരുന്നുകള്‍ നല്‍കാവുന്നതാണ്.

എന്നിട്ടും മാറ്റമില്ലെങ്കില്‍ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുക. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മാനസികാവസ്ഥ മാത്രമാണിത്. യോഗയിലൂടെയും മനസിനു സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും ഇതു കുറയൊക്കെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.

അണ്ഡാശയ മുഴ


എനിക്ക് 26 വയസ്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ആദ്യ ഗര്‍ഭധാരണം വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷമായിരുന്നു. ഗര്‍ഭിണിയായതിനു ശേഷം സ്‌കാന്‍ ചെയ്തപ്പോള്‍ ഓവറിയില്‍ സിസ്റ്റ് ഉള്ളതായി കണ്ടെത്തി്. അധികം വൈകാതെ അബോര്‍ഷനും സംഭവിച്ചു. അതിനു ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും സ്‌കാന്‍ ചെയ്തു നോക്കിയിരുന്നു. സിസ്റ്റ് നീക്കം ചെയ്യണമെന്നു ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് ലാപ്രോസ്‌കോപി വഴി രണ്ട് ഓവറിയിലെയും സിസ്റ്റ് കളയുകയുണ്ടായി. ഇപ്പോള്‍ ഗര്‍ഭധാരണത്തിനായി ചികിത്സ നടത്തു. അണ്ഡോത്പാദം ശരിയായി നടക്കുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനായി ഒരു ഇഞ്ചക്ഷന്‍ എടുത്തിരുന്നു. ഇപ്പോള്‍ സ്‌കാന്‍ ചെയ്തപ്പോള്‍ രണ്ട് ഓവറിയിലും വീണ്ടും സിസ്റ്റ് ഉണ്ടായിട്ടുണ്ട്. ഗര്‍ഭധാരണം വൈകുന്നതിനു കാരണമിതാണോ?. എന്താണ് വീണ്ടും സിസ്റ്റ് ഉണ്ടാകാന്‍ കാരണം?. സിസ്റ്റ് മാറാന്‍ മാര്‍ഗങ്ങളുണ്ടോ?. ഒരു കുട്ടി ഉണ്ടാകാന്‍ എത്ര നാള്‍ കാത്തിരിക്കണം?.
------ ആശ, ആലപ്പുഴ

അബോര്‍ഷന്‍ ഏത് മാസത്തിലാണ് സംഭവിച്ചതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. ആദ്യത്തെ മൂന്ന് മാസങ്ങളിലുണ്ടാകുന്ന അബോര്‍ഷന്‍ ജനിതക വൈകല്യങ്ങള്‍കൊണ്ട് ഉണ്ടാകുന്നതാണ്. മറ്റു കാരണങ്ങള്‍ കൊണ്ട് അബോര്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ഉദാഹരണത്തിന് തൈറോയിഡിന്റെ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയൊക്കെ അബോര്‍ഷനു കാരണമാകാമെങ്കിലും, ഭൂരിഭാഗവും ജനിതക വൈകല്യങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. കത്തില്‍ നിന്നും ഗര്‍ഭാവസ്ഥയുടെ ഏത് മാസത്തിലാണ് അബോര്‍ഷന്‍ സംഭവിച്ചതെന്നു സൂചിപ്പിച്ചിട്ടില്ല.

ഓവറിയില്‍ സിസ്റ്റ് ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏത് തരം സിസ്റ്റാണെന്നു കത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഓവറിയിലെ സിസ്റ്റ് രണ്ട് തരത്തിലാണുള്ളത്. ഒന്ന് ഓവറിയില്‍ വെള്ളം നിറഞ്ഞ കുമിളകള്‍ പോലെ കാണപ്പെടാം. ഇവ ഫങ്ഷനണ്‍ സിസ്റ്റ് എന്നു പറയുന്നു.
ഹോര്‍മോണിന്റെ തകരാറുകള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. മറ്റൊന്നാണ്് ഓര്‍ഗാനിക് സിസ്റ്റുകള്‍. ഇവ ഓവറിയിലെ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. സ്‌കാനിങിലൂടെ ഫങ്ഷണല്‍ സിസ്റ്റാണോ അതോ ഓര്‍ഗാനിക് സിസ്റ്റാണോ എന്നു കണ്ടെത്താനാകും.

ഫങ്ഷണല്‍ സിസ്റ്റുകള്‍ അത്ര ഗൗരവമല്ലാത്തതിനാല്‍ സാധാരണയായി സര്‍ജറി ആവശ്യമായി വരാറില്ല. ഓര്‍ഗാനിക് സിസ്റ്റ് ഉണ്ടായാല്‍ അത് സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടതായി വരും. ഈ രണ്ട് സിസ്റ്റില്‍ ഏതാണ് കുട്ടിക്ക് ഉള്ളതെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ടാല്‍ മാത്രമേ പറയാനാകൂ.

സിസ്റ്റാണെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന മറ്റൊരു അവസ്ഥയാണ് പിസിഒഡി. പിസിഒഡി എന്ന നാമത്തില്‍ സിസ്റ്റ് ഉള്ളതുകൊണ്ട് സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട്, പിസിഒഡി എന്നത് ഓവറിയിലെ സിസ്റ്റാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ അത് ഓവറിയില്‍ ഉണ്ടാകുന്ന സിസ്റ്റ് അല്ല.

അണ്ഡോത്പാദനം നടക്കാത്തതിനാല്‍ ഓവറിയിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് പി.സി.ഒഡി. കുട്ടിക്ക്് ലാപ്രോസ്‌കോപി ചെയ്തത് ഫങ്ഷണല്‍ സിസ്റ്റിനു വേണ്ടിയാണോ അതോ ഓര്‍ഗാനിക് സിസ്റ്റിനു വേണ്ടിയോ, അതുമല്ലെങ്കില്‍ പിസിഒഡിക്ക് വേണ്ടിയാണോ എന്ന് വ്യക്തമല്ല.

എന്ത് സിസ്റ്റ് ആണെന്ന് അറിഞ്ഞെങ്കില്‍ മാത്രമേ ഓപ്പറേഷനു ശേഷം സിസ്റ്റ് വീണ്ടും വന്നതിനു കാരണം പറയാനാകൂ. ഏത് തരം സിസ്റ്റാണെന്ന് ചികിത്സ നല്‍കുന്ന ഗൈനക്കോളജിസ്റ്റിനോട് ചോദിച്ച് മനസിലാക്കാവുന്നതാണ്. അതോ പിസിഒഡി ആണോ എന്നും മനസിലാക്കേണ്ടതുണ്ട്.

പിസിഒഡി ആണെങ്കില്‍ ഗര്‍ഭധാരണം നടക്കാത്തവര്‍ക്ക് ലാപ്രോസ്‌കോപി സര്‍ജറി നല്‍കാറുണ്ട്. അണ്ഡോത്പാദനം നടക്കുന്നതിന് ഡൊമിനന്റ് ഫോളികിള്‍ ഉണ്ടാകേണ്ടതുണ്ട്. പിസിഒഡി ഉള്ളവരില്‍ ഡൊമിനന്റ് ഫോളികിള്‍ ഉണ്ടാകാതെ, മള്‍ട്ടിപ്പിള്‍ ഫോളികിള്‍ ആണ് ഉണ്ടാകുക.

ഗര്‍ഭധാരണം നടക്കുന്നതിനായി ഈ ഫോളികിളുകള്‍ നീക്കം ചെയ്യുന്നതിനായി ലാപ്രോസ്‌കോപി ചെയ്യാറുണ്ട്. ഈ സര്‍ജറിയാണോ കുട്ടിക്ക് ചെയ്തതെന്നു മനസിലാകുന്നില്ല. അതല്ല സിസ്റ്റ് നീക്കം ചെയ്തതാണെങ്കില്‍ പതോളജിക്ക് അയയ്ച്ചിരിക്കും.

പതോളജി റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമേ തുടര്‍ന്നുള്ള ചികിത്സകള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇനി ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഏത് തരം സിസ്റ്റാണെന്നും, അതല്ലെങ്കില്‍ പിസിഒഡി എന്ന അവസ്ഥയാണോ എന്നും ചോദിച്ച് മനസിലാക്കുക.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായതിനാല്‍ ഗര്‍ഭധാരണം ഇനി അധികകാലം നീട്ടിക്കൊണ്ടു പോകണമെന്നില്ല. കൃത്യമായ ചികിത്സയിലൂടെ ഗൈനക്കോളജിന്റെ നിര്‍ദേശപ്രകാരം മുന്നോട്ട് പോയാല്‍ വൈകാതെ ഗര്‍ഭധാരണം സാധ്യമാകുന്നതാണ്.

സ്തനങ്ങളില്‍ വേദന


എനിക്ക് 28 വയസ്. വിവാഹിതയാണ്. മൂന്നര വയസുള്ള കുട്ടിയുണ്ട്. മകന് രണ്ട് വയസായപ്പോള്‍ മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തി. അതിനു ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ എന്റെ സ്തനങ്ങള്‍ക്ക് വേദന അനുഭവപ്പെടുകയും അമര്‍ത്തുമ്പോള്‍ കുറച്ച് പാല്‍ വരികയും ചെയ്തു. മാസത്തില്‍ രണ്ട് മൂന്ന് ദിവസം വേദന അനുഭവപ്പെടാറുണ്ട്. ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോള്‍ ഹോര്‍മോണ്‍ തകരാറാണെന്നു പറഞ്ഞു. ഒരു മാസത്തേക്ക് ഗുളികയും തന്നിരുന്നു. ഗുളിക കഴിച്ച ഒരു മാസം വേദന കുറഞ്ഞിരുന്നു. ഗുളിക നിര്‍ത്തിയപ്പോള്‍ അടുത്ത മാസം വീണ്ടും വേദന അനുഭവപ്പെട്ടു തുടങ്ങി. എന്താണിതിനു കാരണം?. ഹോര്‍മോണ്‍ തകരാറായിരിക്കുമോ?.
------ സുജ, കോതമംഗലം

ഒരിക്കല്‍ പാല്‍ കൊടുത്ത മുലയില്‍ നിന്നും ഒരമ്മയ്്ക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും പാല്‍ വരാനുള്ള സാധ്യതയുണ്ട്. പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് പ്രൊലാക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ സഹായത്തോടെയാണ്. പ്രസവത്തിനും ശേഷം പാലുകൊടുക്കുന്ന അമ്മമാരില്‍ പ്രൊലാക്ടിന്റെ അളവ് വളരെ കൂടുതലായിരിക്കും.

അത് പാലിന്റെ സുഗമമായ ഉല്‍പാദനത്തിനായുള്ള ഹോര്‍മോണാണ് പ്രൊലാക്റ്റിന്‍. സാധാരണ ഗതിയില്‍ കുഞ്ഞിന്റെ പാലുകുടി നില്‍ക്കുമ്പോള്‍ പ്രൊലാക്റ്റിന്റെ അളവും കുറയാനാണ് സാധ്യത. ഒന്നര വര്‍ഷം കഴിഞ്ഞും പാല്‍ വരുന്നു എന്നു പറയുമ്പോള്‍, പ്രൊലാക്റ്റിന്റെ അളവ് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രൊലാക്റ്റിന്റെ അളവ് നോര്‍മലിനേക്കാള്‍ കൂടുതലാണെങ്കില്‍ പ്രൊലാക്റ്റിന്‍ കുറയ്ക്കാനുള്ള മരുന്നുകള്‍ ഗൈനക്കോളജിസ്റ്റ് നല്‍കുന്നതാണ്.

സാധാരണയായി ഒരു മാസം അല്ലെങ്കില്‍ ആറ് മാസം വരെയാണ് ചികിത്സ നല്‍കുക. വീണ്ടും സീറം പ്രൊലാക്റ്റിന്‍ പരിശോധിച്ച് അളവ് കൂടുതലാണെങ്കില്‍ മാത്രമേ ചികിത്സ തുടരേണ്ടതുള്ളൂ. അതുകൊണ്ട് എത്രയും വേഗം പ്രൊലാക്റ്റിന്റെ അളവ് പരിശോധിക്കുക. രണ്ടാമതായി, ഹോര്‍മോണിന്റെ വ്യതിയാനമാണെന്നു മാത്രം വിചാരിക്കാതെ സ്തനപരിശോധന നടത്തുന്നതില്‍ തെറ്റില്ല.

സ്തനങ്ങളില്‍ എന്തെങ്കിലും മുഴകളുണ്ടോ, നിപ്പിളില്‍ കൂടി വരുന്നത് പാലു പോലുള്ള ദ്രാവകമാണോ അതോ രക്തം കലര്‍ന്ന ദ്രാവകമാണോ തുടങ്ങിയ പല കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ സ്വയം പരിശോധിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ. അഥവാ സംശയങ്ങളുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

പ്രൊലാക്റ്റിന്റെ അളവ് നോര്‍മലായി കാണപ്പെടുകയും വീണ്ടും വേദന അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാല്‍ അടുത്ത ഘട്ടമായ സ്തനങ്ങളുടെ സ്‌കാനിങ്ങിനെക്കുറിച്ച് ചിന്തിക്കേണ്ടതായി വരും. അതുകൊണ്ട് നിസാരമായി കാണാതെ, സ്വയം പരിശോധനയിലൂടെയും ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെയും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക. പ്രൊലാക്റ്റിന്റെ അളവ് കൂടുന്നതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണെങ്കില്‍ ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.

അറിയാതെ മൂത്രം പോകുന്നു


എനിക്ക് 31 വയസ്. ചിരിയ്ക്കുമ്പോഴും ചുമയ്ക്കുമ്പോഴും അറിയാതെ മൂത്രം പോകുന്നതാണ് എന്നെ അലട്ടുന്ന പ്രശ്‌നം. എത്ര പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചാലും പരാജയപ്പെടുന്നു. സാധാരണ പ്രായമുള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങളുള്ളതായി പറഞ്ഞു കേട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടോ?
------ അഞ്ജന , വടകര

വയറില്‍ സമ്മര്‍ദം കൂടുന്ന അവസരങ്ങളില്‍ മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് സ്‌ട്രെസ് ഇന്‍ കോണ്ടിനന്‍സ്. അടിവയറ്റില്‍ സമ്മര്‍ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചുമയ്ക്കുക, ചിരിക്കുക, ഭാരം എടുത്തുയര്‍ത്തുക എന്നിവ. മൂത്രനാളിക്കു ആവശ്യത്തിനു ബലമുള്ള സ്ത്രീകള്‍ക്ക് സമ്മര്‍ദം കൂടിയാലും മൂത്രം പിടിച്ചു നിര്‍ത്താനുള്ള ശക്തിയുണ്ടാകും.

എന്നാല്‍ ജന്മനാല്‍ മസിലുകള്‍ക്ക് ശക്തി കുറവ്, പ്രസവംമൂലമോ ഏതെങ്കിലും ശസ്ത്രക്രിയ മൂലമോ മസിലുകളുടെ ശക്തി കുറയുക മുതലായ കാരണങ്ങളാല്‍ വയറില്‍ ചെറിയ സമ്മര്‍ദം ഉണ്ടാകുമ്പോള്‍ത്തന്നെ മൂത്രനാളിയിലെ മസിലുകള്‍ക്ക് മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുന്നു.

എത്ര ശ്രമിച്ചാലും മൂത്രം പുറത്തേക്കു വരുന്നു. വജനയിലെ മസിലുകള്‍ ശക്തിപ്പെടുത്തുന്ന പെരിണിയല്‍ വ്യായാമത്തിലൂടെ ചെറിയതോതിലുള്ള ഇന്‍കോണ്ടിനന്‍സ് നിയന്ത്രണ വിധേയമാക്കാം.

മൂത്രം പോകുമ്പോള്‍ പെട്ടെന്ന് മൂത്രം പിടിച്ചു നിര്‍ത്തുന്നതായി മനസില്‍ സങ്കല്‍പ്പിച്ച് മസിലുകള്‍ ചുരുക്കിയുള്ള വ്യായമമാണിത്. മൂത്രം പിടിച്ചു നിര്‍ത്താന്‍ എത്രത്തോളം ബലം മസിലിന് കൊടുക്കുമോ അത്രയും ബലം പ്രയോഗിച്ചു വേണമിത് ചെയ്യാന്‍. ദിവസവും 10 തവണ വീതം മൂന്നു നേരം ഇത് ചെയ്യാവുന്നതാണ്.

മലബന്ധം ഒഴിവാക്കുക, വയറിന് അധിക സമ്മര്‍ദം ഉണ്ടാക്കുന്ന ജോലികള്‍ കുറയ്ക്കുക, അമിത ഭാരം എടുക്കുന്നത് ഒഴിവാക്കുക ഇങ്ങനെ ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ ഒരു പരിധിവരെ ഇത് ഒഴിവാക്കി നിര്‍ത്താവുന്നതാണ്.

എന്നിട്ടും നിയന്ത്രണ വിധേയമായില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. ടിവിറ്റി പ്ലാന്റ് മൂത്രനാളിയുടെ താഴെ ഘടിപ്പിച്ച് മസിലുകള്‍ ശക്തിപ്പെടുത്തുന്നതാണ് ന്യൂതന ശസ്ത്രക്രിയാ രീതി. കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ഇതിനുള്ള സൗകര്യമുണ്ട്. നിങ്ങള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി യാഥാര്‍ഥ കാരണം കണ്ടെത്തുക.

ഡോ. ഷെറിന്‍ വര്‍ഗീസ്്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ഭാരത് ഹോസ്പിറ്റല്‍ , കോട്ടയം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW