Sunday, May 27, 2018 Last Updated 22 Min 53 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 14 Jun 2017 12.37 AM

രക്‌തം നല്‍കാം , അഞ്ഞൂറ്‌ ജീവന്‍ രക്ഷിക്കാം

uploads/news/2017/06/117956/bft1.jpg

വിയറ്റ്‌നാം യുദ്ധകാലത്ത്‌ ഒരു അനാഥാലയത്തിനു മേല്‍ ബോംബുവര്‍ഷമുണ്ടായി. നിരവധി കുട്ടികള്‍ക്കു പരുക്കേറ്റു. അടിയന്തരസഹായവുമായി റെഡ്‌ക്രോസ്‌ പാഞ്ഞെത്തി. കുട്ടികളെ വേഗം ആശുപത്രികളിലെത്തിക്കാനുള്ള പാച്ചിലായിരുന്നു. എട്ടുവയസുള്ള ഒരു പെണ്‍കുട്ടിക്കു ഗുരുതരമായ പരുക്കാണ്‌. ധാരാളം രക്‌തം വാര്‍ന്നുപോയിരുന്നതിനാല്‍ അവള്‍ക്ക്‌ അടിയന്തരമായി രക്‌തം നല്‍കേണ്ടിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അവളുടെ ഗ്രൂപ്പില്‍ പെട്ട രക്‌തം കിട്ടുക അത്ര എളുപ്പമല്ലായിരുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ തലങ്ങുംവിലങ്ങും ഓടിയെങ്കിലും കിട്ടിയില്ല.
എല്ലാവരും നിരാശരായി ഇരിക്കുമ്പോഴാണ്‌ ഏതാനും ആണ്‍കുട്ടികള്‍ മൈതാനത്ത്‌ കളിച്ചുകൊണ്ടു നില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. അവരുടെ രക്‌തഗ്രൂപ്പ്‌ പരിശോധിച്ചപ്പോള്‍ ഒരാളുടെ രക്‌തം പെണ്‍കുട്ടിയുടേതുമായി സാമ്യമുള്ളതാണെന്നു കണ്ടെത്തി. കൊച്ചു കുട്ടിയാണ്‌. പക്ഷേ അടിയന്തരസാഹചര്യം കണക്കിലെടുത്ത്‌ അവന്റെ രക്‌തം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സന്നദ്ധപ്രവര്‍ത്തകര്‍ അവനോട്‌ കാര്യം വിശദീകരിച്ചു. വിദേശികളായിരുന്നതിനാല്‍ അവര്‍ക്ക്‌ അവനോട്‌ എല്ലാം വ്യക്‌തമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അവന്‌ ഏതാണ്ടൊക്കെ പിടികിട്ടി. നിഷ്‌കളങ്കമായി കണ്ണുകള്‍ ചിമ്മിക്കൊണ്ട്‌ ഉടന്‍ തന്നെ രക്‌തം നല്‍കാന്‍ സമ്മതിക്കുകയും ചെയ്‌തു. പക്ഷേ രക്‌തം നല്‍കിത്തുടങ്ങിയപ്പോള്‍ അവന്റെ ഭാവം മാറി. പേടിച്ചു വിറയ്‌ക്കാനും കരയാനും തുടങ്ങി.
വിയറ്റ്‌നംകാരിയായ നഴ്‌സ്‌ അവനെ സമാശ്വസിപ്പിച്ചു. ഏറെ നേരം അവനോട്‌ സംസാരിച്ചിരുന്നു. അവനു സമാധാനമായി. രക്‌തദാനം വിജയകരമായി പൂര്‍ത്തിയാക്കാനും കഴിഞ്ഞു. അവശയായ പെണ്‍കുട്ടി രക്‌തം കിട്ടിയതോടെ ജീവിതത്തിലേക്കു തിരിച്ചു വന്നു. ആദ്യം സമ്മതിക്കുകയും പിന്നീട്‌ പേടിച്ചു കരയുകയും ചെയ്‌തത്‌ എന്തിനാണെന്ന്‌ തിരക്കിയപ്പോള്‍ അവന്‍ നല്‍കിയ മറുപടി ഇങ്ങനെ: ആദ്യമേ ഒരു കാര്യം എനിക്കു വ്യക്‌തമായി മനസിലായിരുന്നു. പേരു കേട്ടപ്പോള്‍ തന്നെ എന്റെ കൂട്ടുകാരിയാണ്‌ അത്യാസന്നനിലയിലുള്ളതെന്നു പിടികിട്ടി. അതുകൊണ്ടാണ്‌ ഉടന്‍ തന്നെ രക്‌തം നല്‍കാമെന്ന്‌ ഞാന്‍ സമ്മതിച്ചത്‌. എത്ര രക്‌തമെടുക്കുമെന്നൊന്നും അറിയില്ലായിരുന്നു. എടുത്തു തുടങ്ങിയപ്പോള്‍ എന്റെ രക്‌തം മുഴുവനും ഊറ്റിയെടുക്കുമെന്നും ഞാന്‍ ചത്തുപോവുമെന്നും തോന്നി. അതാ ഞാന്‍ കരഞ്ഞത്‌. നിഷ്‌കളങ്കമായ മറുപടികേട്ട്‌ അവിടെനിന്നവരെല്ലാം അവനെ വാരിപ്പുണര്‍ന്ന്‌ ഉമ്മകള്‍ കൊണ്ടു പൊതിഞ്ഞു.
രക്‌തം അമൂല്യമാണ്‌. ജനിതകമാറ്റം വരുത്തിയ ഭക്ഷണവും ടിഷ്യൂ കള്‍ച്ചര്‍ സസ്യങ്ങളും ക്ലോണിങ്‌ ചെയ്‌തുണ്ടാക്കിയ മൃഗക്കുഞ്ഞുങ്ങളും ലഭിക്കും. പക്ഷേ മനുഷ്യരക്‌തം നിര്‍മിക്കുന്ന യന്ത്രമൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. മനുഷ്യ രക്‌തം വേണ്ടിവന്നാല്‍ മനുഷ്യന്‍ തന്നെ നല്‍കണം. അതിനു തയാറുള്ള സുമനസുകളെ കിട്ടണമെന്നതാണ്‌ ഏറ്റവും വലിയ കാര്യം. മറ്റൊന്നും മനസിലായില്ലെങ്കിലും സ്വന്തം കൂട്ടുകാരിക്ക്‌ അപകടം നടന്നെന്ന്‌ അറിഞ്ഞപ്പോള്‍ രക്‌തം നല്‍കാമെന്നു സമ്മതിച്ച വിയറ്റ്‌നാമിലെ കൊച്ചു മിടുക്കന്റെ ഹൃദയശുദ്ധി ഉള്ളവര്‍ക്കേ രക്‌തദാതാക്കളാകാന്‍ കഴിയൂ.
വിവരസാങ്കേതികവിദ്യയും വിജ്‌ഞാനവിതരണവുമൊക്കെ ഉത്തരോത്തരം വികസിക്കുന്നുണ്ടെങ്കിലും മനുഷ്യരില്‍ പുരോഗമനപരമായ മാനസികപരിവര്‍ത്തനം ഇപ്പോഴും പതിയെത്തന്നെ എന്നതാണു ലോകം നേരിടുന്ന വെല്ലുവിളികളിലൊന്ന്‌. ആധുനിക സാങ്കേതികവിദ്യയെപ്പോലും അന്ധവിശ്വാസപ്രചാരണത്തിനായി ഉപയോഗിക്കുന്ന സംഭവങ്ങള്‍ ഈ ലോകത്തുതന്നെയാണ്‌ ഉണ്ടാകുന്നത്‌. അന്ധവിശ്വാസങ്ങളും ആശങ്കകളും രക്‌തദാന രംഗത്തും പ്രതിബന്ധം സൃഷ്‌ടിക്കുന്നുണ്ട്‌.
രക്‌തം ദാനം ചെയ്‌താല്‍ ദാതാവിന്റെ ശരീരം ക്ഷീണിച്ചുപോകുമെന്നതാണ്‌ ഒരു തെറ്റായ വിശ്വാസം. 18നും 65നും ഇടയ്‌ക്ക്‌ പ്രായമുള്ള ആരോഗ്യമുള്ള വ്യക്‌തിക്ക്‌ സ്‌ത്രീ-പുരുഷ ഭേദമെന്യേ വര്‍ഷത്തില്‍ നാലു തവണ വരെ രക്‌തം ദാനം ചെയ്യാം. ഇങ്ങനെ പതിവായി രക്‌തം ദാനം ചെയ്യുന്ന 43നും 61നും ഇടയ്‌ക്ക്‌ പ്രായമുള്ളവരില്‍ ഹൃദ്രോഗം, രക്‌തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണു പഠനങ്ങളില്‍ കണ്ടത്‌.
നല്‍കിയ രക്‌തം ശരീരത്തിനു വീണ്ടെടുക്കണമെങ്കില്‍ ഒരുപാട്‌ കാലം വേണമെന്ന്‌ ആശങ്കപ്പെടുന്നവര്‍ ശാസ്‌ത്രം തുറന്നുകാട്ടുന്ന സത്യം ശ്രദ്ധിക്കുക. ഒരു ദാതാവിന്റെ ശരീരത്തില്‍നിന്ന്‌ ഒരു തവണ 450 മില്ലിലിറ്ററില്‍ കൂടുതല്‍ രക്‌തം ശേഖരിക്കാറില്ല. ശരീരത്തിലെ ആകെ രക്‌തത്തിന്റെ വെറും ഇരുപതില്‍ ഒന്നു മാത്രമാണിത്‌. അറിയുക, ദാനം ചെയ്‌ത്‌ പത്ത്‌ മിനിറ്റിനുള്ളില്‍ രക്‌തത്തിന്റെ ആകെ അളവ്‌ പഴയപോലെ ആയിട്ടുണ്ടാവും. ഒരു ദിവസം കൊണ്ട്‌ പ്ലാസ്‌മയും, മൂന്ന്‌ ദിവസത്തിനുള്ളില്‍ പ്ലേറ്റ്‌ലെറ്റുകളും ഒരു മാസത്തിനുള്ളില്‍ ശ്വേതരക്‌താണുക്കളും പഴയപടിയാവും. എന്നാല്‍ മൂന്നുമാസത്തില്‍ ഒരിക്കലല്ലേ നമ്മള്‍ രക്‌തം ദാനം ചെയ്യേണ്ടതുള്ളൂ.
18-ാം വയസ്‌ മുതല്‍ മൂന്നുമാസത്തിലൊരിക്കല്‍ രക്‌തദാനം ചെയ്യുന്ന വ്യക്‌തിക്ക്‌ 60-ാം വയസിനുള്ളില്‍ 500 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഇവിടെയാണു രക്‌തദാനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നത്‌.
വലിയ സാമൂഹികമാറ്റങ്ങളോ, വന്‍ പരിശ്രമങ്ങളോ ഒന്നും കൂടാതെ കേവലം മൂന്നു മാസത്തിലൊരിക്കലുള്ള രക്‌തദാനമെന്ന മഹത്തായ കര്‍മത്തിലൂടെ ഇത്രയധികം ജീവന്‍ സംരക്ഷിക്കാന്‍ ഒരാള്‍ക്ക്‌ കഴിയുന്നത്‌ എത്ര മഹനീയമെന്ന്‌ ഓര്‍ത്തുനോക്കൂ. പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത്‌ അഞ്ച്‌ കോടി യൂണിറ്റ്‌ രക്‌തമാണ്‌ ആവശ്യമായി വരാറുള്ളത്‌. ഇത്‌ മുഴുവന്‍ കിട്ടണമെങ്കില്‍ ഓരോ വര്‍ഷവും 38,000 വ്യക്‌തികള്‍ രക്‌തദാനം നിര്‍വഹിക്കണം.
ഓരോ രണ്ടു സെക്കന്റ്‌ കടന്നുപോകുമ്പോഴും ഓര്‍ക്കുക, രാജ്യത്ത്‌ ഏതോ കോണില്‍ ഏതോ ഒരാള്‍ ജീവന്‍ നിലനിര്‍ത്താന്‍ രക്‌തം തേടുകയാണ്‌. അര്‍ബുദമുള്‍പ്പെടെയുള്ള രോഗങ്ങള്‍, റോഡ്‌ അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ എന്നിവയെല്ലാം കാരണം രക്‌തത്തിന്റെ ആവശ്യം കൂടിക്കൂടിവരികയാണ്‌. പുതുതായി 10 ലക്ഷം അര്‍ബുദബാധയാണ്‌ ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത്‌ ഉണ്ടാവുന്നത്‌. അര്‍ബുദ ചികിത്സയിലെ പ്രധാന നടപടികളിലൊന്നായ കീമോതെറാപ്പിക്കു വിധേയമാവുമ്പള്‍ രക്‌തം നല്‍കേണ്ടതായി വരാറുണ്ട്‌.
1901-ല്‍ എ, ബി, എബി എന്നീ മൂന്ന്‌ രക്‌തഗ്രൂപ്പുകള്‍ നിര്‍ണ്ണയിച്ചുകൊണ്ട്‌ വിലപ്പെട്ട എത്രയോ മനുഷ്യജീവനുകള്‍ സംരക്ഷിക്കുന്നതിനു വഴിതെളിച്ച കാള്‍ ലാന്‍ഡ്‌സ്‌റ്റെയ്‌നര്‍ എന്ന മഹാനായ ഓസ്‌ട്രിയന്‍ ശാസ്‌ത്രപ്രതിഭയുടെ ജന്മദിനമായ ജൂണ്‍ 14നാണു ലോകമെങ്ങും രക്‌തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഒക്‌ടോബര്‍ ഒന്നിനു രക്‌തദാനം സംഘടിപ്പിച്ചുകൊണ്ട്‌ രക്‌തദാനദിനവും ആചരിച്ചുവരുന്നു. സ്വന്തം രക്‌തം നല്‍കിക്കൊണ്ട്‌ സഹജീവികളുടെ ജീവന്‍ രക്ഷിക്കുന്ന രക്‌തദാനം തന്നെയാണു ഗാന്ധിജയന്തിയുടെ തലേന്നു ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ കര്‍മം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 14 Jun 2017 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW